ഈ പൂച്ചക്കുട്ടിയാണിന്നെന്റെ ദുഃഖം : വി. പ്രദീപ് കുമാർ

0
398

ഇത് വ്യക്തിപരമോ, വ്യക്തിഹത്യയോ, പരാതിയോ, പരിഭവമോ, പരിഹാസമോ പ്രതിഷേധമോ അല്ല, വെറും സ്വകാര്യ അനുഭവം എന്ന്
വിനയത്തോടെ സാക്ഷ്യപ്പെടുത്തി ഇവിടെ കുറിക്കുന്നു.

സുഹൃത്ത് മുരളീ മുകുന്ദൻ അദ്ദേഹത്തിന്റെ ‘ബിലാത്തിപട്ടണം’ എന്ന ബ്ലോഗിൽ, നമ്മുടെ സൗഹൃദം സ്വാതന്ത്ര്യമാക്കിക്കൊണ്ട് എന്റെ അനുമതിക്ക് കാത്തുനിൽക്കാതെ, യു കെ യിലുള്ള മലയാളം എഴുത്തുകാരുടെ പട്ടികയിൽ എന്നെ ഉൾപ്പെടുത്തിക്കണ്ടപ്പോൾ ഞാൻ പ്രതികരിച്ചത് ‘എന്തിനിന്നും പൂത്തു’ എന്ന ഒ എൻ വി കവിതയിലെ

“ഒന്നുമറിയാതെ കണിക്കൊന്നപൂത്തൂ വീണ്ടും
കണ്ണിൽനിന്നുപോയ്‌മറയാ പൊൻകിനാക്കൾ പോലെ
പൊന്നുവെയ്‌ക്കേണ്ടിടത്തൊരു പൂവുമാത്രം വെച്ചു
കൺതുറന്നു കണികണ്ടു ധന്യരായോർ നമ്മൾ.
……………………………………………………………..
……………………………………………………………..
ചന്തയിൽ നിന്നഞ്ചുരൂപയ്‌ക്കെന്നയൽക്കാർ വാങ്ങി
കൊണ്ടുവന്ന കൊച്ചുശീമക്കൊന്ന മലർ കാൺകെ
തന്റെതല്ലാ കിടാവിനെ കണ്ടതള്ളയെപ്പോൽ
എന്റെ മുത്തശ്ശിക്കു പഴങ്കണ്ണു കലങ്ങുന്നു.

ഒന്നുമറിയാതെയെങ്ങോ പൂത്തു കണിക്കൊന്ന…..” എന്ന വരികൾ കുറിച്ചുകൊണ്ടായിരുന്നു.

ഒരു വ്യക്തി, അയാളുടെ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ നാം അതിനെ എങ്ങനെ വായിച്ചെടുക്കുന്നു അല്ലെങ്കിൽ വ്യാഖ്യാനിക്കുന്നു എന്നത് വളരെ പ്രാധാന്യമുൾക്കൊള്ളുന്ന ഒരു സംഗതിയാണ്. മറ്റൊരാളുടെ സ്വതന്ത്രമായ ചിന്തയെ, അയാൾ മനസ്സാ വാചാ കർമ്മണാ നിരൂപിച്ചിട്ടുകൂടിയില്ലാത്ത അർത്ഥതലങ്ങൾ നൽകി അത് തന്റെ അഭിപ്രായത്തെ അപമാനിച്ചതാണ് എന്നു നിനച്ചു വ്യാകുലപ്പെടുന്ന വായനാ സംസ്കാരം അപകടകരമാണ്. അത് നാം ഉപേക്ഷിക്കേണ്ടതാണ്.

“Friends, Romans, countrymen, lend me your ears;
I come to bury Caesar, not to praise him.”

