എന്റെ പുല്‍മേടുകള്‍ അവസാനിക്കുന്നില്ല ….. – ലേഖനം – ഡോ. എന്‍. രേണുക

0
333

പ്രലോഭിപ്പിക്കുന്ന ഒരു സൗഹൃദക്കൂട്ടായ്മയിലെ അംഗമായിരുന്ന സിന്‍സി സാജു എന്ന മാഗി, ഹയര്‍ സെക്കന്ററി ഇംഗ്ലീഷ് അദ്ധ്യാപികയ്ക്കപ്പുറം വായനയോടും എഴുത്തിനോടും കലകളോടും ഒടുങ്ങാത്ത ആസക്തി പുലര്‍ത്തിയിരുന്ന അസാധാരണവ്യക്തിത്വമായിരുന്നു എന്നത് വൈകിമാത്രം ഉണ്ടായ തിരിച്ചറിവാണ്. നാല്പതാം വയസ്സില്‍ ജീവിതത്തിന്റെ ഉച്ചസ്ഥായികളില്‍ നിന്നുള്ള വിടുതല്‍. അവര്‍ കടന്നുപോയതിനുശേഷം ആത്മസുഹൃത്തുക്കള്‍ മാഗിയുടെ വിയോഗത്തിന്റെ ശൂന്യതകളെ മറികടന്നത് എഴുത്തുകള്‍ സമാഹരിച്ചുകൊണ്ടാണ്. അലക്ഷ്യമായി എഴുതിക്കൊണ്ടിരുന്ന ആ കുറിപ്പുകളോട് നീതിപുലര്‍ത്തിയില്ല എന്ന ഏറ്റുപറച്ചിലോടെ. എല്ലാ തിരിച്ചറിവുകള്‍ക്കും ഒരു കാലമുണ്ട്. മാഗിയുടെ സൈ്ത്രണപൂര്‍ണ്ണിമയുടെ കാലം ഇതാണ്. തിയോ ബുക്‌സില്‍നിന്ന് ഉള്ളുകലങ്ങിയൊരു പുസ്തകം എന്ന മുഖവുരയോടെ പ്രസിദ്ധീകരിക്കപ്പെട്ട സൈ്ത്രണപൂര്‍ണ്ണിമ മാഗിയുടെ എഴുത്തിന്റെ അപൂര്‍വ്വതകളേയും ആത്മസഞ്ചാരങ്ങളേയും ഉപാധികളില്ലാതെ ആവിഷ്കരിക്കുന്നു. ജീവിക്കുന്ന ചുറ്റുപാടുകളോട്, അഭിമുഖീകരിക്കേണ്ടിവരുന്ന യാഥാര്‍ത്ഥ്യങ്ങളോട്, വ്യാപരിക്കുന്ന കര്‍മ്മപഥങ്ങളോട് സ്വപ്‌നത്തിന്റെ ഭാഷയില്‍ ഒരു സ്ത്രീ പ്രതികരിക്കുന്നതെങ്ങനെയെന്ന് സൈ്ത്രണപൂര്‍ണ്ണിമയിലെ ഓരോ എഴുത്തും വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്നു. സ്ത്രീത്വത്തിന്റെ ശക്തിയിലും ദൗര്‍ബ്ബല്യത്തിലും വിശ്വസിച്ചുകൊണ്ട് ഉള്‍ക്കരുത്തിന്റേയും അതിജീവനത്തിന്റേയും സന്ദര്‍ഭങ്ങളിലൂടെ പുഞ്ചിരിയോടെ കടന്നുപോകുന്ന നിരക്ഷരരായ സ്ത്രീകളെക്കുറിച്ച് മാഗി എഴുതുന്നുണ്ട്. പാരിസ്ഥിതികമായ ഭീഷണികള്‍ക്ക് അനുഭവത്തിന്റെ പൂരണം നല്കുന്നുണ്ട്. അമൂര്‍ത്തമായ മനോഭാവങ്ങള്‍ക്ക് സൗന്ദര്യാത്മകവ്യാഖ്യാനങ്ങള്‍ നല്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഈറനണിഞ്ഞ കണ്ണുകള്‍ ലോകത്തെ മുഴുവന്‍ ആര്‍ദ്രതയോടെ കണ്ടറിയുന്നുണ്ട്.

