മൗനനൊമ്പരം – കഥ – ബിന്ദു.എം.വി.

0
319

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ
വേനൽമഴ….. ഇടയ്ക്ക് എപ്പോഴോ
വെയിൽ നാളങ്ങൾ മഴനൂലുകൾക്കിടയിലൂടെ
അകത്തേക്ക് ചിതറിവീണു.. …
പുതുമണ്ണിന്റെ ഗന്ധം ഏറ്റുവാങ്ങി മദൻ
ജാലകത്തിലൂടെമഴയെകാണുകയായിരുന്നു.
പൊടുന്നനെ,മഴ ശക്തമാവുകയും
മഴയൊച്ചകൾക്കപ്പുറത്ത് ,മരങ്ങൾപൊട്ടി
വീഴുകയും ആകാശച്ചെരുവിൽ കാതടപ്പി
ക്കുന്ന ഇടിമുഴക്കമുണ്ടാവുകയും ചെയ്തു……
മഴയിൽ കുതിർന്ന തൊടിയും മുറ്റവും നോക്കി, വെറുതെ നിൽക്കാൻ സുഖമാണ് …..
പക്ഷേ….. എപ്പോഴാണോ ഒരു നേർത്ത മഴ
പോലെ മീരവന്നു ……. നനഞ്ഞൊട്ടിയമഞ്ഞ
ചുരിദാറിനുള്ളിൽ മീരയുടെ വെളുത്തു
മെലിഞ്ഞ രൂപം മുറിയിലേക്ക് ……..
അപ്രതീക്ഷിതമായിരുന്നുഅവളുടെവരവ്!
വേനൽമഴപോലെ……!!
ജമന്തിപ്പൂവിന്റെ സുഗന്ധവുമായി മഴപ്പെയ്ത്തിലൂടെ കടന്നു വന്ന മീര….!!

” …….. പ്രതീക്ഷിച്ചില്ലല്ലേ …… മദൻ … “?

മഴച്ചീളുകളേറ്റ് വിളറിയമീരചിരിക്കുന്നുണ്ടാ
യിരുന്നു. അവളുടെ വിഷാദം മുറ്റിയ മിഴികളിൽ പ്രകാശം നിറഞ്ഞു ……

“………….മദൻ ….. നീ എന്നെ കാത്തിരിക്കുക
യായിരുന്നില്ലേ…! അതല്ലേ സത്യം .. … ” ?

“”……… ഹേയ്…… ഇല്ല …. പക്ഷേ, ഒരുചിത്ര
കാരന്റെ സൃഷ്ടിപരതയിൽ കാത്തിരിപ്പും
അനിവാര്യമാണ്…………”’

മദൻ നിറക്കൂട്ടുകൾ ചാലിച്ച് ക്യാൻവാസിൽ
കോറിയിടാൻ തുനിഞ്ഞപ്പോൾ മീര തടഞ്ഞു.

”’………. നോക്കൂ മദൻ, …….എന്തിനും ഒരു
സൂക്ഷ്മത വേണം …… എന്നെ ഏതു രീതിയിലും നിനക്ക് ……..”

പാതിയിൽ നിർത്തിയ മീര കഴുത്തിൽ
ചുറ്റിയ നീലഷാൾ വിടർത്തിമാറ്റി
കസേരയിലേക്കിരുന്നു …….. മഞ്ഞചുരിദാ
റിനുള്ളിൽ വ്യക്തമാകുന്ന ഉടൽഭംഗി
നോക്കാനറച്ച് മദൻ നിറത്തിൽ ബ്രഷ് മുക്കി
പതുക്കെ ക്യാൻവാസിലേക്ക് നീട്ടി……

“…….. മദൻ …. നിനക്ക് പേടിയുണ്ടോ ……..?”

