കോലാർ – ഇന്ത്യയുടെ നഷ്ടസ്വർഗ്ഗം – ലേഖനം- രവീന്ദ്രൻ രവീന്ദ്രൻ

0
301

ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ സ്വര്‍ണ്ണഖനിയായ കോലാര്‍ പോയകാലത്തെ പ്രതാപവും ഐശ്വര്യവും അയവിറക്കിയാണ് ഈ ആധുനികകാലഘട്ടത്തില്‍ നിലകൊള്ളുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ചെറിയതോതില്‍ സ്വര്‍ണ്ണഖനനം നടത്തിവന്ന പ്രദേശമാണ് കോലാര്‍. ഹാരപ്പയില്‍ നിന്നു ലഭിച്ചിട്ടുള്ള സ്വര്‍ണ്ണം കര്‍ണ്ണാടകയില്‍ നിന്ന് ഖനനം ചെയ്തതാണെന്നു തെളിഞ്ഞിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ ഭരണകാലത്തും കോലാറില്‍നിന്ന് സ്വര്‍ണ്ണം കുഴിച്ചെടുത്തിരുന്നു. ഇന്നത്തെ കോലാര്‍ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ടിപ്പുസുല്‍ത്താന്റെ ജനനം. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍നിന്നും ഏതാണ്ട് 50 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് കോലാര്‍ സ്വര്‍ണ്ണഖനി അഥവാ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (ഗഏഎ) സ്ഥിതി ചെയ്യുന്നത്. ടിപ്പുവില്‍നിന്നും ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയതുമുതലാണ് സ്വര്‍ണ്ണഖനി കെജിഎഫ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കോലാര്‍ നഗരത്തില്‍നിന്നും ഇവിടേക്ക് 31 കിലോമീറ്ററാണ് ദൂരം. ബ്രിട്ടീഷുകാരുടെ കാലത്താണ് കോലാറിലെ സ്വര്‍ണ്ണഖനനം കൂടിയ തോതില്‍ ആയത്. 1802ല്‍ ലെഫ്റ്റനന്റ് ജോണ്‍ വാറന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സര്‍വേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വര്‍ണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. തുടര്‍ന്ന് 1873 ഓടെ ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചു. 1953 ജൂണ്‍ മാസത്തില്‍ ഇവിടത്തെ ഊറെഗം ഖനിയുടെ ആഴം 9876 അടി വരെയെത്തി. അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു.

ചരിത്രാതീത കാലം മുതല്‍ക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ് സ്വര്‍ണ്ണം. ബി.സി. 2600 ലെ ഈജിപ്ഷ്യന്‍ ഹീറോഗ്ലിഫിക്‌സ് ലിഖിതങ്ങളില്‍ ഈജിപ്തില്‍ സ്വര്‍ണ്ണം സുലഭമായിരുന്നെന്ന് പരാമര്‍ശിക്കുന്നുണ്ട്. ബൈബിളിലെ പഴയ നിയമത്തില്‍ സ്വര്‍ണ്ണത്തെപ്പറ്റി പലവട്ടം പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ണ്ണത്തിന്റെ നിര്‍മ്മാണചരിത്രം എട്രൂസ്‌കന്‍, മിനോവന്‍, അസ്സിറിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീ നിക്ഷേപതടങ്ങളില്‍ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വര്‍ണ്ണം നിര്‍മ്മിച്ചിരുന്നത്. പുരാതനകാലം മുതല്‍ ഇന്ത്യയില്‍ മദ്ധ്യേഷ്യയിലും തെക്കന്‍ യുറല്‍ പര്‍വ്വത പ്രദേശങ്ങളിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരങ്ങളിലും സ്വര്‍ണ്ണം നിര്‍മ്മിച്ചു പോന്നിരുന്നു. സ്വര്‍ണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്. ഇത് കോലാറിലാണെന്നാണ് അനുമാനം.

