ഇടവഴിയിലെ വീട് – കഥ – അനു ബാബു

0
751

പഴയ വീട്ടിലേക്ക് ഒന്നു പോകണമെന്ന് മനസ്സിൽ വിചാരിച്ചപ്പോഴെ സുധ കയറി വന്ന് തടസ്സം പറഞ്ഞു.

ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കാറുണ്ട് മറ്റെല്ലാത്തിനെയും എന്ന പോലെ എന്റെ ചിന്തകളെ കൂടി ഇവൾ കൈവശപ്പെടുത്തി കഴിഞ്ഞുവോ എന്ന്..!

അവൾക്കിഷ്ടമില്ലാത്തത് എന്തെങ്കിലും മനസ്സിലെടുത്തിട്ടു ലാളിച്ചു തുടങ്ങുമ്പോഴെ സുധ ഓടി വരും.

ചിലപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഏതെങ്കിലും പണി പാതിയിൽ ഉപേക്ഷിച്ചാവും അവളുടെ വരവ്.

ഇത്തവണ തേങ്ങ പൊതിക്കാനുപയോഗിക്കുന്ന അറ്റം വളഞ്ഞ വെട്ടുകത്തിയുമായാണ് വന്നിരിക്കുന്നത്..!

” എന്തിനേ ഇപ്പം അങ്ങട് പോണംന്ന് ഇത്ര ആലോചന”

” ഒന്നാലോചിച്ചൂന്നല്ലേ ഉള്ളു. തീരുമാനിച്ചൊന്നൂല്ലാലൊ.. ”

സുധയുടെ വെളുത്ത മൂക്ക് ചുവന്നു.

” ആലോചിക്കണതു കൂടി നിക്കിഷ്ടല്ല. എത്ര സ്നേഹിച്ചതാ നമ്മളാ വീടിനെ. ന്റെ കുഞ്ഞിനെ പോലെ ഞാൻ നോക്കി.. പരിപാലിച്ചു.. എന്നിട്ടും ഒടുക്കം ചതിച്ചില്യേ.. ”

അവളുടെ കണ്ഠമിടറി. കണ്ണുകളിൽ നീർമണികൾ .

ഇവളെന്തിനാണ് കണ്ണു നിറയ്ക്കുന്നത്.

അത്രത്തോളം എന്നെ വേദനിപ്പിക്കാൻ മറ്റൊന്നിനുമാവില്ല എന്നറിഞ്ഞിട്ടും…!

എനിക്ക് ദേഷ്യം പിടഞ്ഞു.

” ഒന്നാലോചിച്ചൂന്ന് വച്ച്… ഇനി അതിനും കരം കെട്ടണോ ഞാൻ..”

ശബ്ദമുയർന്നാൽ തീർന്നു. പിന്നെ എവിടെ പോയീന്നറിയില്ല.

കുറച്ചു നേരം ഞാൻ ഉമ്മറത്തെ ചാരു കസേര മേൽ തന്നെയിരുന്നു.

റേഡിയോവിൽ നിന്ന് “സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ.. ” എന്ന് വിഷാദം കലർന്ന സ്വരത്തിൽ ആരോ നീട്ടി പാടി.

” സുധേ…”

വിളിച്ചിട്ടും മറുപടിയില്ല. ഒരു വാക്കു തെറ്റി പിണങ്ങിയാൽ പിന്നെ നിഷേധമേ കാട്ടു .

കുട്ടികളില്ലാത്ത കൊണ്ട് ലാളിച്ച് ലാളിച്ച് നെറുകയിൽ കയറ്റി വെച്ചതിന്റെ ദോഷം!

ആദ്യമൊക്കെ സുധയ്ക്ക് വല്ല്യ വിഷമമായിരുന്നു അതിൽ. അനപത്യ ദുഃഖം എന്നെ അലട്ടുന്നുവോ എന്ന ആശങ്കയാണ് അവളുടെ വിഷാദത്തിന്റെ ആധാരമെന്നറിഞ്ഞതോടെ സ്വകാര്യമായൊരറ ഹൃദയത്തിൽ സൃഷ്ടിച്ച് ആ ഇത്തിരി ദുഃഖത്തെ ഞാൻ അതിനുള്ളിലിട്ട് അടച്ചു പൂട്ടി.

ആയിടയ്ക്കാണ് വീടിനു താഴെ പുതിയതായി പണിതുയർന്ന ഒരു കെട്ടിടം അംഗൻവാടിയായി പ്രവർത്തനമാരംഭിച്ചത്.

