നോവ് – കവിത – രജിലചിത്തരഞ്ചൻ

0
448

വേഗമാം പയനത്തിലെവിടെയോ,
ചിണുങ്ങും ചിലമ്പൊലിനാദം കേട്ട്,
തത്തിക്കളിച്ചൊരെൻ പാദങ്ങളെ,
മറന്നുവോ ആ പവിത്രമാം പാതയെ.

ത്വരിതമാം അയനത്തിലെങ്ങാനും,
ശലഭച്ചിറകുവിരിച്ച കാഴ്ചകളെ കണ്ട്,
വിസ്മയം പൂണ്ടെരെൻ മിഴികളെ,
മാഞ്ഞതോ വർണ്ണശമ്പള കാഴ്ചകൾ.

ശ്രീഘ്രാഗമിയാം പഥത്തിലെപ്പോഴൊ,
വെണ്ണിലാ പുഞ്ചിരി തൂകി കൊണ്ട്,
പൂത്തിരി വിടർത്തിയ അധരങ്ങളെ,
അണച്ചുവോ നിന്ദിക്കും മൊഴികളാൽ.

ദ്രുതം ചലിക്കും പാതയിലാദ്യമൊക്കെ,
നൈർമല്യ സ്പന്ദനങ്ങളെയറിഞ്ഞ്,
സ്നേഹം നിറഞ്ഞരെൻ നെഞ്ചകമേ,
അകറ്റിയോ കാപട്യ ചിന്തകളാൽ.

പാവയായ് തീർന്നൊരെൻ ബാല്യമേ,
പാടെ മറന്നുവോ പ്രിയേ നീ എന്നെ,
പയ്യെ പതുങ്ങി അരിലെത്തിയെങ്കിൽ,
പാടുപെടില്ലല്ലോയീ ജന്മമിത്ര മേൽ.

സ്വപ്നങ്ങൾ ചിറക് വിരിയും മുൻപ്,
ആർത്തിയോടെ ഭുജിച്ച് വിശപ്പടക്കുന്ന,
കാലങ്ങളെ ഒന്നിത്തിരി നിൽക്കാമോ,
ആ ബാല്യ പാദങ്ങളിൽ ചുംബിക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here