മീരയുടെ ഗൗരവം നിറഞ്ഞ ചോദ്യം അവന്
പൊടുന്നനെ ഒരു ഞെട്ടൽ സമ്മാനിച്ചു….
മറുപടിക്ക് വാക്കുകൾ കിട്ടാതെ മദൻ
കുഴങ്ങി……. ബന്ധിക്കപ്പെട്ട വാതിലിനു
മുന്നിൽ മീരയിരിക്കുന്നു… ഒരുപക്ഷേ, അവൾ
തന്നെയാകണം ആ വാതിൽ അടച്ചിട്ടത്…..!
മുന്നിൽ സുന്ദരിയായ പെൺകുട്ടി…….
മദന്റെ ഹൃദയമിടിപ്പു കൂടി…… മീര അപ്പോഴും
ചിരിക്കുന്നു ….. അവളുടെ മനോഹരമായ
ചുണ്ടുകൾക്കിടയിൽ നിന്ന് ഇടയ്ക്ക്
വാക്കുകൾ ഉതിരുന്നു…. മദൻ, അവളുടെ
സംസാരത്തിൽ ലയിച്ച് ചിരിക്കാൻ
വൃഥാശ്രമിച്ചുകൊണ്ടിരുന്നു……
വരാന്തയിലേക്ക് ചിതറി വീഴുന്ന മഴ
ത്തുള്ളികൾ കൈക്കുമ്പിളിലേറ്റുവാങ്ങാൻ
മീര ജനാലയോടു ചേർന്നു നിന്നു…..
ഇടയ്ക്കിടെ ഒരു മൗനത്തിലേക്ക് ഓടി
ഒളിക്കുന്ന മീരയെ എങ്ങനെ ഉൾക്കൊള്ളണ
മെന്നറിയാതെ മദൻ വ്യാകുലപ്പെട്ടു…….
കണ്ടുമുട്ടിയ നാൾതൊട്ട്അജ്ഞാതമായ
ഏതോഒരുസന്ദേശവാഹകയെപ്പോലെ……!
ക്ലാവു പിടിച്ച ഓട്ടു കിണ്ടിയുമായിവരുന്ന
പഴയ കഥയിലെ നായികയെപ്പോലെ…….
ചിത്രപ്രദർശനനഗരിയിലെ വഴികാട്ടിയായി ….
ക്യാൻവാസിലെ തുടിക്കുന്ന ചിത്രമായി ……!
മഞ്ഞയിൽ പിറന്ന ഒരു പാട് സ്നേഹപ്പൂക്ക
ളായി……. ഒടുവിൽ തന്റെ സ്വപ്നങ്ങളിലെ
രാജകുമാരിയായി മീര ……!!

” ………. മദൻ നീയിവിടെ തനിച്ചാണല്ലേ……?
ഈ ഒറ്റപ്പെടലിനെക്കുറിച്ച് നീ ഒരിക്കലും
പറഞ്ഞിട്ടില്ല …..”

അവൾ പരിഭവിച്ചു……

” ………. കണ്ടു മുട്ടിയനാൾതൊട്ട് വീട്
നമുക്ക് അന്യമായിരുന്നുവല്ലോ ….
പരസ്പരം തുറക്കാത്ത ഒരുപിടിരഹസ്യ
ങ്ങളുടെ ചെപ്പുകൾ സൂക്ഷിച്ചിരുന്നു നാം …….”

മദന്റെ ശബ്ദം വളരെ നേർത്തതായിരുന്നു ….
ഇപ്പോൾ മുതൽ വീടിന്റെ ആധികാരികത
സ്വയം ഏറ്റെടുത്ത മട്ടിൽ മീര പെരുമാറാൻ
തുടങ്ങിയിരിക്കുന്നു…
മേശയിലും തറയിലും ചിതറിക്കിടന്ന
കടലാസുകളും പുസ്തകങ്ങളും വളരെ
കരുതലോടെ ഒതുക്കി വയ്ക്കുന്ന മീര….!
താളാത്മകമായ അവളുടെ ചലനങ്ങളിൽ
ശ്രദ്ധിച്ച് മദൻ നിന്നു……….

”………. അടുക്കും ചിട്ടയുമില്ലാത്ത ജീവിതം
പരാജയത്തിന്റേതാണ് മദൻ … ”

ഇടയ്ക്ക് എപ്പോഴോ ഒരു വെളിപാട് കിട്ടിയ
മാതിരി അവൾ മന്ത്രിച്ചു. അവന്റെ മുറി
സ്വന്തമാക്കി വെച്ച മീരഗൗരവംഭാവിച്ചു.
മാസങ്ങളായി ഉപയോഗിക്കാത്ത അടുക്കള
യും സജീവമായപ്പോൾ മദൻ അപകട
സൂചന കിട്ടിയ പോലെ പറഞ്ഞു….

