പെയ്തൊഴിയും മുമ്പേ! – കഥ – വിനോദ് കൊല്ലങ്കോട്

0
353

കിടക്കുന്നനേരത്ത് രവി ഭാര്യയോട് പറഞ്ഞു.

“സുമേ നാളെ വി.ഐ.പി. വരുന്നുണ്ട് ,നാളെ ഡ്രൈവർ ഡൂട്ടിയാണ് എക്സോർട്ട് പോവണം ഒന്നു നേരത്തെ വിളിക്കണേ”

സുമ കണ്ണാടി നോക്കി മുടി കെട്ടുവാണ്.

“ചത്തുകിടന്നാലും ചമഞ്ഞ് കിടക്കണമല്ലോ”

മുഖം തിരിക്കാതെ തലമുടി ഒരു വശത്തോട് ഇട്ട് മുടിയിലെ കെട്ടുകൾ നിവർത്തി സുമ പറഞ്ഞു.

“ഓഹ് അല്ലേൽ വിളിക്കാതെ എണീക്കുന്ന ഒരാള് ,രവിയേട്ടാ ഞാൻ വിളിക്കാതെ ഇതു വരെ ഒരു ദിവസമെങ്കിലും ഉണർന്നിട്ടുണ്ടോ ഇപ്പോഴെന്നാ പതിവില്ലത്ത ചോദ്യം?”

“മതി മതി നിർത്ത് നിന്റെ പുരാണം”
രവിക്ക് ദേഷ്യം വന്നു.
” ഏട്ടാ നിങ്ങൾക്ക് ഈ ഡ്രൈവർ ഡ്യൂട്ടി നിർത്തിക്കൂടെ, മോൻ എത്ര ദിവസമായി ഈ അച്ഛനെ ഒന്നു കണ്ടിട്ട് അതെങ്ങനെയാ വെളുക്കുമ്പോൾ പോയാൽ ഇരുട്ടുമ്പോഴാണെല്ലോ വീട്ടിൽ വരുന്നത് അപ്പോഴേക്കും മോനും ഉറങ്ങും സ്റ്റേഷനിൽ എസ് ഐ യോട് പറഞ്ഞ് മറ്റ് ഡ്യൂട്ടി എന്തേലും വാങ്ങിച്ചുകൂടെ?”
സുമയുടെ സംസാരം കേട്ട് രവി പുഞ്ചിരിച്ചു.

“എടീ പത്ത് പതിനാല് വർഷമായി ഞാൻ പോലീസിൽ കയറിയിട്ട് ഒന്ന് നോക്കിയാൽ ഈ പണിയൊരു സുഖം തന്നെയാ എനിക്കീ പണിയേ അറിയൂ അതുംപറഞ്ഞ് നിനക്കും കുഞ്ഞിനും എന്തേലും കുറവ് വരുത്തിയിട്ടുണ്ടോ?”

രവിക്ക് ദേഷ്യം വന്നു.

“അതൊക്കെ ശരിയാണ്! എന്നാലുo ഏതൊരു ഭാര്യയും ആഗ്രഹിക്കുമല്ലോ സ്വന്തം ഭർത്താവ് തിരക്കുകൾ എല്ലാം മാറ്റി വെച്ച് കൂടെ നിൽക്കാൻ ”

സുമയുടെ വാക്കുകൾ കേട്ടപ്പോൾ രവിക്ക് മറുപടി ഉണ്ടായിരുന്നില്ല അവൻ ശബ്ദമുയർത്തി.

“എങ്കിൽ നിനക്ക് പെണ്ണുകാണാൻ വരുമ്പേൾ പറയാരുന്നില്ലേ പോലീസിൽ ജോലിയുള്ളയാളെ വേണ്ടാന്ന്!”

സുമയും വിട്ടുകൊടുക്കുന്നില്ല.

