സങ്കടക്കടൽ – കഥ – ബാബു ആലപ്പുഴ

0
251

കടല്‍ എന്നും അയാള്‍ക്ക്‌ സങ്കടങ്ങള്‍ ഇറക്കി വയ്ക്കാനുള്ള ഒരു അത്താണി ആയിരുന്നു.
ബാല്യത്തില്‍ അഛന്‍ അമ്മയെ ഉപേക്ഷിച്ച് ഒരന്യ സ്ത്രീയോടൊപ്പം നാട് വിട്ടതായിരുന്നു ആദ്യത്തെ സങ്കടം. ആ സങ്കടം ആ ബാലന്‍ ആദ്യം ചെന്ന് പറഞ്ഞത് കടലിനോടായിരുന്നു. വിജനമായ ആ കടല്‍ക്കരയില്‍ ചെന്നിരുന്ന് ആ ബാലന്‍ തന്റെ മനസ്സിലെ സങ്കടം മുഴുവന്‍ കടലില്‍ കോരി ഒഴിച്ചു. കടല്‍ ആ കുരുന്നു മനസ്സിനെ ആശ്വസിപ്പിച്ചു. സമാധാനിപ്പിച്ചു.
വള്ളക്കാരെ സഹായിക്കുമ്പോള്‍ കിട്ടുന്ന തുഛമായ കൂലി അവന്‍ അമ്മയെ ഏല്‍പ്പിക്കും. അമ്മ മീന്‍ വില്‍ക്കാനും പോകും. അങ്ങനെ ആ കുടുംബം പട്ടിണി കൂടാതെ കഴിഞ്ഞു വരികയായിരുന്നു.
അങ്ങനെയിരിക്കെ അമ്മ അവനേയും അനുജത്തിയേയും ഉപേക്ഷിച്ച് മറ്റൊരാളിനോടൊപ്പം ഒളിച്ചോടി. ആ സങ്കടവും അവന്‍ ചെന്ന് പറഞ്ഞത് കടലിനോടാണ്. അന്നും കടല്‍ അവനെ ആശ്വസിപ്പിച്ചു.
കൂലിപ്പണികള്‍ ചെയ്ത് അവന്‍ അനുജത്തിയെ വളര്‍ത്തി. യുവതിയായപ്പോള്‍ അവള്‍ അയല്‍ക്കാരനോടൊപ്പം ഇറങ്ങിപ്പോയി! അന്നും അവന്‍ തന്റെ സങ്കടം മുഴുവന്‍ ഇറക്കിവച്ചത് കടല്തിരകളിലാണ്.
ഒറ്റത്തടിയായി അവന്‍ വളര്‍ന്നു. പിന്നെ വിവാഹം കഴിച്ചു. കുട്ടികളുണ്ടായി. സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നതിനിടയിലാണ് ആ ദുരന്തമുണ്ടായത്. സുന്ദരിയായ ഭാര്യ മക്കളെയും അയാളെയും നീര്‍ദ്ദയം ഉപേക്ഷിച്ച് അയല്ക്കാരനോടൊപ്പം ഒളിച്ചോടി!!
സഹിക്കാന്‍ വയ്യാത്ത ആ വേദന അന്നും അയാള്‍ ആര്‍ത്തലച്ചുവന്ന തിരമാലകളോട് വിതുമ്പി വിതുമ്പി പറഞ്ഞു. ഇത് ജീവിതമാണെന്നും ഈ വേദനയും സഹിച്ചേ പറ്റൂ എന്നും പറഞ്ഞ് കടല്‍ അയാളെ മടക്കി അയച്ചു.
കുട്ടികളെ വളര്‍ത്തി അയാള്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. പെട്ടെന്നാണ് മറ്റൊരു ദുരന്തം ഉണ്ടായത്.
പ്രപഞ്ചം മുഴുവന്‍ ഉറങ്ങിയ ആ രാത്രിയില്‍ കടലിനോട് ഒരു വാക്കുപോലും പറയാതെ അയല്പക്കത്തെ ഒരു സുന്ദരി പെണ്‍കുട്ടിയുമായി അയാള്‍ ഒളിച്ചോടി!!!

LEAVE A REPLY

Please enter your comment!
Please enter your name here