പ്രണയം – കവിത – അനിത ജോൺ

0
370

മഴ തോര്‍ന്ന വാനില്‍ വഴവില്ല് കാണ്‍കെ
കുളിരുന്നൊരുണര്‍വാണ് പ്രണയം
മനസ്സിന്‍റെ നിറവാണ് പ്രണയം

തിരതല്ലുമോളങ്ങള്‍ കരയെ പുല്‍കുമ്പോള്‍
അടങ്ങുന്ന ലയമാണ് പ്രണയം
ഒടുങ്ങാത്ത തിരയും പ്രണയം

കരുതുന്ന സ്നേഹത്തെ ഓര്‍ത്തോര്‍ത്തിരിക്കുമ്പോള്‍
വിരിയുന്ന ചിരിയും പ്രണയം
അതിലൂറുന്ന വാക്കും പ്രണയം

ആയിരം താരങ്ങള്‍ നിറയുന്ന വാനിലെ
നിറനിലാവാണ് പ്രണയം
മുഖിലിന്‍റെ ചാരുത പ്രണയം

സൂര്യന്‍റെ വേര്‍പാടില്‍ കുങ്കുമം ചാര്‍ത്തുന്ന
വിണ്ണിന്‍റെ പശ്ചിമം പ്രണയം
ഒരു നീറുന്ന നൊമ്പരം പ്രണയം

വേര്‍പാടില്‍ ഉരുവാകും നോവിന്‍റെ ആധിക്യം
ഹൃദയത്തെ ഞരുക്കിടും പ്രണയം
ചിത്തം മൃതതുല്യമാക്കും പ്രണയം

പ്രണയത്തില്‍ നീറുന്ന മനസ്സിന്‍റെ ഭാവങ്ങള്‍
ഓര്‍മ്മയില്‍ കരുതിടും പ്രണയം
മുറിവുണങ്ങാതെ സൂക്ഷിക്കും പ്രണയം

LEAVE A REPLY

Please enter your comment!
Please enter your name here