രൂപാന്തരം – കഥ – ഷബ്‌ന ഫെലിക്സ്

0
306

“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു സർ..”

ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റു മുട്ടിൽ നിന്ന് അവൾ പറഞ്ഞു..

“വെറും സ്നേഹമല്ല സർ..ഞാൻ പ്രണയിക്കുന്നു…അഗാധമായി..”

പിന്നെയും എന്തൊക്കെയോ പറയാൻ അവളുടെ ചുണ്ടുകൾ വിതുമ്പുന്നത് അയാൾ കണ്ടൂ..കണ്ണുകൾ ഒരു മോഹാലസ്യത്തിലെന്ന പോലെ മേൽപ്പോട്ട് ഉയർന്നു താണു..

സുന്ദരിയായ ഒരു യുവതി തന്റെ തൊട്ടരികെ…സോഫയിൽ ഇരിക്കുന്ന തന്റെ കൈകളെ അവളുടെ കൈകൾക്കുള്ളിലാക്കി കൊണ്ട്..മുട്ട് കുത്തി നിൽക്കുന്നു…

ശരീരത്തിൽ വൈദ്യുതി പടരുന്നത് അറിയുന്നു….ഇണയെ സ്വീകരിക്കാൻ അത് തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു …മുന്നോട്ടാഞ്ഞു അവളുടെ മുഖത്തെ കൈക്കുള്ളിൽ ഒതുക്കാൻ മനസ്സ് കൊതിക്കുന്നൂ..വിതുമ്പി നിൽക്കുന്ന ചുണ്ടിനെ കോർത്ത് വെക്കാൻ..

അവളെ വാരിയെടുത്ത് കൊണ്ട് പോകൂ..ഉള്ളിൽ നിന്നും ശക്തമായ സ്വരം മുഴങ്ങുന്നു…

എന്തിനും തയ്യാറായി ഒരു യുവതി..മുന്നിൽ..

വേണ്ട…പാടില്ല.. ഇവൾ എന്നെതേടി വന്നവൾ..മനസ്സിനെ ശാസിച്ചു നിർത്തി ..പൊന്തി വന്ന വികാരത്തെ അടക്കി നിർത്തി..പതിയെ അവളെ നോക്കി ചിരിച്ചു..അവളുടെ കൈയ്‌ക്കുള്ളിൽ നിന്നും തന്റെ കൈകളെ സ്വതന്ത്രമാക്കി…

അവളെ പതിയെ എഴുന്നേൽപ്പിച്ച് സോഫയിൽ ഇരുത്തി…അവളെ നോക്കി ഒന്ന് ചിരിച്ച് എഴുനേറ്റു..

ആദ്യമായി കാണുന്നതു കൊണ്ടാവണം അവളുടെ കണ്ണുകൾ അയാളിൽ തന്നെ തറഞ്ഞ് നിന്നു

അവളുടെ പെരുമാറ്റത്തിലും നോട്ടത്തിലും അസ്വാഭാവികമായി എന്തൊക്കെയോ നിഴലിച്ചു നിന്നു

She is not normal…
മനസ്സ് പിറുപിറുത്തു.

അവിടെ നിന്നും എഴുനേറ്റു അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സിൽ അവളുടെ പ്രൊഫൈൽ ചിത്രം തെളിഞ്ഞു വന്നു…

രൂപ രാജേഷ്..

ഓൺലൈൻ എഴുത്തിന്റെ ലോകത്ത് വ്യത്യസ്തത പുലർത്തി എന്നും അയാളുടെ കഥകൾ..മാസ്മരികത നിറഞ്ഞതോ ദുരൂഹമായതോ മനഃശാസ്ത്രത്തിന്റെ ഉള്ളറ കളെ തൊട്ടു തലോടിയോ അയാൾ വായനക്കാരെ എന്നും കയ്യിലെടുത്ത് പോന്നു…

അയാൾക്ക് ചുറ്റും ആരാധകവൃന്ദം റിക്വസ്റ്റ് കളുടെ രൂപത്തിൽ കുമിഞ്ഞു കൂടി…അവിടെ കൊണ്ട് മതിയാകാതെ പലരും ഇൻബോക്സിൽ വന്ന് വിശേഷം പറഞ്ഞു…അവരിൽ ഒരാളായി ഒരിക്കൽ ഒരു യുവതി….അയാളുടെ കഥകളെ നെഞ്ചോട് ചേർത്തുവെച്ചു

