മാധ്യമ കേരളത്തിന്റെ ടേസ്റ്റ് മേക്കറും അജിത ചോദിച്ച മനോരമപ്പത്രവും

0
557

വി. പ്രദീപ് കുമാർ
വ്യക്തി, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരം മുതലായവയുടെ, ഉൽപത്തിവികാസം മുതൽ പരിണാമം വരെയുള്ള സംഭവങ്ങളുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായുള്ള രേഖപ്പെടുത്തലാണ് ചരിത്രം.

അര നൂറ്റാണ്ടിലേറെക്കാലം ചരിത്രത്തോടൊപ്പം സഞ്ചരിച്ച് മലയാള പത്രപ്രവർത്തനരംഗത്ത് നിറഞ്ഞു നിന്ന വ്യക്തി പ്രഭാവമാണ് തോമസ് ജേക്കബ്. തന്റെ പത്രപ്രവർത്തന ചരിത്രം, ഔദ്യോഗിക മാധ്യമ പ്രവർത്തനം അസാനിപ്പിച്ചതിനുശേഷം അദ്ദേഹം കമൽറാം സജീവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (27 സെപ്റ്റംബർ 17) പങ്കുവെയ്ക്കുന്നു. തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷൻ ആക്രമണം, കുന്നിക്കൽ നാരായണൻ, മന്ദാകിനി, അജിത, വർഗ്‌ഗീസ്, അടിയന്തിരാവസ്ഥ, രാജൻ, നവാബ് രാജേന്ദ്രൻ തുടങ്ങി കലുഷിതമായ ഒരു രാഷ്ട്രീയ കാലഘട്ടത്തിന്റെ ചരിത്രവും ചരിത്രത്തിന്റെ ബാക്കിപത്രവുമായ സംഭവങ്ങളിലൂടെയുള്ള അനുഭവയാത്ര.

നക്‌സൽ ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ അടയ്‌ക്കാത്തോട് എന്ന കുഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്‌യുന്പോൾ അജിതയ്‌ക്ക് പ്രായം പതിനെട്ട്. കേരളം കണ്ട ഏറ്റവും വലിയ നക്സലൈറ്റ് പോരാളികളിൽ ഒരാൾ. പൊലീസ് മൂന്നാംമുറയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി. കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കോഴിക്കോട്ടുകാരനായ കുന്നിക്കൽ നാരായണന്റെയും നക്സലൈറ്റ് പ്രവർത്തക മന്ദാകിനിയുടെയും മകൾ. ഗുജറാത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മന്ദാകിനി സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ കൂടി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും, ഒടുവിൽ കമ്മ്യൂണിസ്റ്റ് ആദർശത്തിൽ ആകൃഷ്ടയായി മുംബെയിൽ പ്രവർത്തിക്കുന്പോഴാണ്‌ മലയാളിയായ നാരായണനെ പരിചയപ്പെടുന്നതും ആ ബന്ധം വിവാഹത്തിന് വഴിയൊരുക്കുന്നതും. നക്‌സൽ പ്രവർത്തകയായിരിക്കുന്പോൾത്തന്നെ, മന്ദാകിനി കോഴിക്കോട്ടെ ഒരു പ്രമുഖ ഗുജറാത്തി ഹൈസ്‌കൂളിന്റെ ഹെഡ്മിസ്‌ട്രെസും ആയിരുന്നു.

