ജേക്കബ് തോമസ് എപ്പോഴും ഇങ്ങനെയാണ്, ഒന്നും നേരെ ചൊവ്വെ പറയില്ല

0
100

സാജു കൊമ്പന്‍
ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ക്രമക്കേടുകള്‍ നടന്നതായുള്ള സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിന്നാലെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രതികരണവുമായി ജേക്കബ് തോമസ് എത്തി. അതിങ്ങനെയാണ്, “കപ്പലോടിക്കാൻ അറിയാത്ത തന്നെ കപ്പലോടിക്കാൻ നിയമിച്ചവരാണ് ഉത്തരവാദികൾ.”

ജേക്കബ് തോമസ് എപ്പോഴും ഇങ്ങനെയാണ്. ഒന്നും നേരെ ചൊവ്വെ പറയില്ല. ഗൂഡമായ, ധ്വന്യാത്മകമായ, വേണമെങ്കില്‍ ബിബ്ലിക്കല്‍ എന്നു പറയാവുന്ന വാക്യങ്ങളായിരിക്കും അവ. കൊള്ളേണ്ടവര്‍ക്ക് കൊള്ളുകയും ജനത്തിന് രസിക്കുകയും ചെയ്യുന്ന ഈ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ ജേക്കബ് തോമസ് ഒരു പോലീസുകാരനാണോ എന്ന കാര്യം കേള്‍വിക്കാര്‍ മറന്നു പോകും. അദ്ദേഹം ആത്മകഥയ്ക്ക് നല്‍കിയ പേര്‍ തന്നെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നാണല്ലോ.

രണ്ടര മാസത്തെ അവധിക്കു ശേഷം ഐ എം ജി ഡയറക്ടര്‍ ആയി തിരികെയെത്തിയ ജേക്കബ് തോമസ് തന്റെ അവധിയെ കുറിച്ചും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെ കുറിച്ചും ഇങ്ങനെ പറഞ്ഞു. “വിജിലന്‍സ് തലപ്പത്തുനിന്നുള്ള മാറ്റത്തിന്റെ കാര്യവും കാരണവും പിന്നീടു പറയും.”

പത്തു ദിവസങ്ങൾക്കുശേഷം പൊലീസ് മേധാവി ഡിജിപി ടി.പി. സെൻകുമാർ വിരമിക്കും. അടുത്ത സീനിയർ താങ്കളാണ്. അപ്പോൾ ഡിജിപി സ്ഥാനത്തെത്തും എന്ന പ്രതീക്ഷയുണ്ടോ? എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. “നാളത്തെക്കാര്യം പോലും എനിക്കു വലിയ പ്രതീക്ഷയില്ല. അപ്പോഴാ മറ്റന്നാളത്തെ കാര്യത്തെപ്പറ്റി…” പലപ്പോഴും തത്വജ്ഞാനിയെപ്പോലെയാണ് അദ്ദേഹം സംസാരിക്കുക.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അവധിക്കു പോയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലീസിനെ കുറിച്ച് ചോദിച്ച ഒരു ചോദ്യത്തിന് ജേക്കബ് തോമസ് പറഞ്ഞത് “തണലാകേണ്ടവര്‍ താണ്ഡവനൃത്തമാടുക എന്നത് നമ്മുടെ സംസ്‌കാരമല്ലേ” എന്നാണ്. അദ്ദേഹത്തിന്റെ മറുപടികള്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യത്തിന് മാത്രമായിരിക്കില്ല. മാധ്യമങ്ങള്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ക്കും കൂടിയായിരിക്കും.

വാചകങ്ങളിലൂടെ മാത്രമല്ല പ്രവര്‍ത്തികളിലൂടെയും ജേക്കബ് തോമസ് ചില അടയാളങ്ങള്‍ സമൂഹത്തിന് നല്‍കാറുണ്ട്. ഒരു വേള അഴിമതിക്കാര്‍ക്കുള്ള മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡുമായി എത്തിയ ജേക്കബ് തോമസ് കോടതി വിധി എതിരായപ്പോള്‍ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചാണ് മാധ്യമങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരം രീതികള്‍ അദ്ദേഹത്തിന്റെ അഹംഭാവമായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടാറുമുണ്ട്.

