കരയാൻ കഴിയാത്ത പെൺകുട്ടി – കഥ – സ്വാതി ശശിധരൻ

0
286

അവൾക്കു കരയാൻ കഴിഞ്ഞിരുന്നില്ല … എത്ര ശ്രമിച്ചിട്ടും , നെഞ്ച് വിങ്ങി പൊട്ടുന്ന പോലെ തോന്നുമ്പോഴും , ഒന്ന് കരഞ്ഞു തീർക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു .

ഒരിക്കൽ സ്വയം നുള്ളി കരയിക്കാൻ ശ്രമിച്ചപ്പോൾ , നഖം കൊണ്ട് ചോര പൊടിഞ്ഞപ്പോളാണ് ആദ്യമായി അവൾക്കത് തോന്നിയത്.

പിന്നെ , ഹൃദയം പൊട്ടുന്ന പോലെ തോന്നുമ്പോൾ , അമ്മയുടെ ശ്രദ്ധയിൽ പെടാതെ , അടുക്കളയിൽ കയറി ഏറ്റവും മൂർച്ചയുള്ള കത്തിയും എടുത്തു , ബാത്‌റൂമിൽ പോയി, തണുത്ത , ഈർപ്പമുള്ള ആ സിമന്റ് തറയിൽ ഇരുന്നു , വലത്തേ കൈയിലെ കറിക്കത്തി കൊണ്ട് , ഇടത്തേ കൈത്തണ്ടയിൽ ആഴ്ത്തുമ്പോൾ , അവൾക്കു എന്തെന്നില്ലാത്ത സമാധാനം തോന്നി .

ചീറ്റിയൊഴുകുന്ന രക്തം , അവളുടെ നെഞ്ചിലെ വിങ്ങലുകൾ കുറച്ചു കൊണ്ടിരുന്നു . ഒടുവിൽ ഒഴുകി ഒഴുകി രക്തം കട്ടപിടിച്ചുതുടങ്ങിയപ്പോൾ , അവളുടെ മനസ്സിൽ സമാധാനം തിരിച്ചു വന്നിരുന്നു.

കറിക്കത്തി ആയിരുന്നതിനാൽ ചില മുറിവുകൾ ഉണങ്ങാൻ വളരെ സമയം എടുത്തു. വീതിയുള്ള സ്ട്രാപ്പുള്ള വാച്ചു കെട്ടി , മുറിവുകൾ മറച്ചപ്പോഴും , കൈക്കുഴ ആനക്കുമ്പോൾ, ചിലപ്പോൾ ഉള്ളിൽ നിന്നും ചോര ഒലിച്ചു വന്നിരുന്നു .

ചിലപ്പോൾ വീട്ടിൽ ഉയരുന്ന ഉറക്കെ ഉറക്കെ ഉള്ള ശാപവാക്കുകൾ കേൾക്കുമ്പോൾ, അവളുടെ ഹൃദയമിടിപ്പ് കൂടുകയൂം , വാച്ചിന്റെ അടിയിൽ നിന്ന് അവളറിയാതെ രക്തം ഒഴുകാനും തുടങ്ങും. അവൾക്കു ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല .

എന്താണ് കാരണം എന്ന് അറിയാനുള്ള അവകാശവും അവൾക്കില്ലായിരുന്നു .
ഇത് കേൾക്കുമ്പോൾ തനിക്കു വേദനിക്കുന്ന്നുവെന്നും , നെഞ്ച് പൊട്ടുന്നപോലെ തോന്നുന്നെന്നും , കരയാൻ കഴിയുന്നില്ലെന്നും ഉറക്കെ അവരോടു പറയണമെന്ന് തോന്നി . പക്ഷെ അവൾക്കു പേടി ആയിരുന്നു .

ആ വീട്ടിലെ നിയമങ്ങളെ അവൾ ഭയന്നിരുന്നു . കിണറിന്റെ മറവിലെ തണുത്ത മണലിൽ ഇരുന്നു, മാതളത്തിന്റെ ഒരിക്കലും കായ്ക്കാത്ത പൂക്കൾ നോക്കിയാണ് അവൾ പഠിച്ചിരുന്നത്. ആ മറവിൽ, ആ ഈർപ്പത്തിൽ , ആ തണലിൽ , വീട്ടിലെ ഉച്ചത്തിലുള്ള ആക്രോശം അവൾക്കു കേൾക്കാൻ പറ്റുമായിരുന്നില്ല .

ചിലപ്പോൾ കൈത്തണ്ടയിലെ മുറിവിന്റെ ആഴം കൂടി , അത് പഴുക്കുമായിരുന്നു. ആ സമയത് , അവൾക്കു വാച്ചു വെച്ച് മറയ്ക്കാൻ പറ്റുമായിരുന്നില്ല . പിളർന്ന മുറിവിൽ പഴുപ്പ് നിറഞ്ഞാൽ, ചിലപ്പോൾ ദിവസങ്ങൾ തന്നെ എടുക്കും ഉണങ്ങാൻ.

ആ സമയത്തു അവൾക്കു പിന്നെയും മുറിക്കാൻ കഴിയുമായിരുന്നില്ല . ചിലപ്പോൾ ഉള്ളിലെ തിക്കു മുട്ടൽ തീരെ സഹിക്കാൻ വയ്യാത്ത അവസ്ഥയിൽ , മുഴുവനും ഉണങ്ങാത്ത മുറിവിന്റെ പുറത്തു കൂടി അവൾ കത്തി ആഴ്ത്തിയിരുന്നു ….