“ഇത്രയൊക്കെ ജോലിഭാരം ഉണ്ടെന്ന് ഞാൻ എങ്ങനെ അറിയാനാ.. ന്റെ ഒരു വിധി ഈശ്വരാ എത്രയെത്ര ആളുകൾ വന്നതായിരുന്നു … അതെങ്ങനാ വീട്ടുകാരുടെ നിർബന്ധത്തിനു വിട്ടുകൊടുത്തത് എന്റെ തെറ്റായിരുന്നു ”

വർത്തമാനം ശരിയായ വഴിക്കല്ലന്ന് അറിഞ്ഞപ്പോൾ രവി പതുക്കെ പറഞ്ഞു .

“എടീ.. കുട്ടി എണീക്കും നീ വന്നു കിടക്ക് ”

സുമക്ക് ദേഷ്യം സഹിക്കാനായില്ല

” ദേ എന്നെ കൊണ്ട് പറയിപ്പിക്കണ്ടാ..!”

സുമ പുതപ്പ് എടുത്ത് പുതച്ച് തിരിഞ്ഞു കിടന്നു.

” അതെ നാളെ നേരത്തെ പോവാനുള്ളതല്ലേ മിണ്ടാതെ കിടന്നോണം ശൃംഗരിക്കാനായി ഇങ്ങോട്ടു വരണ്ടാ ”

രവി തന്റെ കൈവിരലുകൾ കോർത്ത് നെഞ്ചിൽ കൈവച്ച് വീടിന്റെ മുകളിലോട്ട് നോക്കി..കണ്ണാടിയിട്ട ഓടിലൂടെ നിലാവ് വെള്ളി വെളിച്ചം വീശി നിൽക്കുന്നു. കണ്ണാടിയിട്ട ഓടിൻ വിടവിലൂടെ രാക്കിളികൾ ദിശയറിയാതെ പറക്കുന്നതും നോക്കി കിടക്കവേ അവന്റെ കണ്ണ് ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.

പതിവിലും നേരത്തെ രവി ഉണർന്നു,

തൊട്ടിലിലേക്ക് നോക്കി.. ലോകം മറന്ന് ഉറങ്ങുന്ന തന്റെ കുഞ്ഞ് ,ഒന്ന് എടുത്ത് കൊഞ്ചിച്ചാലോ .. വേണ്ട അവനുറങ്ങട്ടെ ഇല്ലേൽ ജോലിക്കു പോകും നേരം കരച്ചിലും ബഹളവും ആയിരിക്കും.
സുമ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു കട്ടിലിൽ നിന്നും രവി എഴുന്നേറ്റ് അഴിഞ്ഞു കിടന്ന മുണ്ട് എടുത്ത് ചുറ്റിക്കെട്ടി ബ്രഷും പേസ്റ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി.

“സുമേ എന്റെ ഷേവിംഗ് സെറ്റ് എവിടെ?”

പല്ലുതേപ്പിനിടയിൽ ഭാര്യയെ വിളിച്ചു
സുമ ചായ ഗ്ലാസ്സിലാക്കി സോഫയുടെ മുകളിൽ വച്ച് ഷേവിംഗ് സെറ്റ് എടുത്തു കൊടുത്തു .
നേരം പുലരുന്നതേയുള്ളൂ ബാത്ത് റൂമിലെ ഇരുണ്ട വെളിച്ചത്തിൽ ഷേവിംഗ് കഴിഞ്ഞ് രവി റൂമിലേക്ക് വന്നു സോഫയിൽ വച്ചിരിക്കുന്ന ചായ കുടിച്ചു
സുമ ഇതിനിടയിൽ ഭർത്താവിന്റെ യൂണിഫോമും തൊപ്പിയും ബെൽറ്റും ബാഗിലേക്ക് വയ്ക്കുകയായിരുന്നു

” എല്ലാം എടുത്തു വച്ചോ ”

രവി ചോദിച്ചു

” ആഹ്”

“എന്റെ സോക്സ് എവിടെ? ”

അടുത്ത ചോദ്യം വരുന്നതിനു മുമ്പേ സുമ പുറത്തേക്ക് ചെന്ന് സോക്സ് എടുത്തു കൊടുത്തു.

