എതിർലോകങ്ങളുടെ അടയാളപ്പെടുത്തലുകൾ – പുസ്‌തക പരിചയം – ജിസ ജോസ്

0
332

“ചുവാങ്സു എന്ന സെന്‍ ഗുരു ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ താനൊരു ശലഭമായി പാറിനടക്കുന്നു. ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ അയാള്‍ക്ക് സംശയമായി. കുറച്ചുമുമ്പ് ശലഭമാണെന്ന സ്വപ്നംകണ്ട മനുഷ്യനാണോ താന്‍, അതോ ഇത്രയുംകാലം മനുഷ്യനാണെന്നു സ്വപ്നംകണ്ട ശലഭമാണോ താന്‍?”

ചില ജീവിതങ്ങളും മനുഷ്യരും അങ്ങനെയാണ്. അതിര്‍ത്തികളില്ലാതെ, വേര്‍തിരിവുകളില്ലാതെ, പരസ്പരം കലങ്ങിയലിഞ്ഞ വ്യത്യസ്തസ്വത്വബോധങ്ങളിലൂടെ അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്താണ് താന്‍ എന്ന് സ്വയംപൂര്‍ണ്ണമായി മനസിലാവാത്തതുപോലെ മറ്റുള്ളവര്‍ക്കും അവര്‍ അപരിചിതരായിരിക്കും. കോമാളിയും ഭ്രാന്തനുമായി വിലയിരുത്തപ്പെടുന്ന, വ്യവസ്ഥാനുസാരിയായ അവബോധങ്ങള്‍ക്ക് ഉന്മാദവും വിഡ്ഡിത്തവുമായി തോന്നുന്ന സ്വയംവെളിപ്പെടലുകളാണ് അവരുടേത്. തിരുത്തല്‍ശക്തിയായും വ്യവസ്ഥയെ വെല്ലുവിളിക്കുന്നവരായും അപൂര്‍വ്വം ചിലര്‍ അവരെ തിരിച്ചറിഞ്ഞെന്നിരിക്കും. ആഖ്യാനത്തിലും പ്രമേയത്തിലുമുള്ള വൈവിദ്ധ്യങ്ങളും പുതുമകളുംകൊണ്ട് മലയാളനോവലിലെ ശ്രദ്ധേയസാന്നിദ്ധ്യമായ രാജീവ് ശിവശങ്കറിന്റെ ‘കാറല്‍ മാര്‍ക്സ് കൈലാസം വീട്‌ ‘ എന്ന നോവല്‍ അത്തരമൊരു വേറിട്ട വ്യക്തിത്വത്തെയാണ് ആവിഷ്കരിക്കുന്നത്. മനുഷ്യന്‍ അനുഭവിക്കുന്ന ജീവിതം, അവന്റെ സ്വയംപ്രതിരോധങ്ങള്‍, ആഭ്യന്തരവും ബാഹ്യവുമായ സമരസപ്പെടലുകള്‍ ഇവയുടെയെല്ലാം സങ്കരമാണ് അവന്റെ സ്വത്വമെന്ന യാഥാര്‍ത്ഥ്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിതാവസ്ഥകളെക്കുറിച്ച്, സാമൂഹ്യവ്യവസ്ഥകളെയും വഴക്കങ്ങളെയും കുറിച്ച് തനിമയാര്‍ന്നതും വ്യതിരിക്തവുമായ ചില വിശകലനങ്ങളാണ് കാറല്‍ മാര്‍ക്സ്, കൈലാസം വീട് നടത്തുന്നത്. സ്വാഭാവികമായും അവയ്ക്ക് തത്വചിന്താപരമായ അടിത്തറയുണ്ടാവുന്നു. അത്രയും സ്വാഭാവികമായിത്തന്നെ അതിന് ഫലിതത്തിന്റെ, കുസൃതിയുടെ അടിയൊഴുക്കുകളുമുണ്ടാവുന്നു. പൂമ്പാറ്റയാണോ, പൂമ്പാറ്റയെ സ്വപ്നം കണ്ട ചുവാങ്സുവാണോ താനെന്ന സന്ദേഹത്തിലൂടെ കടന്നുപോവുന്ന സ്വത്വം എല്ലാവരിലുമുണ്ട്. കാറല്‍മാര്‍ക്സിലെ നായകനായ കമലാസനില്‍ അത് തീവ്രമാവുന്നുവെന്നു മാത്രം. സാമാന്യബുദ്ധിയ്ക്കും ബോധത്തിനും സയുക്തികമല്ലാത്ത വ്യവഹാരങ്ങളാണ് അയാളുടേത്. വിപരീതാവസ്ഥകളോടാണ് അയാള്‍ക്ക് പ്രിയം. സമൂഹത്തിന്റെ പൊതുതാല്പര്യങ്ങളില്‍നിന്ന് എല്ലായ്പോഴും അയാളുടെ ചിന്തകളും പ്രവൃത്തികളും വേര്‍പെട്ടുനില്ക്കുന്നു. താന്‍ നിവസിക്കുന്ന സംസ്കാരത്തോട് സാത്മ്യപ്പെടാതിരിക്കാന്‍, അതിന്റേതാണെന്ന് കരുതാതിരിക്കാന്‍, എല്ലായ്പോഴും അപരനായിരിക്കാന്‍ (പോള്‍ വില്‍മെന്‍) വ്യഗ്രതപ്പെടുന്ന അഹമാണ് കമലാസനന്റേത്. സാമൂഹികവും സാംസ്കാരികവുമായ സ്വന്തം സ്ഥാനത്തിന് അപരമായിരിക്കുന്ന ഇത്തരം മാനസികാവസ്ഥയുള്ള മനുഷ്യരെ യഥാര്‍ത്ഥലോകത്തിലും അപൂര്‍വ്വമായി നമ്മള്‍ കണ്ടുമുട്ടാറുണ്ട്.