” …… ഹേയ് ……… വേണ്ട മീരാ …… നമുക്ക്
വെളിയിൽ നിന്ന് ചായ കഴിക്കാം ……”

മീര കേൾക്കാത്ത മട്ടിൽ സ്റ്റൗവിൽ തീ കൊളുത്തി ചായപ്പാത്രം അതിനു മീതെ
വെച്ച് ജാഗ്രതയോടെ കാത്തിരുന്നു…
അവളിലേതോ ഗൂഢമായ ആനന്ദവും
ഒതുക്കിവെച്ച ഒരു ചിരിയും മദൻ കണ്ടു…
അപ്പോൾ മുതൽ പുതിയ ചിത്രത്തിന്റെ
സ്വാഭാവികമായ പിറവിയെപ്പറ്റി അവൻ
വിസ്മരിച്ചു തുടങ്ങിയിരുന്നു …..
തന്റെ സ്വകാര്യതകളിലെവിടെയോ
സുന്ദരമായൊരു പെണ്ണുടൽ…..!
ജമന്തിപ്പൂവിന്റെ സുഗന്ധം…..!
മഴനൂലുകൾക്കിടയിലുടെ തെന്നിവീഴുന്ന
വെയിൽ നാളംപോലെ…. മീര തന്നെ,
അത്ഭുതപ്പെടുത്തുകയാണ്……….!
അവളുടെ സ്വാഭാവികമായ ചിരി ,പെരുമാറ്റം,
സംസാരം……….! ഒളിപ്പിച്ചുവെച്ചനോവുകൾ
ഒരിക്കൽപോലും പുറത്തു കാട്ടാതെ മീര…..!
മൗനനൊമ്പരങ്ങളിൽ സ്വയം ഒതുങ്ങിയവൾ!
ചായക്കപ്പുമായി അരികിൽ വന്ന് നീട്ടിക്കൊണ്ട് മീര ചിരിച്ചു…..
അറിയാതെയുള്ള സ്പർശനത്തെബോധ
പൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്ന അവന്റെ
വിളറിയ ചിരി അവൾ കണ്ടില്ല ……
സ്വയമറിയാതെ വന്നുപോകുന്ന തെറ്റുകളെ
പറ്റികൂടുതൽ ചിന്തിക്കുന്ന മദന്റെകാൽച്ചു
വട്ടിൽ മീരയിരുന്നു ….. പിന്നെ നിശ്ശബ്ദം
ചായ കുടിച്ചു തീർത്തു ….

”’……. എക്സാം കഴിഞ്ഞാൽ എനിക്ക്
യാത്രയാകേണ്ടി വരും……..”

വേർപാടിന്റെ നോവു പുരട്ടിയ മീരയുടെ
ആത്മഗതം…… ഒരു വേർപിരിയലിനെപ്പറ്റി
ഇതുവരെ ഓർത്തിരുന്നില്ല …..

“‘…….. പക്ഷേ, മദൻ …… പുതിയ സുഹൃത്തു
ക്കൾ എന്നെ മറക്കാൻ നിനക്ക് പ്രേരണയാകും…… അത് സ്വാഭാവികം….”

ഒരു തത്വജ്ഞാനിയെപ്പോലെ മീരപറഞ്ഞു.
അവൾ വെറുമൊരു സുഹൃത്ത് എന്നതിലു
പരി തനിക്ക്, ആരാകുന്നുഎന്നചിന്ത ഒരിക്കലും,മനപ്പൂർവ്വംമനസ്സിലേക്ക്
വലിച്ചിടാറില്ല മദൻ………സത്യസന്ധമായ
പെരുമാറ്റച്ചട്ടങ്ങളിൽ ഒതുങ്ങിനിൽക്കാൻ
ശ്രമിക്കുമ്പോഴൊക്കെ അറിയാതെ വൈകാരികതയിൽ ഒരു നനുത്ത
സ്പർശമായി മീര ……!

