ആനന്ദ ബ്രാന്റൻ – വായനാനുഭവം – വി. പ്രദീപ് കുമാർ

0
343

വ്യത്യസ്‌തത പുലർത്തുന്ന കഥകൾ കൊണ്ട് മലയാള സാഹിത്യത്തിലും വായനക്കാർക്കിടയിലും ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്. വ്യത്യസ്‌തതകളുടെ പുതിയ മാനങ്ങളുമായാണ് വിനോയ് തോമസ് ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ആനന്ദ ബ്രാന്റനെ” അവതരിപ്പിക്കുന്നത്. വിനോയിയുടെ മതം ഭയമല്ല. അദ്ദേഹത്തിന്റെ മതം സാഹിത്യമാണ്. അത് താൻ ജനിച്ചു വളർന്ന സമുദായത്തിന്റേതാവാം, പ്രവർത്തിച്ചു ജീവിച്ചുപോകുന്ന സമൂഹത്തിന്റേതാവം. സമൂഹത്തിൽ കുമിഞ്ഞുകൂടി ജീർണിച്ചു ദുർഗന്ധം വമിക്കുന്ന കുപ്പകളിലകപ്പെട്ടുപോയ മാണിക്യം തെരയലാണത്.

വിനോയിയുടെ കഥാപാത്രങ്ങൾ, അദ്ദേഹത്തിന്റെ എല്ലാ കഥകളിലേയും പോലെതന്നെ ഈ കഥയിലും വായനക്കാരന്റെ മനസ്സിന്റെ ബ്ലൈൻഡ് സ്‌പോട്ടിൽ ഒളിക്കുകയോ വിസ്‌മൃതിയുടേ അഗാധനീലിമയുടെ കാണാക്കയങ്ങളിൽ മുങ്ങാംകുഴിയിട്ട് മറയുകയോ ചെയ്‌യുന്നില്ല. വിനോയിയുടേതുമാത്രമായ ശൈലിയിൽ നർമ്മം തുളുന്പുന്ന സംഭാഷണങ്ങളുമായാണ് ഓരോ കഥാപാത്രവും കഥയിൽ നിറഞ്ഞു നിൽക്കുന്നത്.

ചെന്നെത്തപ്പെടുന്നിടത്തൊക്കെ, അവിടെ നിലവിലുള്ളതിനെയെല്ലാം കുറ്റം പറഞ്ഞ്, ചോറും, ഓണവും, കൈത്തറിസാരിയും, മാർഗംകളിയും, കപ്പ നടീലും, സ്വർണാഭരണം മുതൽ മാസച്ചിട്ടിവരെ നടത്തി കേരളം ഉണ്ടാക്കുന്നവരാണ് മലയാളി.
‘പെണ്ണുംപെണ്ണും ആണുംആണും കെടക്കണതുകൊണ്ട് ഇവിടെ പിള്ളേരച്ഛൻ പോലുമുണ്ടാകുന്നില്ല പിന്നല്ലേ പള്ളീലച്ചൻ’ എന്ന പൊറാട്ട് പറച്ചിലിന്റെ ഭാഗമായിട്ട് കേരളത്തിൽ നിന്നും സ്വിറ്റ്‌സർലന്റിൽ ഇറക്കുമതിചെയ്‌ത ചരക്കാണ് ഫാ.സക്കറിയാസ് ചിറക്കുഴി എന്നുവേണം കരുതാൻ. അച്ചന് നിജേഷ് ഉപചാരപാനിയമായി നൽകിയ കൊന്യാക്ക് യൂറോപ്പിൽ പതിവില്ലാത്തവിധം രണ്ടെണ്ണം മലയാളത്തിൽ ഊറ്റിയടിച്ചു എന്നതുപോലുള്ള കഥയിലെ ഹാസ്യം കലർന്ന പദപ്രയോഗങ്ങൾ വിജോയിക്ക് മാത്രം സ്വന്തം.

ആദ്യ നോട്ടത്തിൽത്തന്നെ പേർഷ്യത്തൊമ്മനിൽ അനുരക്തയായി, മാലയൂരി പുഴയിലിട്ട് തൊമ്മനെക്കൊണ്ട് മുങ്ങിയെടുപ്പിച്ച് കഴുത്തിലണിയിപ്പിക്കുന്ന അവിവാഹിതയും സുന്ദരിയും ബുദ്ധിമതിയുമായ ആത്തോലും ഒരു പൊറാട്ട് കളിക്കാരിതന്നെ.

കലവറ നിറയ്ക്കാനുള്ള ഏറ്റോം വലിയ സാധനം മുതൽ ചെറിയ സാധനം വരെയുള്ള പഴം, ബെണ്ടക്ക, വേത് നങ്ങ, കക്കിരി എന്നിവയുമായി കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ പൊറാട്ട് കളിയിൽ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന ലിംഗോത്സവങ്ങളും
പിന്നിട്ട് ( ലണ്ടനിലെ നോട്ടിങ്ങ്ഹിൽ കാർണിവലും, കേരളത്തിലെ കശുമാവിൽ പരിപൂർണ നഗ്‌നനായി തൂങ്ങിയാടുന്ന കായ്‌ഫലം പോലെ ബ്രൈട്ടണിലെ സുവനീർ ഷോപ്പുകളിൽ കടൽക്കാറ്റേറ്റ് തൂങ്ങിയാടുന്ന ലിംഗങ്ങളുടെ പ്രതിരൂപംവരെ പൊറാട്ട് കളിയുടെ ഭാഗം തന്നെ ) നിജേഷ് ഒടുവിൽ സത്യേശ്വരനായി ബുനെയിലെ ജംഗിൾ ഹൈഡ് ഔട്ടിലെ, അതിപുരാതനമായതിനാൽ വംശം തിരിച്ചറിയാനാവാത്ത വടവൃക്ഷത്തിന്റെ തണലിൽ ‘ബ്രാന്റ്മീയത’യിൽ ധ്യാനനിമഗ്നനായിരിക്കുന്പോൾ രാമച്ചിയിലെ മഞ്ഞപ്പൂപോലെ വന്നുവീണ പ്ലാവിന്റെ ഇലനോക്കി അനേകായിരം പഴുക്കാത്ത ഇലകൾ ചിരിക്കുന്നുണ്ടാവണം.

നല്ലൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here