സുരക്ഷ – കവിത – രജിലചിത്തരഞ്ചൻ

0
301

സുരക്ഷ വേണമിന്നിവർക്ക്! ആരവങ്ങളുയരുന്നു,
ആരിൽ നിന്ന്? ആർക്കൊക്കെയെന്ന് ചൊൽക .
മാതാപിതാ ഗുരു ദൈവമെന്ന വചനത്തിൽ,
തേഞ്ഞു മാഞ്ഞു പോം വേഷങ്ങളിൽ നിന്നോ .

ഉദരത്തിൽ പത്തു മാസം സുരക്ഷ കൊടുത്ത്,
തലോടി നൊമ്പരങ്ങളെ അൻപുടൻ ഹൃത്തിൽ.
പെറ്റു വീഴും ജീവനുകൾക്ക് തൻ നിണം,
അമ്മിഞ്ഞയായി ചുരത്തി മാതൃഹൃദയങ്ങൾ.

പിൻകാണുവതെന്തേ നിഷ്ഠൂരമാം ചെയ്തികൾ?
ചൊൽവാൻ നാവൊന്നറയ്ക്കുന്നു സങ്കുചം.
മൂർച്ചയേറും കാമസല്ലാപങ്ങൾക്ക് വിഘനമാകുന്ന,
പൈതങ്ങളെ ബലിപീഡനം ചെയ്തു നിഷ്കരുണം.

സുരക്ഷ വേണമിന്നിവർക്ക് ! ആരവമുയരുന്നു,
ആരിൽ നിന്ന്? ആർക്കെല്ലാം ചൊൽക .
അംഗുലീയങ്ങളിൻ പ്രിയം ധൈര്യത്തെ പകർന്ന,
പിതാവെന്ന മറ്റൊരു ഉറവിടത്തിൽ നിന്നോ?

നാണയത്തുട്ടിനോടുള്ള ആർത്തിയാൽ വിറ്റഴിച്ചും,
തൻ പൈതലെ സ്വയം നിർദ്ദയം കാമേച്ഛ നടത്തി.
പൂജ്യനാം പിതൃസ്ഥാനം മാഞ്ഞു മൂടുമ്പോൾ,
സ്വന്ത ബന്ധങ്ങൾക്ക് അർത്ഥമേതെന്ന് ആശ്ചര്യമേ!

അക്ഷരങ്ങളെ ചൊല്ലി കൊടുത്ത് അജ്ഞതയ്ക്ക്,
വെട്ടം വിതറുന്ന ആദരണീയമാം ഗുരു
സ്ഥാനവും തഥൈവ.
നിസ്സംശയം ചൊൽക ഉലകമേ നീയൊന്ന്,
ആരിൽ നിന്ന് ആർക്കാണ് സുരക്ഷ വ്യഥാ .

LEAVE A REPLY

Please enter your comment!
Please enter your name here