1968 നവംബർ 22 നാണ് മുന്നൂറോളം വരുന്ന ജനക്കൂട്ടം കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ അരീക്കൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ അജിത, ഫിലിപ്പ് എം പ്രസാദ്, കിസ്സാൻ തൊമ്മൻ മുതലായവർ അടങ്ങിയ 40 പേരോളം വരുന്ന സംഘം പുൽപ്പള്ളി സ്റ്റേഷൻ ആക്രമിച്ചു. സംഭവത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് അജിതയും കൂട്ടരും വയനാടൻ കാടുകളിൽ ഒളുവിൽ കഴിഞ്ഞത്. അജിതയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഫിലിപ്പ് എം പ്രസാദ് പൊലീസിനു കീഴടങ്ങി. വർഗ്ഗീസിനെ 1970 ഫെബ്രുവരി 18 ന് പൊലീസ് വെടിവെച്ചു കൊന്നു. ഒളിവിൽ കഴിയവെ ബോംബ് പൊട്ടി മാരകമായി പരുക്കേറ്റ കിസ്സാൻ തൊമ്മനെ അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ദയാവധത്തിന് ( വെടിവെച്ചു കൊല്ലുകയാണുണ്ടായത് ) വിധേയനാക്കിയതായി അജിത തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

അറസ്റ്റിന് മുൻപ് അജിതയുടെ ഒരു ഫോട്ടോ മനോരമ പത്രത്തിന്റെ മുൻപേജിൽ പ്രസിദ്ധീകരിച്ചിരുന്നു. സി പി എം കേന്ദ്രക്കമ്മിറ്റി ചേരുന്നിടത്ത് പൂട്ടിക്കിടക്കുന്ന പുതിയറ സോപ്പ് വർക്‌സിലേക്ക് അവരുടെ പുസ്തകക്കടയുടെ പ്രചരണാർഥം നടത്തിയ ജാഥയിൽ ചെങ്കൊടിയുയുമായി നടന്നുനീങ്ങുന്ന അജിതയുടെ ചിത്രവും, നാരായണന്റെയും മന്ദാകിനിയുടെയും ചിത്രങ്ങളും മുംബൈയിലെ പ്രണയനാളുകളിലെ മസാലചേർത്ത കഥകളും മനോരമ ലീഡ് വാർത്തയായി പ്രസിദ്ധീകരിച്ചു. ഇതറിഞ്ഞ,കൗമാരക്കാരിയായ അജിത മനോരമയിൽ ഒന്നാം പേജിലുള്ള തന്റെ ചിത്രം കാണുവാൻ കാട്ടിൽ നിന്നും ജനവാസസ്ഥലത്തെത്തി, ആദ്യം കണ്ട ചായക്കടയിൽ കയറി മനോരമ പത്രം ചോദിച്ചുവെന്നും അന്നത്തെ പത്രം കടയുടമ കൊടുത്തപ്പോൾ ഇതല്ല രണ്ടു ദിവസത്തിനു മുൻപുള്ള പത്രം ആവശ്യപ്പെട്ടുവെന്നും, പത്രം കിട്ടിയപ്പോൾ ഒരു ചായ ഓർഡർ ചെയ്‌ത്‌ തന്റെ ചിത്രത്തിൽ തന്നെ നോക്കിയിരുന്ന ട്രൗസറിട്ട കൗമാരക്കാരിയിൽ സംശയം തോന്നി ജനം അജിതയെ തടഞ്ഞുവെച്ച് പോലീസിൽ അറിയിച്ച് അറസ്റ്റ് ചെയ്‌യിപ്പിക്കുകയായിരുന്നുവെന്നും, എന്നാൽ പിറ്റേന്നത്തെ പത്രത്തിലെ പൊലീസ് ഭാഷ്യം ഒരു പൊരിഞ്ഞ ഏറ്റുമുട്ടലിനൊടുവിൽ അജിതയെ വനത്തിൽ നിന്നും അറസ്റ്റ് ചെയ്‌തു എന്നായിരുന്നുവെന്നുമാണ് തോമസ് ജേക്കബ് പറയുന്നത്.

