സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടരുത്; കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനം സാമൂഹ്യ അട്ടിമറിയോ?

0
286


കെ ആര്‍ ധന്യ

മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ നേതാക്കളും വ്യക്തികളുമൊക്കെ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ദളിത് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക സംവരണം ശരിയായ തീരുമാനമാണെന്ന് അവകാശപ്പെട്ട് ഇടത് സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്യുന്നു.

കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് വഴി നടത്തുന്ന നിയമനങ്ങളിലാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതായിരുന്നു തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരത്തിലൊരു നയരൂപീകരണം ഉണ്ടാവാത്തിടത്ത് കേരളത്തില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന് സഹായം ചെയ്യുകയാണോ മുഖ്യമന്ത്രി എന്ന ചോദ്യമാണ് പലരും മുന്നോട്ട് വച്ചിരിക്കുന്നത്. സാമൂഹ്യ നിരീക്ഷകനും ദളിത് പ്രവര്‍ത്തകനുമായ അജയകുമാര്‍ പറയുന്നതിങ്ങനെ- “സംവരണം അടിസ്ഥാനപരമായി സാമൂഹ്യമായി ബഹിഷ്‌ക്കരിക്കപ്പെട്ട ഒരു വിഭാഗം ആളുകള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കാന്‍ ആവിഷ്‌ക്കരിക്കപ്പെട്ട സംവിധാനമാണ്. അതിനെ സാമ്പത്തികാടിസ്ഥാനത്തില്‍ നിര്‍വചിക്കുന്നത് അടിസ്ഥാനപരമായി സംവരണ വിരുദ്ധവും അതുകൊണ്ട് തന്നെ ജനാധിപത്യ വിരുദ്ധവുമാണ്. സിപിഎം കുറേക്കാലമായി താലോലിക്കുന്ന ഒരു വാദമാണ് സാമ്പത്തിക സംവരണം. പക്ഷെ അത് നടപ്പിലാക്കാന്‍ അവര്‍ തുനിഞ്ഞിരുന്നില്ല. അവര്‍ മാത്രമല്ല ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഒരേ തൂവല്‍പക്ഷികളായ സംഘപരിവാറും ഇതുവരെ ഇത്തരം ഒരാശയം നടപ്പിലാക്കാന്‍ തുനിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടെന്ന ധൈര്യത്തില്‍ മാത്രമാണ് സിപിഎം ഇത്തരമൊരു നീക്കം നടത്തുന്നത് എന്നുവേണം മനസ്സിലാക്കാന്‍”.

ഹിന്ദുക്കള്‍ ഒഴികെയുള്ള വിഭാഗങ്ങള്‍ക്കുള്ള 18ശതമാനം സംവരണത്തില്‍ 10 ശതമാനമാണ് മുന്നോക്ക ജാതികളിലെ പിന്നോക്കക്കാര്‍ക്കായി നീക്കി വയ്ക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും ഈഴവ സമുദായത്തിന്റെ സംവരണം 14ശതമാനത്തില്‍ നിന്ന് 17ശതമാനമായും വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഈഴവര്‍ ഒഴികെയുള്ള ഒബിസി സമുദായങ്ങളുടെ സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും വര്‍ധിപ്പിക്കും. സാമ്പത്തിക സംവരണം സിപിഎമ്മിന്റെ നിലപാടാണെന്നും അതാണ് നടപ്പാക്കുന്നതെന്നും പി.രാജീവ് അടക്കമുള്ള സിപിഎം നേതാക്കള്‍ പ്രതികരിച്ചു. ‘സാമ്പത്തിക സംവരണം നടപ്പാക്കുക എന്നത് സിപിഎമ്മിന്റെ നിലപാടാണ്. മുന്നോക്കക്കാരിലെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കാണ് ഇതുവഴി സംവരണം ലഭ്യമാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ അത് അര്‍ഹിക്കുന്നുണ്ട്’ എന്നാണ് സിപിഎം നേതാവ് പി.രാജീവ് പ്രതികരിച്ചത്.

