മന്ത്രി ബാലന്‍, ജാതിയും ദാരിദ്ര്യവും നിധീഷ് എന്ന ദളിത്‌ ഗവേഷകനെ കൂടി കൊലയ്ക്ക് കൊടുക്കാന്‍ അനുവദിക്കരുത്

0
105


രാകേഷ് സനല്‍

ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ എനിക്ക് മരിക്കണം; രോഹിത് വെമൂലയ്ക്കു മുന്നേ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി പറഞ്ഞു. പിന്നീട് തന്റെ ജന്മം തന്നെയാണ് തന്റെ ശാപമെന്ന് പറഞ്ഞു രോഹിതും മരണത്തെ തെരഞ്ഞെടുത്തു. ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മുത്തുകൃഷ്ണനും തൂങ്ങിയാടുന്നതു കണ്ടു. എനിക്കും മറ്റു വഴികളൊന്നും ഇല്ലെന്നു തോന്നുന്നു…

നിധീഷിന്റെ വാക്കുകളില്‍ കടുത്ത നിരാശയാണ്. രണ്ടുമാസം മാത്രമാണ് അയാള്‍ക്ക് മുന്നില്‍ ഇനിയുള്ളത്. അതിനുള്ളില്‍ കേരള സര്‍ക്കാര്‍ സന്‍മനസ് കാണിച്ചില്ലെങ്കില്‍ പഠനം മുടങ്ങും. പിന്നെ എന്ത് എന്ന അയാളുടെ ചിന്ത തങ്ങിനില്‍ക്കുന്നത് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നിലാണ്.
നിധീഷ് കൃഷ്ണന്‍കുട്ടി സുന്ദര്‍. പാലക്കാട്ട് ഞങ്ങാട്ടിരിയില്‍ കൂലിപ്പണിക്കാരനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍. കണക്കന്‍ എന്ന ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍. ഇപ്പോള്‍ ജര്‍മനിയില്‍ ഗോട്ടിംഗനിലെ ജോര്‍ജ് അഗസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എം എ മോഡേണ്‍ ഇന്ത്യന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥി. ഇന്ത്യയിലെ ജാതികളെപ്പറ്റി പഠിച്ച പ്രമുഖ ചരിത്രകാരന്‍ നിക്കോളാസ് ഡിര്‍ക്‌സിന്റെ വിദ്യാര്‍ത്ഥിയായ രൂപ വിശ്വനാഥ്, പ്രൊഫ. ഗജേന്ദ്രന്‍ അയ്യത്തുറൈ, നെയ്റ്റ് റോബര്‍ട്‌സ് എന്നീ അധ്യാപകരുടെ ഗൈഡന്‍സില്‍ ഈ റിസര്‍ച്ച് കോഴ്‌സ് ചെയ്യാന്‍ നിധീഷിന് അവസരം കിട്ടിയത് വലിയൊരു നേട്ടമാണ്. കേരളത്തില്‍ നിന്നും ഒരു ദളിത് വിദ്യാര്‍ത്ഥി ഇവിടെ പഠിക്കാന്‍ അവസരം കിട്ടി വരുന്നത് ഇതാദ്യം. പക്ഷേ തന്റെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് നിധീഷ്. കാരണം ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് അപേക്ഷിച്ച ഫെല്ലോഷിപ്പ് ഇതുവരെ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

നിധീഷ് തന്റെ അവസ്ഥ പറയുന്നു;

