എന്റെ കര്‍ണ്ണന്‍ – കവിത – സെലിൻ ചാൾസ്

0
281

കര്‍ണ്ണാ, മകനേ,
ദിനേശാത്മജാ വെന്തു-
പൊള്ളുന്നു പാവമൊ-
രമ്മതന്‍ മാനസം .

കാനീനഗര്‍ഭത്തില്‍
നിന്നെച്ചുമന്നൊരീ
മാതാവു തന്നശ്രു
നീ കാണ്‍മതില്ലയോ ?

എന്റെയീയേകാന്ത
ഗദ്ഗതമോമനേ
നിന്റെയുപാന്തത്തി-
ലെത്തുന്നതില്ലയോ ?

എത്രനാള്‍ ഗോപ്യമായ്
വെയ്ക്കുവാനാകുമെന്‍
ഹൃത്തിനെ ഞെക്കി
ഞെരുക്കീടുമിക്കഥ .

മൂകയായീയമ്മ
നിന്നോടു ചൊല്ലുമീ
ശാപകഥയിലെ
നൊമ്പരം കേള്‍ക്ക നീ.

ആര്യനായ്, അശ്വങ്ങ –
ളേഴും ചൂഴും രഥ –
മേറി വിഹായസ്സി –
ലെത്തിനാന്‍ ഭാസ്കരന്‍ .

ആ രക്തശോഭ
ജ്വലിച്ചഷ്ടദിക്കിലും
ഹാ ! പ്രഭാപൂരം
പരത്തിനിന്നീടവേ,

ഞാനതിന്‍ മായിക
വിദ്യുല്ലതാഘാത
പീഢയാല്‍ തെല്ലിട
വിസ്മൃതയായ് സ്വയം.

തേജസ്സിയന്ന
വദനവും വക്ഷസ്സും,
ദീര്‍ഘബാഹുക്കളും,
കാഞ്ചനവര്‍ണ്ണവും,

കണ്ണില്‍ സ്പുരിക്കുന്ന
കല്‍പനാഭാവവും,
ചുണ്ടില്‍ വിരിയുന്ന
സുസ്മേര പുഷ്പവും,

ദേവനില്‍ കണ്ടു
സമാകൃഷ്ടയായി ഞാന്‍
ഭാവനം ചെയ്തു
നിജവധുവായ് സ്വയം.

അര്‍പ്പണം ചെയ്തു ഞാ –
നന്നു ഹര്‍ഷോല്‍സുകം
ദേവനെന്‍ താരുണ്യ –
പൂര്‍ണ്ണ കളേബരം.

കാനീനഗര്‍ഭത്തി –
ലാ സൂര്യചൈതന്യ –
മാരോപിതമാകെ
ഞാനതിഭീതയായ്.

സംപ്രീതനായ് കര്‍മ്മ-
സാക്ഷിയാം ദേവനീ
ദാസിക്കരുളി
കെടാത്ത താരുണ്യവും.

നിന്നെ മകനേ
വെടിഞ്ഞു യമുനയില്‍
കണ്ണീര്‍ക്കയങ്ങളി –
ലെന്റെയീക്കൈയ്യുകള്‍.

എത്ര വിലക്കി
ആരുതെന്നു ഹൃത്തടം
ക്ഷുദ്രാഭിമാന ബോധം
വെന്നിതപ്പോഴും.

അമ്മതന്‍ താരാട്ടു
ശീലുകള്‍ കേള്‍ക്കാതെ
യമ്മിഞ്ഞപ്പാലി –
ന്നമൃതു നുണയാതെ,

ആച്ഛന്റെ ലാളനാ –
ശാസനമേല്‍ക്കാതെ
കൊച്ചുമോഹങ്ങളു –
മുള്ളിലൊതുക്കി നീ

സൂതഗൃഹത്തി –
ലധിരഥ പുത്രനായ്,
രാധേയനായി
വളര്‍ന്നു സൂര്യാത്മജന്‍.

ദേവനാം താതനും,
ക്ഷാത്രമാതാവിനും
ആരോമലാം സുതന്‍
സൂതനായ് മേവുന്നു.

‘വിധിബല’ മല്ലാതെ-
യെന്തു ചൊല്ലേണ്ടു ഞാ-
നെന്‍ വിധി സ്വയമേവ
തീര്‍ത്തതാണെങ്കിലും

നിന്‍വിധി തീര്‍ത്തതീ
യഭിശപ്തയമ്മയാ –
ണെന്നുള്ള സത്യവു –
മിന്നറിയുന്നു ഞാന്‍.

സ്വര്‍ണത്താമ്പാളത്താല്‍
സത്യം മറച്ചു ഞാ –
നാക്കൊടും പാതകം
ഉള്ളിലൊതുക്കി ഞാന്‍.

ദന്തീനികേതത്തില്‍
റാണിയായ് വാണു ഞാന്‍
രാജമാതാവെന്ന
ഖ്യാതിയും കേട്ടു ഞാന്‍..

പഞ്ചാഗ്നി മധ്യേ
പിടയുന്നു മല്‍സുതന്‍
അപമാന ബാണമേ –
റ്റുലയുന്നിതെന്‍ വസു.

പാഴ്ചെളിക്കട്ട പോല്‍
പാഴായ ജീവിത –
മഴുകിയമരട്ടെ
നിന്‍ പാദപത്മത്തില്‍.

എന്നെ ശപിക്ക,
മകനേയതിന്‍ തീഷ്ണ
വഹ്നിയില്‍ ശുദ്ധീകരിക്ക
മന്‍ മാനസം ….

ഇനി വരും ജന്‍മങ്ങ-
ളൊക്കെയും നീയെന്റ
മകനായ് പിറക്കണേ-
യെന്നു പ്രാര്‍ത്ഥിപ്പു ഞാന്‍.

‘ അമ്മ’ യെന്നുള്ള
രണ്ടക്ഷരങ്ങള്‍ നിന്റെ
നാവിലുദിക്കുകി –
ലീയമ്മ ധന്യയായ് ……….

LEAVE A REPLY

Please enter your comment!
Please enter your name here