അജിത ലോക്കപ്പിൽ അഴികൾക്കകത്തുകിടക്കുന്നത് ജനം കാണുന്നത് മനോരമയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫർ ആയ ടി നാരായണൻ എടുത്ത ചിത്രത്തിൽ കൂടിയാണ്. ലോക്കപ്പിലുള്ളത് അജിതയല്ല മറ്റാരോ ആണ് എന്ന മനോരമ ലേഖകൻ എം എസ് ശ്രീധരന്റെ ഒരു നന്പർ പൊലീസിനെ വെട്ടിലാക്കുമെന്നായപ്പോൾ അജിതയെ അറിയാവുന്ന നാരായണനെ കോഴിക്കോട്ടുനിന്നു വരുത്തി ലോക്കപ്പിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അങ്ങനെയാണ് നാരായണൻ പൊലീസ് അറിയാതെ അജിതയുടെ ചിത്രം പകർത്തിയത്. പിറ്റേ ദിവസം പത്രത്തിൽ ഈ ചിത്രം കണ്ട് അജിതയെ നേരിട്ട് കാണാൻ സ്റ്റേഷനിൽ തടിച്ചുകൂടിയ ജനം നിയന്ത്രണാധീതമാകുമെന്ന് കണ്ട് അജിതയെ പുറത്തിറക്കി. തറനിരപ്പിൽ നിൽക്കുന്ന അവരെ കാണാൻ കഴിയുന്നില്ല എന്ന് ജനം ബഹളം വെച്ചപ്പോൾ പൊലീസ് സ്റ്റൂളിന് മുകളിൽ കയറ്റി നിർത്തുകയാണുണ്ടായതെന്നും, അല്ലാതെ പത്രക്കാർ ആവശ്യപ്പെട്ട് കയറ്റി നിർത്തിച്ചതല്ലെന്നും തോമസ് ജേക്കബ് പറയുന്നു.
വർഷങ്ങൾ കഴിഞ്ഞ് അജിത ഒരിക്കൽ തമാശയായി ടി നാരായണനോട് ” അന്ന് എന്റെ ചിത്രങ്ങൾ എടുത്തുവിറ്റ് കുറെ കാശൂണ്ടാക്കിക്കാണും അല്ലേ?”എന്നു പറഞ്ഞപ്പോൾ
“നിങ്ങൾ ഇന്നു ജീവിച്ചിരിക്കുന്നത് അന്ന് ഞാൻ ലോക്കപ്പിൽ നിന്നെടുത്ത ചിത്രങ്ങൾ കൊണ്ടാണ്. നിങ്ങൾ പൊലീസിന്റെ പിടിയിൽ ഉണ്ടായിരുന്നുവെന്നതിന്റെ ഏക തെളിവാണത്. അതില്ലായിരുന്നെങ്കിൽ നിങ്ങൾക്കു പിന്നീട് വർഗ്ഗീസിനുണ്ടായ ഗതി ഉണ്ടാകുമായിരുന്നില്ലെന്ന് ആരുകണ്ടു” എന്ന് നാരായണൻ പറഞ്ഞതോടെ അജിത നിശ്ശബ്ദയായി എന്നും അദ്ദേഹം പറയുന്നുണ്ട്.

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായ അരീക്കൽ വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിക്കുകയായിരുന്നു. ജന്മിമാർ തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥ കണ്ട് വർഗ്ഗീസ് നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ(എം.എൽ) പ്രവർത്തകനാവുകയായിരുന്നു. വർഗ്ഗീസിനെ കൊന്നത് താനാണെന്ന് ഗ്രോ വാസുവിനോട് ഒരു പൊലീസുകാരൻ പറഞ്ഞു എന്നു എഴുതിക്കൊടുത്ത ലേഖനം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച മാധ്യമം ദിനപ്പത്രം, പിന്നീട് വാരിക തുടങ്ങിയപ്പോൾ വാസുവിനെക്കൊണ്ട് പറയിപ്പിച്ച കഥയിൽ നിന്നും മനോരമ നടത്തിയ അന്വേഷണമാണ് പത്തനാപുരത്തുകാരനായ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരെ കണ്ടെത്തി ഇന്റർവ്യു ചെയ്ത് മനോരമയിൽ വാർത്ത കൊടുത്ത് കേസിന് തുന്പുണ്ടാക്കിയത് എന്ന കഥയെക്കുറിച്ചും പറയുന്നുണ്ടിവിടെ.

