അറുകൊല – കവിത – വി. പ്രദീപ് കുമാർ

0
375

നൂറ്റാണ്ടുകളായി നാടുണർന്നത്
അവന്റെ അപ്പനപ്പൂപ്പൻമാർ കൂവിയായിരുന്നു
കീയോ… കീയോ വിളിച്ചു കൂവിത്തെളിഞ്ഞപ്പോൾ
കൂവൽ അവന്റെ കുലത്തൊഴിലായി.

അന്നും നാലരവെളുപ്പിന് അവൻ
രണ്ടുകാലിൽ നീണ്ടു നിവർന്നുനിന്ന്
തലയുയർത്തിപ്പിടിച്ച് നാടും നാട്ടാരും
ഉണരുമാറുച്ചത്തിൽ നീട്ടി കൂവി…

കൊക്കര കോ… കൊക്കര കോ…

ആരാധനാലയങ്ങളിലെ കോളാന്പികൾ
ദൈവഗർജ്ജനങ്ങൾ മുഴക്കുന്പോഴും
പാതിരാ കുർബാന നടക്കുന്പോഴും
കൂവിയത് ദൈവനിന്ദയാണെന്ന കുറ്റം
ആരോപിച്ച് മതസൗഹാർദ്ദം
അവനെതിരെ വധഭീഷണി മുഴക്കി.

കൂട്ടിൽനിന്നും പിടിച്ചിറക്കി
കൊല നടത്തിയത് അവന്റെ പിടയുടെയും
അവളുടെ ഒൻപതു കുഞ്ഞുങ്ങളുടെയും
മുന്നിലിട്ട് കഴുത്തറുത്തായിരുന്നു.

പീസ് പീസാക്കി മസാലപുരട്ടി നരകത്തിലെ
ചീനച്ചട്ടിയിലെ തിളയ്‌ക്കുന്ന എണ്ണയിൽ
വറുത്തെടുത്ത മൃതദേഹം മേശമേൽ
നിറയെ പൂക്കളുള്ള വെളുത്ത പ്ളേറ്റിൽ
പൊതുദർശനത്തിനു വെച്ച്
തക്കാളിയും കക്കരിയും സവാളയും
റീത്തുകളാക്കി മതസൗഹാർദ്ദം
എല്ലിൽ പിടിച്ച് മാംസം കടിച്ചുവലിച്ച്
ചിറിതുടച്ച് ഏന്പക്കം വിട്ട്
ഒരേസ്വരത്തിൽ മൊഴിഞ്ഞു…

‘ഇവനൊരൽപ്പം മൂപ്പു കൂടിപ്പോയി.’

LEAVE A REPLY

Please enter your comment!
Please enter your name here