സംവരണ വിഷയത്തില്‍ സിപിഎം നിലപാട് എന്താണ് എന്നു അരക്കിട്ടുറപ്പിക്കുന്നതാണ് 2015 സെപ്തംബര്‍ 26നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ‘സംവരണ കാര്യത്തില്‍ പാര്‍ട്ടിക്ക് മൂന്ന് അടിസ്ഥാന നിലപാടുകളാണ് ഉള്ളത്. പട്ടികജാതിവര്‍ഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം, പിന്നോക്കവിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന ഉണ്ടാകണം. അവരില്ലെങ്കില്‍ അതിലെതന്നെ സമ്പന്നവിഭാഗത്തെ പരിഗണിക്കണം, മുന്നോക്കത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണം. ഇതിനായി ഭരണഘടന ഭേദഗതിചെയ്യണം. ഈ നിലപാട് നടപ്പാക്കണമെന്നതാണ് പാര്‍ടിയുടെ അഭിപ്രായം.’

ഇതിനിടെ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്ത മന്ത്രിസഭായോഗത്തില്‍ അവരുടെ അനുമതിയില്ലാതെയാണ് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമില്ലെന്നും സാമ്പത്തിക സംവരണം എന്നത് ഇടതുമുന്നണി വളരെക്കാലമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണെന്നും അത് നടപ്പാക്കുന്നതില്‍ സിപിഐക്കും പരിപൂര്‍ണ യോജിപ്പാണ് ഉള്ളതെന്നും സിപിഐ നേതാവ് പി.പ്രസാദ് പറഞ്ഞു. ‘ഇടതുമുന്നണി വളരെ നേരത്തെ തന്നെ ചര്‍ച്ച ചെയ്ത കാര്യമാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിച്ചിരുന്ന കാര്യമെന്ന നിലക്കാണ് ഇക്കാര്യം മന്ത്രിസഭാ തീരുമാനമായിട്ട് അവതരിപ്പിക്കപ്പെട്ടത്. നമ്മുടെ നാട്ടിലെ ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെട്ടുകൊണ്ടാണ് ഈ തീരുമാനം. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണം നില്‍ക്കുന്നയിടത്ത് അസ്വസ്ഥതകള്‍ ഉയരുന്നുണ്ടായിരുന്നു. സാധാരണക്കാരായ പലയാളുകളും മുന്നോക്കസമുദായങ്ങളുടെ പട്ടികയില്‍ പെട്ടതിനാല്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. മുന്നോക്ക സമുദായാംഗമാണെന്നതിനാല്‍ മാത്രം അവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാവുന്ന അവസ്ഥയുണ്ടായിരുന്നു. അതില്‍ നിന്നാണ് മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവരുടെ കാര്യം കൂടി ഗൗരവത്തിലെടുക്കേണ്ടതാണെന്ന തോന്നല്‍ ഉണ്ടാവുന്നത്. ഭരണഘടനയില്‍ വ്യക്തമായ ഭേദഗതിയോടെ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ കിട്ടണമെന്നും അത് രാജ്യത്തെമ്പാടും നടപ്പാക്കണമെന്നും സിപിഐ അടക്കമുള്ള സംഘടനകള്‍ മുന്‍കാലങ്ങളില്‍ തന്നെ ഉന്നയിച്ചിരുന്നു. സാമുദായിക സംവരണം നടപ്പിലാക്കാനുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ശക്തമായ നിലപാടെടുത്തതിനൊപ്പം തന്നെ ഇക്കാര്യവും ഞങ്ങള്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ സംവരണത്തിന്റെ പേരില്‍ ഭിന്നതയുണ്ടാവാന്‍ പാടില്ല. തങ്ങള്‍ തഴയപ്പെട്ടുപോവുന്നതിനും, ആനുകൂല്യം ലഭിക്കാത്തതിനും മറ്റു സമുദായക്കാരോട് ദേഷ്യത്തോടുകൂടി കണക്കാക്കുന്ന തരത്തില്‍ ഒരു ഭന്നത ജനങ്ങള്‍ക്കിടയിലുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ സാമൂഹികമായ അസന്തുലിതാവസ്ഥയുണ്ടാക്കും. ജനം നേരിടുന്ന ബുദ്ധിമുട്ടുകളുടെ പേരില്‍ തന്നെയാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. പക്ഷെ ഇത് വേറെയാരുടെയെങ്കിലും അവസരത്തെ ഇല്ലാതാക്കുവാനല്ല. ആരുടെയെങ്കിലും സംവരണത്തെ ഇല്ലാതാക്കിയിട്ടല്ല, പകരം ഇതും കൂടി നല്‍കുന്നു എന്ന് മാത്രം. ഇതിനെതിരെ ഉയരുന്ന എതിര്‍പ്പുകളെല്ലാം ബോധപൂര്‍വമായ ചില അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്.’

