ജഠരാഗ്നി – കവിത – ബീന റോയ്

2
999

മുഷ്ടാന്നഭോജനം വച്ചുവിളമ്പുന്ന
വഴിയോരഭോജനശാലക്കരികിലായ്
ഒട്ടിയവയറോടെ ഭിക്ഷാടനംചെയ്‌വൂ
ദീനയാമമ്മയും കൂടെയാപ്പൈതലും

കണ്ണാടിയലമാരതന്നുടെയുള്ളിലായ്
കൊതിയൂറും ഭോജ്യങ്ങളണിനിരന്നീടവേ
കാറ്റിൽപ്പരക്കുന്ന നറുമണമേറ്റൊരാ-
ജഠരാഗ്നി തീവ്രം ജ്വലിക്കുന്നുപിന്നെയും

ഉദരത്തിലെരിയും വിശപ്പിൻനെരിപ്പോട്
വല്ലവിധേനയും തെല്ലുശമിക്കുവാൻ,
എച്ചിലിനായ് ശണ്ഠകൂടുന്നു ശുനകരോ-
ടമ്മ, നോവോടെയങ്ങേറ്റം ഹതാശയായ്

ധനികരൊട്ടേറെയാഹാരവസ്തുക്കളെ
ഭോജിച്ചു രോഗങ്ങളേറ്റുവാങ്ങീടവേ,
പാവങ്ങളോ, വിശപ്പൊന്നകറ്റീടുവാൻ
പച്ചവെള്ളം കുടിച്ചങ്ങുമയങ്ങുന്നു

ഒരുവേളയീവിശപ്പൊന്നറിഞ്ഞീടാതെ
ഈമണ്ണിൽജീവിതം ജീവിച്ചുതീർക്കുകിൽ,
നഷ്ടമാക്കുന്നുനാം ശ്രേഷ്ഠമീഭൂവിലായ്
ഈശ്വരൻകാട്ടുന്ന നരകവും സ്വർഗ്ഗവും

വിശക്കുംവയറിനൊരുനേരമാഹാരം
സ്നേഹത്തിനാലേ വിളമ്പിക്കൊടുക്കുക,
പശിമാറിമിന്നുമാ നേത്രത്തിളക്കത്തിൽ
നിശ്ചയമായ് പരബ്രഹ്മം തെളിഞ്ഞിടും

ഒരുപൊതിച്ചോറിലുറങ്ങുന്നു സംതൃപ്തി,
ഒരുനന്മതന്നില്‍ പിറക്കുന്നു സംസ്കൃതി,
പങ്കുവച്ചീടുകിലാറുന്നു കണ്ണുനീർ,
പകർന്നേകുമെങ്കിലേറുന്നു സന്തോഷവും.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here