പോകും നേരം സുമ പറഞ്ഞു.
” രവിയേട്ടാ ഇന്നെങ്കിലും ഒന്നു നേരത്തെ വരുമോ? മോനു ചുമ വിട്ടുമാറുന്നില്ല വന്നിട്ടു ഒരുമിച്ച് ഹോസ്പിറ്റലിൽ പോവാം.!”

ഭാര്യയുടെ നിസ്സഹായമായ ചോദ്യം കേട്ടപ്പോൾ രവിക്ക് മനസ്സ് വല്ലാതായി.

“നോക്കട്ടെടി …ഐ.പി ഡ്യുട്ടി ആയതുകൊണ്ട് സറ്റേഷനിൽ ആർക്കും ലീവും പെർമിഷനും ഇല്ല ഡ്യൂട്ടി കഴിഞ്ഞാൽ എസ് .ഐ സാറിന്റെ കൈയും കാലും പിടിച്ചാണെങ്കിലും ഞാൻ എത്താം”

രവിയുടെ മറുപടി കേട്ടപ്പോൾ സുമക്ക് സന്തോഷമായി .ഇറങ്ങുംനേരം പതിവുപോലെ അവളുടെ നെറ്റിയിൽ ചുംബനങ്ങളാൽ സിന്ദൂരം അണിയിച്ചു എവിടെ നിന്നോ സുമയുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ കവിളിലൂടെ വിരുന്നെത്തി
രവി തൊട്ടിലിൽ കിടക്കുന്ന മോനെ നോക്കി അവൻ ഉറക്കത്തിൽ ആണ് പതിയെ അവനറിയാതെ ഒരുമ്മനൽകി ചെറിയ അനക്കത്തോടെ അവൻ ചരിഞ്ഞു കിടന്നു ‘

ബാഗുമായി മുറ്റത്തേക്ക് ഇറങ്ങിയ രവി ബൈക്ക് കവർ മാറ്റി ബൈക്കിന്റെ ടാങ്ക് കവറിൽ വച്ചിരിക്കുന്ന വേസ്റ്റ് തുണിയെടുത്ത് സീറ്റ് തുടച്ചു, ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോവുന്ന ബൈക്കിനെയും രവിയേയും നോക്കി സുമ വാതിൽ ചാരി നിന്നു

ആകാശത്ത് നക്ഷത്രങ്ങൾ പതിവിലും നിറം മങ്ങി നിൽക്കുന്നു കടവാവലുകൾ മരച്ചില്ലകളിൽ നിന്നും വിദൂരത്തിലേക്ക് പറന്നകലന്നു .പോകുന്ന വഴിക്കെല്ലാം അറവു മാലിന്യങ്ങൾ റോഡിൽ നിക്ഷേപിച്ചിരിക്കുന്നത് ആർത്തിയോടെ തിന്നുന്ന ശുനകൻമാർ മുന്നോട്ടു പായുന്ന ബൈക്കിന് എതിരെ സഞ്ചരിക്കുന്ന മരങ്ങൾ ,തണുത്ത കാറ്റ്’ പുറം കാഴ്ച്ചകളിൽ കണ്ണുകളുടക്കാതെ രവിയും ബൈക്കും മുന്നോട്ട്
അര മണിക്കുർ നേരത്തെ യാത്രക്കൊടുവിൽ, രവി സ്റ്റേഷനിൽ എത്തി .ബൈക്ക് നിർത്തി സ്റ്റേഷനിൽ കയറുമ്പോൾ എസ്.ഐ. മുന്നിൽ ഇരിക്കുന്നത് കണ്ടു.

“ഗുഡ് മോർണിംഗ് സർ”

രവി സല്യൂട്ട് കൊടുത്തു.

” രവി .. ഒന്നു വേഗം റെഡിയാവൂ”

പത്രത്തിൽ നിന്നും കണ്ണെടുക്കാതെ എസ്.ഐ പറഞ്ഞു

രവി സ്റ്റെയർകേസ് കയറി റൂമിലെത്തി ബാഗിൽ വച്ചിരിക്കുന്ന യൂണിഫോം ഷർട്ട് എടുത്തിട്ടു ഇതിനിടയിൽ മൊബൈൽ എടുത്ത് ഭാര്യയെ വിളിച്ചു.
“ഹലോ സുമേ…

”രവിയേട്ടാ.. എത്തിയോ?”
സുമയുടെ ശബ്ദം.
” ഉം.. എത്തി ദേ യൂണിഫോം ഇടുന്നു ,മോൻ എണീച്ചോടി?