ഞാനായിരുന്നു ബ്രൂട്ടസ് എങ്കിൽ സീസറുടെ ശരീരത്തിലെ ഓരോ മുറിവും ഞാൻ നക്കിത്തുടയ്‌ക്കുമായിരുന്നു ( If I was Brutus I would put a tongue in every wound ) എന്ന് മാർക്ക് ആന്റണിയെക്കൊണ്ട് ഷേക്‌സ്പിയർ പറയിപ്പിച്ചിരുന്നുവെങ്കിൽ, അതിനെ If I was Brutus I would put a wound in every tongue എന്നു വായിച്ചെടുക്കുന്നത് എത്ര ദയനീയമാണ്.

ഒരു എഴുത്തുകാരനല്ലാത്ത എന്നെ മുരളി പൊൻകിരീടമണിയിച്ചപ്പോൾ, കവി പാടിയപോലെ വിഷുക്കണി കാണാൻ തന്റെ അയൽക്കാർ അഞ്ചു രൂപയ്‌ക്ക് വാങ്ങിക്കൊണ്ടുവന്ന കൊച്ചു ശീമക്കൊന്നപ്പൂവ് കാണെ തന്റേതല്ലാത്ത കിടാവിനെ കണ്ടതള്ളയെപ്പോലെ വിഷുപ്പുലരിയാകുന്ന മുത്തശ്ശിയുടെ പഴങ്കണ്ണു കലങ്ങിയ പോലുള്ള അനുഭവമാണ് എനിക്കുണ്ടായത് എന്നുമാത്രമേ ഞാൻ വിവക്ഷിച്ചുള്ളൂ. തുടർന്ന്, എനിക്കു വന്ന ഒരു സന്ദേശം രാവിലെ തുറന്നുനോക്കിയ എന്റെ പഴങ്കണ്ണു കലങ്ങുകമാത്രമല്ല തലചുറ്റി ഞാനെന്റെ പിടലി കണ്ടു.

അപ്പോൾ, ശ്രീ കുരീപ്പുഴ ശ്രീകുമാറിന്റെ ‘ചാർവാകൻ’ എന്ന കവിതയിലെ “പെണ്ണിനെക്കൊണ്ട് മൃഗലിംഗം ഗ്രഹിപ്പിച്ച്
പുണ്യം സ്ഖലിപ്പിക്കുമാഭാസ വേദവും” എന്ന വരി ഞാൻ ഓർത്തുപോയി. ഈ കവിതാ ശകലത്തെ വെറുതെ വായിച്ചുപോയാൽ അതെങ്ങനെ സൗന്ദര്യദായകമായ ആസ്വാദനമാകും.

അശ്വമേധം എന്ന ആഭാസമേധത്തിന്റെ പേരിൽ രാജാവ്, ആൺകുതിരയെ പെൺകുതിരയുമായി സന്പർക്കത്തിലേർപ്പെടാനോ വെള്ളത്തിലിറങ്ങാനോ അനുവദിക്കാതെ ഒരു വർഷം രാജ്യം ചുറ്റിച്ചു തിരിച്ചുകൊണ്ടുവന്ന് രണ്ടാം ദിവസം മറ്റു മൂന്ന് കുതിരകളോടൊന്നിച്ച് രഥത്തിൽ പൂട്ടി അതിൽ രാജാവും പ്രധാന പുരോഹിതനും കയറിയിരിന്ന് കുതിരയെ തടാകത്തിൽ ഇറക്കുകയും മറ്റും ചെയ്‌ത് യാഗശാലയിൽ കൊണ്ടുവരുന്നു. രഥം യാഗശാലയിൽ തിരിച്ചെത്തികഴിഞ്ഞാൽ പിന്നെ രാജപത്നിമാരുടെ ഊഴമാണ്‌. പട്ടമഹിഷി അശ്വത്തിന്റെ മുൻഭാഗത്തും വാവാതാവ് മധ്യഭാഗത്തും പരിവൃക്താവ് പിൻഭാഗത്തും വെണ്ണപുരട്ടുന്നു. പുരോഹിതന്മാർ ഋഗ്വേദ സൂക്തങ്ങൾ ചൊല്ലി അശ്വത്തെ സ്തുതിച്ചു കൊണ്ടിരിക്കെത്തന്നെ, ദർഭപുല്ലും കംബളവും വിരിച്ച തറയിൽ സ്വർണ്ണക്കഷണമിട്ട് കുതിരയെ അതിന്മേൽ കിടത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്നു. രാജ്ഞിമാർ ഗണാനാം ത്വാ എന്നുരുവിട്ട് വലത്തു നിന്നിടത്തോട്ടും നിധീനാം ത്വാ എന്നുരുവിട്ട് ഇടത്തു നിന്ന് വലത്തോട്ടും മൂന്നു പ്രാവശ്യം വീതം പ്രദക്ഷിണം വയ്‌ക്കുകയും, തങ്ങളുടെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് മരിച്ച കുതിരയെ വീശിക്കൊണ്ടിരിക്കുകയും ചെയ്‌യും. ഇതിനിടയിൽ രാജ്ഞിമാർ തങ്ങളുടെ തലമുടിയുടെ ഇടതു വശം മേല്പ്പോട്ട് കെട്ടി വക്കുകയും മറുവശം അഴിച്ചിടുകയും ചെയ്‌യുന്നു.