സൈ്ത്രണപൂര്‍ണ്ണിമ ഡയറിക്കുറിപ്പുകളുടെ സ്വഭാവം ഉള്‍വഹിക്കുന്ന പുസ്തകമാണ്. ഒരുതരത്തില്‍, നിത്യജീവിതത്തിന്റെ ബാക്കിപത്രമാണിത്. അനിശ്ചിതത്വത്തിലും സ്വകാര്യതകളിലും അഭിരമിച്ച എഴുത്തുകള്‍. കൃത്യമായ കാലഗണനയില്ല. മാഗിയുടെ മനസ്സിന്റെ ഇടത്താവളമായിരുന്നിരിക്കണം ഈ കുറിപ്പുകള്‍. മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമായതുകൊണ്ടാകണം, ഗോഥി സംസ്കാരത്തിന്റെ ഏതൊക്കെയോ ഛായകള്‍ സൈ്ത്രണപൂര്‍ണ്ണിമയുടെ ഘടനയിലുണ്ട്. ഇരുണ്ട കാല്പനികതയുടെ കരിനീലപ്പടര്‍പ്പുകള്‍. ഒരു ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോ ആല്‍ബത്തിന്റെ പ്രതീതി. വായനക്കാരെ ചെറിയതോതിലെങ്കിലും വിഭ്രമിക്കുന്ന രൂപഭാവങ്ങള്‍. മരണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആകസ്മികതകളും ആത്മസുഹൃത്തുക്കളുടെ വേദനാനിര്‍ഭരമായ ഓര്‍മ്മകളും അവതരണക്കുറിപ്പുകളുമാണ് അത്തരമൊരുഘടന പുസ്തകത്തിന് നല്കുന്നത്. പാതിവഴിയില്‍ ഉറഞ്ഞുപോയ സംഗീതം. രാഗങ്ങളേതെന്ന് തിരിച്ചറിയുംമുമ്പേ നിലച്ചുപോയ സംഗീതം. ഫാ. ബോബി ജോസ് കപ്പുച്ചിന്‍, സെബാസ്റ്റ്യന്‍ പള്ളിത്തോട്, വി. ജി. തമ്പി എന്നിവരുടെ ആമുഖക്കുറിപ്പുകള്‍; സി. ശോഭ, ഫാ. ജ്യോതിസ്സ്, ഷേര്‍ളി ജോര്‍ജ്ജ് എന്നിവരുടെ അനുസ്മരണലേഖനങ്ങള്‍ എന്നിവ അതിവൈകാരികതകളില്ലാതെ മൗനത്തിന്റെ ഭാഷതേടുന്നു എന്നത് ശ്രദ്ധേയമാണ്.

