സ്വന്തം പിറന്നാള്‍ സമ്മാനം – കഥ – ലിജി സെബി

0
492

വിമല ബസ് ഇറങ്ങി നേരെ നടന്നത് അടുത്തുള്ള ഒരു ലേഡീസ് സ്‌റ്റോറിലേക്കാണ്. ആദ്യത്തെ ഒരു പരുങ്ങലും വെപ്രാളവും ഒക്കെ കഴിഞ്ഞപ്പോഴാണ് കടയില്‍ നല്‍ക്കുന്ന പെണ്‍കുട്ടി ചിരിച്ചുകൊണ്ട് തന്നെ നോക്കി നില്‍ക്കുന്നത് കണ്ടത്. ”എന്താ വേണ്ടത്”? എന്ന ചോദ്യത്തോടൊപ്പം ഒരു ചെറുപുഞ്ചിരിയും കൂടെയുണ്ട്.

”കുപ്പിവള” വിമല മടിച്ചാണ് പറഞ്ഞത്. ഇപ്പോഴത്തെ കാലത്ത് ആരെങ്കിലും ഒക്കെ കുപ്പി വള ഇടുന്നവരുണ്ടാവുമോ എന്നൊരു സംശയം ആ ഉത്തരത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്…
”ചേച്ചിക്കാണോ”?
”അല്ല… ആ.. അതെ”…
പല കളറിലുള്ള കുപ്പിവളകള്‍, പിന്നെ കുറെ പുതിയ മോഡലിലുള്ള വളകളും. ഏതെടുക്കണം?. തന്റെ വിഷമാവസ്ഥ കണ്ടിട്ടാണോ എന്തോ ആ കുട്ടി വീണ്ടും ചെറുപുഞ്ചിരിയോടെ ഉടുത്തിരിക്കുന്ന സാരിക്ക് ചേരുന്നതാണോ അതോ കല്ല്യാണത്തിനോ മറ്റു പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ രീതിയിലാണോ എന്നൊക്കെ ചോദിച്ചു കൂടെ നിന്നു.

