ഋതുമാപിനി – കവിത – ഡോണ മയൂര

0
206

ശൈത്യദംശമേറ്റ്
നീലിച്ചുപോയൊരെന്നില്‍,
വിഷക്കല്ലിനാല്‍ വിഷമിറക്കിക്കാന്‍
ശ്രമിക്കാതെയിരിക്കുക!

കാതിലേക്ക് തുളച്ച് കയറുന്ന
ഓരോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തികൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്,
കൈമിടുക്കുള്ളൊരു
ശില്പിയുടെ ചാതുര്യത്തോടെ
ഇരു തുടകളിലും
നീളത്തിലും ആഴത്തിലുമുള്ള
മുറിവുകള്‍ തീര്‍ക്കുന്നു.

അറുതിയില്ലെന്നു കരുതിയിരുന്ന
സമസ്യകള്‍ക്ക്
സമാശ്വാസമാകുന്നു
ചോരവാര്‍ന്നു മറഞ്ഞു പോയ,
മുറിവക്ഷരങ്ങള്‍ തിര്‍ത്ത ഈ സന്ദേശം.

വരികള്‍ കൊണ്ട് കൂട്ടിക്കെട്ടിയ
കയര്‍ത്തുമ്പിലെ ചോദ്യമായി,
പാതാളക്കരണ്ടി ഏതു നിമിഷത്തിലാണ്
തലയോട്ടി പിളര്‍ത്തി
മസ്തിഷ്കത്തിനുള്ളിലെ
കടങ്കഥകള്‍ക്കുത്തരം
തിരയുവാനെത്തുന്നതെന്ന്
ആര്‍ക്കാണ് പറയുവാന്‍ കഴിയുക?

വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളു; ഉണക്കുന്നില്ല!

LEAVE A REPLY

Please enter your comment!
Please enter your name here