മഹാമൗനത്തിന്റെ താഴ്വരയില്‍ – യാത്ര – ഡോ .സുജ ശ്രീകുമാര്‍

0
615

നഗരത്തിരക്കുകളിലെ നിത്യക്കാഴ്ചകളില്നിന്നും ജീവിതചര്യകളിലെ യാന്ത്രികതകളില്‍ നിന്നുമെല്ലാമകന്ന് അല്പനേരം ചെലവഴിക്കാനൊരിടം …. അവിടേയ്ക്ക് ഒരു യാത്ര … ഇത്രയുമേ കരുതിയുള്ളൂ. ദക്ഷിണകൈലാസം, തെങ്കൈലായം എന്നെല്ലാമറിയപ്പെടുന്ന വെള്ളിങ്ഗിരി മലയുടെതാഴ്വാരത്തിലേയ്ക്കുതന്നെ യാത്രതരമായി. അവിടെയാണ് യോഗിയും ദിവ്യദര്ശിതയും ദാര്ശനികനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഈഷ ഫൌണ്ടേഷന്‍ യോഗകേന്ദ്രം. നിയതിയുടെ നിയോഗമെന്നല്ലാതെ എന്തുപറയാന്‍!

തമിഴ് നാട്ടിലെ കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ഈ ധ്യാനകേന്ദ്രം. നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ പേരൂര്‍ ശിരുവാണിറോഡിലൂടെ ആലന്തുറയ് താണ്ടിയെത്തുന്നത് ഇരുട്ടുപള്ളിയം കവലയിലാണ്. അവിടെ നിന്നും വലത്തോട്ടു തിരിഞ്ഞ് 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈഷ ഫൌണ്ടേഷന്‍ യോഗകേന്ദ്രത്തിലെത്തിച്ചേരാം. നിബിഡവനത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശം നീലഗിരി ബയോസ് ഫിയര്‍ റിസര്‍വ്വിന്റെ ഭാഗവും സമ്പുഷ്ടമായ വന്യമൃഗസമ്പത്തിന്റെ കേന്ദ്രവുമാണ്.

ഇരുട്ടുപള്ളിയം കവലയില്‍നിന്നും ടാറിട്ട ഇടുങ്ങിയവഴിയിലേയ്ക്കു കടന്നതോടെയാണ് നഗരത്തിന്റെ ശബ്ദകോലാഹലങ്ങള്ക്ക് വിരാമമായത്. പീലിവാകകള്‍ തണല്‍വിരിച്ച പാതയുടെ ഇരുപാര്ശ്വങ്ങളും സസ്യവൈവിദ്ധ്യങ്ങളുടെ അപൂര്‍വ്വലോകമാണ്. പ്രകൃതിഭംഗിയടെ ഈ വഴിയടയാളങ്ങളില്‍ വിസ്മയിച്ചുകൊണ്ടല്ലാതെ ശേഷിക്കുന്ന ദൂരം പിന്നിടാനാവില്ല. അവിടവിടെയായി കാണുന്ന സൂചനാഫലകങ്ങളില്‍ വാഹനങ്ങള്‍ ഹോറണ്‍ മുഴക്കരുതെന്നമുന്നറിയിപ്പ്… അത് വായിച്ചപ്പോഴാണ് നിശ്ശബ്ദതയുടെ താഴവരയിലേയ്ക്കുള്ള തീര്ത്ഥാടനമാണ് ഈ യാത്രയെന്ന വെളിപാടുണ്ടായത്.

ഇളങ്കാറ്റുവീശുമ്പോഴുള്ള ഇലയനക്കങ്ങള്‍… ആകാശത്തിന്റെ അനന്തതയിലേയ്ക്കു പറക്കുന്ന പക്ഷികളുടെ ചിറകടിയൊച്ചകള്‍… ലാസ്യഭാവങ്ങള് പീലിയിലാവാഹിച്ച മയിലുകളുടെ വന്യരോദനം…. പ്രകൃതിയുടെ നൈസര്‍ഗ്ഗികതയില്‍ അലിഞ്ഞുള്ള പ്രയാണത്തിനൊടുവില്‍ ചെന്നെത്തുന്നത് ‘ജഗ്ഗി’ എന്ന ദിവ്യദര്‍ശിനയുടെ ആത്മസമര്‍പ്പണത്തിന്റെ അടയാളമായ ധ്യാനകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലാണ്. കര്‍മ്മത്തിന്റെപെരുവഴികളില്‍ നിന്നകന്ന്, ആകുലതകള്‍ മറന്ന്, വിചിത്രവും വിശിഷ്ടവുമായ മറ്റൊരു രഥ്യയിലൂടെയുള്ള യാത്ര തുടങ്ങുന്നതും ഇവിടെ നിന്നാണ്.

