രുചിയുളള പൊതിച്ചോർ – കഥ – പ്രവീൺ ചന്ദ്രൻ

0
288

“നീയെന്താ രമേ നിന്റെ ഭർത്താവിന് ഉച്ച ഭക്ഷണം ഒന്നും കൊടുത്ത് വിടാറില്ലേ? ”

അവളുടെ ഭർത്താവിന്റെ സഹപ്രവർത്തകയായ ആനി ചേച്ചിയുടെ വകയായിരുന്നു ആ ചോദ്യം…

“അതെന്താ ചേച്ചി അങ്ങിനെ ചോദിച്ചത്? ഇത്തിരി ബുദ്ധിമുട്ടിലാണെങ്കിലും ഇന്നുവരെ ഞാനാ പതിവ് തെറ്റിച്ചിട്ടില്ല..” അവൾ കുറച്ച് വിഷമത്തോടെ മറുപടി പറഞ്ഞു…

“ആണോ? പിന്നെന്താ മൂപ്പര് ആകെ ഒരു കഷ്ണം ബൺ മാത്രമാണല്ലോ ഉച്ചക്ക് കഴിക്കുന്നത്?”..

അവളാകെ ആശയക്കുഴപ്പത്തിലായി ..എന്നും കൊണ്ടു പോകുന്ന ഭക്ഷണം അദ്ദേഹം പിന്നെ എന്തു ചെയ്യുന്നു?തന്നെയുമല്ല രണ്ടുപേർക്കുളള ഭക്ഷണമെങ്കിലും അതിലുണ്ടാവാറുണ്ട് എപ്പോഴും..

അവൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടുത്തവും കിട്ടുന്നില്ലായിരുന്നു…

അന്ന് രാത്രി ഊണു കഴിക്കാനിരുന്നപ്പോൾ അവൾ അയാളോട് ചോദിച്ചു..

“എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ എന്റെ സ്പെഷൽ മീൻ കറി?”

അത് കേട്ടതും അയാളുടെ മുഖത്തുണ്ടായ ഭാവ വ്യത്യാസം അവൾ ശ്രദ്ധിച്ചു..

“ആ…നന്നായിരുന്നു”…ഒഴുക്കൻ മട്ടിലുളള ആ മറുപടി അവൾക്ക് അത്ര രസിച്ചില്ല..കാരണം ഇന്ന് അവൾ കൊടുത്ത് വിട്ടത് സാമ്പാർ ആയിരുന്നു..

“ഞാൻ വയ്ക്കുന്നത് ഇഷ്ടപെടുന്നില്ലെങ്കിൽ അത് പറഞ്ഞാ പോരേ? ഇങ്ങനെ വഴിയിൽ കളയാനാണോ ഞാൻ ദിവസവും കഷ്ടപ്പെട്ട് ഭക്ഷണം ഉണ്ടാക്കി തന്നുവിടുന്നത്?” അവൾ അല്പം ദേഷ്യത്തോടെ ചോദിച്ചു…

അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവളുടെ കലിതുളളിയ രൂപം കണ്ട് ഒന്നും മിണ്ടാതെ അവിട നിന്ന് എഴുന്നേറ്റ് പോയി…

തന്റെ ഭർത്താവ് തന്നിൽ നിന്നെന്തൊക്കെയോ മറക്കുന്നുണ്ട് എന്ന തോന്നൽ അവളെ സങ്കടത്തിലാഴ്ത്തിയിരുന്നു…

അദ്ദേഹം അധികമാരോടും സംസാരിക്കുന്ന പ്രകൃതക്കാരനല്ല… തനിക്ക് പോലും പലപ്പോഴും തോന്നാറുണ്ട് ഇയാളെന്ത് മനുഷ്യനാണെന്ന്… വല്ലതും ചോദിച്ചാൽ തന്നെ ഉത്തരം തരുന്നത് തന്നെ വിരളമാണ്..അദ്ദേഹത്തിന് എത്ര ശമ്പളമുണ്ടെന്ന് പോലും ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല…

പക്ഷെ ഇതുവരെ തന്നേയും കുട്ടികളേയും അദ്ദേഹം വേദനിപ്പിച്ചിട്ടില്ല എന്നതൊന്നുകൊണ്ട് മാത്രമാണ് താൻ പിടിച്ചുനിന്നിരുന്നത്…

എന്നാലും ഈയിടെയായി ഇത് വളരെ കൂടിവരികയാണ്..പൈസ എവിടെയാണ് പോകുന്നത് പോലും അറിയില്ല..ചിലപ്പോൾ അദ്ദേഹത്തിന് മറ്റാരെങ്കിലുമായി അടുപ്പം ഉണ്ടാവുമോ?.. അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു..

രാത്രി കിടക്കാൻ നേരം മുഖം വീർപ്പിച്ചു കിടന്ന അവളോടായി അയാൾ പറഞ്ഞു..

“നാളെ നീ എന്റെ കൂടെ ഒന്നു വരണം..നിനക്ക് എല്ലാത്തിനുമുളള ഉത്തരം കിട്ടും”..