ഒരു രാത്രി സുധ നഷ്ടബോധം തുളുമ്പിയ സ്വരത്തോടെ പരിഭവിച്ചു.

“ഭഗവാനൊരു മനസ്സില്ലാത്തവനായിട്ടല്ലേ.. നമുക്കൊരു കുട്ടിയുണ്ടായാൽ എത്ര സൗകര്യായിട്ട് സ്കൂളില് വിടാർന്നു. കെട്ടിനു താഴല്ലെ ഇപ്പം സ്കൂള് വന്നിരിക്കണത്.. എത്ര മനസ്സുരുകി കരഞ്ഞാലുംതരൂല്ലാന്ന് കട്ടായം മൂപ്പര് നിശ്ചയിച്ചാ ഇപ്പം ന്താ വഴി.. ല്ലേ ഏട്ടാ ”

“പിന്നെ.. സ്കൂൾ സൗകര്യം നോക്കിയല്ലെ കുട്ട്യോളുണ്ടാവുക..! വിഡ്ഢിത്തമേ ചിന്തിക്കൂ. ന്റെ കൂടി ഉറക്കം കളയാണ്ട് മിണ്ടാതെ കിടക്ക് സുധേ…”

സുധ മിണ്ടിയില്ല. മറുവശത്തേക്ക് തിരിഞ്ഞു കിടന്നു കളഞ്ഞു.

ഒരു മയക്കം കഴിഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു കൈ ചുറ്റുമ്പോൾ സുധയുടെ ഉടൽ തേങ്ങലിലുലയുന്നത് അറിഞ്ഞു.

“നിക്ക് സ്വസ്ഥത തരില്ലാ ന്ന് ഉറപ്പിച്ചു തന്നെയാണോ നീയ്..”

സുധ തിരിഞ്ഞു കിടന്നു .

ശ്വാസമടക്കി പിടിച്ച് ഒരു ഗാഢാശ്ലേഷം..

മുഖം കഴുത്തിനടിയിലേക്ക് ചൊരുകി കയറി വന്നു.

എനിക്ക് കണ്ണീരിന്റെ തണുപ്പ്, കഴുത്തിൽ പടർന്ന ഈർപ്പം കൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞു.

അവളുടെ ഹൃദയം പിടഞ്ഞു കൊണ്ടിരിക്കുകയാണ്.
ഞാൻ പതിയെ താടിത്തുമ്പിൽ പിടിച്ച് ആ മുഖമുയർത്തി.

ഇരുട്ടിലും കണ്ണീർ തിളങ്ങുന്നു.

“എന്തു പറ്റീ.. ഇതെന്തോ മനസ്സിൽ തട്ടീട്ടൊണ്ടല്ലോ..”

സുധയുടെ കൈവിരലുകൾ എന്റെ നഗ്നമായ പുറത്ത് കൂടുതൽ മുറുകി.

ചുണ്ടുകൾ വിതുമ്മി .

“നിക്കിത് താങ്ങാൻ പറ്റണില്ല്യ. ഏതു നേരോം കുട്ട്യോൾടെ ചിരീം ചിണുക്കോം ബഹളങ്ങളും.. താഴെ ചെന്നു നോക്കിയാലൊ.. വരാന്തയിൽ നിരന്നു കെടക്കണ കുഞ്ഞി ചെരുപ്പുകൾ. കൊച്ചു കൊച്ചു കുടകള്.. നമ്മളെ നോക്കി ഭാഗ്യം കെട്ടോരെന്ന് അതൊക്കെ കൊഞ്ഞനം കുത്തണ പോലെ.. ഓർത്തിട്ട് ന്റെ നെഞ്ച് പറിയ്യാ.. ഞാനെന്താ ചെയ്കെന്റീശ്വരാ… ”

അംഗൻവാടിയിലെ കലപില വീടോളം വന്നു ചേരുന്നുണ്ട്. അത് സുധയുടെ പാൽ നനവറിയാത്ത നെഞ്ചിനെ എരിച്ചു തുടങ്ങിയിരിക്കുന്നു.

“സാരം ല്ല മോളെ.. ”

ഞാനവളുടെ മിഴികളിൽ ഉമ്മ വച്ചു. കണ്ണീരിന്റെ ഉപ്പ് എന്റെ ചുണ്ടുകളിലേക്കും പടർന്നു.