പ്രവേശനകവാടം കടന്നാലുടന്‍ കാണുന്ന വക്രാകൃതിയുള്ള പ്രദക്ഷിണവഴി ധ്യാനകേന്ദ്രത്തിന്റെ മുഖ്യചൈതന്യമായ ധ്യാനലിംഗക്ഷേത്രത്തിലേയ്ക്കുള്ളതാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് തീര്‍ത്ഥകുണ്ഡത്തിലിറങ്ങി കുളിക്കാനുള്ള സൗകര്യമുണ്ട്. തീര്‍ത്ഥകുണ്ഡം ക്ഷേത്രക്കുളമെന്ന പതിവുസങ്കല്പത്തിലെ തീര്‍ത്ഥക്കുളമല്ല. അതിവിചിത്രമായ സന്നാഹങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഒരു സ്നാനസ്ഥലിയാണ്. വെള്ളിഗിരി മലനിരകളില്‍നിന്ന് ഉറന്നുവരുന്ന നീരൊഴുക്ക് ശക്തിയായി തീര്‍ത്ഥകുണ്ഡത്തില്‍ നിപതിക്കുംവിധം വഴിതിരിച്ചെത്തിച്ചിരിക്കുന്നു! തീര്‍ത്ഥകുണ്ഡത്തിന്റെ മദ്ധ്യഭാഗത്ത്‌ ഒരു വിശേഷലിംഗം! പൌരാണികഭാരതീയ രസതന്ത്രവിദ്യകളാല്‍ ശുദ്ധരസത്തെ (pure mercury ) ഖരീഭവിപ്പിച്ചുരുവപ്പെടുത്തിയതത്രെ ഈ രസലിംഗം! ക്ഷേത്രത്തിലെ ധ്യാനലിംഗത്തില്‍നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജതരംഗങ്ങളുടെ സന്തുലിതസമാര്‍ജ്ജുനത്തിന് ശരീരത്തെ സജ്ജമാക്കിയെടുക്കാന്‍ ഈ രസലിംഗത്തിന് ശേഷിയുണ്ടത്രേ. ക്ഷേത്രസമുച്ചയത്തിന്റെ പുറത്തെ പരിക്രമണവീഥിയുടെ വടക്കുഭാഗത്തായാണ്‌ ഈ തീര്‍ത്ഥകുണ്ഡം.

ആദ്യമൊന്നു് ദേഹശുദ്ധിവരുത്തി അന്തേവാസികള്‍ തന്ന പ്രത്യേകവസ്ത്രം ധരിച്ച് തീര്‍ത്ഥകുണ്ഡത്തിലിറങ്ങി. വെള്ളത്തിനു് സിരകളെ ത്രസിപ്പിക്കുന്ന തണുപ്പ്! മുകളില്‍ നിന്നുള്ള ശക്തിയായ ജലപാതത്തിനടിയില്‍ മതിവരുവോളം നിന്നു. സമസ്തനാഡിഞരമ്പുകളും ഉണര്‍ന്നു. പിന്നെ കേന്ദ്രഭാഗത്തെ വിശേഷ രസലിംഗത്തിനടുത്തേക്ക് ഒഴുകിനീങ്ങി. ഒഴുകുന്നതിനു പ്രത്യേകപ്രയത്നമൊന്നും വേണ്ട. താനേ സംഭവിച്ചുകൊള്ളും. രസലിംഗത്തിനു പ്രദക്ഷിണംവെച്ച് ലിംഗത്തെ സ്പര്‍ശിച്ചും ആശ്ലേഷിച്ചും നമസ്കരിച്ചുമൊക്കെ ആനന്ദമനുഭവിച്ച് മനോധര്‍മ്മംപോലെ സ്നാനംപൂര്‍ത്തിയാക്കാം. സ്നാനത്തിന്റെ അനിര്‍വ്വചനീയമായ അനുഭൂതിയില്‍ ഒരു മതിവരായ്മ അവശേഷിപ്പിച്ച് കല്‍പ്പടവുകള്‍ കയറി മുകളിലെത്തി. പുതുപ്പിറവിയിലെന്നപോലെ വക്രാകൃതിയിലുള്ള പ്രദക്ഷിണവഴിയിലൂടെ ധ്യാനലിംഗക്ഷേത്രത്തിലേക്ക് നടന്നു.