രാജാവ് പിന്നീട് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് “ഇനി സ്വർഗീയ സുഖം അനുഭവിച്ചു കൊള്ളുക” എന്ന് പറഞ്ഞ് തള്ളിയിടുന്നു. മുഖ്യപുരോഹിതൻ അവർക്കു മുകളിലേക്ക് കംബളം വലിച്ചിടുന്നു.

“ഇത് തന്നെയാണ്‌ സ്വർഗലോകം…” എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേർപ്പെടുന്നു. ഇതേ സമയം പുരോഹിതന്മാരും രാജപത്നിമാരുടെ പരിചാരികമാരും തമ്മിൽ അശ്ലീല വാക്കുകൾ കൈമാറുന്നു. ഇതിനു ശേഷം പട്ടമഹിഷിയോടും ശേഷം മറ്റു രാജപത്നിമാരോടും ഋത്വിക്കുകളിൽ ചിലർ അശ്ലീലം കലർന്ന സം‌വാദങ്ങൾ നടത്തുകയും അതിന്‌ അവരവരുടെ പരിചാരകർ ഉരുളക്കുപ്പേരിയെന്നോണം മറുപടികളും നൽകുകയും ചെയ്യുന്നു.

ഈ ഒറ്റ വരിയിൽ കവി ഒളിപ്പിച്ചുവച്ചിരിക്കുന്ന ആശയത്തിന്റെ സൗന്ദര്യത്തിലേക്ക് ആസ്വാദനം സാധ്യമാകുന്പോൾ അത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് പലരും മഹത്തെന്നു കരുതുന്ന ഒരു ആചാരത്തിന്റെ ആഭാസത്തിലേക്കാണെന്നറിഞ്ഞു നമ്മുടെ കണ്ണുതള്ളും.

ഇവിടെയും തീരുന്നില്ല, എന്നെ തെറ്റായ വഴിയിൽ നയിച്ചു അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് വാദിച്ച് എന്റെ വായന ഇന്ന് പ്രതിക്കൂട്ടിലാണ്.

‘കസേരയ്‌ക്കുകീഴിലെ പൂച്ചയെ ഇനി വിമർശിക്കാം’ എന്ന സന്ദേശത്തോടു കൂടി 2017 നവംബർ 15 ന് യു കെ യിൽ ‘മാരാർ വിമർശന യന്ത്രം’ പ്രവർത്തനമാരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഞാൻ ചെറിയ ഒരു കുത്തിക്കുറിപ്പ് തയ്‌യാറാക്കി വിമർശിക്കപ്പെടുവാൻ വിമര്ശന യന്ത്രത്തിൽ സമർപ്പിച്ചത്. അത് ഇപ്രകാരമായിരുന്നു;

“കസേരക്കീഴിൽ മാത്രമല്ല, നോക്കൂ… ഉത്തരത്തിന്മേലുമുണ്ടൊരു പൂച്ച !”

മേശവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ, ചാണകം മെഴുകിയ തറയിൽ വിരിച്ചിട്ട പുൽപ്പായയിൽ നിവർത്തിയിട്ട വർണ്ണചിത്രത്തിന്റെ അവസാന മിനുക്കുപണിയിൽ ആയിരുന്നു അയാൽ.
മുറിയുടെ ഇരുണ്ട കോണിൽ നിന്നും നേരിയ ശബ്ദത്തിൽ ഒഴുകിയെത്തുന്ന പങ്കജ് ഉദാസിന്റെ ഗസൽ സംഗീതം നിശ്ശബ്ദതയെ കൂടുതൽ ഗൗരവതരമാക്കി.
പുസ്‌തകങ്ങളും ആനുകാലികങ്ങളും വളരെ ചിട്ടയായും ഭംഗിയായും അടുക്കിവെച്ച ചെറിയൊരു ബുക്ക് ഷെൽഫിന്റെയുള്ളിൽ എവിടെയോ അയാൽ ഒളിപ്പിച്ചുവെച്ച സ്‌പീക്കറിൽ നിന്നുമായിരുന്നു ഗസൽ ആ രാത്രിയെ സാന്ദ്രമാക്കിയത്‌. പകുതി ചാരിയ ജനൽപ്പാളികൾക്കിടയിലൂടെ ചൂളമടിച്ചെത്തിയ കാറ്റ് ആസ്വാദനത്തിന് നനുത്ത സ്‌പർശമേകി.

പായയിൽ നിരത്തിവെച്ച വർണ്ണക്കൂട്ടുകൾക്കും ബ്രഷുകൾക്കും അരികിൽ അയാൾക്കൊപ്പം ഓരം ചേർന്നിരിപ്പുണ്ടായിരുന്നു കൊഴുത്തു മിനുത്ത ആ മാർജ്ജാരകപുത്രൻ.

വെളുപ്പും കറുപ്പുമായിരുന്നു അവന്റെ നിറം.

അയാൾ വരച്ച മറ്റൊരു ചിത്രംപോലെ തോന്നിയ അവന്റെ ശരീരത്തോട് ഒതുക്കിവെച്ച വാലിലേക്ക് നോക്കിയപ്പോൾ, ഇവന്റെ വാല് മുറിഞ്ഞതാണോ എന്ന ആശങ്ക വാലിനഗ്രത്തെ കറുപ്പ് എന്നിലുണർത്തി. അയാൾ ബ്രഷ് ചലിപ്പിക്കുന്പോൾ പൂച്ചക്കുട്ടിയും സൂക്ഷമായി നോക്കിയിരുന്ന് ആ ചലനങ്ങൾക്കൊപ്പം തലയനക്കുന്നുണ്ടായിരുന്നു. മാത്രവുമല്ല, ഇടയ്‌ക്കിടെ മാറിയും തിരിഞ്ഞും കൈകൾ ചലിപ്പിച്ച് ശൂന്യതയിൽ താളം പിടിക്കുന്നുമുണ്ടായിരുന്നു. ഇതിനിടയിൽ അയാളുടെ കൈയിൽ ഒന്നുരണ്ടു പ്രാവശ്യം അവൻ മൃദുവായി സ്പർശിക്കുകയും ചെയ്തു.

ഒരുവേള ഇവൻ ബ്രഷെടുക്കുമോ എന്നുപോലും എനിക്കു തോന്നി !
ഈ പൂച്ചക്കുട്ടി ഒരിക്കൽ ലോകോത്തര കലാകാരനായി അറിയപ്പെടാൻ പോകുന്ന ലോകത്തെ ആദ്യത്തെ മാർജ്ജാരക ചിത്രകാരൻ ആയിക്കൂടെന്നുണ്ടോ എന്ന് ചിന്തിച്ച് അവന്റെ സാമീപ്യത്തിൽ ഞാൻ ഏറെ സന്തോഷിച്ചിരിക്കുന്പോഴായിരുന്നു ആരോ വാതിലിൽ മുട്ടിയത്.