പഴയതും പുതിയതുമായ കുറച്ചു വളകള്‍ പല കളറില്‍ വാങ്ങാന്‍ എടുത്തുവെച്ചു.
”വേറെയെന്തെങ്കിലും”?
”വേറെ ഒന്നും ഇല്ല… അല്ല… ഒരു കണ്‍മഷി, പിന്നെ പൊട്ടും”. വിമല പെട്ടന്നാണ് പറഞ്ഞത്.
”ചേച്ചി ഇപ്പോള്‍ ആരും അങ്ങനെ കണ്‍മഷി ഉപയോഗിക്കാറില്ല.. ഐ ലൈനര്‍ ആണ്”.
ആ കുട്ടി ഒരെണ്ണം എടുത്തു കാണിച്ചു. വെറുതെ അല്ല ചിലരുടെ കണ്ണില്‍ ഈര്‍ക്കലിന് വരച്ചപോലെ കണ്‍മഷി എഴുതിയിരിക്കുന്നത് കാണുന്നതെന്ന് വിമല ഓര്‍ത്തു.
പല കളറിലും ഷെയ്പ്പിലും ഉള്ള ഒട്ടിക്കുന്ന പൊട്ടും രണ്ടു പാക്കറ്റ് വാങ്ങി. വിമല പിന്നെയും പരുങ്ങി നിന്നു…
”ഇനി എന്തെങ്കിലും വേണോ ചേച്ചി”?
വിമല ആ കുട്ടിയെ നോക്കി പതുക്കെയൊന്ന് ചിരിച്ചു. ”ഒരു ലിപ്‌സ്റ്റിക്കും നെയില്‍ പോളിഷും”.
”ഏതു കളറാണ് വേണ്ടത്”?
”അങ്ങനെയൊന്നുമില്ല, നല്ല കളറ്, എനിക്ക് ചേരും എന്ന് കുട്ടിക്ക് തോന്നുന്നത്്”
”ഡാര്‍ക്ക് കളര്‍ വേണോ ലൈറ്റ് കളര്‍ വേണോ”?
”ലൈറ്റ് മതി”
ആ കുട്ടി കാണിച്ച് നെയില്‍ പോളിഷുകളില്‍ നിന്നും വിമല ഒരു ബേബി പിങ്ക് നെയില്‍ പോളിഷും. പിന്നെ ഒരു ലൈറ്റ് റോസ് കളര്‍ ലിപ്‌സ്റ്റിക്കും എടുത്തു. എല്ലാം എടുത്ത് ബില്‍ അടിക്കാന്‍ പോകാന്‍ നേരം ആ കുട്ടി വീണ്ടും ചിരിച്ചുകൊണ്ട് ചോദിച്ചു ”ഇനിയൊന്നും ഇല്ലല്ലോ”?.
പറയണോ വേണ്ടയോ എന്ന് ഒരുനിമിഷം വിമല സംശയിച്ചു. ”കുട്ടീടെ മൂക്കുത്തിപോലത്തെ ഒരു മൂക്കുത്തിയും”. കടയില്‍ കയറിയപ്പോള്‍ മുതല്‍ വിമല അത് നോക്കി വെച്ചതാണ്, ഒട്ടിച്ചുവെച്ചിരിക്കുന്ന പോലത്തെ മൂക്കുത്തി, ഒരു വെള്ളി കളറില്‍, കറുത്ത കുഞ്ഞു വരകളും കുത്തുകളും ആയിട്ട്.
”ചേച്ചീടെ മൂക്കുകുത്തിയിട്ടുണ്ടോ”?
”ഇല്ല.. കുത്തിയിട്ടുണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ അടഞ്ഞുപോയി”.
എപ്പഴോ ഊരിപ്പോയ കുഞ്ഞു വെള്ളക്കല്ലുവെച്ച ഒരു മൂക്കുത്തി വിമലയെ നോക്കി പുഞ്ചിരിച്ചു…
”ഇപ്പോള്‍ ക്ലിപ് ചെയ്ത് വെക്കണ മൂക്കുത്തിയുണ്ട്”. ഇഷ്ടപ്പെട്ട ഒരെണ്ണം അതില്‍ നിന്നും വിമല തിരഞ്ഞെടുത്തു…
ബില്‍ അടച്ചു എല്ലാം വാങ്ങി പോരുമ്പോഴും ആ കുട്ടി വിമലക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു, കൂടെ ഒരു പറച്ചിലും.
”ചേച്ചി സുന്ദരിയാട്ടോ, ഇനിയിപ്പോള്‍ ഇതൊക്കെയിട്ട് ഒരുങ്ങി മൂക്കുത്തിയും ഒക്കെ ഇട്ടു കഴിയുമ്പോള്‍ കുറെ കൂടെ സുന്ദരിയായിരിക്കുമല്ലോ”. വിമലക്ക് എന്ത് പറയണമെന്ന് അറിയാതെ ഉള്ളില്‍ ഒരു നനുത്ത മഴപെയ്ത സുഖത്തോടെ കേട്ടുനിന്നു. പിന്നെ ആ കുട്ടിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു, എത്രയൊക്കെ ആയാലും നിന്റെ ഈ പുഞ്ചിരിയോളം വരില്ല”… പിന്നെ ഇറങ്ങി നടന്നു…

ആ കുട്ടിയുടെ ചിരിക്കു ഒരു തിളക്കമുണ്ട്, മറ്റൊരാളുടെ ഹൃദയത്തില്‍ തൊടുന്ന പുഞ്ചിരി…
കുറച്ചപ്പുറത്തുള്ള കടയിലേക്ക് കയറുമ്പോള്‍ വിമലക്ക് ഉള്ളില്‍ സന്തോഷമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരവസ്ഥ ആയിരുന്നു… കുറെ നാളത്തെ ഒരു സ്വപ്‌നം… ഒരു പാദസരം…
അവിടെ നിന്നും കുറെ കാണിച്ചതില്‍ നിന്നും വിമല തീരെ വീതികുറഞ്ഞ ഒരു വെള്ളി പാദസരവും വാങ്ങി നേരെ ബീച്ചിലേക്ക് നടന്നു…
പൂക്കാരികളുടെ അടുത്തുനിന്നും മുല്ലപ്പൂമാലയും, കടല വില്‍ക്കുന്ന പ്രായമായ ഒരു സ്ത്രീയുടെ അടുത്ത് നിന്നും ഒരു പൊതി കടലയും വാങ്ങി, അധികം ആളില്ലാത്ത ഒരു വശത്തു പോയിരുന്നു.
പിന്നെ ബാഗിലെ പൊതിയില്‍ നിന്നും പാദസ്വരത്തിന്റെ ചെപ്പു തുറന്ന് അതെടുത്ത് കാലിലണിഞ്ഞു… ഒരു ഭംഗി ഉണ്ട്… അധികം മണികളൊന്നും ഇല്ലെങ്കിലും വെറുതെ കാലൊന്നു അനക്കി നോക്കി… ചെറിയ മണികിലുക്കം…