“ഹേയ് ഇല്ല നല്ല ഉറക്കമാ.”

“സമയത്തിന് ആ കഫക്കെട്ടിന്റെ മരുന്ന് കൊടുക്കണേ..

“ആഹ് കൊടുക്കാം..

“ശരി വന്നിട്ടു കാണാം നീ റെഡിയായി ഇരിക്കൂ.”

“ഉം വണ്ടി ഓടിക്കുന്നത് ശ്രദ്ധിക്കണേ.”

” ഉം..ശരിയെടീ …

ഫോൺ കട്ട് ചെയ്യുന്നതിനിടയിൽ രവി യൂണിഫോം ഇട്ടു കഴിഞ്ഞിരുന്നു .റൂമിൽ നിന്ന് താഴെ ഇറങ്ങി വരും നേരം തൊട്ടടുത്തെ കണ്ണാടി നോക്കി ARE YOU SMART കണ്ണാടിയിൽ എഴുത്ത് ഒന്നുകൂടി നോക്കി ഇൻഷർട്ട് ചെയ്ത ഷർട്ട് ഒന്നുകൂടി ഉള്ളിലോട്ട് ഇറക്കി
സ്റ്റേഷനു താഴെ ജീപ്പ് നിർത്തിയിട്ടിരിക്കുന്നു തൊട്ടടുത്ത പെപ്പിൽ നിന്ന് ഓസ് കണക്ട് ചെയ്ത് ജീപ്പ് കഴുകി വൃത്തിയാക്കി ശേഷം ഡീസൽ ചെക്ക് ചെയ്തു .ഇതിനിടെ എസ്.ഐ വിളിച്ചു.

” രവി ..റെഡി ആയോ ! പോയാലോ

“ok സർ

എസ്.ഐ വണ്ടിയിൽ കയറി തൊപ്പി ജീപ്പിന്റെ ഗ്ലാസിനടുത്തേക്ക് വച്ചു. സീറ്റ് ഒന്ന് പുറകിലോട്ട് വലിച്ച് ചാരി ഇരുന്നു ,രവി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു പതിവുപോലെ യാത്രക്കിടയിലെ വർത്തമാനങ്ങൾ കുശലന്വോഷണങ്ങൾ
അതിനിടെ രവി പറഞ്ഞു,

“സർ വണ്ടിയുടെ കാര്യം കുറച്ച് കഷ്ടത്തിലാണ് സർ ബാക്ക് ടയർ തേയ്മാനം വന്നിട്ടുണ്ട് ബ്രേക്കും അത്ര പോര എക്സ്കോർട്ട് ഡ്യൂട്ടി ആയതു കൊണ്ട് വി.ഐ.പി. വണ്ടിയോട് ഒപ്പം എത്താൻ പ്രയാസം ആണ് “.

“രവി ഈ കാര്യം ഞാൻ MTO(motor Transport Office) ലേക്ക് മെസേജ് ഫോർവേഡ് ചെയ്തിട്ടുണ്ട് ചിലപ്പോൾ ഒരാഴ്ച്ചക്കകം നമ്മുടെ സ്റ്റേഷനിലോട്ട് പുതിയ വണ്ടി എത്തും.”

എസ് ഐ സർ ന്റെ വാക്കുകൾ കേട്ടപ്പോൾ രവിക്കു സന്തോഷം ആയി വർത്തമാനങ്ങൾക്കിടയിൽ പോലീസ് ജീപ്പ് മന്ത്രിയെ പിക്ക് ചെയ്യുന്ന സ്ഥലത്തെത്തി റോഡ് സൈഡിലോട്ട് പാർക്ക് ചെയ്തു ജീപ്പിലെ വയർലസ് സെറ്റ് ശബ്ദിച്ചുകൊണ്ടിരിക്കുന്നു.