ഞാനാണ് പോയി വാതിൽ തുറന്നത്.

അത് ഞങ്ങൾക്ക് കട്ടൻ കാപ്പിയുമായി വന്ന അയാളുടെ അമ്മയായിരുന്നു.

കാപ്പിയുമായി മുറിയിൽ കടന്ന അവരെ കണ്ടമാത്രയിൽ അവൻ തന്റെ കുഞ്ഞുനാവുകൊണ്ട് ചിറിയും മൂക്കും നനച്ച് ചെറുകൈ പൊക്കി പൊടിമീശ തടവി ചെറിയ ശബ്‍ദത്തിൽ ‘മ്യാവൂ…’ എന്നു മുരണ്ടു.

“ങ്ഹാ നീ ഇവിടെ ഇരിക്കയായിരുന്നോ…
ഞാൻ കരുതി നിന്നെ നിന്റെ അമ്മ വന്ന് കൂട്ടിക്കൊണ്ടുപോയിക്കാണുമെന്ന്.
വാ… നിനക്ക് ഞാനവിടെ പാലെടുത്തുവെച്ചിരിക്കുന്നു.” എന്ന് പറഞ്ഞ് പോകുന്പോൾ “മഴ പെയ്‌യുമെന്ന് തോന്നുന്നു” എന്ന് അവർ പറയുന്നുണ്ടായിരുന്നു.

അവർക്ക് അവൻ ഒരു അനാഥനായിരുന്നു. ഒരു സന്ധ്യയ്‌ക്ക് വീട്ടിൽ വന്നു കയറിയവൻ. എന്നെങ്കിലുമൊരിക്കൽ അവനെ കൂട്ടിക്കൊണ്ടുപോകാൻ ആരെങ്കിലും വരുമെന്നവർ ഇപ്പോഴും വിശ്വസിക്കുന്നു.അടുപ്പിൽ തീപുകയുന്ന വീടുകൾ തള്ളപ്പൂച്ചകൾക്കറിയാം. അവർ സ്വന്തം കുഞ്ഞുങ്ങളെ ഇതുപോലുള്ള വീടുകളിൽ രഹസ്യമായി കൊണ്ടുചെന്നാക്കി തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ വീക്ഷിച്ച് ചുറ്റുവട്ടത്ത് എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടാവും.

ഞാൻ പോയി കതകടച്ചു.

അയാൾ ബ്രഷ് താഴെ വെച്ച് കാപ്പികുടിക്കാൻ തുടങ്ങുന്പോഴും, ഇടയ്‌ക്കിടെ തലപൊക്കി നന്മെ നോക്കുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധമുഴുവൻ പൂർത്തിയാകാത്ത ആ ചിത്രത്തിലായിരുന്നു.

അപ്രതീക്ഷിതമായി വിരുന്നെത്തിയ മഴയുടെ വരവറിയിച്ച് ആഞ്ഞടിച്ച കാറ്റിൽ പകുതി തുറന്ന ജനൽപ്പാളി മലർക്കെത്തുറന്ന് ആഞ്ഞടഞ്ഞു. ശബ്‌ദം കേട്ട് ഭയന്ന അവൻ അറിയാതെ ചായക്കൂട്ടിൽ കാൽവെച്ചു. അത് പായയിൽ കമിഴ്ന്നു വീണു. നിറക്കൂട്ട് പറ്റിയ പാദം എടുത്ത് അടുത്ത ചുവടുവെച്ചത് അയാൾ വരച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഒരു കോണിൽ ആയിരുന്നു. അവന്റെ കുഞ്ഞുപാദം ചിത്രത്തിൽ മുദ്രയായി പതിഞ്ഞു കിടന്നു.