കൊലപ്പെടുത്താൻ ആജ്ഞ കൊടുത്തതിന് റിട്ടയർ ചെയ്‌ത ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ശിക്ഷിക്കപ്പെട്ടിട്ടുപോലും, വർഗ്ഗീസിനെ പിടിച്ചുപറിക്കാരനും മോഷ്ട്ടാവും കൊലപാതകിയുമൊക്കെയായി ചിത്രീകരിച്ച്, പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചതായി ഇപ്പോൾ ഭരണകൂട ഭീകരത മുദ്ര കുത്തുന്നു. എന്നിരുന്നാലും വയനാട്ടിലെ ആദിവാസികൾക്ക് വർഗ്ഗീസ് ഇന്നും ഉടയോനാണ്.

പെരുന്ന തോമസ്സിനെക്കുറിച്ച് ലേഖനം എഴുതാൻ നടത്തിയ അന്വേഷണം തോമസ് ജേക്കബ് പങ്കുവെയ്‌ക്കുന്നത് രസകരമായ ഒരനുഭവമാണ്.
ഒരു വ്യക്‌തിയുടെ മൃതശരീരം മോഷണം പോവുക, അതും ആംബുലസൊടൊപ്പം! വിശ്വസിക്കുവാൻ പ്രയാസമെങ്കിലും യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് അദ്ദേഹം ഇവിടെ പറയുന്നുത്. കൗമുദിയുടെ കൊച്ചി ലേഖകനും കഥാകൃത്തുമായ പെരുന്ന തോമസിന്റെ മൃതദേഹം ആംബുലസൊടൊപ്പം കോട്ടയം പ്രസ്സ് ക്ലബ്ബിന് മുന്നിൽ നിർത്തിത്തിയിട്ടിട്ട് കൂടെപ്പോയവർ ഒരൽപ്പമൊന്ന് ‘മിനുങ്ങാൻ’ പോയി തിരിച്ചുവന്നപ്പോൾ ആംബുലൻസൊടൊപ്പം മൃതദേഹം മോഷണം പോയ കഥ. ഒരു കുട്ടിയുണ്ടാവാൻ ഒരു സ്‌ത്രീയുമായി സന്പർക്കത്തിലേർപ്പെടാനുള്ള അനുവാദം മുദ്രപ്പത്രത്തിൽ എഴുതിവാങ്ങിയ, ‘ഭ്രാന്തു മോഷണം’ എന്നപേരിൽ വൈക്കം മുഹമ്മദ് ബഷീറിനെ കഥാപാത്രമാക്കി കഥയെഴുതിയ, തന്റെ കഥാസമാഹാരത്തിന് ‘അഞ്ച് ചീത്തക്കഥകൾ’ എന്ന് പേരിട്ട വ്യക്തിയായിരുന്നു പെരുന്ന തോമസ്.

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നതിനാൽ പെരിന്തൽമണ്ണയിലെ വെട്ടുക്കിളി ശല്യത്തെക്കുറിച്ചുള്ള സചിത്ര ഫീച്ചർ ഒന്നാം പേജിൽ കൊടുത്തതും, തിരുവനന്തപുരത്തെ ഒരു ഗ്രാമത്തിൽ നിന്നും ഈനാംപേച്ചിയെ പിടിച്ച വാർത്ത സചിത്രം മുഖ്യ വാർത്തയായി കൊടുത്തതും, അതിനെ കാഴ്ചബംഗ്ലാവിൽ ഏൽപ്പിക്കുംവരെ കഥാകഥനം നടത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുന്പോൾ മറ്റുള്ള പത്രങ്ങളുടെ അന്നത്തെ അവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്കുവാൻ കഴിയും.

