അച്ഛമ്മയും മൊബൈൽ ഫോണും – കഥ – സലിംമച്ചിങ്ങതൊടി

0
99

അച്ഛമ്മയുടെ ഓർമ്മകളുമായി ഒരു വൈകുന്നേരം കൂടി. ആൽത്തറയിലിരുന്നു പാടത്തേക്കുനോക്കിയിരിക്കുമ്പോൾ ഒരിളം കാറ്റ് തഴുകിപ്പോയി. . വാത്സല്യത്തിന്റെ ഓർമ്മകളുടെ വേദനയോടെപുറത്തേക്കു വിട്ട നിശ്വാസം ആ കാറ്റിൽ ലയിച്ചു ചേർന്നു. ഒരു പാട് നൊമ്പരങ്ങൾ പേറിയുളള ഒരു യാത്രയിലാവാം ആകാറ്റ്. ചിലപ്പോൾ ഈ കാറ്റിന്റെ തുടക്കം തന്റെ പ്രണയം പോലെ ഒരു വലിയ കെടുങ്കാറ്റായി തുടങ്ങി അനേകരുടെ ദുരിത കഥകളുടെ നെടുവീർപ്പുകളുടെ ഭാരം കൊണ്ട് നേർത്തു നേർത്തു ഇളം കാറ്റായതാവാം. അവസാനം നേർത്തു നേർത്തു മറ്റെന്തിലെങ്കിലുമായി ലയിച്ചു ചേരാം.അതിന്റെചൂളം വിളിയിൽ ഒരു നൊമ്പരമുണ്ട് . എവിടെയൊക്കെയൊചുറ്റികറങ്ങി നൊമ്പരങ്ങൾ ഉള്ളിലൊതുക്കി വീണ്ടുമെത്തി തഴുകി. തലോടി. അതിന്റെ ചൂളംളം വിളിയിൽ അച്ഛമ്മയുടെ ഗംഭീര ശബ്ദത്തിന്റെ ഒരു മുരൾച്ച ഉണ്ടെന്ന് തോന്നിച്ചു.ഈകാറ്റിന് അച്ഛമ്മയുടെ മുറുക്കാൻ റെ അല്ലങ്കിൽ തൈലത്തിന്റെ മണം. ശ്വാസം ഒന്നകത്തേക്ക് വലിച്ചെടുത്തു. മുറുക്കാനും തൈലവും വിയർപ്പും കൂടികലർന്ന കോട്ടൺ തുണിയുടെ അതെ അച്ഛമ്മയുടെ ഗന്ധം. ഉളളിൽ എവിടെ നിന്നൊ അറിയാതെ ദുഖം നുരഞ്ഞു പൊങ്ങി അത് കണ്ണുനീരായി പുറത്ത് ചാടി. സ്നേഹത്തിന്റെ വാത്സല്യത്തിന്റെആ മണം നിലച്ചിട്ട് പത്താണ്ട് കഴിഞ്ഞു. .. ….. …… പത്ത് വർഷങ്ങൾക്ക് മുമ്പെ അന്ന് പതിവിലും നേരത്തെ പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൺപണി ചെയ്ത് അതിന് മുകളിൽ ചാണകം തേച്ച് വൃത്തിയാക്കിയ മുറ്റത്തിന്റെ അവസാന ഭാഗത്ത് ഏകദേശം വീട്ടുപടിക്കലായി അച്ഛമ്മ ഇരിക്കുന്നു സങ്കടത്തോടെ ഇരിക്കുന്ന അച്ഛമ്മയെ കെട്ടിപിടിച്ച് ഉമ്മയും കൊടുത്ത് വീട്ടിലേക്ക് നടത്തുമ്പോൾ ചോദിച്ചു. “ചെറിയച്ഛൻ വിളിച്ചിരുന്നുല്ലെ ” “മ്” “ഇന്നെന്തിനാ വഴക്കിട്ടത് ” ആരങ്കിലും നാട്ടില് വരണ് ണ്ടങ്കിൽ എനിക്ക്ഒരു മെബൈല് കൊടുത്ത് വിടണം” എന്നു പറഞ്ഞു അതിനാ.. ” “അച്ഛമ്മാ… നിങ്ങക്കെന്താ വട്ടാ.. ത്രേം പോന്ന ഒരു വാല്യേകാരനായഎനിക്ക് ഒരു മെബൈലില്ല. ന്ന് ട്ടാ.. അച്ഛമ്മയ്ക്ക് ..,” അത് കിട്ടിയാ ങ്ങക്ക് അത് ഉപയോഗിക്കാനറിയൊ.. .? “അവൻറെ കെട്ട്യോ ളെട്ത്തും കുട്ട്യോളേട്ത്തും ഒക്കെണ്ടല്ലോ…ൻറ വീട് വിറ്റ് പോയതല്ലെ അവൻ…” അച്ഛമ്മാ.. ഇനി കരഞ്ഞ് വല്ല അസുഖം വരുത്തും ” “നിന്നെ ഒന്നു കൊണ്ടാവാൻ പറഞ്ഞിട്ട്.