“കുട്ടികളെല്ലാർക്കും കുട്ടികളന്യെ അല്ലേ.. നീയ് അവരെല്ലാം നമ്മടെ സ്വന്തം കുട്ട്യോളന്യാന്നു വിചാരിയ്ക്ക് .. നീ തന്നെ പ്രസവിച്ച നെന്റെകുട്ട്യോള്.. ഇടയ്ക്ക് താഴെ ഇറങ്ങിച്ചെന്ന് അവരെ കാണ്വോ.. ന്തെങ്കിലും കൊടുക്ക്വോ ചെയ്യ്. അവരുടെ കളീം ചിരീമൊക്കെ അടുത്ത് കാണുമ്പ്വോ നെന്റെ നെഞ്ചിലെ കനലൊക്കെ താനെ അണയും കുട്ടി..”

“വേണ്ട.. ”

സുധ ശാഠ്യം പിടിച്ചു.

” ഞാൻ വെറുതെ വിചാരിച്ചാലും സത്യം അതൊന്നുമല്ലാലോ.. ന്റെ വെഷമം ഇങ്ങനെ നീറി കിടന്നോട്ടെ.. ”

അപ്പോഴങ്ങനെ പറഞ്ഞെങ്കിലും സുധ എപ്പഴോ അംഗൻവാടിയിലെ ടീച്ചറുമായി സൗഹൃദം സ്ഥാപിച്ചെടുത്തു. അവർ വഴി കുട്ടികളുമായും..

ആയ വരാഞ്ഞ ഒരു ദിവസം അവളാണ് നേർത്ത ചോളപ്പൊടി ചേർത്ത ഇളം മഞ്ഞ നിറമുള്ള ഉപ്പുമാവുണ്ടാക്കിയത്. വീട്ടിൽ നിന്നെടുത്ത ഒരു പാത്രം നെയ്യ് കൂടി അതിലവൾ മനസ്സോടെ ചേർത്താണ് കുട്ടികൾക്ക് വിളമ്പിയത്.

തുടർന്ന് ചില ദിവസങ്ങളിൽ അവൾ പായസത്തിനുള്ള സാധനങ്ങൾ ലിസ്റ്റാക്കി എഴുതി തന്ന്, എന്നെ കൊണ്ട് വാങ്ങിപ്പിച്ച്, കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കും.

എനിക്കൊന്നിനും തടസ്സമില്ല. ഒരനാഥാലയത്തിന്റെ നരച്ച മുറിയിൽ നിന്നിറങ്ങി മറ്റൊരനാഥനായ എന്റെ ജീവിതത്തിലേക്ക് സുധ വരുമ്പോൾ ഒരു വാക്കേ ഞാൻ അവൾക്കും ഈശ്വരനും നല്കിയിരുന്നൊള്ളു.

ഞാനായിട്ടവളെ വിഷമിപ്പിക്കില്ല എന്ന്..!

അക്കാലത്ത് ഞങ്ങളുടെ വീട്ടു സാധനങ്ങളുടെ ലിസ്റ്റിൽ ലഡുവും ജിലേബിയും അരിയുണ്ടയും ബിസ്കറ്റും മുറുക്കുമൊക്കെ ദിവസേനയെന്നവണ്ണം സ്ഥാനം പിടിച്ചു.

അവൾ വളർത്തിയ കോഴികളുടെ മുട്ടയും, ആടിന്റെ പാലുമൊക്കെ സുലഭമായി അംഗൻവാടിയിലേക്ക് ഒഴുകി പൊയ്ക്കൊണ്ടിരുന്നു.

ഇതിനിടയിൽ – ചുരുണ്ട നീളമില്ലാത്ത മുടി രണ്ടു കൊമ്പു പോലെ ഇരു വശത്തേക്കും ഉയർത്തി കെട്ടി വച്ച, വാലിട്ട് കണ്ണെഴുതിയ, ഒരു നാലര വയസ്സുകാരി സുന്ദരിക്കുട്ടി സുധയുടെ മനസ്സു കവർന്നു.

അവൾ ആ കുഞ്ഞിനെ തുമ്പി മോളെന്നു വിളിച്ചു.

സുധ സദാ സമയവും തുമ്പി മോളെക്കുറിച്ച് സംസാരിച്ചു. അംഗൻവാടിയിൽ അവൾ ചിലവിടുന്ന ഭൂരിഭാഗം സമയവും ആ കുഞ്ഞിനൊപ്പമായിരുന്നു.

സുധ നീട്ടുന്ന സ്നേഹവാത്സല്ല്യങ്ങളിൽ മനസ്സു കുളിർന്ന് ആ കുഞ്ഞ് അവൾക്ക് ‘സുധയമ്മ’യെന്നൊരു വിളിപ്പേര് ചാർത്തിക്കൊടുത്തു.

