തമിഴത്തിപ്പെണ്ണ് – കഥ – വിജീഷ് വയനാട്

0
718

വിജനമായിക്കൊണ്ടിരുന്ന ബസ് സ്റ്റാന്റിന്റെ ഇരുണ്ട മൂലയിലേക്ക് മാറി ഇരുന്നു അവൾ…മുഷിഞ്ഞ വേഷം. ദിവസങ്ങളോളമായി കുളിച്ചിട്ടെന്ന് കണ്ടാൽ തന്നെ അറിയാം.. മടിയിൽ ഉറങ്ങികിടന്ന അവളുടെ കൊച്ച് കുഞ്ഞ് ഇടക്കെപ്പോഴോ ഞെട്ടിയുണർന്ന് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി… ആ കുട്ടിയെ വീണ്ടും ഉറക്കാനുള്ള വിഫലശ്രമത്തിലായിരുന്നു ആ തമിഴത്തി പെണ്ണ്… അവസാനം അഴുക്കുപുരണ്ട ഭിത്തിയിലേക്ക് ചാരി ഇരുന്ന് തന്റെ സാരി മാറ്റി ആ കുട്ടിയുടെ മുഖം അവൾ തന്റെ മാറിലേക്ക് ചേർത്തമർത്തി…. അതിന്റെ ചുണ്ടുകൾ തിരയുന്നതൊന്നും തന്റെ ശരീരത്ത് നിന്നും ലഭിക്കില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു… എങ്കിലും ആ മാതൃസ്നേഹത്തിന്റെ ചൂടിൽ മുഖം ചേർത്ത് വെച്ച് ആ കുഞ്ഞ് ഉറക്കം തുടങ്ങി….

പൂങ്കനി എന്നായിരുന്നു ആ തമിഴത്തി പെണ്ണിന്റെ പേര്.. ഭർത്താവിനൊപ്പം കൂലിവേലക്ക് കേരളത്തിലേക്ക് കുടിയേറിയവൾ.. കൂലിപ്പണിയാണെങ്കിലും അത്ര തരക്കേടില്ലാത്ത രീതിയിൽ ജീവിക്കുന്നതിനിടയിലാണ് അവൾക്കൊരു കുഞ്ഞുണ്ടാകുന്നത്.. അന്നു മുതൽ അവളുടെ ജീവിതത്തിന്റെ താളം തെറ്റി.. നല്ല വെളുത്തു തുടുത്ത മോളെ കണ്ടത് മുതൽ ഭർത്താവിന് സംശയരോഗം തുടങ്ങി.. അതോടെ എന്നും തല്ലും വഴക്കുമായി അവളുടെ ജീവിതത്തിൽ.. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവളെയും കുട്ടിയെയും ഉപേക്ഷിച്ച് അയാൾഎങ്ങോട്ടോ ഇറങ്ങി പോവുകയും ചെയ്തു .. അതോടെ നരകതുല്യമായി പൂങ്കനിയുടെ ജീവിതം..

അങ്ങനെ വാടക വീട്ടിൽ നിന്നും തെരുവിലേക്കിറങ്ങണ്ടി വന്നു പൂങ്കനിക്ക്.. പകൽ ഭിക്ഷ യാചിച്ചും മറ്റും കഴിച്ചുകൂട്ടും. രാത്രിയെ അവൾ വല്ലാതെ ഭയപ്പെടുന്നു.. ഇരുളിന്റെ മറവിൽ തന്റെ ശരീരത്തെ
പിച്ചിച്ചീന്താൻ എത്തുന്നവരിൽ നിന്നും രക്ഷപെടാൻ ആകുന്നില്ല അവൾക്ക്.. ഇരുളിൽ ഒരു മുഖം പോലും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും മദ്യത്തിന്റെ മണമുള്ള ചുണ്ടുകൾക്കും.. വിയർപ്പിൽ മുങ്ങിയ ശരീരങ്ങൾക്കും വേണ്ടത് എന്താണെന്ന് കൃത്യമായിട്ടറിയാം അവൾക്ക്… ഇന്നലത്തെ കാര്യം ഓർത്തപ്പോൾ അറിയാതെ തന്റെ കുഞ്ഞിനെ ചേർത്തു പിടിച്ചു അവൾ.. എന്നിട്ട് പുറത്തെ ഇരുട്ടിലേക്ക് പകച്ചു നോക്കി ഇരുന്നു പൂങ്കനി…

ഇന്നലെ രാത്രി കണ്ണൊന്ന് മയങ്ങി തുടങ്ങിയപ്പോളാണ് ഒരു കൈ തന്റെ ശരീരത്തെ ചുറ്റിവരിയുന്നത് പൂങ്കനി തിരിച്ചറിഞ്ഞത്.. ഒച്ചവെക്കാൻ കഴിയുംമുമ്പെ തന്റെ ചുണ്ടുകൾ അയാൾ ബന്ധിച്ചിരുന്നു… തല നരച്ച ഒരാൾ.. എതിർത്തപ്പോൾ മുഖത്തടിച്ചു.. പിന്നെ ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല പൂങ്കനിക്ക്… എല്ലാം കഴിഞ്ഞ് വസ്ത്രങ്ങൾ വാരിച്ചുറ്റുന്നതിനിടയിലാണ് മോൾ കരഞ്ഞത്.. തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാളുടെ കണ്ണുകൾ അപ്പോഴാണ് ആ കുട്ടിയിലേക്കെത്തിയത്… ആ കണ്ണിൽ കണ്ട വികാരങ്ങൾ… ഓർക്കുന്തോറും മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നു ”.. ഇന്നും അയാൾ വന്നേക്കാം.. വന്നാൽ….

കുറേ നേരത്തെ ആലോചനകൾക്കൊടുവിൽ കുട്ടിയെയും കൊണ്ട് അവൾ എണീറ്റു.. എങ്ങോട്ടോ നടന്നു… അവസാനം അവൾ ചെന്നെത്തിയത് ഒരു അമ്മതൊട്ടിലിന് മുന്നിലായിരുന്നു.. വിതുമ്പി വന്ന ദു:ഖം കടിച്ചമർത്തി അവൾ കുട്ടിയെ ആ തൊട്ടിലിൽ കിടത്തി.. നെറുകയിൽ ഉമ്മ വെച്ചു.. ആ തൊട്ടിലിൽ പിടിച്ചവൾ പൊട്ടിക്കരഞ്ഞു…തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അന്നാദ്യമായി തന്റെ മാറിൽ പാൽ വന്ന് നിറയുന്നത് അവൾ തിരിച്ചറിഞ്ഞു… ആ നിലത്ത് പടിഞ്ഞിരുന്ന് അവൾ തന്റെ കുഞ്ഞിനെ മുലയൂട്ടി… അവളെ ചേർത്ത് പിടിച്ച്… വളരെ കാലങ്ങൾക്ക് ശേഷം അവൾ വീണ്ടും ഒരു പൂർണ അമ്മയായി… വയറ് നിറഞ്ഞ് മയങ്ങുന്ന മോളെ ആ തൊട്ടിലിൽ കിടത്തി വിതുമ്പുന്ന ചുണ്ടും , വേച്ചുപോകുന്ന കാലടികളുമായി അവൾ ഇരുളിലേക്കിറങ്ങി നടന്നു… അവളെ കാത്ത് അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു ചിലർ…. കാമം കത്തുന്ന കണ്ണുകളോടെ.

LEAVE A REPLY

Please enter your comment!
Please enter your name here