സിഎജി റിപ്പോര്‍ട്ടിന് മറുപടിയായി ഇന്നലെ പറഞ്ഞ വാക്കുകള്‍ നേരിട്ടു കൊള്ളുന്ന ചിലരുണ്ട്. “ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്നത്തെ സർക്കാരാണ് ഉത്തരവാദി. സർക്കാർ കല്ലിട്ട കെട്ടിടം പണിയുക മാത്രമാണു തന്റെ ജോലി. കല്ലിട്ടത് അന്നത്തെ മുഖ്യമന്ത്രിയാണ്. മന്ത്രിയും സർക്കാരും പറഞ്ഞത് അനുസരിക്കുക മാത്രമാണു താൻ ചെയ്തത്. സത്യം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങൾക്ക് സത്യമറിയാം.” (മലയാള മനോരമ)

പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും തുറമുഖ മന്ത്രി സുരേന്ദ്രന്‍ പിള്ളയും മാത്രമല്ല. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും അന്നത്തെ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷണനും കൂടിയാണ്. കാരണം പോലീസ് പണി പഠിച്ച ജേക്കബ് തോമസിന് കാക്കി ഉടുപ്പ് കൊടുക്കാതിരുന്നത് ആഭ്യന്തര വകുപ്പാണല്ലോ.

യൂണിഫോമിടാത്ത ജേക്കബ് തോമസിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു കഥയുണ്ട്.

“ജേക്കബ് തോമസ് ഐ പി എസിന് ഔദ്യോഗിക ജീവിതത്തില്‍ കൂടുതല്‍ സമയവും യൂണിഫോം ആവശ്യമില്ലാത്ത പോലീസ് വിഭാഗങ്ങളിലാണ് ജോലി ചെയ്തിരുന്നത്. എല്ലാ തവണയും സ്ഥലം മാറ്റം വരുമ്പോള്‍ അദ്ദേഹം ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്തത്. അത്തരത്തില്‍ കണ്ണൂരില്‍ ജോലി ചെയ്യുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയെ ചെന്നുകണ്ടില്ലെന്ന തെറ്റിന് ജേക്കബ് തോമസിനെ ക്രമസമാധാനത്തിലേക്ക് സ്ഥലം മാറ്റി. നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസ് ഭരണം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയായിരുന്നുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. ശശിയാണ് ജേക്കബ് തോമസിനെ ക്രമസമാധാനത്തിലേക്ക് മാറ്റിയത്. പിന്നീട് ജേക്കബ് തോമസ് സിപിഎം നേതൃത്വത്തെ നേരിട്ട് കണ്ട് യൂണിഫോം ഇടേണ്ടാത്ത വിഭാഗത്തിലേക്ക് മാറിയെന്നത് സംഭവ കഥ.”

Also Read: ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്

“വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നതിനാലാണു തനിക്കെതിരെ ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നത്.” എന്ന ജേക്കബ് തോമസിന്റെ ഇന്നലത്തെ പ്രസ്താവനയും ചിലരിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഉമ്മന്‍ ചാണ്ടി, കെ എം മാണി, കെ ബാബു, ഇപി ജയരാജന്‍, എളമരം കരീം, ടോം ജോസ് ഐ എ എസ് തുടങ്ങി വിജിലന്‍സ് വലയിലുള്ള നിരവധി പേരുടെ ഭാവിയുടെ പ്രശ്നം കൂടിയായിരുന്നു ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ചാടിക്കുക എന്നത്.

സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു പോയാലോ എന്നു ആദ്യം ആലോചിച്ച നിമിഷത്തെ കുറിച്ച് തന്റെ ആതമകഥയില്‍ ജേക്കബ് തോമസ് പറയുന്നു, “സര്‍വ്വീസ് മതിയാക്കാമെന്ന് ഞാന്‍ ആദ്യം ആലോചിക്കുന്നത് ഹോര്‍ട്ടിക്കല്‍ച്ചര്‍ വികസന പദ്ധതിയുടെ ഡയറക്ടര്‍ ആയിരിക്കുമ്പോഴാണ്. രണ്ട് പ്യൂണ്‍മാരെ എടുക്കാന്‍ പത്ര പരസ്യം കൊടുത്തിരുന്നു. നിയമനം നടക്കുന്നറിഞ്ഞപ്പോള്‍ അന്നത്തെ കൃഷി മന്ത്രി നിര്‍ദ്ദേശിച്ചു, തന്റെ നാട്ടുകാരായ രണ്ടു പേരെ നിയമിച്ചാല മതി. മാനദണ്ഡനങ്ങള്‍ പാലിക്കാതെ നിയമനം പറ്റില്ലെന്ന് ഞാന്‍ മറുപടി നല്‍കി. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ച് നിയമനം നടത്തി. പിന്നാലെ എന്റെ സ്ഥലം മാറ്റ ഉത്തരവും വന്നു” (പേജ് 78)

ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഡയറക്ടറേറ്റ് കെട്ടിട നിര്‍മ്മാണത്തിലും സൌരോര്‍ജ്ജ പാനല്‍ സ്ഥാപിച്ചതിലും ക്രമക്കേടുകള്‍ നടന്നതായാണ് സി എ ജി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിന്റെ പേര് പരമാമര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഇന്നലെ നിയമ സഭയില്‍ വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here