”…….. അവിടെ ഞാൻ ഒറ്റപ്പെടും മദൻ …..
സ്നേഹം കിട്ടാക്കനിയാകും ….. എന്റെ
ജീവിതം അവിടെ ഉരുകിത്തീരും…. ”

അവൾ അറിയാതെവിതുമ്പുന്നു …..
അകലെയുള്ള സ്നേഹശൂന്യമായവീട്
അവളെ പേടിപ്പെടുത്തുന്നോ…..?
പരസ്പരമുള്ളനോട്ടങ്ങൾകേന്ദ്രീകരിക്കാതെ
എവിടേക്കോവേർപെട്ടു പോയി……
ജനാലയിലൂടെ ചിതറി വീഴുന്നവെയിൽ
നാളത്തിന് നിറംമങ്ങിയിരുന്നു ..സന്ധ്യയെ
ഏറ്റുവാങ്ങാൻ കാത്തുനിൽക്കുംപോലെ
മരച്ചില്ലകൾ ……!
സൗഹൃദത്തിന്റെ സ്വച്ഛമായ താല്പര്യങ്ങളിൽ
മീരയും മദനും…! ജീവിതത്തിന്റെ രണ്ടു
മുഖങ്ങളിൽ തെളിയുന്ന ഒറ്റപ്പെടലിന്റെ ശൂന്യത ! എന്നിട്ടും മദൻ ശാന്തനായിരുന്നു….
ഇപ്പോഴിതാ, ഹൃദയതന്ത്രികൾ ത്രസിക്കുന്നു.!
അറിവുകൾക്കും അനുഭൂതികൾക്കും
അപ്പുറത്തേക്ക് ദിവ്യമായ ഒരുസന്നിവേശം
പോലെ മീര……!!
അവൾ തേങ്ങിക്കൊണ്ട് കിടക്കയിലേക്ക്
ചായുന്നു… മദൻ പതുക്കെ കൈനീട്ടി
അവളെ ഒന്നുതൊട്ടു…. ഒരു തലോടൽ……
ഊഷ്മളമായൊരു പുൽകൽ …..!
കണ്ണുകൾ പാതിയടച്ച് മീര ചിരിച്ചു…

“…… നിനക്ക് പേടിയുണ്ടോ……?”

അവളുടെ വിറപൂണ്ട ശബ്ദത്തിന് ആത്മ
വിശ്വാസത്തിന്റെ സൂചിമുന ……..!
മദൻ ചരിത്രംആവർത്തിക്കാൻ പ്രേരിപ്പി
ക്കപ്പെടുന്നു …… സത്യസന്ധമായചെയ്തി
കളെ വിശകലനം ചെയ്യാൻ മറന്നു തുടങ്ങുന്നോ…? അറിയാതെ….അറിയാതെ
അത് സംഭവിച്ചു……!!
അനിശ്ചിതവും അവിഹിതവുമായഒരു
സംയോഗത്തിന്റെ ഒടുവിൽ നിർവ്വികാരത
ഏറ്റുവാങ്ങി പിൻതിരിയുമ്പോൾ മീര
വിതുമ്പുന്നുണ്ടായിരുന്നു …….
നിശ്വാസങ്ങളടക്കിപ്പിച്ച് മദൻ ഒരുകുറ്റവാളി
യുടെ വിഹ്വലതയോടെ ജനാലയ്ക്കരികി
ലേക്ക് ശിരസ്സു കുനിച്ചു നടന്നു……
സന്ധ്യപരന്ന തൊടിയും മുറ്റവും
കുറ്റവിചാരണയ്ക്ക് കാത്തുനിൽക്കും പോലെ ……….!
അഴിഞ്ഞു വീണ മഞ്ഞചുരിദാറിൽ
നഗ്നത ഒളിപ്പിക്കുന്ന മീരയെനോക്കാതെ
മദൻ പുലമ്പി ……..