നവാബ് രാജേന്ദ്രനെ പെട്ടെന്നൊന്നും മറക്കാൻ മലയാളിക്ക് കഴിയുമെന്ന് തോന്നുന്നില്ല. നേരിനും നെറിക്കും വേണ്ടി പോരാടിയതിന് ജയറാം പടിക്കലിന്റെ കൊടിയ ക്രൂരതയ്‍ക്ക് ഇരയാകേണ്ടിവന്ന ജീവിച്ചിരുന്ന രക്തസാക്ഷി. തനിക്ക് അവാർഡായി ലഭിച്ച രണ്ടു ലക്ഷം രൂപയിൽ നിന്നും ആയിരം രൂപ മാത്രമെടുത്ത് ബാക്കി കൊച്ചിയിലെ ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മോർച്ചറി പണിയാൻ നൽകിയ നവാബിന്റെ മൃതദേഹം ചീഞ്ഞഴുകിയ നിലയിലാണ് സംസ്‌കരിച്ചത്. തന്റെ ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണണമെന്ന നവാബിന്റെ ആഗ്രഹത്തോടുപോലും പ്രതികാരം ചെയ്‌ത് ഭരണവർഗം നിർവൃതികൊണ്ടു.

നവാബിനെക്കുറിച്ചുള്ള ഓർമ്മ അദ്ദേഹം ഇങ്ങനെ പങ്കുവെയ്ക്കുന്നു. കാറപകടത്തിൽ മരിച്ച മനോരമയുടെ കണ്ണൂർ ലേഖകൻ മാത്യു അഗസ്റ്റിന്റെ സംസ്‌കാരത്തിനുപോകുന്പോൾ ഇരിട്ടി പാലത്തിനുതാഴെ ഉടുവസ്‌ത്രം കഴുകി ഉണങ്ങാനിട്ട് പുഴയിൽ കുളിക്കുന്ന നവാബ് രാജേന്ദ്രനെ കാണുന്നു. കൂടെയുള്ള ആരോ നവാബിനെ വിളിക്കാൻ തുടങ്ങുന്പോൾ സംസ്‌കാരത്തിന് സമയത്ത് എത്താൻ കഴിയില്ല എന്ന് പറഞ്ഞു തോമസ് ജേക്കബ് വിലക്കുന്നു. ഒടുവിൽ പള്ളിയിൽ സംസ്‌കാരച്ചടങ്ങ് തീരാറായപ്പോൾ കയറിച്ചെന്ന, മനോരമയുടെ ബ്യൂറോകളിൽ ജീവിച്ച, ഉറങ്ങാൻ മറ്റെങ്ങും ഇടം കിട്ടിയില്ലെങ്കിൽ ബ്യൂറോയിൽ രണ്ട് മേശകൾ ചേർത്തിട്ട് പേപ്പർ വിരിച്ച് ഉറങ്ങിയ നവാബിനെ അദ്ദേഹം ഓർക്കുന്നു. അവരുടെ ‘റസിഡന്റ് എഡിറ്റർ.’

വീണ്ടും നാം അജിതയിലേക്ക് വരുന്പോൾ ചിലതൊക്കെ തിരുത്തി വായിക്കുവാൻ അവർ നമ്മെ നിർബന്ധിതരാക്കുന്നു. അതവരുടെ അനുഭവത്തിന്റെ നേർക്കാഴ്ചയാണ്. താൻ പത്രത്തിലെ ഫോട്ടോ കാണാനല്ല കാടിറങ്ങിയത് എന്നും, മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് തന്നെക്കുറിച്ചു പറഞ്ഞ ചില കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ഒക്ടോബർ 11 ലക്കത്തിൽ അവർ പറയുന്നു.

കാട്ടിൽ ഭക്ഷണം തീരുകയും, അത് വാങ്ങുവാൻ പോകുന്നവർ തിരിച്ചെത്താതെ സംഘബലം കുറയുകയും, പൊലീസ് വയനാടൻ കാടുകൾ വളഞ്ഞിട്ടുണ്ട് എന്ന് ബോദ്ധ്യമാവുകയും ചെയ്‌തപ്പോഴാണ് ‌ നാട്ടിലേക്കിറങ്ങാൻ തീരുമാനിച്ചതെന്നാണ് അജിത പറയുന്നത്.