“രവി ആ സെറ്റിന്റെ സൗണ്ട് കൂട്ടിയെ ”

എസ് ഐ പറഞ്ഞു
രവി സെറ്റിന്റെ സൗണ്ട് കൂട്ടി
വയർലസ് സെറ്റിൽ നിന്നും:

“P 35 മൊബൈൽ കൺട്രോൾ റൂം കാളിംഗ്
എസ്.ഐ: P35 മൊബൈൽ ആൻസറിംഗ്
സർ ”

വയർലെസ് സെറ്റിൽ.
നിന്നും.

“സർ നിങ്ങളുടെ ലൊക്കേഷൻ എവിടെയാണ്?”

“സർ ഞാനിപ്പോൾ ബോഡറിൽ വെയിറ്റിംഗിൽ ആണ് സർ ഓവർ ”
എസ് ഐ മറുപടി നൽകി.

വയർലസ് സെറ്റിൽ നിന്നും,

“ഓക്കെ സർ എക്സോർട്ട് ഡ്യൂട്ടി തുടങ്ങിയാൽ കൺട്രോളിനെ വിവരം അറിയിക്കുക ,കൺട്രോൾ റൂo ചോദിക്കുന്ന മുറയ്ക്ക് വ്യക്തമായ ലൊക്കേഷൻ അറിയിക്കുക ഓവർ ”

“മെസേജ് ക്ലിയർ ആണ് സർ അപ്രകാരം അറിയിക്കാം ഓവർ “, എസ് ഐ മറുപടി പറഞ്ഞു.

വയർസെറ്റ് നിശബ്ദമായി
ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോൾ എസ് ഐ യുടെ ഫോണിൽ മന്ത്രിയുടെ ഗൺമാന്റെ വിളി വന്നു.

” ഞങ്ങൾ എത്താറായി ഒരു അഞ്ച് മിനിറ്റ് ”

എസ് ഐ ഫോൺ കട്ട് ചെയ്ത് രവിയോട് പറഞ്ഞു.

“രവി ..,വണ്ടി സ്റ്റാർട്ട് ചെയത് നിർത്തൂ.. അവരെത്താറായി ”

രവി വണ്ടി സ്റ്റാർട്ട് ചെയ്ത് രണ്ട് മിനിട്ടിനകം സൈറൺ മുഴക്കി കൊണ്ട് ശബ്ദത്തോടെ മുന്നിലും പിന്നിലുമായി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മന്ത്രി വാഹനം വരുന്നു.. ‘ രവി ആക്സിലേറ്റർ കൊടുത്ത് ക്ലച്ചിൽ നിന്ന്‌ പതിയെ കാലെടുത്തു ജീപ്പിനു മുകളിലെ നീല വെളിച്ചം കറങ്ങാൻ തുടങ്ങി മന്ത്രി വാഹനത്തിന്റെ പിന്നിലായി രവിയുടെ സ്‌ഥാനം
120 km സ്പീഡിൽ പോവുന്ന മന്ത്രി വാഹനത്തിന്റെ പിറകെ പിടിക്കുന്ന കാര്യം കഷ്ടം തന്നെയാണ്
രവി ഗിയർ ടോപ്പിൽ ഇട്ട് ആക്സിലേറ്റർ അമർത്തി ചവിട്ടി ,ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾക്ക് മറ്റു വാഹനങ്ങൾ വഴി മാറി കൊടുത്തു കൊണ്ടിരുന്നു .
ഇതിനിടയിൽ രവിയുടെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു .രവി ഫോണിലോട്ട് നോക്കി
ഭാര്യയാണ് ഡ്രൈവിംഗ് അയതിനാൽ ഫോൺ കട്ട് ചെയ്തു
ദൂരെ സിഗ്നലിന്റെ പച്ച ലൈറ്റ് അണഞ്ഞു വരുന്നു 5, ”.. 4, 3, 2, 1 പൂജ്യം ആവുന്നതനു മുമ്പ് കടന്നിലെങ്കിൽ മന്ത്രി വാഹനത്തിനൊപ്പം എത്താൻ പ്രയാസമാണ് രവി വണ്ടി സ്പീഡ് കൂട്ടി മന്ത്രി വാഹനം സിഗ്നൽ കടന്നു ചുവന്ന ലൈറ്റ് വീണുപെട്ടന്ന് ഒരു ഓട്ടോ സിഗ്നൽ ക്രോസ്സ് ചെയ്തു രവിക്ക് വണ്ടി നിയന്ത്രിക്കാനായില്ല ബ്രേക്ക് ചവിട്ടുംമുന്നേ രവിക്ക് നിയന്ത്രണംതെറ്റി തൊട്ടടുള്ള ഡിവൈഡറിലേക്ക് പാഞ്ഞുകയറി കണ്ണ് ചിമ്മി തുറക്കും മുമ്പേ രണ്ട് ജീവൻ അകന്നിരുന്നു. അപ്പോഴും രവിയുടെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു. ഇതൊന്നും കാണാതെ വി.ഐ.പി. വാഹനം മുന്നോട്ടു പോയി രക്തത്താൽ തളം കെട്ടിയ വാഹനത്തിന്റെ അരികിലേക്ക് ആളുകൾ കൂനനുറുമ്പുകണക്കെ കൂടിയെത്തി കുറെ ആളുകൾ ഫോട്ടോ എടുക്കുന്ന തിരക്കിലും