“……… മീര … ഞാൻ ….എന്നോട് ക്ഷമിക്കൂ…. ”

വന്നുപോയത് അപകടകരമായ നിമിഷങ്ങ
ളാണെന്ന തിരിച്ചറിവിലായിരുന്നു മദൻ ……
പക്ഷേ, മീരയുടെ ഉറച്ചവിചാരങ്ങളിൽ
സ്വത്വത്തിന്റെ നിസ്സഹായമായ തോൽവിയെപ്പറ്റി ഒന്നുമുണ്ടായിരുന്നില്ല ….
ഒരുപക്ഷേ, അവളുടെ കണ്ണീർ സുഖദവും
ദിവ്യവുമായ അനുഭൂതിയിൽ നിന്നും
ഉടലെടുത്തതാകാം……….!
കുറ്റബോധം അലയടിക്കുന്ന മനസ്സുമായി
മദൻ ,കാറ്റും മഴയും നഷടപ്പെട്ട പുറം
ലോകത്തേക്ക് നോക്കി നിന്നു……
ഒരു കാട്ടാളന്റെ ക്രൂരമായ ആധിപത്യമായി
രുന്നോതന്റേത് എന്നതോന്നലായിരുന്നു
മദന്….!

”…….. എനിക്ക് പോകാൻ സമയമായി….”

മീരയുടെ ഓർമ്മപ്പെടുത്തൽ അവനിൽ
ഒരു ഞെട്ടൽ ഉളവാക്കി….. മുറിയിൽ
കട്ടപിടിച്ച മൗനത്തിനു മീതെഅവളുടെ
നെടുവീർപ്പുകൾ ഉതിർന്നുവീണു ……….
എന്നിട്ടും ഒരു വിജയിയുടെ ഭാവത്തിൽ
അവൾ അരികിൽവന്ന്ആശ്വസിപ്പിക്കുന്നു.!
മദന്റെ കൈകൾ കവർന്നുകൊണ്ട്
അവൾ പറഞ്ഞു ….

“……. ഈ ഓർമ്മകളാണ് എന്റെ ഏകാന്തത
കൾക്ക് സുഖം പകരുന്നത് ……”

വിറയ്ക്കുന്ന കൈകളിലേക്ക് കരുത്ത്
ആവാഹിക്കാൻ കഴിയാതെ മദൻശിരസ്സു
താഴ്ത്തി……. വാക്കുകൾകിട്ടാതെതളർന്നു.
ഡേവിഡിന്റെയും വാൻഗോഗിന്റെയും
ചിത്രങ്ങൾ തൂക്കിയിട്ട ചുമരിലെവിടെയോ
നിന്ന് സത്യപ്രസ്താവനഏറ്റുചൊല്ലുന്ന
പോലെ ഗൗളി ചിലച്ചു …….
മീരയെ നോക്കാൻ ഭയമായിരുന്നു മദന്….
അപ്രതീക്ഷിതമായി ഉള്ളംകൈയ്യിൽ
ചൂടുള്ള ഒരു ചുംബനം പകർന്ന്അവൾ,
പിന്തിരിയുമ്പോൾ മദന് കരയാൻ തോന്നി.
വരാന്തയിലും തൊടിയിലും സന്ധ്യ
പരന്നിരിക്കുന്നു ……. ഏതോ നിശ്ശബ്ദയാമ
ത്തിന്റെ ഭീതിതമായ ആഗമനം:…!!
മീര ഒന്നുംസംഭവിക്കാത്തമട്ടിൽവരാന്ത
യിലൂടെ സന്ധ്യയിലേക്കിറങ്ങി നടന്നു…
ഗൂഢമായൊരു ഭാവത്തോടെ…!
വീട് നിശ്ശബ്ദമായൊരു അനിശ്ചിതത്വത്തി
ലേക്ക് അമരുമ്പോൾ മദൻക്യാൻവാസി
ലേക്ക് നിറങ്ങൾ കോരിയൊഴിച്ചു …
പിന്നെ,ഭ്രാന്തമായവിചാരങ്ങളിലൂടെ
സന്ധ്യയിലേക്കിറങ്ങി ……..
അപ്പോൾ ,ശബ്ദം നഷ്ടമായിരുന്നിട്ടും
മീരയെ തിരികെ വിളിക്കാൻ ആത്മാർത്ഥമായി കൊതിച്ചിരുന്നു മദൻ …!!!

LEAVE A REPLY

Please enter your comment!
Please enter your name here