അഭ്രം, ഇരുമ്പയിര്, മാംഗനീസ്, സ്വര്‍ണ്ണം മുതലായ ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമായ ഡക്കാണ്‍ പീഠഭൂമിയിലാണ് കോലാര്‍ ഖനിയുടെയും സ്ഥാനം. ഡക്കാണ്‍ പീഠഭൂമി കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കര്‍ണ്ണാടക സംസ്ഥാനത്തില്‍ സ്വര്‍ണ്ണം കൂടാതെ ഇരുമ്പിന്റെയും മാംഗനീസിന്റെയും അയിരുകള്‍ ഖനനം ചെയ്യപ്പെട്ടിരുന്നു. കോലാറില്‍ ഹെക്ടര്‍ കണക്കിന് കുന്നിന്‍പ്രദേശം ബ്രിട്ടീഷ് കാലഘട്ടത്തിലാണ് സ്വര്‍ണ്ണഖനിയുടെ സാമ്രാജ്യമായി വിളങ്ങി നിന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നു പോലും ഇവിടേക്ക് തൊഴില്‍ തേടി എത്തി വാസമുറപ്പിച്ചവര്‍ നിരവധിയാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ നിരവധി ഇന്ത്യക്കാര്‍ ഖനികളില്‍ പണിയെടുത്തു. തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും വാസസ്ഥലം സാമാന്യം ആഢംബരപൂര്‍ണ്ണമായിരുന്നു. കൂടാതെ തണുത്ത കാലാവസ്ഥയും. ഖനികളുടെ ഭൂഗര്‍ഭ അറകളില്‍ വെടി മരുന്ന് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയാണ് സ്വര്‍ണ്ണ അയിരുകള്‍ ശേഖരിച്ചിരുന്നത്. ഈ സ്‌ഫോടനം മൂലം ചെറിയതോതില്‍ ഭൂചലനം പ്രദേശത്ത് ഉണ്ടാകുമായിരുന്നു. അതിനാല്‍ സിമന്റ്, ഇഷ്ടിക എന്നിവ ഉപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണം ഇവിടെ വിലപ്പോവുമായിരുന്നില്ല. അതിനും ബ്രിട്ടീഷുകാര്‍ പരിഹാരം കണ്ടെത്തി. കുഴിച്ചെടുത്തുകിട്ടുന്ന കരിങ്കല്‍ പാളികള്‍ കൊണ്ടാണ് മിക്ക കെട്ടിടങ്ങളും രൂപകല്‍പന ചെയ്തിട്ടുള്ളത്. കരിങ്കല്‍ പലകകള്‍ കൊണ്ട് കോളനിയിലെ വീടുകളും നിര്‍മ്മിച്ചു. കെ.ജി.എഫ് കോളനിയിലെ താമസക്കാര്‍ക്ക് ജിംനേഷ്യം ക്ലബുകളും അവരവരുടെ ആരാധനാലയങ്ങളും ശ്മശാനങ്ങളും പാര്‍ക്കുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ഹോക്കി,ഫുട്‌ബോള്‍ ഗ്രൗണ്ടുകളുമൊക്കെ ഉണ്ടായിരുന്നു. ഇന്നും അവ പഴമയുടെ പ്രൗഢിയെ ഓര്‍മ്മിപ്പിച്ച് നിലകൊള്ളുകയാണ്. എന്നാല്‍ ഖനികളുടെ അവസ്ഥ ശോചനീയമാണ്. കമ്പനികളും ഖനികളും അതിലെ യന്ത്രോപകരണങ്ങളും തുരുമ്പെടുത്തും പുല്‍പടര്‍പ്പുകള്‍ പടര്‍ന്നും കാടുകയറിയും ആത്മാവ് നഷ്ടപ്പെട്ട നിലയില്‍ തുരുമ്പെടുത്ത് കിടക്കുകയാണ്. കെ.ജി.എഫില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയവര്‍ പലരും തങ്ങളുടെ പഴയകാലം ഓര്‍ത്തെടുക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനും ഇവിടേക്ക് യാത്രകള്‍ നടത്താറുണ്ട്.