പ്രദക്ഷിണവഴിയോരങ്ങളില്‍ അവിടവിടെയായി കരിങ്കല്ലില്‍ ഉരുവംകൊടുത്ത തനതാകൃതിയിലുളള പാത്രങ്ങള്‍… കുഞ്ഞുകുഞ്ഞുകരിങ്കല്ലുരുളികള്‍ … അതിലെ സ്ഫടികജലത്തിന്റെ നിശ്ചലതയില്‍ മുത്തുപവിഴങ്ങളുടെ അഴകുതുടിക്കുന്ന പവിഴമല്ലിപ്പൂക്കളും മന്ദാരയിതളുകളും മഞ്ഞച്ചെമ്പകങ്ങളും താളമിട്ടിളകുന്നു. കലാപരമായി ചെത്തിമിനുക്കിയ കരിങ്കല്‍ത്തൂണുകളിലും ചുമരുകളിലും കൊത്തിവച്ചിരിക്കുന്ന രൂപങ്ങളില്‍ മിത്തും ചരിത്രവും ശാസ്ത്രവും ഉറഞ്ഞുകിടക്കുന്നു. പ്രത്യേകശ്രദ്ധയേകി നട്ടുനനച്ചു പരിചരിച്ചെടുത്ത സസ്യവൈവിദ്ധ്യങ്ങള്‍ വശ്യമനോഹരമായി വളര്‍ന്നുവിളങ്ങുന്നു. ചുറ്റിലും പ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യത്തെ വിസ്മയാവഹമായ കലാസുഭഗതയോടെ പകര്‍ത്തിയിരിക്കുന്നു! ‘ജഗ്ഗി’ എന്ന അതുല്യപ്രഭാവനായ ഗുരുവര്യന്റെ അദൃശ്യസാന്നിദ്ധ്യം അവിടുത്തെ ഓരോ മണ്‍തരിയിലും അനുഭവിച്ചറിഞ്ഞു.. പരിസരത്തിന്റെ പ്രശാന്തസൗന്ദര്യത്തില്‍ …. ആ മഹാഗുരുപ്രഭാവത്തില്‍….. അറിയാതെ മനസ്സ് വിലയിച്ചു.

ധ്യാനലിംഗക്ഷേത്രത്തിനുമുന്നില്‍ തലയെടുപ്പോടെ നില്ക്കുന്നു ഒരു സര്‍വ്വമതസ്തംഭം. വെളുത്ത ഗ്രാനൈറ്റ്കൊണ്ട് 17അടി പൊക്കത്തില്‍ നിര്‍മ്മിച്ചെടുത്ത ഈ സ്തംഭത്തില്‍ പ്രമുഖ മതമുദ്രകള്‍ കൊത്തിവച്ചിരിക്കുന്നു. ധ്യാനകേന്ദ്രത്തിലെത്തുന്നവരോട്, സങ്കുചിതമതചിന്തകളുടെ മതചിന്തകളുടെ തമസ്സകറ്റി മതേതരസങ്കല്പത്തിന്റെ വെള്ളിവെളിച്ചം തെളിച്ച് വിശ്വമാനവനായി വളര്‍ന്നുയരണമെന്ന് പ്രതീകാത്മകമായി പറയാതെ പറയുന്ന ഈ സര്‍വ്വമതസ്തംഭത്തെ നമിക്കാതെ കടന്നുപോകുക വയ്യ!