എന്നാല്‍ സംവരണം ദാരിദ്ര്യത്തിന്റെ പ്രശ്നമല്ലെന്നാണ് എഴുത്തുകാരനും സാമൂഹ്യ ചിന്തകനുമായ സുനില്‍ പി ഇളയിടത്തിന്റെ അഭിപ്രായം. ‘സാമ്പത്തിക സംവരണം തെറ്റായ ഒരാശയമാണ്. അത് ഭരണഘടനയിലെ സംവരണ തത്ത്വത്തോട് ചേർന്നു പോകുന്ന ഒന്നല്ല.സംവരണം മുന്നോട്ടുവയ്ക്കുന്നത് പ്രാതിനിധ്യാവകാശത്തിന്റെ പ്രശ്നമാണ്, അല്ലാതെ സംവരണ വിഭാഗങ്ങളിലെ ദാരിദ്ര്യത്തിന്റെ പ്രശ്നമല്ല. സവർണ്ണ വിഭാഗങ്ങളിലും സംവരണ വിഭാഗങ്ങളിലും ദാരിദ്ര്യം നിലനിൽക്കുന്നുണ്ട്. സവർണ്ണ വിഭാഗങ്ങളിൽ ഉള്ളതിന്റെ പല മടങ്ങ് ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ദളിത് വിഭാഗങ്ങളിൽ ഇപ്പോഴുമുണ്ട്. അത് സംവരണം കൊണ്ട് പരിഹരിക്കാനാവുന്ന ഒന്നല്ല. രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം വരേണ്ട സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തിൽ ദാരിദ്ര്യം പരിഹൃതമാവില്ല എന്നതാണ് യാഥാർത്ഥ്യം. ഭരണഘടനയിലെ സംവരണ തത്ത്വത്തിന് അടിസ്ഥാനം സാമൂഹ്യനീതിയാണ്. അതിനെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ശരിയല്ല.’ സുനില്‍ പി ഇളയിടം പറയുന്നു.

സി പി എം എംപിയും പട്ടികജാതി ക്ഷേമ സമിതി നേതാവുമായ സോമപ്രസാദ് സി പി എമ്മിന്റെ സംവരണ നയം എന്നുപറഞ്ഞാല്‍ സാമ്പത്തിക സംവരണം അല്ല, അത് സാമുദായിക സംവരണമാണ് എന്നു അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നുണ്ട്. ‘സാമൂഹ്യ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം ജാതിയായിരിക്കുന്നിടത്തോളം കാലം സ്വാഭാവികമായും സംവരണത്തിന്റെ അടിസ്ഥാനവും ജാതിയാകാനെ പറ്റൂ. അതാണ് സാമുദായികമായ പിന്നോക്കാവസ്ഥ, ജാതീയമായിട്ടുള്ള പിന്നോക്കാവസ്ഥയാണ് സംവരണത്തിന്റെ അടിസ്ഥാന കാരണം എന്നു പറയുന്നത്. അതുകൊണ്ട് ജാതി സംവരണമാണ് യഥാര്‍ത്ഥത്തില്‍ ശരിയായിട്ടുള്ള കാഴ്ചപ്പാട്, സാമ്പത്തിക സംവരണം അല്ല.’ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ ഭരതനാട്യം അധ്യാപികയായ ഹേമലത ടീച്ചര്‍ക്കെതിരെ നടന്ന ജാതി പീഡനവുമായി ബന്ധപ്പെട്ട് അഴിമുഖം നടത്തിയ അഭിമുഖത്തില്‍ സോമപ്രസാദ് എം പി പറഞ്ഞു.

എന്തായാലും പുതിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകള്‍ രംഗത്ത് വന്നു കഴിഞ്ഞു. സര്‍ക്കാരിനെതിരെ നിയമപരമായി മുന്നോട്ട് പോവുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിക്കഴിഞ്ഞു. സാമ്പത്തിക സംവരണ തീരുമാനം റദ്ദാക്കണം എന്നാണ് എസ് എന്‍ ഡി പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. വിടി ബല്‍റാം തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് ബല്‍റാം പ്രതികരിച്ചത്. ബിജെപിയെ സഹായിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. ഇടതുമുന്നണി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ ഓരോ ദിവസവും എതിര്‍പ്പുകള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ശക്തമാകും എന്ന കാര്യത്തില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here