പ്രാചീന കാലം മുതലെ ഖനനം ചെയ്തിരുന്നത് മൂലം ഭൂനിരപ്പില്‍നിന്ന് അനേകം അടി ആഴത്തില്‍ കുഴിയെടുത്താണ് സ്വര്‍ണ്ണം ഈ അടുത്തകാലം വരെ എടുത്തിരുന്നത്. ഭൂനിരപ്പില്‍നിന്ന് ചരിഞ്ഞ് താഴേക്ക് പോകുന്ന ഗുഹ പല ശാഖകളായി പിരിഞ്ഞാണ് ഭൂഗര്‍ഭ ഖനികള്‍ ഉണ്ടാക്കിയിരുന്നത്. അറകളില്‍ ഭൂഗര്‍ഭജലം നിറഞ്ഞ് ഖനനം തടസ്സപ്പെടാതിരിക്കാന്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞിരുന്ന സംവിധാനവും ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചു. കൂടാതെ ആഴത്തില്‍ പണിയെടുക്കുന്നവര്‍ക്ക് ഓക്‌സിജന്‍ കിട്ടാതെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇടവേളകളിട്ട് മുകളിലേക്ക് വാതക കിണറുകളും സ്ഥാപിച്ചു. ഈ കിണറുകളിലൂടെ ഭൂഗര്‍ഭ ഖനികളിലേക്കെത്തുന്ന അന്തരീക്ഷവായു പ്രത്യേക ഹോളിലൂടെ കംപ്രസ്സര്‍ വച്ച് പുറത്തേക്ക് വിടുന്ന പ്രക്രിയയാണ് ശ്വാസവായു ലഭ്യമാക്കാന്‍ ചെയ്തിരുന്നത്. ഖനിമുഖങ്ങളില്‍ സ്ഥാപിച്ച യന്ത്രഭാഗങ്ങളില്‍ വലിയ പല്‍ചക്രങ്ങള്‍ തിരിയുന്നത് വളരെ ദൂരെ നിന്നേ കാണാന്‍ കഴിയുമായിരുന്നു. ഈ ചക്രങ്ങള്‍ തിരിയുന്നത് ഖനിയില്‍നിന്ന് സ്വര്‍ണ്ണ അയിര് നിറച്ച ബോഗികള്‍ വടം ഉപയോഗിച്ച് പുറത്തെത്തിക്കുന്നതിനായിരുന്നു. പുറത്തെത്തുന്ന ബോഗിയില്‍നിന്ന് താഴെ നിറുത്തിയ ട്രക്കിലേക്ക് അയിര് വീഴുന്നു. ഈ അയിര് കുറച്ചകലെയുള്ള വലിയ കമ്പനിയിലേക്ക് എത്തിക്കുന്നു. ഈ കമ്പനിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് അയിരില്‍നിന്ന് സ്വര്‍ണ്ണം വേര്‍തിരിക്കുന്ന പ്രവര്‍ത്തനമാണ് ഇനി നടക്കുക. സ്വര്‍ണ്ണം വേര്‍തിരിച്ച ശേഷം ബാക്കി വരുന്ന മണ്ണ് നിക്ഷേപിച്ചിരുന്ന സ്ഥലം ഇന്ന് വലിയ കുന്നുകളായി മാറി. പുല്ലു പോലും മുളയ്ക്കാത്തതും തികച്ചും ഉപയോഗശൂന്യമായതുമായ മണ്ണാണ് ഇത്. ബ്രിട്ടീഷുകാരുടെ കാലഘട്ടം മുതല്‍ എടുത്തിരുന്ന അയിരില്‍നിന്ന് വേര്‍തിരിച്ച മണ്ണ് ഇട്ട് വന്നതുകൊണ്ടാണ് അവിടം വലിയ കുന്നുകളായി മാറിയത്. ഖനനം നടത്തുന്നത് വഴി ലഭിച്ച കരിങ്കല്‍കഷ്ണങ്ങള്‍ കൂട്ടിയിട്ട കുന്നുകളും കെ.ജി.എഫിലുണ്ട്. ഇവിടെ കരിങ്കല്ലിന് വിലയില്ല. ഭൂഗര്‍ഭ അറകളില്‍നിന്ന് എത്രമാത്രം ഖനനം നടന്നിട്ടുണ്ടെന്നതിന് ഈ കുന്നുകള്‍ കണ്ടാല്‍ തന്നെ തെളിവ് ലഭിക്കും.

