മാറ്റം – കവിത – സ്റ്റീഫൻസി

0
436

പണം
തെരുവാണ്

മേലാളരും കീഴാളരും
സമ്പന്നരും ദരിദ്രരും
മതങ്ങളും രാഷ്ട്രീയവും
തെരുവുകളാണ്

അവിടെ
അധികാരികൾ
തെരുവുയുദ്ധം
നടത്തുന്നു !

അഴിമതിക്കാർ
വിജയകിരീടം
ചൂടുന്നു !

ആൽത്തറയിൽ
കൽക്കുരിശിൽ ചാരി
ഞാനുമിരിപ്പുണ്ട്

സത്യം
നിഴൽ വിരിക്കുന്ന
പാതയിലേക്ക്
എനിക്കോടിപ്പോകണം

തലമുറകൾ
പിന്നിട്ട പാതയിൽ
മുള്ളുണ്ട്
മൂർഖൻ പാമ്പുണ്ട്
മുലമുറിച്ചു
പ്രതിക്ഷേധിച്ച പെണ്ണിന്റെ
പ്രതികാരമുണ്ട് !

രക്തപ്പുഴകളൊഴുക്കിയ
കുരിശുയുദ്ധവും
കുരുക്ഷേത്രയുദ്ധവുമുണ്ട്
ശരശയ്യയൊരുക്കിയ
മുൾമുടികളുണ്ട്….!

അഗ്നിസാക്ഷിയായ്
സീതയുണ്ട്…..
ശാപശിലയായ്
അഹല്യയുണ്ട്…!

ചെങ്കടൽ രണ്ടായി
പിളർത്തിയ മോശയും
നോഹയുടെ
പെട്ടകവുമുണ്ട് !

പ്രവാചകന്മാരുടെ
ശിരച്ഛേദം നടത്തിയ
വാൾമുനകളുണ്ട്‌…

അല്ലാഹുവും അയ്യപ്പനും
യേശുവും
ഗാന്ധിജിയുമുണ്ട് !

കല്ലുണ്ട്…മുറിവുണ്ട്

തിരിഞ്ഞു നോക്കാതെ
പോകണം
സത്യം നിഴൽ വിരിക്കുന്ന
പാതയിലേക്ക്….!!

LEAVE A REPLY

Please enter your comment!
Please enter your name here