ഇങ്ങനെ അനേകം അപൂര്‍വ്വതകളിലാനന്ദിച്ചു മനംനിറഞ്ഞു ചെന്നെത്തുന്നത് ധ്യാനലിംഗക്ഷേത്രത്തിലാണ്. തനതുവാസ്തുവിദ്യാവിധിപ്രകാരം പ്രകൃതിസൌഹൃദപരമായി വിശേഷാകൃതിയില്‍ പണിതെടുത്തിരിക്കുന്ന ക്ഷേത്രഗര്‍ഭഗൃഹത്തിലേക്ക് സന്ദര്‍ശകര്‍ക്ക് നേരിട്ട് പ്രവേശിക്കാം. പ്രകൃതിദത്തചേരുവകളാല്‍ ദൃഢപ്പെടുത്തിയ കുമ്മായച്ചാന്തും ചുടുകട്ടകളുംകൊണ്ട് പ്രത്യേകഗണിതത്തോതുകളില്‍ നിര്‍മ്മിച്ചെടുത്തതാണ് ക്ഷേത്രത്തിന്റെ തനതുഗര്‍ഭഗൃഹം. ഗര്‍ഭഗൃഹത്തിന്റെ ഹൃദയഭാഗത്ത് നിഗൂഡസാന്നിധ്യമായി മഹാബ്രഹ്മാണ്ഡമായി അനിതരസാധാരണമായ ആത്മീയോര്‍ജ്ജത്തിന്റെ പ്രഭവകേന്ദ്രമായി ധ്യാനലിംഗം വിളങ്ങിനില്ക്കുന്നു. നേര്‍മുകളില്‍ തൂങ്ങുന്ന ലോഹപാത്രത്തില്‍ നിന്ന് ധ്യാനലിംഗത്തിലേക്ക് നീര്‍ത്തുള്ളികള്‍ ഇറ്റുവീണുകൊണ്ടിരുന്നു. ചുറ്റിലും ചതുരാകൃതിയില്‍ തളംകെട്ടിനില്ക്കുന്ന വെള്ളത്തില്‍ ചെന്താമരപ്പൂക്കള്‍ ഇളകിക്കളിച്ചു. വെള്ളക്കെട്ടിനോട് ചേര്‍ന്നുള്ള തിട്ടയില്‍ നെയ്‌വിളക്കിന്റെ തിരിനാളങ്ങള്‍ ഇളകാതെയെരിഞ്ഞുനിന്നു. അരണ്ടവെളിച്ചം നിബന്ധനകളില്ലാതെ പടര്‍ന്നുകിടന്നു. സങ്കല്പത്തിനും അപ്പുറത്തേക്ക് ഉയര്‍ന്നുനില്ക്കുന്ന ധ്യാനലിംഗദര്‍ശനത്തില്‍ അകം തെളിഞ്ഞു. ചുറ്റിലും കനത്തനിശ്ശബ്ദത ചൂഴ്ന്നുനിന്നു. ദൃശ്യത്തിലും ഗാഢമായ മൌനത്തിലും ആകുലതകളൊടുങ്ങി. ഓര്‍മ്മകള്‍ ദൂരസ്ഥമായി ചിന്തകളുടെ പേരും തിരകളെ മൌനംകീഴടക്കി. സമയകാലങ്ങള്‍ ഘനീഭവിച്ചു. ഇന്ദ്രിയങ്ങളില്‍ മൌനമുറഞ്ഞു. മിഴികളടഞ്ഞു. സകലത്തിലും അന്തര്‍ലീനനായ മഹാഗുരുവിന്റെ സാന്നിദ്ധ്യമറിഞ്ഞ്‌ മൌനത്തിനുള്ളില്‍ ഉറഞ്ഞുകൂടിയിരുന്നു. അവ്യാഖ്യേയമായ ആനന്ദത്തിലലിഞ്ഞു!