അവളുടെ കളി ചിരികളും കൊഞ്ചലുകളും പാൽമണമുള്ള ഉമ്മകളുമൊക്കെ സുധയിലെ മാതൃഭാവങ്ങളെ കോരിത്തരിപ്പിക്കുകയും സാഫല്യമണിയിക്കുകയും ചെയ്തു.

അക്കാലങ്ങളിൽ അവൾ പ്രഭാതങ്ങൾക്കായി കാത്തിരുന്നു. രാത്രികളെയും അവധി ദിനങ്ങളെയും സുധ വെറുത്തു.

ആ വരുന്ന അവധിക്കാലം കഴിഞ്ഞതോടെ തുമ്പി മോൾ അംഗൻവാടിയിൽ വരാതെയായി. സുധയ്ക്ക് പരിഭ്രാന്തിയായി.

തുമ്പിമോളുടെ അച്ഛന് നഗരത്തിലെ ഒരു കമ്പനിയിൽ ജോലി തരായതിനെ തുടർന്ന് സകുടുംബം അവർ അവിടേക്ക് ചേക്കേറിയെന്ന് ടീച്ചറിൽ നിന്ന് അറിഞ്ഞതും സുധ തകർന്നു പോയി.

ഒരു വാക്കു പോലും പറയാതെ അധികമായി ഒരുമ്മ കൂടി തരാതെ പിരിഞ്ഞു പോയ ആ നാലര വയസ്സുകാരി സുധയുടെ ഹൃദയത്തെ തകർത്തു കളഞ്ഞു.

അവൾ സ്വയം ഒരമ്മയാണെന്ന് വിചാരിച്ചിരുന്നു. അതിൽ ആനന്ദം കൊള്ളുകയും ആശ്വാസമറിയുകയും ചെയ്തിരുന്നു.

പക്ഷെ ഒരു ദിവസം നേരം വെളുത്തപ്പോൾ സങ്കല്പങ്ങളെല്ലാം ഉടഞ്ഞു പോയിരിക്കുന്നു. യാഥാർത്ഥ്യം ഇരുമ്പാണികൾ പോലെ ഹൃദയത്തിൽ തുളച്ചു കയറിയിരുന്നു .

അതിൽ നിന്ന് തിരിച്ചു കയറാൻ അവൾക്ക് കഴിയില്ല എന്ന് തീർച്ചയായി.

അംഗൻവാടിയിലെ കലപില ശബ്ദം സുധയ്ക്ക് ഹൃദയഭേദകമായി. ആ മഞ്ഞ നിറമുള്ള ബോർഡ് കാണുക പോലും വയ്യ.

സദാ സമയവും” സുധയമ്മേ” എന്നൊരു വിളി കാതിനരുകിൽ ഉണർന്ന് മനസ്സിനെ മുറിവേല്പിക്കുന്നു.

അങ്ങനെയാണ് പുതിയൊരു വീട്ടിലേക്ക് താമസം മാറുന്നത്. ഇടവഴി കയറി ചെല്ലുമ്പോൾ അങ്ങേയറ്റത്തായാണ് വീടിരുന്നത്.
ഒരു വനസ്ഥലിയുടെ കുളിർമയും വന്യതയും വീടിനെ ചൂഴ്ന്നു നിന്നു.

ആദ്യ കാഴ്ചയിലേ അവൾക്കവിടം ഇഷ്ടമായി.

ഒരു മാസത്തിനുള്ളിൽ ഞങ്ങളവിടെ താമസമാരംഭിച്ചു.

വീടിനാകെ ഒരു കുളിർമ്മയാണ് !

മുറ്റത്തിന്റെ കോണിൽ നന്ദ്യാർവട്ടം. വഴികൾക്ക് ഇരുവശവും ചെമ്പരത്തിവേലികൾ തഴച്ചു നിന്നു.

പലയിടങ്ങളിലായി ചെത്തിയും, ജമന്തിയും, മുക്കുറ്റിയും,മുല്ലയും, കനകാംബരവും വസന്തമൊരുക്കി.
പിന്നിലെ വേലിക്കരികിലായി മൈലാഞ്ചിയും, ചെമ്പകവും, ചെറുനാരകവും.

മൈലാപ്പൂവും, മൽഗോവയും, കർപ്പൂരമാവും. തേൻവരിയ്ക്കയും, കൂഴയും, മറ്റനേകം പേരറിയാ മരങ്ങളും വളർന്നു നിന്നു.

എല്ലാം സുധയുടെ ഇഷ്ടത്തിലായിരുന്നു സംരക്ഷിച്ചത്.

