വസന്തങ്ങളെ മുലയൂട്ടുന്നവൾ – കവിത – ജയമോൾ വർഗ്ഗീസ്

0
677

നെടുവീർപ്പുകൾ എന്തേ
പ്രിയമാർന്നൊരു വെമ്പലോടെ
നിന്നെത്തേടി
കാടകം പൂകുന്നു..?

ആറ്റുവഞ്ചിത്തലപ്പുകളിൽ
ഒരു മാത്ര നിർന്നിമേഷയായി
നീർത്തിളക്കത്തിൽ
ഉറ്റുനോക്കുന്നു.?

ചക്രവാളത്തിനപ്പുറത്തേയ്ക്ക്
നിന്റെ ഓർമ്മകളെ തേടി
അനുസ്യൂതം എന്നെ
കൂട്ടിക്കൊണ്ട് പോകുന്നു…?

നിന്നോടൊപ്പം നടന്ന
വഴിത്താരകളിലൂടെ വീണ്ടും
കൈ കൊരുത്തു
നടക്കുവാൻ ശഠിക്കുന്നു…?

എന്തിന് വീണ്ടും നഷ്ടമായ
ഋതുഭേദങ്ങളെ
നെഞ്ചിൽ ചേർത്ത്
ഉറക്കുവാൻ മോഹിക്കുന്നു..?

നിന്റെ പ്രണയ മഴയിൽ
ഒരു വട്ടം കൂടി കുളിരാർന്ന്…
തൂവലൊതുക്കുവാൻ
കൊതിക്കുന്നു…?

നിറമടർന്നു ചിതറിപ്പോയ
ജീവിതത്തെ
വീണ്ടും പെറുക്കിക്കൂട്ടുവാൻ
വെമ്പുന്നു.?

തിരി താഴ്ത്തിയ
ശരറാന്തലിൽ നിഴലിൽ
നിനക്കായ് മോഹങ്ങൾ
നെയ്തുകൂട്ടുന്നു?

കടലോളം സ്വപ്നങ്ങളിൽ
ആത്മാവോളം ആഴത്തിൽ …
നിനക്കായ് മഴവില്ല് നെയ്യുന്നു..?

മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടത്തിൽ
കൊഴിഞ്ഞ് വീണ ഇന്നലെകളിലെ
എന്നിലെ നഷ്ടമായ ..
ശലഭച്ചിറക് തപ്പുന്നു.??

എന്തിന് കണ്ണീർ പടർന്ന
പുസ്തകത്താളുകളിൽ…
കാവ്യ പുണ്യമായ് നിന്നെ
എഴുതി നിറയ്ക്കുന്നു…?

വെയിലിന്റെ മാറിൽ ഉരുകി
വീഴുമൊരു
പനിനീർ ദളം പോൽ..
നിന്റെ സ്നേഹരാഹിത്യങ്ങളാൽ
മരണത്തിന്റെ വന്യമാം
തണുപ്പിനെ മോഹിക്കുന്നു…?

നീ എന്ന ഒറ്റവാക്കിൽ
സ്വപ്നങ്ങൾക്ക് ചിതയൊരുക്കി
ആത്മാവിനെ പ്രാണത്യാഗം
ചെയ്യുന്നു..?

അറിയില്ല.. അറിയുന്നതൊന്നുമാത്രം..
നിന്നോളം പ്രിയമാർന്നതായി
ഒരു സ്വപ്നവും എന്നിലില്ല..

എന്തെന്നാൽ നീ എനിക്കായ്
ഋതുഭേദങ്ങളെ കടമെടുത്തവൻ..
ഞാനോ.. നിനക്കായ്
വസന്തങ്ങളെ മുലയൂട്ടുന്നവൾ…

LEAVE A REPLY

Please enter your comment!
Please enter your name here