മൌനത്തില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായി പുറത്തിറങ്ങി. ഉടനെ തുടങ്ങുമെന്നറിഞ്ഞ നാദാരാധനയ്ക്കായി കാത്തിരുന്നു. ഗര്‍ഭഗൃഹത്തിലെ ധ്യാനലിംഗസവിധത്തില്‍ തനതുസംഗീതോപകരണങ്ങളുടെ അകമ്പടിയോടെ നടത്തുന്ന വിശിഷ്ടവും ഹൃദ്യവുമായ സംഗീതാര്‍ച്ചനയാണിത്‌. പെരുമ്പറയിലുതിര്‍ക്കുന്ന ഹൃദ്യതാളങ്ങളില്‍ … ജലതരംഗധ്വനികളില്‍ …. മറ്റെതെല്ലമോ വിശേഷവാദ്യങ്ങളുടെ ശ്രുതിപ്പകര്‍ച്ചകളില്‍ അറിയാതെ മിഴികളടഞ്ഞു. സംഗീതത്തിനുള്ളിലെ മൗനദ്ധ്വനികള്‍ തൊട്ടറിഞ്ഞു.. വീണ്ടുമൊരു ധ്യാനത്തില്‍ വിലയിച്ചു. അതീന്ദ്രിയമായ അനുഭൂതിയില്‍ ആനന്ദിച്ചിരിക്കുമ്പോള്‍ പൊടുന്നനെ നാദമാധുരി നിലച്ചു. മിഴികളില്‍നിന്നും ഒരു കാലവര്‍ഷം പെയ്തിറങ്ങി. പെരുംതിരയൊടുങ്ങിയ കടലുപോലെ മനസ്സുപ്രശാന്തമായി. ജന്മാന്തരങ്ങളിലേയ്ക്കു നീളുന്ന ഗുരുസാന്നിദ്ധ്യത്തെ നമിച്ച് ആരതിയുഴിഞ്ഞ്, വിഭൂതിയണിഞ്ഞ് ഇറങ്ങിയത് ലിംഗഭൈരവിക്ഷേത്രത്തിലേയ്ക്കാണ്.

ക്ഷേത്രസമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറായാണ് വേറിട്ട ആരാധനാസങ്കല്പത്തെ വിനിമയംചെയ്യുന്ന ലിംഗഭൈരവിക്ഷേത്രം. ലിംഗത്തിന്റെ ചൈതന്യവത്തായ സ്ത്രൈണരൂപമത്രെ ലിംഗഭൈരവി! ആര്‍ദ്രചിത്തയും കൃപാലുവും അനുതാപാര്‍ഹയുമായ സ്ത്രീസാന്നിദ്ധ്യമായും അമ്മദൈവസങ്കല്പമായുമെല്ലാം വേറിട്ടുനില്ക്കുന്നു ഈ പ്രതിഷ്ഠ. ക്ഷേത്രനിര്‍മ്മിതിയിലും ആരാധനാസമ്പ്രദായത്തിനും എല്ലാമുണ്ട് ഒരു തനതുരീതി! പ്രകൃതിയെ കലാപരമായി കടഞ്ഞെടുത്ത് ഉരുവാക്കിയിരിക്കുന്ന ഈ ക്ഷേത്രത്തെ അറിയേണ്ടത് വിശ്വാസങ്ങള്‍ക്കതീതമായി, മനുഷ്യനും പ്രകൃതിയുമായുള്ള ജൈവബന്ധത്തിന്റെ അറുത്തെറിയാനവാത്ത തായ് വേരായിട്ടാണ്!

തീര്‍ത്ഥാടനത്തിന്റെ വിഭ്രമങ്ങളില്ലാത്ത തീര്‍ത്ഥാടനം! പുറത്തിറങ്ങിയപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി. വഴിത്താരകളില്‍ ആളൊഴിഞ്ഞിരുന്നു. ധ്യാനകേന്ദ്രത്തിന്റെ നിലങ്ങള്‍ വിസ്തൃതമായിക്കിടന്നു. ഇരുളില്‍ വഴിക്കാഴ്ചകള്‍ മങ്ങിത്തുടങ്ങി. എങ്കിലും ‘അന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴി’ കാട്ടുന്ന മഹാഗുരുപ്രഭാവത്തില്‍ അകക്കണ്ണ് തുറക്കയാലാവണം കലികാലത്തിന്റെ ആസുരഭാവപ്പകര്‍ച്ചകളിലേയ്ക്ക് … പതിവുവഴികളിലേക്ക് തികഞ്ഞ നിസ്സംഗതയോടെ മടങ്ങിയിറങ്ങാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here