ബാഹ്യതലത്തില്‍ അന്യോന്യവിരുദ്ധവും എന്നാല്‍ ആന്തരികമായി പരസ്പരാശ്രിതവുമായ മൂന്നു സ്വത്വബോധങ്ങളിലൂടെയാണ് ‘കാറല്‍ മാര്‍ക്സ്, കൈലാസം വീട്‌ പൂര്‍ണമാവുന്നത് . കൈലാസം വീട്ടിലെ കമലാസനന്‍, അയാള്‍ പില്ക്കാലത്ത് ഔദ്യോഗികമായി മാറ്റിയെടുത്ത പേരിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ കാറല്‍ മാര്‍ക്സ്, ആഖ്യാതാവും കമലാസനന്റെ സുഹൃത്തുമായ പരമേശ്വരന്‍ എഴുതാനിരിക്കുന്ന നോവലിലെ മുഖ്യകഥാപാത്രമായ സോക്രട്ടീസ് എന്ന് മൂന്നു അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയി സ്ഥലമാവുന്നതാണ് നായകന്റെ സങ്കീര്‍ണവും കലുഷവുമായ ജീവിതസന്ധികള്‍. ഓരോ അവസ്ഥകളിലും അയാള്‍ സ്വയം അഴിച്ചുപണിയുന്നു. സാംസ്കാരികനിര്‍മ്മിതികളെ തകര്‍ക്കുന്നു. സാധാരണമനുഷ്യന്റെ ഭാവനാത്മകമായ, ആര്‍ജ്ജിക്കാനാഗ്രഹിക്കുന്ന ജ്ഞാനമണ്ഡലങ്ങളുടെ പ്രതിനിധികളാണ് കാറല്‍ മാര്‍ക്സും സോക്രട്ടീസും. സദാ ഉള്ളിലുള്ള അപരന്മാര്‍ തന്റെതന്നെ അബോധകാമനകളുടെ പ്രതിബിംബങ്ങളാണവര്‍. വ്യവസ്ഥാപിതജീര്‍ണ്ണതകളോടുള്ള കമലാസനന്റെ എല്ലാ കലാപങ്ങളിലും ഇവരുടെ നിഴല്‍ പതിഞ്ഞുകിടക്കുന്നു. അറിവ് എന്നത് മറ്റുള്ളവരുടെ ആശയങ്ങള്‍ കടമെടുക്കലല്ല എന്ന് വിശ്വസിച്ച, എന്റെ രീതിയില്‍ സംസാരിച്ചതുകൊണ്ട് മരിക്കേണ്ടിവരുന്നത്, നിങ്ങളുടെ രീതിയില്‍ സംസാരിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നതിലും വലിയ കാര്യമെന്ന് സധീരം പ്രഖ്യാപിച്ച് മരണശിക്ഷയേറ്റു വാങ്ങിയ സോക്രട്ടീസില്‍ കമലാസനനുണ്ടെന്നും അയാളുടെ ഛായയിലാണ് താന്‍ തന്റെ ഒരിക്കലും എഴുതിത്തീരാത്ത നോവലില്‍ സോക്രട്ടീസിനെ സൃഷ്ടിച്ചതെന്നും പരമേശ്വരനറിയാം. വായനശാലയിലെ ഏകാന്തതയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു തലനീട്ടി എം ഗോവിന്ദനും എം. പി. നാരായണപിള്ളയും വി. കെ. എന്നുമൊക്കെ ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ അയാള്‍ നിഷേധിക്കുന്നുണ്ടെങ്കിലും .പാഠാന്തരത (intertexuality)യുടെ സാദ്ധ്യതകള്‍ നോവല്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പരമേശ്വരന്റെ ഭാവനാത്മകമായ പ്രത്യക്ഷങ്ങളില്‍ എഴുത്തുകാര്‍ നിരന്തരം വെളിപ്പെടുന്നു.