“ഞങ്ങൾ അടയ്‌ക്കാത്തോട് എന്ന കുഗ്രാമത്തിൽ എത്തിയപ്പോൾ ആദ്യം ചോദിച്ചത് ഇന്നത്തെ ലാസ്റ്റ് ബസ് പോയോ എന്നായിരുന്നു. ആ നാട്ടിൽ അന്ന് ബസ് വരാറുണ്ടായിരുന്നില്ല. ആ ചോദ്യം നാട്ടുകാരിൽ സംശയം ഉണ്ടാക്കി. മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങൾ അന്നുവരെ ഞങ്ങളെ ചിത്രീകരിച്ചിരുന്നത് കൊള്ളക്കാരും പിടിച്ചുപറിക്കാരുമെന്നായിരുന്നു. അജിതയെ ഒരു ഗ്ലാമർഗേളാക്കി അങ്ങനെ അശ്ലീലച്ചുവയും കഥയിൽ കൊണ്ടുവന്നു. ഞാനും വർഗ്ഗീസും പ്രണയത്തിലായിരുന്നു എനനുവരെയുള്ള പച്ചനുണകൾ തട്ടിവിട്ടു. ഈ സാഹചര്യത്തിൽ ഞങ്ങളെപ്പറ്റി സംശയം തോന്നിയ നാട്ടുകാരിലൊരാൾ എവിടെനിന്നോ ഒരു മനോരമ പത്രം കൊണ്ടുവന്നു. അതിൽ തോമസ് ജേക്കബ് സൂചിപ്പിച്ച പടമുണ്ടായിരുന്നു. അപ്പോഴാണ് അങ്ങനെയൊരു പടം മനോരമയിൽ പ്രസിദ്ധീകരിച്ച കാര്യം ഞാനറിയുന്നത്. തോമസ് ജേക്കബ് പറഞ്ഞതുപോലെ ആ പടം വന്നത് വലിയൊരു കാര്യമായി എടുത്ത് ഞാൻ കാടിറങ്ങിയതല്ല.”

താൻ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ എത്തുന്നതിനുമുൻപേ ‘മാ’ യോടൊപ്പം (മന്ദാകിനി ) അറസ്റ്റ് ചെയ്ത പെൺകുട്ടി അജിതയാണെന്നാണ് ആദ്യം പൊലീസുകാർ കരുതിയതെന്നും, പേരാവൂർ സ്റ്റേഷനിൽ വെച്ചുള്ള ചോദ്യം ചെയ്‌യലിൽ പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും അതിനാൽ മാന്തവാടിയിൽ എത്തുന്പോൾ താൻ അജിത തന്നെ എന്ന് പൊലീസുകാർക്ക് അറിയാമായിരുന്നുവെന്നുമാണ് അജിത പറയുന്നത്.

” പോലീസിന് സംശയം ഉണ്ടായിരുന്നുവെന്ന് പറയുന്നത് വിശ്വസിച്ചാലും എന്നെ സ്റ്റൂളിൽ കയറ്റി എടുത്ത ഫോട്ടോ യഥാർത്ഥത്തിൽ എന്നെ ലോക്കപ്പിൽ നിന്ന് പുറത്ത് കൊണ്ടുവന്ന് എടുത്തതാണ്. ഫോട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരമാണ് അതു ചെയ്‍തതെന്നു തന്നെയാണ് ഞാൻ മനസ്സിലാക്കിയത്. ആ ഫോട്ടോയിൽ കാണുന്ന നേരിയ ബ്ലൗസിന് മുകളിൽ മറ്റൊരു കട്ടിയുള്ള ബ്ലൗസ് ഒരു വൂളൻ സ്വെറ്റർ ഒരു ഷർട്ട് ഒരു പാന്റ്സ് എന്നിവയായിരുന്നു. മുകളിലെ മൂന്ന് വസ്ത്രങ്ങളും അഴിപ്പിച്ച് ഞാൻ വളരെ മോശപ്പെട്ട രീതിയിലായിരുന്നു കാട്ടിൽ നടന്നിരുന്നതെന്നു കാണിക്കാൻ പൊലീസുകാർക്ക് തിടുക്കമുണ്ടായിരുന്നു. ഇനി മറ്റൊരു കാര്യം. എന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ച് വിറ്റ് കാശാക്കിയില്ലേ എന്ന എന്റെ ചോദ്യത്തിന് നാരായണേട്ടൻ അങ്ങനെ ഒരു മറുപടി തന്നിരുന്നോ എന്നെനിക്കോർമ്മയില്ല”