അയാളുടെ കഥാപാത്രങ്ങളെ അവൾ കീറിമുറിച്ച് വിശകലനം ചെയ്ത് ആസ്വദനകുറിപ്പ് തയ്യാറാക്കി…

മറ്റേതൊരു ആരാധകനേക്കാളും അവളിൽ ഒരു മമത അയാൾക്കും മൊട്ടീട്ടൂ…

“നിങ്ങളുടെ കഥകളിലെ കഥാപാത്രങ്ങൾക്ക് പലപ്പൊഴും എന്റെ സ്വഭാവമാണ്…കഥകൾ വായിക്കുമ്പോൾ ഞാൻ അതിലെ കഥാ പാത്രമെന്ന് തോന്നി പോകുന്നു….”

ഒരിക്കൽ അവൾ അയാളോട് പറഞ്ഞു ..

“നിങ്ങളോട് ഉള്ള ആരാധന ഒരു പ്രണയമായി വളർന്നിരിക്കുന്നു ….
ഇന്ന് വരെ ഞാൻ ആരെയും പ്രണയിച്ചിട്ടില്ല…മനസ്സ് തുറന്നിട്ടില്ല..”

മറ്റൊരിക്കൽ അവൾ തന്റെ മനസ്സിന്റെ താക്കോൽ അയാൾക്ക് മുന്നിൽ സമർപ്പിച്ച് കൊണ്ട് പറഞ്ഞു..

“എന്നെക്കാൾ ഇരുപത് വയസ്സ് ചെറുതാണ് നീ….ഇൗ വയസ്സെനെയോ പ്രണയിക്കുന്നത്….വട്ടുണ്ടോ കുട്ടീ…
എന്റെ കഥാപാത്രങ്ങളും ജീവിതവും രണ്ടും രണ്ടാണ്….”

അവളുടെ മെസ്സേജ് വായിച്ച് മനസ്സിൽ തോന്നിയ സന്തോഷത്തെ പുറത്ത് കാട്ടാതെ റീപ്ലേ കൊടുത്തത് അങ്ങനെ ആയിരുന്നു…

ആരെങ്കിലും സ്നേഹിക്കുന്നു പ്രണയിക്കുന്നു എന്നറിയുമ്പോൾ അതിൽ ശരിയുടെ പാത ഇല്ലെങ്കിൽ കൂടി.. ഗൂഢമായി സന്തോഷം കണ്ടെത്തുന്നത് മനുഷ്യസഹജം

അവളുടെ വാക്കുകൾ ഒരു പ്രചോദനമായി എന്നും നിൽക്കാൻ മനസ്സ് എപ്പോഴൊക്കെയോ കൊതിച്ചു പോയി..

പലപ്പോഴും അയാളുടെ മറുപടിക്കായി അ വൾ കാത്ത് നിൽക്കാറില്ലായിരുന്നൂ …അ വൾ സംസാരിച്ച് കൊണ്ടിരുന്നു…അവളുടെ ജീവിതം…ഇഷ്ടമില്ലാത്ത വിവാഹം…ഇന്നും മനസ്സ് കൊണ്ട് അംഗീകരിക്കാൻ പറ്റാത്ത ഭർത്താവ്. ..

അയാൾ എപ്പോഴും തന്റെ കഥകളും കഥാപാത്രങ്ങളുമായി മനസ്സ് കൊണ്ട് സംവാദം നടത്തുന്നത് കൊണ്ടാവണം വാക്കുകൾ കൊണ്ട് കസർത്ത് നടത്താൻ അയാൾക്കെന്നും മടിയായിരുന്നു….ഭാര്യയോട് പോലും…

അത് കൊണ്ട്തന്നെ മൗനം…അയാൾക്ക് ചുറ്റും എപ്പോഴും കൂടു കൂട്ടിയിരുന്നു….അത് കൊണ്ട് തന്നെയാവണം കുട്ടികളെ നൽകാൻ കഴിയാതെ പോയ അയാളെ പിരിഞ്ഞു ജോലി എന്നും പറഞ്ഞ് ഭാര്യ അയാളിൽ നിന്നും അകന്ന് ജീവിക്കുന്നത് …

ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് വായി ലേക്ക് കമിഴ്‌ത്തുമ്പോൾ അയാൾ അവളെ ഒന്ന് പാളി നോക്കി…

തന്റെ കഥയിലെ സലോമി എന്ന കഥാപാത്രം അവളുടെ കാമുകനോട് പ്രണയം തുറന്നു പറയുന്ന രംഗമല്ലെ ഇവിടെ ഇപ്പൊൾ ഇവൾ പുനരാവിഷ്‌കരിച്ചത്…

അവളുടെ കണ്ണുകൾ തന്റെ വരവിനായി കാത്തിരിക്കുന്നു.

മൂന്ന് മാസം മുൻപ് താൻ എഴുതിയ കഥയിലെ കഥാപാത്രം ..ശാലിനി..അവൾ പോലും അറിയാതെ അവളുടെ ശരീരത്തിൽ കലകൾ വീഴ്ത്തി ..തന്റെ ഭർത്താവിന്റെ മേൽ കുറ്റം ആരോപിക്കാൻ വേണ്ടി….

ആ കഥ വായിച്ച് അവൾ‌ എഴുതി..

ഇതെന്റെ കഥയാണ്…ദിലീപ് സർ..

പിന്നെ കുറച്ചുനാൾ അവളെ കണ്ടില്ല….വീണ്ടും അവളിപ്പോൾ മറയത്ത് നിന്നും പുറത്ത് വന്നു കണ്മുന്നില് തന്നെ തേടി എത്തിരിക്കുന്നു

ദുരൂഹതകളുടെ മാന്ത്രികവിദ്യ കൊണ്ട് വായനക്കാരുടെ മനസ്സുകളെ കീറി മുറിക്കുന്ന തന്റെ മുന്നിലിപ്പോൾ മറ്റൊരു ചോദ്യചിഹ്നം….

ആരാധന മൂത്ത പ്രണയമോ ഇത്രയും വഴി താണ്ടിയുള്ള ഇവളുടെ സന്ദർശനത്തിനു പിന്നിൽ…വാ തോരാതെ സംസാരിക്കുന്ന ഇൻബോക്സിലെ രൂപ രാജേഷിന്റെ ദേഹം മാത്രേ ഇവിടുള്ളൂ …മനസ്സ് എവിടെയൊക്കെയോ പാറി പറക്കുന്നു എന്ന് അവളുടെ കണ്ണുകൾ വിളിച്ചു പറഞ്ഞു

വീണ്ടും അവളുടെ അരികിൽ എത്തുമ്പോൾ ആണ് അയാൾ അത് കണ്ടത്….അവളുടെ കൈത്തണ്ടയിൽ രക്തം കട്ട പിടിച്ച പോലെ. പാടുകൾ…

“എന്താ ഇൗ കയ്യിൽ…?”

“അറിയില്ല സർ…കുറച്ച് നാളായി കാണുന്നൂ..”

“മരുന്ന് വാങ്ങിച്ചില്ലെ.?”

“വാങ്ങി….മാറുന്നില്ല …”

അയാളോന്ന് മൂളി….

“സാറിന് എന്നെ ഇഷ്ടമല്ലെ? എന്നെ സ്വീകരിക്കൂ പ്ലീസ്…”

കൈകൾ കൂപ്പി അവൾ അത് പറയുമ്പോൾ കൈകൾക്കൊപ്പം ശരീരം മുഴുവൻ വിറ കൊള്ളൂന്നുണ്ടായിരുന്നൂ..

“നിന്റെ ഭർത്താവ് എവിടെയാണ് ജോലി ചെയ്യുന്നത്….എന്നാണ് പറഞ്ഞത്…?”