ഒരു കരകയറ്റി വിടാൻ പറഞ്ഞിട്ട്അതും കേൾക്കണില്ല. അവൻ “. “അതൊന്നും സാരല്ല അചഛമ്മാ.”. …. പിന്നീട് ഒരുപാട് തവണ മൊബൈല് ആവശ്യപ്പെട്ട് അച്ഛമ്മ ചെറിയച ഛനുമായി തർക്കിച്ചു. വീട്ടിൽ വരുന്ന തന്റെ പേരക്കുട്ടിയുടെകൂട്ടുകാരുടെ മൊബെയ്ൽ ഫോണുകൾ വാങ്ങി തിരിച്ചും മറിച്ചും നോക്കി…. ചിലർ പാട്ട് വച്ച് കൊടുത്തു. അച്ഛമ്മ അത്ഭുതത്തോടെ കേട്ടും കണ്ടുമിരുന്നു. …… ……….. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. തണുപ്പുകാലം വന്നു. അച്ഛമ്മക്കിത് കഷ്ടകാലമാണ്. ശ്വാസം മുട്ടലിന്നു പുറമെ ഒരു പാട് പുതിയ രോഗങ്ങളും എത്തി. ഒടുവിൽ എല്ലാ അസുഖവും കൂടി ആശുപത്രിയിൽ കിടത്തി. ….. ഒരു ദിവസം ആരുമില്ലാത്ത നേരത്ത് അച്ഛമ്മ തന്നെ അടുത്ത് വിളിച്ചു . വാത്സല്യത്തോടെ പതുക്കെ പതുക്കെ പറഞ്ഞു”മൊബൈൽ എനിക്കല്ലടാ.. നിനക്ക് തരാൻ വേണ്ടിയാ… മോന് മാത്രല്ലെ ഇല്ലാത്തുളളൂ അതിനാഞാൻ അവനെ ചിത്ത വിളിച്ചിരുന്നത്. ഞാൻ പോയാ എന്റെ കഴുത്തിലെ മാല വിറ്റ് നീ വാങ്ങണട്ടോ.. ” കുറച്ചു ദിവസങ്ങൾ കൂടി അച്ഛമ്മ കിടന്നു.പിന്നെ പുഴ പോലെ ഒഴുകിയിരുന്ന ആ സ്നേഹം നിലച്ചുപോയി. ലോകത്തിലെ ഏറ്റവും വലിയ നഷ്ടമായി തോന്നിയ ദിനമായിരുന്നു അത്. കുറെരാത്രികൾഈ ആലിൻ ചുവട്ടിലിരുന്നു കരഞ്ഞു. അച്ഛമ്മയുടെ മാല ആശുപത്രി ബില്ലടക തികഞില്ലായിരുന്നു അന്ന്. ………… “അച്ഛമ്മേ പത്ത് വർഷമായിട്ടും ഒരു മൊബൈയ്ൽ ഫോൺ വാങ്ങാനും ദാരിദ്ര്യത്തിൽ നിന്നൊരു മോചനത്തിനും ഈ പേരക്കുട്ടിക്കായില്ല”. നൊമ്പരങ്ങളുടെ നിശ്വാസവുമായി ഇളം കാറ്റ് അങ്ങ് ദൂരെ പാടങ്ങൾക്കപ്പുറം കുന്നുകളുടെ മരങ്ങളുടെ ഇടയിലേക്ക് അച്ഛമ്മയുടെ മണത്തിൽ ലയിച്ച് ചേർന്ന്ഒഴുകി പറന്ന് അകന്നകന്നു പോയി

LEAVE A REPLY

Please enter your comment!
Please enter your name here