ചില ചെടികൾ കാണുമ്പോൾ എവിടെ നിന്നാണ് അവളിവയെല്ലാം കൊണ്ടു വന്നു കൂട്ടുന്നതെന്ന് ഞാനത്ഭുതപ്പെട്ടിരുന്നു.

ഒരിക്കൽ വടക്കേപ്പറമ്പിൽ ഇലവീശി നിന്ന മെലിഞ്ഞ ഒരു ചെടി ചൂണ്ടി കാണിച്ചവൾ പറഞ്ഞു

“ഇതാണേട്ടാ നീർമാതളം , നമ്മുടെ നാലപ്പാട്ടെ കമലേന്റെ കഥേലെ ..”

” ഏതു കമല?”

“ഏട്ടാ.. കമലാദാസില്ല്യേ ..? മ്മടെ മാധവിക്കുട്ടി.”

ഞാൻ അതിശയകൺമിഴിച്ചു.

കഥയിലൂടെ മനസ്സിൽ കയറിയ ആ നീർമാതളം കൺമുന്നിൽ കിളിർത്തു പൊന്തിയിട്ടും ഞാനിതുവരെ അറിഞ്ഞേയില്ല.

മറ്റൊരിക്കൽ കരിമ്പച്ച ഇലകളും തൊലികളുമുള്ള ഒരു കുഞ്ഞൻ മരത്തൈക്കു നേരെ വിരൽ ചൂണ്ടി.

“ദ് ന്താന്നറിയ്യോ?”

” നാരകമാണോ.. കറിനാരകം.?”

“തെറ്റി..ദ് ചന്ദനമരം! ”

ചെടികളും മരങ്ങളും അവൾക്ക് ഭ്രാന്തായി മാറിയിരുന്നു.

ഞാനും സുധയും താമസമാരംഭിച്ച് രണ്ടു വർഷത്തിനിപ്പുറം ആ ഭ്രാന്തിൽ മുങ്ങി കുളിച്ച്, അരയേക്കർ പുരയിടമാകെ മാറിപ്പോയി.

പറമ്പിലാകെ പച്ച നിറഞ്ഞു. ഇളം പച്ച, കരിമ്പച്ച, തത്തപ്പച്ച, വിളർപ്പു കലർന്ന ഒരിനം മഞ്ഞപച്ച. പിന്നെ സകലവിധ നിറങ്ങളുടെയും സമ്മേളന നഗരി പോലെ, സാമാന്യം വലിയൊരു പൂന്തോട്ടവും.

എവിടെ പോയി വന്നാലും ഒരു ചെടിയുടെയോ മരത്തിന്റെയോ തൈയ്യോ കുരുവോ കാണും. ഏതെങ്കിലും ഇടം കണ്ടു പിടിച്ച് നടും.

നട്ടുച്ചനേരത്തു പോലും തണൽ!

കിളികൾ വിവിധ ഇനത്തിലും വർണ്ണത്തിലും. ഏതു നേരവും കിളിയൊച്ചകളും ബഹളവും.

ഓടി നടക്കാനും ഒച്ചയുണ്ടാക്കാനും ഒരു കുഞ്ഞിക്കാലില്ലാത്ത വീട് ഇപ്പോൾ സദാ ശബ്ദമുഖരിതം!

സുധയുടെ തന്ത്രമാണതെന്ന് ആദ്യമൊന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

അനേക വർഷത്തെ വന്ധ്യതയെ സുധ ജയിച്ചത് തന്റെ മാതൃവാത്സല്യങ്ങളെ പ്രകൃതിയിലേക്ക് തുറന്ന് വിട്ടാണെന്ന് പിന്നീട് മനസ്സിലായി.

ഓരോ ചെടിയും മരവും അവൾക്ക് കുഞ്ഞുങ്ങളെ പോലെയായിരുന്നു. ഒരില വാടിയാലോ, പൂ കൊഴിഞ്ഞാലോ ഒക്കെ അവൾക്ക് നൊന്തു.

ഏതറ്റത്തു നിന്നും വെള്ളം കോരിയായലും അവൾ അവയെ എല്ലാം ലോഭമില്ലാതെ നനച്ചു.

വെള്ളം ചുമന്നു മടുത്ത സുധയെ കണ്ടിട്ടാണ് അടുത്തവേനലിനെ അതിജീവിക്കാൻ വീടിന് പിന്നിലായി കിണർ കുഴിയ്ക്കാൻ തീരുമാനിച്ചത്.