വിളക്ക്, മണ്ണും വിണ്ണും, ഹൃദയം കൊണ്ടെഴുതിയ കവിത, സേ്‌നഹത്തിന്റെ ചിലന്തിവലകള്‍, വറ്റാത്ത ഉറവകള്‍, അമ്മയാവുകയെന്നാല്‍, വീട്, തണല്‍, രാസമാറ്റങ്ങള്‍, എന്റെ മഞ്ഞവെളിച്ചം, കരച്ചിലുകള്‍, മലമുകളിലെ മരങ്ങള്‍ എന്നിങ്ങനെ വിവിധവിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ഇരുപത്തിരണ്ട് കുറിപ്പുകള്‍, വാര്‍ദ്ധക്യം, വഴിയോരത്തു വീണ വിത്ത്, കൗമാരം, തടവറകള്‍ തടവറകളെ ഓര്‍ത്തോര്‍ത്ത്, തടാകം തുടങ്ങിയ പതിമൂന്ന് കവിതകള്‍, ടോടോ ചാന്‍, ആത്മവിദ്യാലയത്തിനൊരു പെണ്‍വായന, കുടിയിറക്കപ്പെട്ടവര്‍ എന്നീ അഞ്ച് പുസ്തകനിരൂപണങ്ങള്‍ എന്നിവയാണ് മാഗിയുടെ പുസ്തകത്തിലുള്ളത്. നിസ്വാര്‍ത്ഥമായ ഈ എഴുത്തുകളിലൂടെ കടന്നുപോകുന്ന വായനക്കാര്‍ കരുതും ഇത് ജീവന്റെ കൈപ്പുസ്തകമാണെന്ന്. ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്. പ്രായോഗികതകളും ബുദ്ധിപരമായ കാപട്യങ്ങളും സ്വാര്‍ത്ഥതകളും എഴുത്തുകളെപ്പോലും ബാധിച്ചുതുടങ്ങിയ ഇക്കാലത്ത് സൈ്ത്രണപൂര്‍ണ്ണിമപോലുള്ള പുസ്തകങ്ങളാണ് കുട്ടികള്‍ വായിക്കേണ്ടത്. കാരണം, ഇതില്‍ വിശ്വസ്തയായ ഒരമ്മയുണ്ട്. അദ്ധ്യാപികയുണ്ട്. ആത്മസുഹൃത്തുണ്ട്. ജീവിതത്തിന്റെ അഭയസ്ഥാനങ്ങളാണിവയെല്ലാം. ആണ്‍പെണ്‍ഭേദമില്ലാതെ സൗഹൃദത്തിന്റെ തറിയില്‍ നെയെ്തടുക്കപ്പെട്ട ലോകം. സൈ്ത്രണപൂര്‍ണ്ണിമ അവശേഷിപ്പിക്കുന്ന സ്വപ്‌നം ഇതാണ്. പ്രണയവും പവിത്രതയും ഭൂമിയെ കീഴ്‌പെടുത്തുമെന്ന് വിശ്വസിച്ച ഒരുവള്‍ എന്ന് മുഖവുരയില്‍ പറയുന്നുണ്ട്. ഓരോ കാര്യത്തെക്കുറിച്ചും സുതാര്യമായ നിലപാടുകളും സമീപനങ്ങളുമുള്ള ഒരു സ്ത്രീ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ലളിതമായ അടയാളമാണിത്. സൈ്ത്രണപൂര്‍ണ്ണിമയിലെ കുറിപ്പുകളില്‍നിന്ന്:

വില്ല പ്രോജക്ടുകള്‍ സ്വന്തം വീടിനെയും പരിസരങ്ങളെയും ഇല്ലാതാക്കുന്ന കാലത്തെയോര്‍ത്ത് “ മണ്ണിന്റെ നിലവിളികള്‍ക്കും മനുഷ്യന്റെ അട്ടഹാസങ്ങള്‍ക്കുമിടയില്‍ ഇനിയെങ്ങനെ സ്വസ്ഥമായുറങ്ങാന്‍? ഇനി ഈ ജാലകങ്ങള്‍ക്കപ്പുറം കാറ്റില്‍ ചില്ലകള്‍ ഞെരിയുന്ന ശബ്ദമില്ല. നൂറുനൂറ് ചീവീടുകളുടെ രാത്രിസംഗീതമില്ല. പ്രാണികളുടെ ശീല്‍ക്കാരമില്ല. ഈറന്‍വീണ മണ്‍വഴികളിലൂടെ ഓടിമറയുന്ന കാട്ടുമുയലുകളില്ല. അഭയം നഷ്ടപ്പെട്ട പ്രാണികളും പക്ഷികളുമൊക്കെ ഏത് ദൂരങ്ങളിലേക്കാവും കുടിയേറിപ്പാര്‍ത്തിട്ടുണ്ടാവുക? എല്ലാറ്റിനും പകരം ഇനി നിറയുന്നത് കരിങ്കല്‍മതിലിനുള്ളില്‍ ശ്വാസമടക്കിപ്പിടിച്ച് നില്ക്കുന്ന കുറേ കെട്ടിടങ്ങള്‍. എന്റെ പഴയ മഴച്ചിത്രങ്ങള്‍ ഒരുമാത്ര ഓടിവന്ന് ഈ മുറ്റം നിറയെ പെയ്യുമോ?
(വറ്റാത്ത ഉറവകള്‍)