ജെഎന്‍യുവില്‍ എംഫില്‍ ചെയ്തുവരുന്നതിനിടയിലാണ് ഇവിടെ പ്രവേശനം കിട്ടുന്നത്. ഗജേന്ദ്രന്‍ അയ്യാത്തുറൈയെ പോലുള്ള അധ്യാപകര്‍ക്ക് കീഴില്‍ ഗവേഷണം നടത്താം എന്നത് ഏതൊരു വിദ്യാര്‍ത്ഥിയെപോലെ തന്നെ എന്നെയും ഏറെ മോഹിപ്പിച്ചിരുന്നു. ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് പഠനാവശ്യത്തിനായി പട്ടികജാതി വകുപ്പില്‍ നിന്നുള്ള സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാരിനെ സമീപിച്ചതാണ്. ഇന്നേവരെ എനിക്ക് അതു കിട്ടിയിട്ടില്ല. രണ്ടു മാസം കൂടി കഴിയുമ്പോള്‍ വിസ പുതുക്കേണ്ട സമയമാകും. നിശ്ചിത തുക നമ്മുടെ ബാങ്ക് അകൗണ്ടില്‍ ഇല്ലെങ്കില്‍ വീസ കാന്‍സല്‍ ആകും. പിന്നെ എനിക്കിവിടെ നില്‍ക്കാന്‍ കഴിയില്ല. എന്റെ സ്വപ്‌നങ്ങളെല്ലാം അതോടെ തകരും. പിന്നെ ഞാന്‍ എന്തു ചെയ്യും? കടുത്ത മാനസിക സംഘര്‍ഷം നേരിടുകയാണ്. എന്റെ അച്ഛനും ബന്ധുക്കളും തിരുവനന്തപുരത്തുള്ള ചില സുഹൃത്തുക്കളുമെല്ലാം എന്റെ ഫെല്ലോഷിപ്പ് തുക അനുവദിച്ചുകിട്ടാാന്‍ മന്ത്രിയെ കാണാനും ഉദ്യോഗസ്ഥരെ കാണാനുമൊക്കെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ശരിയാക്കാം എന്നല്ലാതെ ഇതുവരെ അവര്‍ ഒന്നും ശരിയാക്കിയിട്ടില്ല. ദിവസങ്ങള്‍ കഴിയും തോറും എന്റെ ആധി കൂടിവരികയാണ്.

ജര്‍മന്‍ സര്‍വകലാശാലയില്‍ പ്രവേശനം കിട്ടിയ ഉടനെ ഞാന്‍ നേരിട്ടു വന്നു മന്ത്രി എ കെ ബാലനെ കാണുകയായിരുന്നു ആദ്യം ചെയ്തത്. ഫെല്ലോഷിപ്പ് അനുവദിച്ചു കിട്ടാനുള്ള അപേക്ഷ അദ്ദേഹത്തിനു നല്‍കി. എന്നാല്‍ അത്ര അനുകൂലമായ നിലപാടല്ലായിരുന്നു ഉണ്ടായത്. മുന്‍കൂര്‍ പണമൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നു മാത്രം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഫയല്‍ ഡയറക്ടറേറ്റില്‍ കൊടുക്കാനും പറഞ്ഞു. ഡയറക്ടേറില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നത് ഇത്തരത്തില്‍ പണം അനുവദിക്കുന്നതിന് ഒരു കോമണ്‍ ക്രൈറ്റീരിയ ഉണ്ടാക്കുകയാണെന്നും അതിനുശേഷം എന്റെ അപേക്ഷ പരിഗണിക്കാമെന്നും. എനിക്ക് മെറിറ്റ് ഉണ്ടോയെന്നും പണം പഠനാവശ്യത്തിനാണോ ഉപയോഗിക്കുന്നതെന്നൊക്കെ അവര്‍ക്ക് അറിയണമെന്ന്. അതായത് എന്നെപ്പോലുള്ള ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനെ പറ്റിച്ച് കാശ് വാങ്ങുവാണോയെന്ന സംശയം!

പിന്നെയവര്‍ എടുത്ത നിലപാട് ഫെല്ലോഷിപ്പിന് ഞാന്‍ അപേക്ഷിച്ചാല്‍ പോര, ചേരുന്ന യൂണിവേഴ്‌സിറ്റി ഹെഡ് എസ്റ്റിമേറ്റ് തയ്യാറാക്കി അപേക്ഷിച്ചാല്‍ മാത്രമെ പരിഗണിക്കൂ എന്നതായിരുന്നു. നിങ്ങള്‍ അവിടെയെത്തി പഠിക്കുകയാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് വരേണ്ടതുണ്ടെന്ന്! അതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ജര്‍മനിയില്‍ എത്തിയശേഷം യൂണിവേഴ്‌സിറ്റി ഹെഡ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം അപേക്ഷിച്ചു. 21 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ട തുക. 15 ലക്ഷത്തില്‍ കൂടുതല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടിക്കപ്പുറം ഒരു പൈസപോലും എനിക്ക് കിട്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാമായിരുന്നു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ജര്‍മനിയില്‍ എത്തിയശേഷം അപ്ലൈ ചെയ്താലും മതിയെന്നായിരുന്നു. പക്ഷേ ഇപ്പോള്‍ അന്വേഷിച്ചപ്പോള്‍ പറയുന്നു, നിങ്ങള്‍ ഇപ്പോള്‍ പഠനം തുടങ്ങിയല്ലോ ഇനി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here