അസ്തമയ സൂര്യനെയും നോക്കി തിരകളെണ്ണി കടലയും കൊറിച്ച് ഒരു സുഖമുള്ള ഇരിപ്പ്… എന്തെ ഇത്രയും നാള്‍ തനിക്ക് ഇങ്ങനെ വന്നിരിക്കാന്‍ തോന്നാഞ്ഞത്?? നെയില്‍ പോളിഷ് എടുത്ത് അത് രണ്ട് കാലിലെയും നഖങ്ങളില്‍ പുരട്ടി… ചെറിയ ഒരു തിളക്കം.. ഒരു മിനുമിനുപ്പ്….
എവിടെയായിരുന്നു ഈ നിറങ്ങളെല്ലാം…?
രണ്ടു കയ്യിലും ഉടുത്തിരിക്കുന്ന സാരിക്ക് ചേരുന്ന വളകള്‍ എടുത്ത് ഇട്ടു… കുപ്പിവള കിലുക്കി നടന്ന ഒരു പാവാടക്കാരി മനസില്‍ വളപ്പൊട്ടുകള്‍ കൊണ്ട് മഴവില്ലു വരക്കുന്നുണ്ടേ?? എന്നായിരുന്നു ഈ വളകിലുക്കം മാഞ്ഞുപോയതു??

ബാഗിലെ ഏറ്റവും കുഞ്ഞു പോക്കറ്റില്‍ എപ്പഴോ മറന്നുവെച്ചൊരു കുഞ്ഞുകണ്ണാടി പുറത്തെടുത്ത് നെറ്റിയുടെ നടുക്ക് ഒരു പൊട്ടും തൊട്ടു… എന്തിന് താനിത് മറന്നു കളഞ്ഞു ഇത്രയും നാള്‍… പണ്ടെന്നും ഒരു വട്ടപൊട്ടിനു അവിടെ സ്ഥാനമുണ്ടായിരുന്നു…
കണ്ണില്‍ വരവരച്ചപോലെ നേര്‍ത്ത ഒരു വരകൊണ്ട് കരിയെഴുതി സുന്ദരമാക്കി…
വിളറിവെളുത്ത കണ്ണുകള്‍ക്ക് ഒരു തേജസ് വെച്ചപോലെ… ഇതും മറന്നതോ അതോ വേണ്ടെന്നു വെച്ചതോ?.
വരണ്ട ചുണ്ടുകള്‍ക്ക് മുകളിലൂടെ ഇളം റോസ് കളറിലുള്ള ലിപ്‌സ്റ്റിക് തേച്ചപ്പോള്‍ അറിയാതെ വന്ന ഒരു പുഞ്ചിരി ചുണ്ടുകളെ ഒന്നു കൂടെ സുന്ദരമാക്കി.. ഇത് ആദ്യമായിട്ടാണ്, പക്ഷെ വിമലക്ക് അതിഷ്ടമായി…
മൂക്ക് കുത്താന്‍ വാശിപിടിച്ചു കരഞ്ഞു ജയിച്ച ഒരു കൗമാരക്കാരി തന്നെ നോക്കി ചിരിക്കുന്നുണേ്ാട??.
കളഞ്ഞുപോയ മൂക്കുത്തിക്കു പകരം മറ്റൊന്ന് വേണമെന്ന് ഇതുവരെ തോന്നാഞ്ഞത് എന്തുകൊണ്ടായിരിക്കും??.
പിന്നിയിട്ടിരുന്ന മുടിക്കുള്ളിലേക്ക് മുല്ലപ്പൂമാല തിരികി വെയ്ക്കുമ്പോള്‍ വീട്ടിലെ മുറ്റത്തിരുന്ന് കനകാംബരവും മുല്ലപ്പൂവും കൊണ്ട് മാലകെട്ടുന്ന ഒരു പെണ്‍കുട്ടി മനസില്‍ നിന്നും പൂഴിമണലിലേക്കിറങ്ങിപ്പോയെന്നു ഒരു സംശയം…
എവിടെയായിരുന്നു തനിക്ക് തെറ്റിയത്. വര്‍ഷങ്ങള്‍ കടന്നുപോകുന്നത് വിമല അറിഞ്ഞത് രണ്ടു മക്കളുടെയും പിറന്നാള്‍ വരുമ്പോള്‍ മാത്രമാണ്. പക്ഷെ പിന്നെ അതിനെപ്പറ്റി ചിന്തിക്കാറേയില്ല. ദിവസത്തിന് ദൈര്‍ഘ്യം വളരെ കുറവാണെന്നാണ് വിമലക്കു പരാതി.