എന്ന് , എപ്പോൾ ആണ് അത് ആശ്വാസമായി തുടങ്ങിയത് എന്ന് അവൾക്കോർമ്മയില്ലായിരുന്നു …. എന്നോ ഒരിക്കൽ…. കണ്ണടച്ചു , ചുവരിനഭിമുഖമായി കിടന്ന് , അവർ തമ്മിലുള്ള ആക്രോശം കേട്ട് , അത് ഭയത്തിലേക്കു പോയി തുടങ്ങിയപ്പോൾ ….. ചുവരിലെ തണുപ്പിൽ സ്വന്തം കവിൾ ചേർത്ത് വെച്ച് , അത് തന്നെ ആശ്വസിപ്പിക്കുകയാണെന്ന് അവൾ സ്വയം കരുതി.

.
ഒറ്റയ്ക്ക് കിടക്കാൻ അവൾക്കിഷ്ടമായിരുന്നു . ഒറ്റയ്ക്ക് തെക്കതിലെ ചെമ്പക മരത്തിൽ കയറിയിരുന്നും , വലതു വശത്തുള്ള മരത്തിന്റെ ചുവട്ടിൽ , സൂര്യന്റെ ചൂടേൽക്കാത്ത പൂഴിമണൽ അര വരെ മൂടി , അതിന്റെ തണുപ്പിൽ അവൾ ആശ്വാസം കൊണ്ടു .

നട്ടുച്ചക്കും , തനിക്കു തോന്നിയ നേരത്തും ഒക്കെ തെക്കേതിലെ ചെമ്പക മരങ്ങൾ അവൾക്കു ആശ്വാസമായിരുന്നു. ഉള്ളു കത്തുന്നത് കൊണ്ടായിരുന്നിരിക്കണം , തണുത്ത പൂഴിമണലും , ഈർപ്പമുള്ള കിണറ്റിങ്കരയിലെ മണലിലും മാത്രം ഇരുന്നത് ….

തറയിൽ ഇരുന്നു സ്വയം കെട്ടിപ്പിടിക്കുമ്പോൾ , അവൾക്കു സമാധാനം തോന്നി . ഇതൊക്കെ മറ്റുള്ളവരിൽ നിന്നൊളിച്ചു വെക്കാൻ അധികം പാടൊന്നും ഉണ്ടായിരുന്നില്ല … ഏഴു പേരുള്ള വീട്ടിൽ, പതിമൂന്നുവയസ്സുകാരിയുടെ ഈ സ്വഭാവമോന്നും ആരും ശ്രദ്ധിച്ചിരുന്നില്ല …..

.
ആ വീട്ടിലെ നിലത്തു അദൃശ്യമായ അതിരുകൾ ഉണ്ടായപ്പോൾ അവൾ കൂടുതൽ ഭയന്നു …അറിയാതെ എങ്ങാനം ഭേദിച്ച് പോയാൽ കിട്ടുന്ന ശിക്ഷയേക്കാൾ , താൻ വിശ്വാസവഞ്ചന കാണിച്ചെന്ന തോന്നലിനെയാണ് അവൾ പേടിച്ചിരുന്നത് …

നിരോധനാജ്ഞകൾ ഒട്ടധികമാവുമ്പോൾ . അവൾ ആ വീട്ടിൽ അധിക സമയം നിന്നില്ല . ഓല മേഞ്ഞ പഴയ വീട്ടിലെ ഒറ്റ മുറിയിലെ ആടുന്ന തടിക്കട്ടിലിനും , അവളെ ആശ്വസിപ്പിക്കാനുള്ള തണുപ്പുണ്ടായിരുന്നു . പക്ഷേ രാത്രിയാകുന്നതിനു മുമ്പ് വീട്ടിൽ പോകണം .

നിശ്ശബ്ദതയുള്ള ദിവസങ്ങളിൽ അവൾ സന്തോഷിച്ചു . രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നിറം മങ്ങിയ പഴയ ചുവരിൽ അവൾ ഒരു പാട് കാര്യങ്ങൾ കണ്ടും, മാഞ്ഞും ഇരുന്നു . പ്രാർഥിക്കാൻ അവൾക്കു ആവശ്യങ്ങൾ ഉണ്ടായിരുന്നില്ല . അവളുടെ വേദനകൾക്ക് സ്വയമറിയാതെ, അവൾ എങ്ങനെ ഒക്കെയോ പരിഹാരം കണ്ടു പിടിച്ചിരുന്നു.

.
അവളുടെ ഇടത്തേ കൈത്തണ്ടയിലെ ആഴമേറിയ പാടുകൾ മറ്റുള്ളവര്‍ കണ്ടു പിടിച്ചപ്പോഴേക്കും, കാലം ഒരുപാടു പിന്നിട്ടിരുന്നു .

വർഷങ്ങൾ കടന്നുപോയി …. പല കാര്യങ്ങളും, എന്തിനാണ് താൻ ചെയ്യുന്നത് , എന്നറിയാതെ അവൾ ചെയ്തു പോന്നു ….

പിന്നെ ഏറ്റവും ഒടുവിൽ, ആശുപത്രിയിൽ വെച്ച് ബോധം തെളിഞ്ഞപ്പോഴേക്കും …. അവൾ നിലയില്ലാ കയത്തിൽ പെട്ടിരുന്നു ….

LEAVE A REPLY

Please enter your comment!
Please enter your name here