“കാവൽ” – കഥ – സന്ധ്യ ശ്രീ വിനായകന്‍

0
155

ചുമയുടെ ശബ്ദം ഉച്ചത്തിലാവാതിരിക്കാൻ അയാൾ മുണ്ടിന്റെ തലപ്പുകൊണ്ട് വായ് പൊത്തി..മരുമകൾ കേട്ടാൽ അതുമതി,!

മകനായിരിക്കും തെറിവിളി കേൾക്കേണ്ടി വരിക..

അയാൾ നീരുവന്ന് വീർത്ത കാലുകൾ വലിച്ചിഴച്ചു മുറ്റത്തേക്കിറങ്ങി..തെങ്ങിൻ ചുവട്ടിലേക്ക് നീട്ടിതുപ്പുമ്പോഴും അയാൾ അവളെ ഭയന്നു..!

വടക്കേപ്പുറത്തു ആരൊക്കെയോ അടക്കിപ്പിടിച്ചു സംസാരിക്കുന്നു..
“പിള്ളേര്‌ഉറങ്ങട്ടെ..എന്നിട്ടാവാം”

തേങ്ങാ വെട്ടാൻ വരുന്ന ശശിയും തന്റെ മകനും തമ്മിലാണെന്നു ശബ്ദം കൊണ്ട് അയാൾ ഊഹിച്ചു..

ഏറെ ഇരുട്ടിയിട്ടും ശശി ചുറ്റിപ്പറ്റി നിൽക്കുന്നു..
അല്പം ‘മണവും’ ഉണ്ട്..

മരുമകളും പിള്ളേരും നേരത്തെ കിടന്നു..

“എന്താടാ ശശി.പതിവില്ലാതെ.?”

മറുപടി ഇല്ല.!

വീണ്ടും ചോദിച്ചപ്പോൾ അവൻ സത്യം പറഞ്ഞു..

അയാളുടെ നെഞ്ചുനീറി..

നീരുവച്ച കാലുകൾ വലിച്ചുനീക്കി വടക്കേപ്പുറത്തെത്തുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

എട്ടുപത്തു കൊല്ലത്തെ സേവനത്തിന്റെ പ്രതിഫലമായ ദയാവധം കാത്തു അവിടെ അവൻ കിടപ്പുണ്ടായിരുന്നു..

തൻറെ പ്രിയപ്പെട്ട വളർത്തുനായ ‘ടോമി

പ്രായാധിക്യം കൊണ്ട് രോമങ്ങൾ കൊഴിഞ്ഞു,

ദേഹത്തിന്റെ പലഭാഗങ്ങളും മറ്റുപട്ടികൾ കടിച്ചു വ്രണമായി ..
“ടോമി” ഇടറിയ ശബ്ദത്തിൽ അയാൾ വിളിച്ചു..യജമാനന്റെ സാമീപ്യം തിരിച്ചറിഞ്ഞു അവൻ ചെവികൾ മടക്കി ..വയ്യെങ്കിലും നന്ദിസൂചകമായി വാൽ ഒന്നനക്കി..

അവനെ ഷോക്കടിപ്പിച്ചു കൊല്ലാനാണ് ശശിയുടെ ജോലി..!

അയാളോർത്തു..വഴിയിൽ നിന്ന് കിട്ടിയതാണിവനെ..വളയം പിടിച്ചു തളർന്നു വരുമ്പോൾ അമ്പലക്കുളം വരെ കുളിക്കാൻ അവൻ കൂട്ടുവന്നു..മകൻ വിദേശത്തു..മരുമകൾക്കും കുട്ടികൾക്കും ടോമി ഒരാളിന്റെ ബലമായിരുന്നു..!

ഭാര്യയുടെ മരണശേഷം ഏകമകനോടൊപ്പം കാവൽക്കാരനായി ടോമിക്കൊപ്പം താനും..!
ഒരീച്ചപോലും മതിൽക്കെട്ടില്ലാത്ത പറമ്പിൽ കയറാൻ ടോമി സമ്മതിച്ചിരുന്നില്ല..

ഒടുവിൽ….

രാത്രി പത്തുമണിയോടെ അമർത്തിയ ഒരു മൂളൽ!,,,,

ഇനിയവനായി ചോറുരുള ബാക്കി വയ്‌ക്കേണ്ടല്ലോ..!!

ഒരർത്ഥത്തിൽ താനുമിപ്പോൾ ടോമിക്ക് തുല്യനാണ്..

അവനോടവർ കൊല്ലാനുള്ള ദയവെങ്കിലും കാണിച്ചു..

അയാൾ കിടന്നെങ്കിലും ഉറക്കം വന്നില്ല..അത്താഴം കഴിക്കാൻ തോന്നിയില്ല..
അയാൾക്കായി പ്രത്യേകം മാറ്റിവച്ച പാത്രത്തിൽ അവൾ കൊണ്ടുവച്ച ചോറിൽ ഉറുമ്പുകയറുന്നു…

കുറെയേറെ ഓർമ്മകൾ അയാളെ ചവിട്ടി കടന്നുപോയി…

പിറ്റേന്നു കുട്ടികൾ ഉണരും മുൻപേ പട്ടിയുടെ ശവം കുഴിച്ചിടാനായി എത്തിയ ശശിയാണ് ആദ്യം കണ്ടത്…

പട്ടിക്കൂടിനപ്പുറത്തെ മാവിൽ ടോമിയുടെ യജമാനനും.,,,!

LEAVE A REPLY

Please enter your comment!
Please enter your name here