എന്നാണോ ഈ കുടുംബ ഭാരമൊക്കെ കൂടെ തലയിലേക്ക് കയറിയത്, അന്നുമുതലാണ് വിമല വെറും യന്ത്രമായി മാറിയത്. സ്വന്തം ഇഷ്ടങ്ങളെയും സ്വപ്‌നങ്ങളെയുമൊക്കെ അടുക്കളയിലും ഓഫീസിലും ഇട്ടു അടച്ചു പൂട്ടി താക്കോല്‍ അടുപ്പിലിട്ടു കത്തിച്ചു ചാരമാക്കി കാറ്റില്‍ പറത്തി വിമല മറ്റൊരു വമലയായ്. തന്നെപറ്റി, അല്ലെങ്കില്‍ തനിക്കുവേണ്ടി സ്വപ്നങ്ങള്‍ കാണാന്‍ മറന്നുപോയ്. പക്ഷെ വീട്ടിലെ ബാക്കി എല്ലാവര്‍ക്കും വേണ്ടി സ്വപ്നങ്ങള്‍ കണ്ടു. എല്ലാവരുടെയും മോഹങ്ങളും, ആഗ്രഹങ്ങളും നിവര്‍ത്തിച്ചു. അപ്പോഴും സ്വന്തം ആഗ്രഹങ്ങളുംമോഹങ്ങളും എല്ലാം മുളയിലേ നുള്ളികളഞ്ഞു. കുടുംബം, ഭര്‍ത്താവ്, മക്കള്‍, പിന്നെ ഓഫീസ് അതായിരുന്നു വിമലയുടെ ലോകം. അതിനപ്പുറത്ത് വേറൊരു കാഴ്ചകളും വിമലക്കില്ലായിരുന്നു. ഇന്ന് വിമലയുടെ നാല്‍പതാം പിറന്നാള്‍… ഏതൊരു ദിവസത്തെയും പോലെ മറ്റൊരു ദിവസം… സ്‌പെഷ്യലായിട്ടു വിമലയുണ്ടാക്കുന്ന പായസം, മക്കളുടെയും ഭര്‍ത്താവിന്റെയും വക ഒരു സമ്മാനം.

അടുത്ത സീറ്റില്‍ പുതിയതായി ജോലിക്കു വന്ന കുട്ടി പിറനന്നാളാണെന്ന് അറിഞ്ഞപ്പോള്‍ ചോദിച്ച ഒരു ചോദ്യം… ”വിമലേച്ചിക്കു പിറന്നാളായിട്ടു, സ്വയം സന്തോഷം തരുന്ന എന്ത് കാര്യം ചെയ്യാനാണിഷ്ടം?. ചോദ്യം കേട്ടപ്പോള്‍ വിമല കുറെ ആലോചിച്ചു… തനിക്കു സന്തോഷം തരുന്ന ഒരു കാര്യം… കുറെ ആലോചനകള്‍… കുറെ തീരുമാനങ്ങള്‍… പക്ഷെ ഒന്നും അങ്ങ് ഒക്കുന്നില്ല… തനിക്കങ്ങനെ ഒരു സന്തോഷങ്ങള്‍ ഇല്ലെ?.. തിരിച്ചും മറിച്ചും ആലോചിച്ചു കഴിഞ്ഞപ്പോള്‍ വിമലക്ക് തന്റെ എന്നോ എവിടെയോ നഷ്ടപ്പെട്ടുപോയ കുറെ കുഞ്ഞ്കുഞ്ഞ് ഇഷ്ടങ്ങള്‍ മനസില്‍ മഴവില്ല് വരക്കാന്‍ തുടങ്ങി…