അയാൾ ക്ഷുഭിതനായി എഴുന്നേറ്റ് അവനെ സമീപിച്ച് ” ശല്യമെ… നിന്നെ ഇന്ന് ഞാൻ ശരിയാക്കും ” എന്ന് പിറുപിറുത്തുകൊണ്ട് അവന്റെ പിടലിയിൽ തൂക്കിയെടുത്ത് പുറത്തുകൊണ്ട് വിട്ടിട്ട് വന്ന് കതകടച്ചു.

വീണ്ടും ബ്രഷെടുത്ത് വരയ്‌ക്കാൻ തുടങ്ങുന്പോൾ അയാൾ പറയുന്നുണ്ടായിരുന്നു “ഒടുക്കത്തെ……. ശല്യം.”

പുറത്ത് മഴ തകർത്ത് പെയ്‌യുന്നു. ചീവീടുകളുടെ ശബ്ദത്തിന് കനം വെച്ചിരിക്കുന്നു. പാടത്തുനിന്നും തവളകളുടെ നിലയ്‌ക്കാത്ത കലപില ശബ്‌ദം. പുതുമഴയിൽ കുതിർന്ന അവരുടെ പ്രേമസല്ലാപം മുറിക്കുള്ളിലെ ഗസലിനെ നിഷ്‌പ്രഭമാക്കി.

ജനലടഞ്ഞ ശബ്‍ദം കേട്ട് പേടിച്ച പാവം പൂച്ചക്കുഞ്ഞ് പുറത്ത് ഏകനായി ഭയന്നുവിറച്ചിരിക്കുന്നുണ്ടാവും എന്ന് ഞാൻ തലപുകയ്ക്കുന്പോൾ ആയിരുന്നു “മ്യാവൂ…” എന്ന അവന്റെ ആ ശബ്‍ദം ഒരശരീരി പോലെ എവിടെനിന്നോ മുഴങ്ങിക്കേട്ടത്.

അയാൾ പെട്ടെന്ന് തലയുയർത്തി നാലുപാടും നോക്കി, ഒപ്പം ഞാനും.

“മ്യാവൂ…” വീണ്ടും ആ ശബ്‌ദം കേട്ടപ്പോഴാണ് ഞാൻ മുകളിലേക്ക് നോക്കാൻ പ്രേരിതനായത്. ഞാൻ അറിയാതെ പറഞ്ഞുപോയി ” ദേ… അവൻ ഉത്തരത്തിന്മേൽ ഇരിക്കുന്നു.

“ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അയാൾ നോക്കുന്പോൾ അവന്റെ ദൃഷ്‌ടി താഴെ പായയിൽ വിരിച്ചിട്ട ചിത്രത്തിൽ തന്നെയായിരുന്നു.
ഞാൻ കതക് തുറന്ന് പുറത്തേക്കിറങ്ങുന്പോൾ മഴ കെട്ടടങ്ങിയിരുന്നു !

പൂച്ചയ്‌ക്ക് ആര് മണികെട്ടും ? തലയ്‌ക്കുമുകളിൽ കെട്ടിത്തൂക്കിയ മഞ്ഞ വെളിച്ചത്തിൽ കസേരയ്‌ക്കു കീഴിൽ ഇരിക്കുന്നവനാണോ, അതോ മേശവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഉത്തരത്തിന്മേൽ ഇരിക്കുന്നവനാണോ ഭീകരൻ ?

ഇതിനെ നിങ്ങൾക്ക് മതിയാവോളം പോസ്റ്റ്മോർട്ടം ചെയ്‌യാം. കുത്തിക്കീറി ചികയാൻ ഒന്നും ബാക്കി ഇല്ല എന്നു തോന്നുന്പോൾ തുന്നിക്കെട്ടി മറവുചെയ്‌യാൻ മറക്കരുത്.”