ആദ്യമൊക്കെ അവളും ഉത്സാഹിച്ചു നിന്നു.

പിന്നീട് ആഴ്ചകൾക്കു ശേഷം കിണറ്റിൽ വെള്ളം കാണുമ്പോഴേക്ക് അവൾ വേനലിലെ ചെടി പോലെ വാടി നിന്നു.

പുതിയ കിണറിലെ ആദ്യ തൊട്ടി വെള്ളം നീട്ടുമ്പോൾ അതിൽ നിന്ന് ഒരല്പം എടുത്തവൾ കിണർ കുഴിച്ചതിന്റെ വടക്കേ അറ്റത്തായി നിന്ന ഓറഞ്ച് തൈയുടെ ചോട്ടിലേക്കൊഴിച്ചു.

“പുതുവെള്ളം നീയാദ്യം ചെടിയ്ക്കാ ഒഴിക്യ”

ഞാൻ ദേഷ്യപ്പെട്ടു.
ഇത്തവണ സുധ പക്ഷെ പിണക്കം നടിച്ചില്ല.

” ഇതിലുണ്ടാകണ ആദ്യഫലം നമ്മുടെ മോന് വേണം.. ”

പറഞ്ഞിട്ടവൾ എന്നെ നോക്കി ആദ്യ ഗർഭത്തിന്റെ ആലസ്യത്തിൽ , അന്നുവരെ ഞാൻ കണ്ടതിലെ ഏറ്റവും സുന്ദരമായ ചിരി ചിരിച്ചു.

പിന്നീട് എപ്പഴോ ആണ് സുധയ്ക്ക് വീടിനോടുള്ള പ്രിയം കുറഞ്ഞു പോയതും അത് വാടകയ്ക്ക് നല്കി ഇവിടേക്ക് താമസം മാറിയതും.

പക്ഷെ അതെപ്പോഴാണെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോഴേക്ക് വീണ്ടും സുധ കടന്നു വന്നു.

” പഴയതൊന്നും ഓർക്കെണ്ടാന്ന് എത്ര വട്ടം പറഞ്ഞാലും കേൾക്കില്ലേ.. ”

” ഇല്ല.. ഓർക്കണില്ല. പക്ഷെ ആ വീടിന്റെ വാടക പിരിക്കെണ്ടെ.. രണ്ടു മാസായിട്ട് കുടിശ്ശികയാണ്. ഇനി അത്രടം വരെ എനിക്കൊന്നു പോയെ പറ്റൂ. മാത്രല്ല കൊല്ലം കൊറെയായി വല്ലവരുടേം കൈയിലല്ലേ..”

സുധയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞു.

“തനിക്കിഷ്ടമല്ലെങ്കിൽ വരണ്ടെടോ. എന്നെ ഒന്ന് പോകാനനുവദിക്കുക.”

പിറ്റേന്ന് തോൾ ബാഗും തൂക്കി പോകാനെറങ്ങുമ്പോൾ സുധ ഓർമ്മിപ്പിച്ചു.

“കുട എടുത്തോളൂ.. മഴയുണ്ടാവും..”

” ഈ മീനത്തിലോ..?”

” പറയുന്നത് കേൾക്കൂന്നേ.. ”

കേട്ടു !

ചുവരിലെ ആണിയിൽ തൂക്കിയിട്ടിരുന്ന വളഞ്ഞ കാലൻ കുടയെടുത്തു. നടന്നു.

വഴിയുടെ തിരിവിൽ വച്ചൊന്നു തിരിഞ്ഞു നോക്കി. സുധ നോക്കി നില്പുണ്ട്.

ഇടവഴി കയറി ചെല്ലുന്ന ഞങ്ങടെ പഴയ വീട്ടിലെത്തുമ്പോൾ ഉച്ച തിരിഞ്ഞു.

അദ്ഭുതം.. ആകാശത്ത് മഴക്കാറുകൾ..!

ഏതാനും ഒറ്റപ്പെട്ട തുള്ളികൾ അടർന്നു വീണു തുടങ്ങിയോ?

ഇടവഴിയിലെ ഞങ്ങളുടെ പഴയ വീട് ഇപ്പോൾ കൂടുതൽ പഴകിയിരിക്കുന്നു.
ഒരുപാട് വർഷമായി മഴയിലും വെയിലിലും നിന്ന് നിറം മങ്ങിയ പോലെ തോന്നിക്കുന്നു.

വിളിച്ചപ്പോൾ ഒരു സ്ത്രീ ഇറങ്ങി വന്നു. എന്നെ കണ്ടപ്പോൾ അവരുടെ മുഖം മങ്ങി.

