ഒരു വ്യാഴവട്ടത്തിനിപ്പുറവും മായാതെ ആ നടന ‘സൌന്ദര്യം’

0
363

മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ആ സൗന്ദര്യ രൂപം മാഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറവും ഏറ്റവും പ്രീയപ്പെട്ട നടിമാരിലെരാളായി മലയാളി മനസ്സില്‍ നിലനില്‍ക്കാന്‍ സൗന്ദര്യ ചെയ്തത് രണ്ടു ചിത്രങ്ങള്‍ മാത്രം. 2004ല്‍ മരിക്കുന്നതിനു തൊട്ടു മുന്‍പുള്ള രണ്ടു വര്‍ഷങ്ങളിലാണ് മലയാളം സൗന്ദര്യയെ കണ്ടെത്തിയത്. 2002ല്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് മലയളത്തിലേയ്ക്ക് എത്തിച്ചു.

ആ ഒറ്റ ചിത്രം കൊണ്ട് മലയാളികള്‍ സൗന്ദര്യയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആ സിനിമയ്ക്ക് ശേഷം കിട്ടിയ സ്വീകരണങ്ങളില്‍ മനം നിറഞ്ഞ് കേരളത്തിന്റെ സ്‌നേഹത്തെക്കുറിച്ച് പലതവണ സൗന്ദര്യ വാചാലയായി. തുടര്‍ന്ന് 2003ല്‍ പ്രിയദര്‍ശന്റെ കിളിചുണ്ടന്‍ മാമ്പഴത്തിലൂടെ സൗന്ദര്യ വീണ്ടും എത്തി. മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെന്നും മലയാളത്തില്‍ സജീവമാകുമെന്നും ഇഷ്ട പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കി കാത്തിരിക്കുന്നതിനിടെ 2004 ഏപ്രില്‍ 17ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെ കേട്ടു. കൊല്ലപ്പെടുമ്പോള്‍ സൗന്ദര്യ ഗര്‍ഭിണിയുമായിരുന്നു.

14 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിനിടെ 107 സിനിമകളില്‍ സൗന്ദര്യ അഭിനയിച്ചു. അതില്‍ മലയാള ചിത്രങ്ങള്‍ രണ്ടെണ്ണം മാത്രം. എന്നിട്ടും ഇന്നും സ്വന്തമെന്ന പോലെ ആ കന്നട നടിയെ മലയാളികള്‍ സ്‌നേഹിക്കുന്നതും, ഒരു വേദനയായി കൊണ്ടു നടക്കുന്നതും എന്തുകൊണ്ടാകും?. മറ്റൊന്നുമല്ല, പ്രേക്ഷകനെ അത്രയേറെ തന്നിലേയ്ക്ക് അടുപ്പിക്കുന്നതായിരുന്നു സൗന്ദര്യയുടെ ഓരോ വേഷങ്ങളും, ശാലീനമായ അഭിനയവും. അന്യഭാഷ നടിയെങ്കിലും സ്വന്തം നടിയെന്ന പരിഗണന കേരളത്തില്‍ നിന്ന് താരത്തിന് ലഭിച്ചു. അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തില്ലായിരുന്നെങ്കില്‍ മികച്ച ഒരു നടിയെക്കൂടി മലയാളത്തിന് ലഭിക്കുമായിരുന്നു. അതിനു മികച്ചൊരു തെളിവാണ്് ഗായിക ചിത്രയുടെ വാക്കുകള്‍. ഏതു നടിക്കാണ് ചിത്രയുടെ ശബ്ദം ഏറ്റവും യോജിക്കുന്നത് എന്ന ചോദ്യത്തിന് സൗന്ദര്യ എന്നായിരുന്നു മറുപടി. തെലുങ്കിലും തമിഴിലുമുള്‍പ്പെടെ സൗന്ദര്യയ്ക്കായി നിരവധി ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്. മരണത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും സൗന്ദര്യയെന്ന വിസ്മയം ചിത്രയുടെ മനസ്സില്‍ നില്‍ക്കുന്നു.

1972ല്‍ കര്‍ണ്ണാടകയിലെ കോലാറിലാണ് താരം ജനിച്ചത്. 1992ല്‍ ഗാന്ധര്‍വ്വ എന്ന തെലുങ്ക് സിനിമയിലൂടെ തുടങ്ങിയ യാത്ര, 14 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം തുടങ്ങി എല്ലാ ഇന്‍ഡസ്ട്രിയിലും മികച്ച നടി എന്ന പേരു സ്വന്തമാക്കി. അഭിനയത്തിനു പുറമേ നിര്‍മ്മാതാവ് എന്ന നിലയിലും തിളങ്ങി. ദ്വീപ എന്ന ചിത്രം നിര്‍മ്മിച്ച് 2002ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുളള ദേശീയ അവാര്‍ഡു നേടി. മികച്ച നടിക്കുള്ള കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ് രണ്ടു തവണ നേടി. മികച്ച നടിക്കുള്ള സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ്, നന്ദി അവാര്‍ഡ് തുടങ്ങിയവ ഒന്നിലേറെ തവണ നേടി.

2003ലായിരുന്നു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജിഎസ് രഘുവുമായുള്ള വിവാഹം. ഏപ്രില്‍ 27ന് ഒന്നാം വിവാഹ വാര്‍ഷികവും കുഞ്ഞിനായുള്ള കാത്തിരിപ്പും ആഘോഷമാക്കാനിരിക്കെ ബിജെപി, തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണം നടത്താന്‍ കരിംനഗറിലേയ്ക്ക് പോകവേ ഗാന്ധികൃഷി വിജയന്‍ കേന്ദ്ര യൂണിവേഴ്‌സിറ്റി വളപ്പില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു മരിക്കുകയായിരുന്നു സൗന്ദര്യ. കലാകാരന് മരണമില്ലെന്നത് സൗന്ദര്യയുടെ കാര്യത്തില്‍ ഏറെ ശരിയാണ്. ഇന്ത്യന്‍ സിനിമ ആരാധകരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല ആ നടന സൗന്ദര്യം.

LEAVE A REPLY

Please enter your comment!
Please enter your name here