ഇതൊന്നും അറിയാതെ രവിയുടെ വീട്ടിൽ
മോനു ചോറു കൊടുക്കുവായിരുന്നു.

“വാവേ അമ്മേടെ ചക്കരയല്ലേ ഒരു വായ മാമുണ്ണടാ കണ്ണാ!”

എന്തു പറഞ്ഞിട്ടും മോൻ ഭക്ഷണം കഴിക്കുന്നില്ല.

“ദേ അച്ഛൻ ഇപ്പം വരും ട്ടാ വേഗം കഴിച്ചോ ! ഇല്ലേൽ അച്ഛൻ വന്നാൽ മോനെ വഴക്ക് പറയും !”

ഒരു അടവും ഏൽക്കാതായപ്പോൾ സുമ Tv യുടെ റിമോർട്ട് എടുത്തു.

“വാവേ ദേ മോനു ടോം ജെറി വച്ചു തരാ!”

കുട്ടിയെ പിടിച്ച് ഒക്കത്തിരുത്തി ചാനൽ മാറ്റി കൊണ്ടിരുന്നു പെട്ടന്നാണ് ആ വാർത്ത കണ്ണിൽ പെട്ടത് ചാനൽ പിറകോട്ട് മാറ്റി വാർത്ത നോക്കി.

“ഇപ്പോൾ കിട്ടിയ വാർത്ത…..
അമിത വേഗതയിൽ വന്ന പോലീസ് വാഹനം നിയന്ത്രണം തെറ്റി ഡി വൈഡറിൽ ഇടിച്ച് SI യും ഡ്രൈവറും ഉൾപ്പടെ രണ്ട് പേർ മരിച്ചു ഇരുവരുടേയും മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ !

വാർത്ത പൂർത്തിയാക്കും മുമ്പേ സുമയുടെ കയ്യിൽ നിന്നും ചോറു പാത്രം നിലത്തേക്ക് പതിച്ചു ..അവളുടെ കണ്ണുകളിലേക്ക് ഇരുട്ട് കയറി:.. സോഫയുടെ മരക്കയ്യിലേക്ക് സുമ തലയടിച്ച് നിലത്തേക്ക് വീണു കയ്യിലെ കുഞ്ഞ് സുമയുടെ മാറിലോട്ടും. തലയിൽ നിന്നും ചോര നിലത്തേക്ക് ഒഴുകുന്നത് അവളറിയും മുമ്പേ സുമയുടെ കണ്ണുകൾ അടഞ്ഞിരുന്നു. ഇതൊന്നും അറിയാതെ അവളുടെ കുഞ്ഞ് തളം കെട്ടിയ രക്തത്തിൽ കൈയിട്ടടിച്ചു കൊണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here