അപ്രതീക്ഷിതമായി അയാളുടെ ആ ചോദ്യം കേട്ട് ശാന്തമായി ഇരുന്ന അവൾ ചാടി എഴുനേറ്റു അലറി…

“നിങ്ങളും അയാളുടെ കൂടെ ആണല്ലേ…ഞാൻ കാണിച്ച് തരാം…”

അവളുടെ കണ്ണുകൾ തള്ളി പുറത്ത് വരുന്ന പോലെ…പല്ലുകൾ കൂട്ടികടിച്ച്…കൈകൾ കൂട്ടിതിരുമ്മി…മുന്നിലെ ടീപോയിൽ അവൾ ശക്തമായി ഇടിച്ചു…

വിറ പൂണ്ട അവളുടെ ഭാവമാറ്റം മറ്റൊരു നാഗവല്ലിയെ പോലെ തോന്നിച്ചു..
മുന്നിലിരുന്ന ഫ്ളവർവാസ് തന്റെ തലക്ക് നേരെ വരുന്നത് കണ്ട് അയാൾ ഒഴിഞ്ഞുമാറി

അലസമായി കിടന്ന സാരിയെ നേരെയാക്കാൻ പോലും നിൽക്കാതെ അവള് ഇറങ്ങിപ്പോയി.

എന്തൊക്കെയോ പന്തികേടുണ്ട്.തലക്ക് മീതെ ഉയർന്നു നിൽക്കുന്ന ഒരു വാളായി രൂപ തന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നു തന്റെ താമസസ്ഥലം തേടി..
ഇൗ വരവ്..പ്രണയം തേടിയോ..

മുന്നിൽ വന്ന് തന്റെ കഥാപാത്രങ്ങൾ തനിക്കു ചുറ്റും നിന്ന് പല്ലിളിക്കുന്നത് പോലെ അയാൾക്ക് തോന്നി

അയാൾ സോഫയിൽ ഇരുന്നു പോയി.
***********************************
ഒരാഴ്ച കഴിഞ്ഞ് കോർപറേഷൻ ഓഫീസിൽ രാജേഷിനെ തേടി ചെല്ലുമ്പോൾ മറ്റൊരു രൂപം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് .

കറുത്തിരുണ്ട്….തടിച്ച ഉയരം കുറഞ്ഞ ഒരു യുവാവ്..
വെളുത്ത് തുടുത്ത രൂപയുടെ ഭർത്താവോ..ഇത്…

ശാന്തമായി അയാൾ ഓഫീസ് വരാന്തയിലെ തൂണിൽ ചാരി നിന്നു…

രൂപ തന്നെ തേടിയെത്തിയ കഥകൾ അറിഞ്ഞിട്ടും അവളിലെ. ഭാവപകർച്ച പറഞ്ഞിട്ടും അയാളിൽ ഒരു ഭാവമാറ്റവും പ്രകടമായി കണ്ടില്ല..

നീണ്ട ഒരു മൗനത്തിന് ശേഷം അയാൾ പറഞ്ഞ് തുടങ്ങി…”സർ പതിനഞ്ച് വർഷം കഴിഞ്ഞു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്…അവളുടെ സമ്മതം ചോദിക്കാതെയാണ് എനിക്ക് അവളുടെ വീട്ടുകാർ അവളെ കൈപിടിച്ച് ഏൽപിച്ചത്…അന്ന് മുതല് സർ… അവൾക്ക് എന്നോട് സ്നേഹത്തോടെ ഇന്നുവരെ പെരുമാറാൻ കഴിഞ്ഞിട്ടില്ല…”

“എപ്പോഴും എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് വഴക്കുണ്ടാക്കും… അതും കഴിഞ്ഞ് അതേ ചൊല്ലി പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിക്കും…ആദ്യമൊക്കെ എനിക്ക് ഇത് വലിയ കാര്യമായി തോന്നിയില്ല
ഏതു കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ അത്രേയെ കരുതിയുള്ളു പക്ഷേ. .അവൾക്ക് എന്നോടുള്ള ദേ ഷ്യത്തിന്റെ ആഴം…അത് ഇൗ അടുത്താണ് എനിക്ക് മനസ്സിലായത് …