എന്ന് മുതലാണ് താന്‍ സ്വയം സ്‌നേഹിക്കാന്‍ മറന്നുപോയത്? തന്റെ ഇഷ്ടങ്ങള്‍ അവഗണിക്കാന്‍ തുടങ്ങിയത്??.. അന്ന് മുതലാണോ തന്റെ ചിരിയുടെ തിളക്കവും പൊയ്‌പോയത്?. ആരും ഒന്നും വേണ്ടന്ന് പറഞ്ഞിട്ടില്ല… പക്ഷെ എപ്പഴോ ഓരോരോ ഇഷ്ടങ്ങള്‍ മാഞ്ഞുപോയി.. ആ ഒഴുക്കിനനുസരിച്ചു നീന്തതി നീന്തി അതൊരു ശീമായിപ്പോയി. ഇനി അത് വേണ്ട.. വിമല ഒന്നുകൂടെ കണ്ണാടിയില്‍ നോക്കി… എവിടെയോ മറന്നുവെച്ച ആ പഴയ വിമലയുടെ രൂപം….

വിമല എഴുന്നേറ്റ് പതിയെ നടന്നു…. കുഞ്ഞ് കുഞ്ഞ് തിരകള്‍ വന്നു കാലുകള്‍ നനച്ചുകൊണ്ടോയിരുന്നു. ഒരു സുഖമുള്ള നനവ്… മാഞ്ഞുപോയ തന്റെ ഇഷ്ടങ്ങളെ തിരികെ തരുന്ന പോലെ… അതെ സ്വയം സ്‌നേഹിക്കണം… മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒപ്പം സ്വന്തം ഇഷ്ടങ്ങളും മോഹങ്ങളും നടത്തിയെടുക്കണം… അസ്തമയ സൂര്യന്റെ ചുമന്ന കളറിന് തിളക്കം കൂടിയപ്പോള്‍ വിമലയുടെ ചുണ്ടിലെയും നഖങ്ങളിലെയും കളറിനും തിളക്കം കൂടും. തിരമാലകള്‍ തീരത്തെ പൂഴിമണലിനോടും കല്ലുകളോടും കിന്നാരം പറഞ്ഞപ്പോള്‍, അതെ കിന്നാരം കൈയിലെ കുപ്പിവളകളും കാലിലെ പാദസ്വരവും വിമലയോടും പറഞ്ഞു. വിമല ഒരു പുഞ്ചിരിയോടെ നടന്നു…
ഇനി ഒരു ബുക്ക് വാങ്ങണം… വായനകളുടെ ലോകത്തു സ്വയം മറന്നുപോയ ഒരു കാലം… ഇപ്പോള്‍ ആകെ കാണുന്നത് കുട്ടികളുടെ പഠിക്കാനുള്ള പുസ്തകം ആണ്. ഇനിയുമുണ്ട് ഒരുപാട് സ്വപ്‌നങ്ങള്‍… കുഴിച്ചു മൂടപ്പെട്ട ഒരുപാടു സ്വപ്‌നങ്ങള്‍… വിമലയുടെ സ്വപ്‌നങ്ങളും മോഹങ്ങളും ചിറകുവിടര്‍ത്തി പറക്കാന്‍ തുടങ്ങി.

അതെ.. കുറച്ചെങ്കിലും സ്വന്തം ഇഷ്ടങ്ങള്‍ കൂടെ തന്നെ വേണം. സ്വയം സ്‌നേഹിച്ചാലേ നിറഞ്ഞു പുഞ്ചിരിക്കാനാകൂ… ആ പുഞ്ചിരി മറ്റൊരാള്‍ക്ക് നല്‍കാനാകൂ… എന്നാലേ അത് മറ്റൊരാളുടെ ഹൃദയത്തില്‍ തൊടുന്ന പുഞ്ചിരിയാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here