“വാടക പിരിയ്ക്കാൻ വന്നതാവും അല്ലേ. രണ്ടു മൂന്ന് മാസായി ഏലക്കാട്ടിലൊന്നും പണിയില്ലാർന്നു. അടുത്ത മാസം കൃത്യമായിട്ട് അയച്ചു തരാം”

” നേർത്തേം കൊറെ മൊടങ്ങിയിട്ടുണ്ടല്ലോ…”

” പണിയില്ലാഞ്ഞിട്ടല്ലേ .. വല്ല ഗതീമൊണ്ടേൽ വാടക മൊടക്വോ..”

പണിയില്ലാഞ്ഞൊള്ളത് സത്യമാണോ ആവോ. ആരോട് തിരക്കാനാ..

കഠിപ്പിച്ചൊരു മറുപടി പറയാനൊരുങ്ങിയപ്പോൾ പത്തോ പതിനാലോ വയസ്സു തോന്നിച്ച ഒരു പെൺകുട്ടി കൂടി വീട്ടിൽ നിന്നെറങ്ങി വന്നു.

പറയാൻ വന്നത് വിഴുങ്ങി.

” അടുത്ത മാസം എല്ലാം കൂടി ഒന്നിച്ച് അയച്ചു തരണം”

അങ്ങനെ പറഞ്ഞു.

” തരാം. നിങ്ങളിപ്പം അസുഖമൊക്കെ മാറി സുഖായിട്ടിരിക്കണല്ലോ അല്ലെ..”

സ്ത്രീ ലോഹ്യം ചോദിച്ചു.

” എനിക്കദിന് സൂക്കേടൊന്നുമില്ലല്ലോ ചേച്ചീ.. ”

പെൺകുട്ടി അമ്പരന്ന് എന്റേയും അമ്മയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

ഞാൻ ഒരു ഹൗസോണറുടെ ഗൗരവം ഭാവിച്ചു നിന്നു.

“നമ്മുടെ കിണറൊക്കെ വൃത്തിയായി സൂക്ഷിക്കണുണ്ടോ.. ഇലയൊ ചെറു ജന്തുക്കളൊ ഒന്നും വീഴാണ്ട് വല കെട്ടി സൂക്ഷിച്ചോണം.”

സ്ത്രീ സഹതാപത്തോടെ എന്നെ നോക്കി.

” കിണറൊന്നും ഇപ്പം ആരും ഉപയോഗിക്കാറില്ല.. ”

“അതെന്താ.. എത്ര കഷ്ടപ്പെട്ടുണ്ടാക്കിയതാ. എന്നിട്ടും ഉപയോഗിക്കാണ്ടും നോക്കാണ്ടും നശിപ്പിച്ചു കളഞ്ഞോ നിങ്ങൾ..”

” ഞങ്ങളോ .. ഞങ്ങളൊന്നുമല്ല..”

ആ സ്ത്രീ കള്ളം പറയുകയാണെന്ന് എനിക്ക് ഉറപ്പായി.

“പിന്നാര് ? ഞാനോ.. ”

പെൺകുട്ടി പിന്നെയും അമ്പരപ്പോടെ അമ്മയെ നോക്കി. പിന്നെ എന്നേയും ..!

” ചേട്ടനറിയില്ലേ .. ആ കെണറ്റില്‌ ഒരു ചേച്ചി വീണ് ചത്തതാ. അതിൽ പിന്നെ ആരും അതീന്ന് വെള്ളം കോരൂല്ല.. ”

അവൾ എന്നോട് പറഞ്ഞു.

” ആളു വീണ് മരിച്ചെന്നോ.. എന്ന്..? ന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.. ”

എനിക്ക് പരിഭ്രാന്തിയായി.

“കൊറേ വർഷായി..”

സ്ത്രീ ശാസനയോടെ നോക്കിയപ്പോൾ പെൺകുട്ടി പെട്ടന്ന് നിർത്തി.

കൊറേ വർഷമോ ..!

അമ്മയും മോളും ഒരുപോലെ നുണച്ചികളാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.

കൊറേ വർഷമേ .. എന്നിട്ടിതു വരെ ഞാനറിഞ്ഞിട്ടില്ല.!

ഞാൻ തിരിഞ്ഞ് ബദ്ധപ്പെട്ട് കിണറിനു നേർക്കുള്ള വെട്ടുവഴിയിലേക്ക് നോക്കി.

“നീയെന്തിനാ അങ്ങേരോട് ഓരോന്നൊക്കെ പറയാൻ പോയത്..”