വികലാംഗയായ വിദ്യാര്‍ത്ഥിനെയെ ഓര്‍ത്ത്, “തനിക്കാവില്ല എന്നറിഞ്ഞിട്ടും കോളേജില്‍ പോവാനുള്ള ആഗ്രഹം തീവ്രമായിരുന്നവള്‍ക്ക്. വായനയിലൂടെ വിരിയുന്ന ലോകങ്ങളെ അറിഞ്ഞും സ്വപ്‌നംകണ്ടും അവളുടെ ദിവസങ്ങളിപ്പോള്‍ നിറയുന്നു. വല്ലപ്പോഴും കേള്‍ക്കുന്ന എന്റെ ശബ്ദത്തെ കൊതിയോടെ കാത്തിരിക്കുന്നു. വായിച്ചു തിരികെതരുന്ന പുസ്തകങ്ങളില്‍ ചിതറിക്കിടക്കുന്ന അക്ഷരങ്ങളില്‍ എനിക്കായൊരു കത്തുമുണ്ടാകും. … ഇന്ന് ഈ കത്ത് വായിക്കേ എന്റെ ഹൃദയം തകരാതെങ്ങനെ.`ഓരോ പുസ്തകവും കൈകളിലെടുക്കുമ്പോള്‍ അക്ഷരങ്ങളുടെ തുടിപ്പും ടീച്ചറുടെ സേ്‌നഹത്തിന്റെ സ്പന്ദനവും ഞാനറിയുന്നു’വെന്ന് ഒറ്റപ്പെട്ടും മുരടിച്ചുംപോയ ആ വിരലുകള്‍ കുറിക്കവേ എന്റെ ഹൃദയം കരയാതെങ്ങനെ? ”
(നിശ്ശബ്ദരോദനങ്ങള്‍)

“ഈ പ്രാണന്‍ അലിഞ്ഞുചേര്‍ന്ന ഈ മണ്ണില്‍
മുറിക്കപ്പെട്ട എന്റെ വേരുകള്‍ക്ക് പൊടിയാതെ വയ്യാ,
ഇപ്പോഴെനിക്കറിയാം മരണമെത്ര കഠോരവും തീക്ഷ്ണവുമെന്ന്”
(പ്രണയം എന്ന കവിതയില്‍ നിന്ന്)

ചില നിമിഷങ്ങള്‍, അനുഭവങ്ങള്‍ നിശ്ശബ്ദമായ നിലവിളികളായി ജീവിതം മുഴുവന്‍ നമ്മെ പിന്തുടരും. അവ കാല്പനികമോ ബാലിശമോ ഒന്നുമല്ല. വൈക്കം, ടി വി പുരത്തെ സെന്റ് തെരേസാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ചുനടന്ന സൈ്ത്രണപൂര്‍ണ്ണിമയുടെ പ്രകാശനം അത്തരം ഒരു അനുഭവമായിരുന്നു. സുഹൃത്തുക്കള്‍ക്കക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍, മാഗിയില്ലാത്തൊരു സായാഹ്നത്തില്‍. വായിക്കുന്തോറും നടുക്കംമാത്രം സൃഷ്ടിക്കുന്ന ഒരു കഥയുണ്ട്, കെ. ആര്‍. മീരയുടെ മരിച്ചവളുടെ കല്യാണം. അപായകരമായ ഒരു ശ്രുതിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇത്തരം തീവ്രനിമിഷങ്ങളെ നാം അഭിമുഖീകരിച്ചേ മതിയാവൂ. എന്നാല്‍ സൈ്ത്രണപൂര്‍ണ്ണിമയുടെ സംവാദമണ്ഡലം കരച്ചിലിന്റേതല്ല. ജീവിതത്തിന്റെ ഉത്സവത്തിമര്‍പ്പുകളും ഉന്മാദങ്ങളും കാമനകളും ചെറിയചെറിയ സന്തോഷങ്ങളും അഭിമാനങ്ങളും നിസ്സഹായതകളും സങ്കടങ്ങളും ഇണചേര്‍ന്നു കിടക്കുന്ന എഴുത്തുകളില്‍ മൃതിയുടെ സംഗീതമില്ല. ഇതിലൂടെ കടന്നുപോകുമ്പോള്‍ അടുത്തെവിടെയോ ഒരു ഇല്ലിക്കാടും പുഴയുമുണ്ടെന്ന് സങ്കല്പിക്കാനാവും. മുളങ്കാടിന്റെ സംഗീതം. ആര്‍ത്തിരമ്പിവരുന്ന തേനീച്ചക്കൂട്ടം… അതിലെ വനറാണി… പുല്‍മേടുകളില്‍ സുവര്‍ണ്ണശോഭയോടെ പടരുന്ന തീനാമ്പുകള്‍…. എരിഞ്ഞടുങ്ങുന്ന വശ്യതയോടെ കത്തിപ്പടരുന്ന കാട്ടുതീ… അക്ഷരങ്ങളുടെ ജ്വലനരഹസ്യം…. നിരുപാധികമായ എഴുത്തുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here