വന്‍തോതില്‍ സ്വര്‍ണ്ണഖനനം നടന്നിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഖനനം ചെയ്തിരുന്ന ഖനിയെ ചാമ്പ്യന്‍ റീഫ് എന്നാണ് ബ്രിട്ടീഷുകാര്‍ വിളിച്ചത്. ഇതാണ് ആഴത്തിലും ഏറെ മുന്നിലുള്ളത്. തൊഴിലാളികള്‍ സ്വര്‍ണ്ണം കൊണ്ടുപോകാതിരിക്കാന്‍ ശക്തമായ കാവലും കോലാറില്‍ ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും അപൂര്‍വം ചില വിരുതന്‍മാര്‍ സ്വര്‍ണ്ണം കടത്തി. ഖനിയില്‍ സര്‍വത്ര ഉണ്ടായിരുന്ന പെരുച്ചാഴികളെ വകവരുത്തി അവയുടെ ശരീരത്തിനകത്ത് സ്വര്‍ണ്ണം വച്ച് പോലും കടത്തിയിരുന്നുവത്രെ. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയതിന് ശേഷം ഖനി ഗവണ്‍മെന്റ് ഏറ്റെടുത്തു. കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും വര്‍ദ്ധിച്ച ഉല്പാദനച്ചിലവ് മൂലവും 2004ല്‍ സര്‍ക്കാര്‍ ഈ സ്വര്‍ണ്ണഖനി പ്രവര്‍ത്തനം നിറുത്തി. കുഴിച്ചെടുക്കാന്‍ വേണ്ടിവരുന്ന അതേ തുകയ്ക്ക് വിദേശത്തുനിന്ന് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാമെന്ന കാരണത്താലായിരുന്നു ഇത്. സ്വര്‍ണ്ണഖനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ വസിക്കുന്ന കോലാറില്‍ ഇന്നും ഇന്ത്യയുടെ ചെറു പതിപ്പ് തന്നെ കാണാനാകും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് ജോലിതേടിയെത്തിയവര്‍ വസിച്ചിരുന്ന ക്വാട്ടേഴ്‌സുകള്‍ ഖനി നിറുത്തിയതിനെ തുടര്‍ന്ന് കമ്പനി അവര്‍ക്ക് സ്വന്തമായി നല്‍കി. ഒറ്റമുറി ക്വാട്ടേഴ്‌സുകള്‍ക്കിടയില്‍ അവരവരുടെ രീതിയില്‍ ആരാധനാലയങ്ങളും വളര്‍ത്തുമൃഗങ്ങളും ഒക്കെയായി കെജിഎഫ് നിവാസികളുടെ ജീവിതം സാധാരണപോലെ പോകുന്നു. ബാംഗ്ലൂര്‍ചെന്നൈ റെയില്‍പാതയില്‍ ബംഗാരപേട്ട സ്‌റ്റേഷനില്‍നിന്ന് കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലേക്ക് റെയില്‍പാതയും ഉണ്ട്. ഖനി പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്ന് ജോലി നഷ്ടമായ കെ.ജി.എഫ് നിവാസികള്‍ ഇന്ന് ബാംഗ്ലൂരിലേക്ക് തൊഴിലിനായി പോയി വരുന്നതിനാണ് ഈ പാത പ്രധാനമായും ഉപയോഗിക്കുന്നത്. ചില സമയത്ത് ട്രെയിന്‍ തിരക്ക് മൂലം നിറഞ്ഞുകവിയാറുണ്ട്. അപ്പോള്‍ അറിയാം ഖനി നിറുത്തിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ കെജിഎഫ് നിവാസികളുടെ എണ്ണം. കെ.ജി.എഫിലെ ഖനികള്‍ക്കും റെയില്‍വേ സ്‌റ്റേഷനും ഒരു പ്രതാപകാലമുണ്ടായിരുന്നു എന്നത് കെജിഎഫ് നിവാസികളുടെ മുഖത്തും അവരുടെ വേഷഭൂഷാദികളിലും ഇന്നും കാണാനാകും.
https://en.m.wikipedia.org/wiki/Kolar_Gold_Fields

LEAVE A REPLY

Please enter your comment!
Please enter your name here