കേരളത്തിന്റെ ശാസ്ത്രബോധം കുറയുന്നു – മുരളി തുമ്മാരുകുടി

0
150

തിരുവനന്തപുരം•കേരളത്തില്‍ ശാസ്ത്രബോധം പടിപടിയായി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി. ലോക കേരള സഭയോടനുബന്ധിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം ‘ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര വിദ്യാഭ്യാസം ലഭിക്കുന്നതില്‍ കുറവൊന്നുമില്ലെങ്കിലും അതിനുസൃതമായി ശാസ്ത്രബോധം ഉയരുന്നില്ല. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ച എഞ്ചിനീയര്‍ക്ക് അയാളുടെ പഠന വിഷയമല്ലാത്ത വാസ്തു പ്രകാരമല്ലാതെ കേരളത്തില്‍ വീടു പണിയാനാകില്ല. വര്‍ഷം തോറും എത്രയധികം വീടുകളാണ് വാസ്തു ദോഷം പരിഹരിക്കാനെന്ന പേരില്‍ മുറികളും കക്കൂസുകളും മറ്റും പൊളിച്ചുപണിയുന്നു എന്നത് ശ്രദ്ധിച്ചാല്‍ മാത്രം മതി ഉദാഹരണങ്ങള്‍ക്ക്. അതുപോലെ പ്രധാനമാണ് ദുരന്ത ലഘുകരണവും. ദുരന്തങ്ങള്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നതാണ് നമുക്കുള്ളതല്ല എന്ന ബോധത്തിലാണ് നമ്മള്‍. അതുകൊണ്ടുതന്നെ, ദുരന്തങ്ങള്‍ സംഭവിച്ചാല്‍ കൈക്കൊള്ളേണ്ട പ്രാഥമിക പ്രതികരണം എന്തെന്ന് നമുക്കറിയില്ല. അതിനുള്ള തയാറെടുപ്പുകളും ചെയ്യില്ല. ഇതും അടിസ്ഥാനപരമായ ശാസ്ത്രബോധത്തിന്റെയും ശാസ്ത്രീയമായ മുന്നൊരുക്കത്തിന്റെയും കുറവ് മൂലമാണ്.

പ്രകൃതി ദുരന്തങ്ങളുടെ തീവ്രത വര്‍ധിക്കുന്നത് ആസൂത്രണമില്ലാതെയുള്ള നിര്‍മാണങ്ങള്‍ മൂലമാണ്. അപകടങ്ങളില്‍ നിന്ന് പഠിക്കാതെ ആരെയെങ്കിലും കുറ്റം പറഞ്ഞ് അടുത്ത അപകടത്തില്‍ ചെന്ന് ചാടുകയാണ് മലയാളികളുടെ ശൈലി.

നമുക്ക് ഒരു അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനാകണം. ദുരന്ത സാധ്യതാ ബോധവത്കരണം സ്‌കൂളുകളില്‍ ഉള്‍പ്പെടെ എല്ലാ വേദികളിലും ആവശ്യമാണ്. സ്‌കൂളുകളില്‍ ആദ്യമെത്തുന്ന കുട്ടികള്‍ സ്ഥിരം സുരക്ഷാകവചത്തില്‍ നിന്ന് പരിചിതമല്ലാത്ത സാഹചര്യത്തില്‍ എത്തുമ്പോഴുള്ള അപകട സാധ്യതകള്‍ ഒഴിവാക്കാനിത് സഹായിക്കും.

മറ്റു രാജ്യങ്ങളിലെ സുരക്ഷാ, ആസൂത്രണ വിജയങ്ങള്‍ ജനപ്രതിനിധികളും, നഗരാസൂത്രകരുമൊക്കെ കണ്ടു മനസിലാക്കണം. അണക്കെട്ടുകളുടേയോ, നിര്‍മാണങ്ങളുടേയോ അപകട സാധ്യത അതിന്റെ പഴക്കം കൊണ്ടു മാത്രമല്ല, പരിപാലനത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. അതേ സമയം, ഇത്തരം നിര്‍മാണങ്ങള്‍ക്ക് സമീപമുള്ളവര്‍ അപകട സാധ്യത മനസിലാക്കി ദുരന്ത ലഘുകരണ ആസൂത്രണം നടത്തിയിരിക്കണം. ജനാധിപത്യ സമൂഹത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളുള്ള ഇന്നത്തെ കാലത്ത് ജനിക്കുന്നതാണ് പഴയ കാല സാഹചര്യങ്ങളേക്കാള്‍ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ വികസന പ്രതിസന്ധിയില്ലെന്നും, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ അപാര സാധ്യതകളുണ്ടെന്നും അദ്ദേഹം വിലയിരുത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. വീണാ ജോര്‍ജ് എം.എല്‍.എ അവതാരകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here