രാധേ നീ പറയുമോ – കവിത – മാധവ് കെ. വാസുദേവൻ

0
324

പറയുമോ രാധേ നീ ,
എന്തേ നിനക്കിത്ര
ഇഷ്ടമീ ഗോപാലബാലനോട് ?
കാളിന്ദിയോരത്തു നിന്നുമുയരുന്ന
ഓടക്കുഴല്‍ വിളി നാദം കേള്‍ക്കേ,
പൂത്തുലയുന്നൊരു നീലക്കടമ്പുപോല്‍
ആകെയുലഞ്ഞു നീ നില്‍പ്പതെന്തേ.
ഓടിയണയുവാന്‍ വെമ്പും മനസ്സില്‍
എന്തേ നിനക്കിത്ര ഇഷ്ടം?.

പറയുമോ രാധേ നീ
എന്തേ നിനക്കിത്ര
പ്രേമമീ അമ്പാടിക്കണ്ണനോട്.
നീല ചുരുള്‍മുടിച്ചുരുളില്‍ തിരുകിയ
നീല മയില്‍പ്പീലി തുണ്ടുപോലെ .
വാലിട്ടെഴുതിയ മിഴിയിണക്കോണില്‍
നിറയുന്ന രൂപമവന്‍റെയല്ലേ.

പറയുമോ രാധേ നീ
എന്തേ നിനക്കിത്ര
പ്രണയമീ കാര്‍മേഘവര്‍ണ്ണനോട്.
നിറയെ കുസൃതികള്‍ കാട്ടി
ചിരിച്ചും കളിപ്പിച്ചും
കാല്‍ത്തളനാദം മുഴക്കിയോടി
വെണ്ണക്കട്ടുണ്ണുന്ന നന്ദകുമാരനോടു
എന്തേ നിനക്കിത്ര ഇഷ്ടം.

പറയുമോ രാധേ നീ
എന്തേ നിനക്കിത്ര
സ്നേഹമീ ആലിലക്കണ്ണനോട്.

LEAVE A REPLY

Please enter your comment!
Please enter your name here