അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് കൂടി സംസാരിക്കേണ്ടതുണ്ട്

0
146

941 ജനുവരി ആറിന് അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റാണ് ‘Four Freedoms’ എന്ന പേരില്‍ പില്‍ക്കാലത്തറിയപ്പെട്ട അടിസ്ഥാന, മൗലിക സ്വാതന്ത്ര്യത്തെ വ്യക്തമായി നിര്‍വചിക്കുന്നത്. അദ്ദേഹം നിര്‍വചിച്ച ആ നാല് സ്വാതന്ത്ര്യങ്ങള്‍ സമാധാനപരമായ ഒരു ലോകത്തിനു വേണ്ടിയുള്ള എല്ലാ ആഗോള ശ്രമങ്ങളിലും അവയുടെ അടിസ്ഥാനശിലകളായി ഇടംപിടിച്ചിട്ടുമുണ്ട്.

1975-ല്‍ രാജ്യം നേരിട്ട അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനങ്ങളിലൂടെ കടന്നു പോവുകയാണ് നമ്മള്‍. ഒരുപക്ഷേ, നമ്മുടെ സാധാരണക്കാര്‍ക്ക്, ഗ്രാമങ്ങളിലുള്ളവര്‍ക്ക്, സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ക്ക്, വിവിധ രാഷ്ട്രീയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്ക്, പുറംനാടുകളില്‍ ജീവിക്കുന്നവര്‍ക്ക് ഒക്കെ, നമ്മുടെ രാഷ്ട്രീയ നേതൃത്വത്തോട്-അത് അധികാരത്തിലുള്ളവരാകട്ടെ, അധികാരത്തിനു പുറത്ത് നില്‍ക്കുന്നവരാകട്ടെ- ഈ നാല് സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കാന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറയുന്നത് ഒരുപക്ഷേ ഈ സമയം ആവശ്യപ്പെടുന്ന ഒന്നു കൂടിയാണ്.

അപ്പോള്‍ ഈ നാല് അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ ഇന്ത്യയിലെ അവസ്ഥ എന്താണെന്ന് നമുക്കൊന്നു നോക്കാം.

സ്വാതന്ത്ര്യം: 1- Freedom of speech and expression

ആഹ്! നമ്മുടെ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയാന്‍ പറ്റിയ സമയം. ആധുനിക ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പുതിയ മുഖങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ അവര്‍ നിങ്ങളെ ലിബറലുകള്‍ എന്നു വിളിക്കും. നിങ്ങള്‍ അവരെ വര്‍ഗീയവാദികള്‍ എന്നും. സംവാദം എന്ന പേരില്‍ പരസ്പരം നടത്തുന്ന ചെളിവാരിയെറിയലുകള്‍, ഒരേ ഭരണഘടനയുടെ പേരില്‍ പരസ്പരം അധിക്ഷേപിക്കല്‍ എന്നു തുടങ്ങി ഇന്ത്യ സാക്ഷ്യം വഹിക്കുന്നത് അത്തരം ചില കാര്യങ്ങള്‍ക്കാണ്.

അതോടൊപ്പം, നമ്മുടെ ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ ചില കടുത്ത മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി തന്നുകൊണ്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങളൊന്നും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ചേരുന്ന വിധത്തിലല്ല എന്ന് അവര്‍ മാധ്യമ ഉടമസ്ഥരേയും എഴുത്തുകാരേയും അഭിപ്രായം പറയുന്നവരേയുമൊക്കെ നിരന്തരമായി ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഡല്‍ഹിയില്‍, ഒരു പ്രമുഖ മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടി താന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വ്യക്തമാക്കിയതിനു ശേഷം അവസാന നിമിഷം അതില്‍ നിന്ന് പിന്മാറിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആ സൂചനകള്‍ നല്‍കുന്നുണ്ട്. അല്ലെങ്കില്‍ അമിത് ഷായുടെ സ്വകാര്യ സന്ദേശങ്ങളായി അത് പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അടിയന്തരാവസ്ഥക്കാലത്തേയും ഇന്നത്തേയും അവസ്ഥകള്‍ തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ടെന്ന് നമ്മുടെ മുതിര്‍ന്ന പല സാമൂഹിക വിമര്‍ശകരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്ത്യ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെക്കുറിച്ച് അറിവില്ലാത്ത ആളാണ് മോദി എന്നതിന് ഇതിന് അര്‍ത്ഥമില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം നടത്തിയ ‘മന്‍ കി ബാതി’ലെ കാര്യങ്ങള്‍ തന്നെ ശ്രദ്ധിച്ചു നോക്കൂ: ‘ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരാളും മറക്കില്ലാത്ത ഒന്നാണ് 1975 ജൂണ്‍ 25-ലെ ആ കറുത്ത രാത്രി. മുഴുവന്‍ രാജ്യവും ഒരു ജയിലായി മാറുകയായിരുന്നു. എല്ലാത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും അടിച്ചമര്‍ത്തപ്പെട്ടു. ജയപ്രകാശ് നാരായണിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ജയിലിലായി. സ്വേച്ഛാധികാരം ജുഡീഷ്യറിയെപ്പോലൂം വെറുതെ വിട്ടില്ല”.