ആകാംഷ കാരണം അവൾക്കന്ന് ഉറങ്ങുവാനേ സാധിച്ചില്ല…

പതിവുപോലെ ഭക്ഷണം പൊതിഞ്ഞിരുന്ന കവറുമെടുത്ത് അയാൾ ഓഫീസിലേക്കി റങ്ങി…കൂടെ അവളും…

വഴിയിലൊരുപാട് വേസ്റ്റ് ബാസ്ക്കറ്റുകളുണ്ടായി രുന്നിട്ടും ഒന്നിൽ പോലും അയാൾ ഭക്ഷണം ഉപേക്ഷിക്കുന്നത് അവൾക്ക് കണ്ടെത്താനായില്ല…

അങ്ങനെ ഓഫീസെത്തുന്നതിന് മുന്പുളള ഒരു തെരുവിനടുത്ത് അദ്ദേഹം നിന്നു..

അവൾക്ക് ആ കാഴ്ച്ച വിശ്വസിക്കാനായില്ല..

തെരുവിലെ കൂരക്കുളളിൽ നിന്നും ഒരു സ്ത്രീയും കുട്ടിയും പുറത്തേക്കു വന്നു..

അയാൾ ആ ഭക്ഷണപ്പൊതി അവർക്കു നീട്ടി..സന്തോഷത്തോടെ അത് വാങ്ങി അവരദ്ദേഹത്തോട് നന്ദി പറഞ്ഞു..

തുടർന്ന് അടുത്തുളള ഒരു ചെറിയ പെട്ടിക്കടയിൽ നിന്ന് ഒരു പാക്കറ്റ് ബൺ വാങ്ങി ബാഗിലാക്കി കടക്കാരനായ വൃദ്ധന് അമ്പതു രൂപ കൊടുത്തു.. അയാൾ അത് നന്ദിയോടെ സ്വീകരിച്ചു..

ബാക്കിപോലും അയാൾ വാങ്ങിച്ചില്ല..

ആശ്ചര്യത്തോടെ അയാളെത്തന്നെ നോക്കി നിന്ന അവളോടായി അയാൾ പറഞ്ഞു..

“കണ്ടില്ലേ രമേ നീ ഉണ്ടാക്കിത്തന്ന ഭക്ഷണത്തിന് എത്രമാത്രം രുചിയുണ്ടെന്ന്..മൂന്ന് മാസങ്ങൾക്ക് മുമ്പ് ഞാനീ വഴി വരുമ്പോൾ ആ സ്ത്രീയും കുട്ടിയും ഭക്ഷണത്തിനു വകയില്ലാതെ അവിടെയിരിക്കുന്ന വേസ്റ്റ് ബക്കറ്റിൽ നിന്നും ഭക്ഷണം വാരിക്കഴിക്കുകയായിരുന്നു…

എന്റെ കയ്യിലുളള ഭക്ഷണപ്പൊതി ഞാനവർക്ക് നൽകിയപ്പോൾ അവർക്കുണ്ടായ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി..പിന്നീട് ഒരിക്കലും ഞാനാ പതിവു തെറ്റിച്ചിട്ടില്ല…

വിശക്കുന്നവർക്ക് ഒരു നേരത്തെ അന്നം കൊടുക്കാനായാൽ അതിനേക്കാൾ വലിയ പുണ്ണ്യമില്ല രമേ…

പിന്നെ ആ കാണുന്ന പെട്ടിക്കടയിൽ നിന്ന് ഞാനെന്നും ബൺ വാങ്ങുന്നത് ആ പാവം മനുഷ്യന് അമ്പത് രൂപ കൊടുക്കാൻ വേണ്ടിയാണ്..വെറുതെ കൊടുത്താൽ അദ്ദേഹം അത് വാങ്ങില്ല..

രമേ നമ്മുടെ കൺമുന്നിൽ കാണുന്നവരെയാണ് നാം ആദ്യം സഹായിക്കേണ്ടത്..അതിന് കയ്യിൽ ഒരുപാട് പൈസ വേണമെന്നില്ല..

ഇനിയും നിനക്കെന്നോട് ദേഷൃമുണ്ടെങ്കിൽ നിനക്ക് നിന്റെ ഇഷ്ട്ടം പോലെ ആവാം…

ഇത്രയും ദയാലുവായ അദ്ദേഹത്തെ തെറ്റിധരിച്ച തിൽ അവൾക്ക് അതിയായ വിഷമം തോന്നി..

“എന്നോട് ക്ഷമിക്കണം ചേട്ടാ..ഒന്നും ഞാനറിഞ്ഞി രുന്നില്ല”

“പോട്ടെ..ഇനി വീട്ടിൽ പൊക്കോളൂ..ഞാൻ കൊണ്ടു വിടണോ?”

“വേണ്ട ചേട്ടാ ഞാൻ തനിയെ പോയ്ക്കൊളളാം…”

അദ്ദേഹത്തോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി…

വീട്ടിലെത്തുന്നത് വരെ അവൾ ചിന്തിച്ചത് പലപ്പോ ഴും വെറുതെ കളയുന്ന ഭക്ഷണത്തെക്കുറിച്ചായി രുന്നു..എത്രയോ പേർ അത് പോലും കിട്ടാതെ വിഷമിക്കുണ്ടെന്നറിയുമ്പോഴാണ് നമുക്കതിന്റെ വിലയറിയുന്നത്…

പിറ്റെ ദിവസം അയാൾക്ക് പൊതിഞ്ഞ ഭക്ഷണപൊതിയോടൊപ്പം ഒരു പൊതി കൂടെ വേറെയുണ്ടായിരുന്നു..

അതിൽ ഇങ്ങനെ ഒരു കുറിപ്പും…

“ഇത് ആ നല്ലമനസ്സിന്..ചുമരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാനൊക്കു…”

LEAVE A REPLY

Please enter your comment!
Please enter your name here