ഒരു മൂന്ന് മാസമായി..അവളുടെ ശരീരത്തിൽ കാണുന്ന പാടുകൾ….അത് അവൾ സ്വയം ഉണ്ടാക്കുന്നതാണ്.. ആഴ്ചയിൽ ഒരിക്കൽ ഞാൻ എന്റെ വീട്ടിൽ പോകും…അമ്മയെ കാണാൻ പോയി വരുമ്പോഴായിരുന്നു ഇൗ പാടുകൾ കണ്ടിരുന്നത്…ഒരാഴ്ച മുൻപ്…അന്ന് ഞാൻ ജോലിക്ക് പോയി എങ്കിലും വയ്യാതെ മടങ്ങി വന്നു..അന്ന് രാത്രി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി…അന്ന് പകൽ അവള് എവിടെയോ പോയിരുന്നു… അത് ഞാൻ ചോദിച്ചതാണ് കാരണം…അന്ന് ഞാൻ മറ്റൊരു മുറിയിൽ ആണ് കിടന്നത്….പാതിരാത്രി..വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോൾ വെറുതെ ഞങ്ങളുടെ മുറിയിലേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി സർ.

രൂപ …അവൾ കിടക്കയിൽ കിടന്നു പാമ്പിനെ പോലെ ശരീരം വളച്ച്…അവളുടെ കൈത്തണ്ടയിൽ കടിക്കുന്നൂ…..പിന്നെ അവളുടെ കാലുകളിലെ വിരലുകളിൽ കടിക്കുന്നു…
അവളുടെ കണ്ണുകൾ പാതി അടഞ്ഞ നിലയിൽ ആയിരുന്നു…അവൾ അറിഞ്ഞ് കൊണ്ടല്ല…അവളുടെ ശരീരത്തിലെ പാടുകൾ…ഞാൻ ഉപദ്രവിക്കുന്നത് ആണെന്ന് വരുത്തി തീർക്കാൻ വേണ്ടിയോ.?.എന്തിനാണ് സർ അവളെന്നോട് ഇങ്ങനെ…എന്ത് കിട്ടുന്നു അവൾക്ക്…?അവളിപ്പോൾ ചികൽസയി ലാണ് ..അടിഞ്ഞ് കൂടിയ എന്നോടുള്ള ദേഷ്യം….”

വാക്കുകൾ മുഴുമിപ്പിക്കാൻ ആവാതെ. അ യാൾ നിർത്തി..അയാളുടെ കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകി വീഴുന്നുണ്ടായിരുന്നു…

,”എന്റെ മോൾക്ക് അമ്മയെ വേണ്ടെ സർ..അത് കൊണ്ട് മാത്രം…സഹിക്കുന്നു…”
തൊണ്ടയിൽ കുരുങ്ങി വന്ന വേദനയെ കടിച്ചമർത്തി അയാൾ എങ്ങോട്ടോ ദൃഷ്ടി പായിച്ചു നിന്നു

മടങ്ങി വീട്ടിൽ വന്ന് കേറുമ്പോൾ വീട്ടിൽ മുഴുവൻ തനതായ രൂപം നഷ്ടപെട്ട തന്റെ കഥാപാത്രങ്ങൾ സ്ഥാനം പിടിച്ചിരുന്നു….ഉടലില്ലാത്ത രൂപങ്ങൾ…മനസാക്ഷി മരവിച്ച മനുഷ്യർ…മരണം പതിയിരിക്കുന്ന ഇരുണ്ട ഭൂമികൾ…ആദ്യമായി അയാൾക്ക് അവയോട് വെറുപ്പ് തോന്നി….

ജീവിക്കുന്ന ആത്മാക്കൾ കഥാപാത്രങ്ങൾ ആയി രൂപം പ്രാപിച്ചിട്ടുണ്ട്…..കഥാപാത്രങ്ങൾ ജീവിതത്തിലേക്ക് കുടിയേറി തുടങ്ങിയാൽ…?

കാരണമില്ലാതെ ഒരു ഭയം തന്നിൽ കുടിയേറിയത് അറിയുന്നു… ഏകാന്തത ചുറ്റുമതിൽ സൃഷ്ടിക്കുന്ന പോലെ.. അവയെല്ലാം കൂടി ആ വീട് ഒരു പ്രേതാലയം പോലെ തോന്നിച്ചു.. ഇനിയും താമസിച്ചാൽ ഇൗ കഥാപാത്രങ്ങൾ തന്നെയും കൊല്ലും….

അയാൾ ഫോണിൽ ഭാര്യയുടെ നമ്പർ പരതി…

ഒത്തിരി നാളുകൾക്ക് ശേഷം…..

LEAVE A REPLY

Please enter your comment!
Please enter your name here