ഇതുവായിച്ച ‘മാരാർ വിമർശന യന്ത്ര’ത്തിൽ നിന്നും പിറ്റേദിവസം എനിക്കു ലഭിച്ച ഇലക്‌ട്രോണിക് സന്ദേശം തുറന്നപ്പോൾ, ഉത്തരത്തിന്മേലിരുന്ന പൂച്ചക്കുട്ടി ‘ഠപ്പോന്നു’ നിലത്തുവീണതാ നാലുകാലും പറിച്ചു കിടക്കുന്നു മുന്നിൽ !

ഇതായിരുന്നു ആ സന്ദേശം.

പ്രിയ സുഹൃത്തേ,

രചനയുടെ അവസാനം ഇങ്ങനെ കണ്ടു.

“ഇതിനെ നിങ്ങൾക്ക് മതിയാവോളം പോസ്റ്റ്മോർട്ടം ചെയ്‌യാം. കുത്തിക്കീറി ചികയാൻ ഒന്നും ബാക്കി ഇല്ല എന്നു തോന്നുന്പോൾ തുന്നിക്കെട്ടി മറവുചെയ്‌യാൻ മറക്കരുത്.”

എഴുതുന്നവരെ എഴുത്തിൽ നിന്നും പിന്തിരിപ്പിക്കാനല്ല ഈ സംരംഭം. തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ട്.

‘കൂടുതൽ ഗൗരവതരമാക്കി’ എന്നു നിങ്ങൾ എഴുതിക്കണ്ടു. ‘കൂടുതൽ ഗൗരവമുള്ളതാക്കി’ എന്നോ ‘ഗൗരവതരമാക്കി’ എന്നോ എഴുതുന്നതാണ് കൂടുതൽ ശരി എന്ന് മറ്റാരെങ്കിലും ചൂണ്ടിക്കാണിച്ചാൽ നിങ്ങൾ മെച്ചമായി അടുത്ത തവണ എഴുതും. തെറ്റുകൾ ആർക്കും വരാം. എനിക്കും.

നിങ്ങളുടെ രചന ‘പോസ്റ്റ് മോർട്ടം’ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഖേദ പൂർവം അറിയിക്കട്ടെ. എങ്കിലും അറിയിക്കട്ടെ, ഇൻസ്റ്റന്റ് ആയി നിങ്ങൾ പകർന്നിട്ട വരികൾ മനസ്സിൽ എവിടെയൊക്കെയോ ചെന്നു തട്ടുന്നുണ്ട്. എനിക്കതിഷ്ടപ്പെട്ടു, ധാരാളം പോരായ്മകൾ ഉണ്ടെങ്കിലും. കൂടുതൽ ശ്രദ്ധിച്ചെഴുതുക.

ഭാവുകങ്ങൾ.
മാരാർ വിമർശന യന്ത്രം.

എന്റെ കുറിപ്പിന്റെ അവസാനം “ഇതിനെ നിങ്ങൾക്ക് മതിയാവോളം പോസ്റ്റ്മോർട്ടം ചെയ്‌യാം. കുത്തിക്കീറി ചികയാൻ ഒന്നും ബാക്കി ഇല്ല എന്നു തോന്നുന്പോൾ തുന്നിക്കെട്ടി മറവുചെയ്‌യാൻ മറക്കരുത്.” എന്നെഴുതിക്കണ്ടതുകൊണ്ടാണ് ‘മാരാർ വിമർശന യന്ത്ര’ത്തിൽ അതിന് പ്രവേശനാനുമതി നിഷേധിച്ച്, മറ്റുള്ളവർക്ക് കൂടി വിമർശിക്കുവാനുള്ള അവസരം നഷ്ടമാക്കി, ഒരു എഫ് ഐ ആർ തയ്‌യാറാക്കി തിരിച്ചയച്ചതെങ്കിൽ കഷ്ടം…

വീട്ടിലേക്കുള്ള വഴിയന്വേഷിച്ചലയുന്ന ‘വായന’ കേണപേക്ഷിക്കുന്നു,
വഴി നല്ല നിശ്ചയമില്ല ദയവായി ആരെങ്കിലും ഒരാൾ മുന്നേ നടക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here