മോദിയുടെ വാക്കുകളില്‍ ഒരു അവസരവാദിയെ മണക്കുന്നുണ്ടോ? എങ്കില്‍ ഈ നാല് സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കാന്‍ അദ്ദേഹത്തോട് പറയാന്‍ സമയമായി എന്നു തോന്നുന്നില്ലേ? ഈ അസഹിഷ്ണുത എന്നത് മോദിയിലോ ബി.ജെ.പിയിലോ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. അത് നമ്മുടെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലാകെ നിറഞ്ഞു നില്‍ക്കുന്നു- മാധ്യമ പ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത് കര്‍ണാടക നിയമസഭയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മാധ്യമങ്ങളെ ഏതു വിധത്തിലാണ് വിശേഷിപ്പിക്കുന്നത് എന്നാലോചിച്ചു നോക്കുക. മോദി സാമ്രാജ്യത്തിന്റെ ഇരകളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ കാര്യവും ഈ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ ഒട്ടും പുരോഗമനപരമല്ല.

ഇവര്‍ക്കൊക്കെ നന്ദി പറയുക, പ്രത്യേകിച്ച് നമ്മുടെ പ്രധാനമന്ത്രിക്ക്, കാരണം മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തെ 180 രാജ്യങ്ങളില്‍ നമ്മള്‍ മൂന്നു സ്ഥാനങ്ങള്‍ കൂടി താഴേക്ക് ഇറങ്ങി 136-ാം സ്ഥാനത്തെത്തി നില്‍ക്കുന്നു ഈ 2017-ല്‍. പാക്കിസ്ഥാനേക്കാള്‍ മൂന്നു റാങ്ക് മുകളിലും പാലസ്തീനേക്കാള്‍ ഒരു റാങ്ക് താഴെയുമാണ് ഇന്ത്യയുടെ സ്ഥാനം. നമ്മുടെ അയല്‍ക്കാരായ ഭൂട്ടാന്റേയും നേപ്പാളിന്റേയും റാങ്കുകള്‍ കൂടി കേട്ടോളൂ- 84, 100.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും ഇതൊരു മുതല്‍ക്കൂട്ട് തന്നെ.

സ്വാതന്ത്ര്യം 2: Freedom to worship God.

ഇതിനെക്കുറിച്ച് അധികം വിശേഷിപ്പിക്കേണ്ടതുണ്ടോ? നമ്മുടെ കാലഘട്ടം ഈ കാര്യത്തില്‍ എത്രത്തോളം ഗുരുതരമാണ് എന്നതിന്റെ എത്ര ഉദാഹരണങ്ങള്‍ വേണം? ശ്രീനഗറില്‍ ഒരു മുസ്ലീം പോലീസ് ഓഫീസര്‍ ഡ്യൂട്ടിയിലായിരിക്കെയാണ് അദ്ദേഹത്തെ തല്ലിക്കൊന്നത്. വ്യാജ വാര്‍ത്തകളെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഒരു മോസ്‌ക് ഇടിച്ചു പൊളിച്ചത്. പൂനെയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത്. പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിച്ച് തിരികെ വീട്ടിലേക്ക് പോയ ഹരിയാന സ്വദേശികളായ ചെറുപ്പക്കാര്‍, അവര്‍ മുസ്ലീങ്ങളാണ് എന്ന പേരില്‍ ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെടുകയും 15 വയസുകാരന്‍ കുത്തേറ്റു മരിക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തു തന്നെയാണ്. സാമുദായിക സ്പര്‍ധ ഓരോ ദിവസവും ഏറി വരുന്ന ഈ രാജ്യത്ത് നിന്ന് മറ്റെവിടേക്കെങ്കിലും മാറുന്ന കാര്യത്തെക്കുറിച്ചു തന്നെ പല വീടുകളിലും ചര്‍ച്ചകള്‍ നടക്കുന്നു.

സ്വാതന്ത്ര്യം: 3 – Freedom from want

ഒരു രാജ്യം അവിടുത്തെ പൗരന്മാര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വം ഒരുക്കുക എന്നതാണ് ഇതില്‍ പ്രധാനം. സബ് സഹാറന്‍ രാജ്യങ്ങളേക്കാള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണ് നമ്മുടെ കുട്ടികള്‍ എന്നത് ഇനിയും പറയേണ്ടതുണ്ടോ? അഞ്ചു വയസിനു തഴെയുള്ള 44 ശതമാനം കുട്ടികള്‍ വേണ്ടത്ര വളര്‍ച്ചയില്ലാത്തവരാണ്. 75 ശതമാനം ശിശുക്കളും 52 ശതമാനം വിവാഹിതരായ സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്.

സ്വാതന്ത്ര്യം: 4 – Freedom from Fear

ഈ രാജ്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം. അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതുണ്ടോ, ഇനിയും?

LEAVE A REPLY

Please enter your comment!
Please enter your name here