ജനകീയ മോചനത്തിന് ഇറങ്ങിപ്പുറപ്പെട്ട തനിക്ക് അനുഭവിക്കേണ്ടിവന്ന, അട്ട കടിച്ചു പഴുത്ത കാലുകളുടെ അടിയിൽ സഖാക്കളെക്കൊണ്ട് അടിപ്പിച്ചതുൾപ്പെടെയുള്ള, ക്രൂരതയെക്കുറിച്ച് പറയുന്പോൾ അതിൽ ഏറ്റവും അസഹനീയമായിരുന്നത് പൊലീസുകാരുടെ അസഭ്യവർഷമായിരുന്നു എന്നുമവർ ഓർക്കുന്നു.

” എന്തിന് ഇത്ര തീവ്രവാദങ്ങൾ മുഴക്കുന്നു മിസ്റ്റർ തോമസ് ജേക്കബ്? ഇപ്പോൾ ഞാൻ ഇത്ര മാത്രമേ പറയുന്നുള്ളൂ. ഒരു കാര്യം സത്യമാണെന്ന് തോന്നിപ്പിക്കും വിധം അവതരിപ്പിക്കുന്നതിന് മുൻപ് അനുഭവിച്ച വ്യക്‌തിയോട് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തിരക്കേണ്ട ഉത്തരവാദിത്വം ഒരു ജേണലിസ്റ്റിനുണ്ട് എന്നു ഞാൻ കരുതുന്നു. എന്നോട് ഇക്കാര്യം ആരും ചോദിച്ചിട്ടില്ല ഇതുവരെ.”
ഇതായിരുന്നു അജിതയുടെ പ്രതികരണം.

ജനകീയ നന്മയ്‌ക്കായി പൊരുതി മരിച്ച എത്രയെത്ര
രക്തസാക്ഷികൾ !
ഭരണകൂട ഭീകരത തച്ചുതകർത്ത ജീവിതങ്ങൾ അതിലേറെ !

അധികാരവും നുണകൾ നിറഞ്ഞ ഒരു മതഗ്രന്ഥമാണ്. അതിലെ ദൈവങ്ങൾ ഭരിക്കുന്നവരും.
മതഗ്രന്ഥങ്ങളെ വിമർശിക്കുന്നവർ തെരുവിൽ മരിച്ചു വീഴുന്പോൾ, അധികാരത്തെ വിമർശിക്കുന്നവർ ലോക്കപ്പിലും കാടുകളിലും മരിച്ചു വീഴുന്നു.

തോമസ് ജേക്കബ് കമൽറാം സജീവുമായി നടത്തിയ സംഭാഷണം പത്രപ്രവർത്തനത്തെക്കുറിച്ചുള്ള നല്ല ഒരു അനുഭവം പങ്കുവെക്കൽ ആണെങ്കിൽ കൂടി, അജിതയുടെ പ്രതികരണം അതിന്റെ വിശ്വാസ്യതയെ പ്രതിക്കൂട്ടിൽ നിർത്തുന്നു.

ചരിത്രം, സത്യം വായിച്ചെടുക്കേണ്ട നുണകൾ ആയി അവശേഷിക്കട്ടെ !

കടപ്പാട് : തോമസ് ജേക്കബ്, കമൽറാം സജീവ്, കെ അജിത.
ചിത്രം : മാതൃഭൂമി, ഗൂഗിൾ.

LEAVE A REPLY

Please enter your comment!
Please enter your name here