എന്തിനാണ് യാക്കോബായ-ഓര്‍ത്തഡോക്‌സുകാര്‍ തമ്മില്‍ തല്ലുന്നത്? ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത സംസാരിക്കുന്നു

0
124

ഫൈസല്‍ രണ്ടാര്‍

ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടാനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍. നിരവധി ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ചുമതലക്കാരന്‍. പതിറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്ന മലങ്കരയിലെ ക്രൈസ്തവ വിഭാഗങ്ങളായ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ലയനത്തിനായി മുന്നിട്ടിറങ്ങുക വഴി ഇദ്ദേഹമിപ്പോള്‍ മാധ്യമങ്ങളില്‍ ശ്രദ്ധയനായിട്ടുണ്ട്. സമാധാന നീക്കങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്ന വ്യക്തി ഇന്ന നിലയില്‍, കഴിഞ്ഞ ദിവസം വരിക്കോലി പളളിയില്‍ (ഇദേഹത്തിന്റെ കീഴിലുളളതാണ്) ഓര്‍ത്തഡോക്‌സ് വിഭാഗം തകര്‍ത്ത പാത്രിയര്‍ക്കാ എംബ്ലം കഴിഞ്ഞ ദിവസം ഇദ്ദേഹം തന്നെ മുന്‍ കൈ എടുത്ത് പുനര്‍ നിര്‍മ്മിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. 1995 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സഭാ യോജിപ്പെന്ന ആശയവുമായി യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭയിലേക്കെത്തിയ ഇദ്ദേഹം തന്നെയാണ് ഇപ്രാവശ്യവും അനുരഞ്ജന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നാലര പതിറ്റാണ്ടിന് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം ഇക്കുറി യാക്കോബായ സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ കണ്ടതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അനുരഞ്ജന നീക്കങ്ങളെ കുറച്ച് ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അഴിമുഖത്തോട് മനസ് തുറക്കുകയാണിവിടെ…

‘പരസ്പരം പോരടിക്കുന്നതും തെരുവില്‍ തല്ലുന്നതും ക്രൈസ്തവതയല്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളില്‍ പെടുന്ന ചിലരെല്ലാം അറിഞ്ഞോ അറിയാതെയോ അത്തരം വഴക്കുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. അവസാനമില്ലാതെ നീളുന്ന അത്തരം വഴക്കുകള്‍ക്ക് അന്ത്യം കുറിക്കണമെന്ന ചിന്തയില്‍ നിന്നാണ് എന്റെ മനസില്‍ ഇരു സഭകളും ഒന്നാകണമെന്ന ആഗ്രഹമുദിച്ചത്.

1995ല്‍ സുപ്രീം കോടതി വിധിയുണ്ടായപ്പോഴും (അന്ന് ഞാന്‍ യാക്കോബായ പക്ഷത്തായിരുന്നു) ഇതേ ആഗ്രഹത്തോടെയാണ് സഭയ്ക്കുളളില്‍ പ്രവര്‍ത്തിച്ചത്. ഞാനും മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സെവേറിയോസ്, സഖറിയാസ് മാര്‍ നിക്കോളവാസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ ചേര്‍ന്നാണ് അന്ന് ഈ ചര്‍ച്ച തുടങ്ങിവച്ചത്. അതിന്റെ ഭാഗമായി ഞങ്ങള്‍ അന്നത്തെ പാത്രിയര്‍ക്കീസ് ബാവയെ (ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ) നേരില്‍ കാണുകയും അദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ ആവശ്യവുമായി ഞാന്‍ അദേഹത്തെ മൂന്ന് പ്രാവശ്യം കണ്ടു. രണ്ട് പ്രാവശ്യം ഞങ്ങള്‍ കൂട്ടമായും ഒരു തവണ തനിച്ചും. അപ്പോഴെല്ലാം അദേഹം തുറന്ന പിന്തുണയാണ് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ഞാന്‍ ഭദ്രാസന കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് സഭയോജിപ്പ് എന്ന ലക്ഷ്യവുമായി 1934 ഭരണഘടന അംഗീകരിക്കുകയും ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാകുകയും ചെയ്തത്. മാര്‍ നിക്കോളവാസ്, മാര്‍ സെവേറിയോസ്, മാര്‍ മിലിത്തിയോസ് എന്നിവരും എന്നോടൊപ്പം ചേര്‍ന്നു. എന്നാല്‍ മാര്‍ ഗ്രിഗോറിയോസ് അന്തിമഘട്ടത്തില്‍ പിന്‍വാങ്ങുകയാണ് ചെയ്തത്. പിന്നീടെന്തു കൊണ്ടോ ഞാന്‍ തുടങ്ങി വച്ച നീക്കത്തിനൊരു ഫോളോ അപ്പ് ഉണ്ടായില്ല. പാത്രിയര്‍ക്കീസ് ബാവയും അതേ കുറിച്ച് മൗനം പാലിച്ചു. 2002-ല്‍ പാത്രിയര്‍ക്കീസ് ബാവയെ പരമാധ്യക്ഷനായി പ്രഖ്യാപിച്ച് യാക്കോബായ വിഭാഗം പുതിയ സഭയായി രജിസ്റ്റര്‍ ചെയ്യുകയും കണ്ടനാട് അടക്കമുളള മേഖലകളില്‍ കലാപം പതിവാകുകയും ചെയ്തു. അതെനിക്കും സമാധാന പ്രേമികളായ ആളുകള്‍ക്കും വളരേയേറെ മാനസിക പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here