സ്ത്രീ ശബ്ദം താഴ്ത്തി മകളെ ശാസിച്ചു.

“സത്യമല്ലേ പറഞ്ഞൊള്ളു..”

“അങ്ങനെ സത്യം പറയെണ്ട..”

അവർ കൈ വലിച്ച് പെൺകുട്ടിയുടെ ചുമലിൽ ഒരടി വച്ചു കൊടുത്തു.
അവൾ തിരിഞ്ഞ് ചിണുങ്ങിക്കൊണ്ട് അകത്തേക്ക് പോയി.
പിന്നാലെ അവരും.

ഞാൻ കുറെ നോക്കിയിട്ടും കിണറിരുന്ന ദിക്ക് കണ്ടു പിടിക്കാനായില്ല.

ഒടുക്കം തിരിച്ചിറങ്ങി. മുറ്റത്തേക്ക് വന്നു.

ഇനിയാ സ്ത്രീയോടു തന്നെ ചോദിക്കാം.

അവരുടെ സ്വരം വീടിനുള്ളിൽ നിന്ന് പുറത്തേക്ക് കേൾക്കാമായിരുന്നു.

“ഭാര്യ പോയേ പിന്നെ അങ്ങേർക്ക് മനസ്സിനു നല്ല സുഖമില്ലാത്തതാ. ഏഴു മാസം വയറ്റിലൊള്ളപ്പോൾ നമ്മുടെ കിണറ്റിൽ വീണ് മരിച്ചതാ പുള്ളിക്കാരന്റെ ഭാര്യ. അതിൽ പിന്നെ കുറച്ചു നാള് ഇങ്ങേര് ഭ്രാന്താശുപത്രീലാരുന്നു. പിന്നെ പുറത്തിറങ്ങി. ഇപ്പഴും ഭാര്യ ജീവിച്ചിരിപ്പൊണ്ടെന്ന മട്ടിലാ നടപ്പും വർത്താനോമൊക്കെ. തിരുത്താൻ പോയാൽ ഇളകും. പണ്ട് രണ്ടു പേരും വല്ല്യ സ്നേഹത്തിലാരുന്നു..”

“ഞാനറിഞ്ഞോ അങ്ങേർക്ക് ഭ്രാന്താന്ന്. വെറുതെയല്ല പകുതി പ്രായമുള്ള അമ്മയെ ചേച്ചീന്ന് വിളിച്ചത്… ”

പെൺകുട്ടിയുടെ ക്ഷോഭിച്ച സ്വരം.

പണ്ട് സുധ ആൾമറയില്ലാത്ത കിണറിന്റെ ചവിട്ടുകല്ലിളകി വീണുവെന്ന് ഞാനും അറിഞ്ഞിരുന്നു. പക്ഷെ ഇവർ മരിച്ചുവെന്ന് നുണ പറയുകയാണ്..!

അവളിപ്പഴും അവിടെ തന്നെ ഉണ്ടല്ലോ.
ഞങ്ങടെ വീട്ടിൽ. ഒരു പോറൽ പോലുമില്ലാതെ..

കള്ളം മാത്രം പറയുന്ന ആ അമ്മയും മോളും വേറെയും എന്തൊക്കെയോ കൂടി പറയുന്നു.

ഞാൻ പതുക്കെ തിരിഞ്ഞ് പോന്നു.

തണുത്ത കാറ്റ് വീശി.

മഴ വീണു തുടങ്ങിയിരുന്നു.

ഒരറ്റത്തു നിന്ന് ആർത്തലച്ചു പെയ്ത് തുടങ്ങിയ മഴയിലേക്ക് ഞാനെന്റെ കുട നിവർത്തി .

തിരികെ വീട്ടിലെത്തുമ്പോൾ മഴ തോർന്നു കഴിഞ്ഞു.

വീട് ആകെ ഇരുളിലമർന്ന് കിടക്കുന്നു.

അവളെവിടെ… സുധ ?

ഞാൻ ക്ഷീണത്തോടെ ചാരുകസേരയിലേക്കമർന്നു.

കനത്തു കനത്തു വരുന്ന ഇരുട്ടിൽ സുധയുടെ കൊലുസുമണികളുടെ കിലുക്കമുയരുന്നതും കാതോർത്ത് ഞാൻ തനിയേ ഇരുന്നു.

– ശുഭം –

ചിത്രം: ആർട്ടിസ്റ്റ് മോഹൻ

LEAVE A REPLY

Please enter your comment!
Please enter your name here