കാറല്‍ മാര്‍ക്സ് എന്ന പേരു സ്വീകരിക്കാന്‍ കമലാസനുണ്ടായ അടിയന്തിരപ്രേരണ സമകാലരാഷ്ട്രീയ മൂല്യച്യുതികളുടെ മുഴുവന്‍ പ്രതിരൂപമായ സഖാവ് പി. കെ. ആറുമായുള്ള ആശയ വിദ്വേഷമായിരുന്നുവെങ്കിലും ആ പേരാ തനിക്കു ചേരുക, വലിയ മനസാ തന്റേത് എന്നു പിന്നീട് സെബാസ്റ്റ്യന്‍ പള്ളോപ്പാടം പറയുന്നതുപോലെ കാറല്‍ മാര്‍ക്സിന്റെ ചരിത്രബോധവും അദ്ദേഹം വിഭാവന ചെയ്ത സോഷ്യലിസ്റ്റ് ആശയങ്ങളും കമലാസനന്റെ സ്വത്വത്തെ അഗാധമായി സ്വാധീനിച്ചിരുന്നു. ഡല്‍ഹിയിലെ കാറല്‍ മാര്‍ക്സ് പഠനകേന്ദ്രത്തിനു പണപ്പിരിവിനായി കമലാസനനെ സമീപിക്കുമ്പോള്‍ ഗള്‍ഫുകാരനെ പൊക്കിപ്പറഞ്ഞ് പതിനായിരം രൂപയെങ്കിലും മേടിച്ചെടുക്കാമെന്ന മുന്‍വിധിയായിരുന്നു സഖാവ് പി..കെ.ആറിന്റേത്. ആരാ ഈ കാറല്‍ മാര്‍ക്സ്, അയാളുടെ പേരില്‍ ഡല്‍ഹിയില്‍ പഠനകേന്ദ്രം തുടങ്ങിയിട്ട് നമുക്കെന്താ നേട്ടം? നമ്മുടെ നാട്ടിലെ ആര്‍ക്കെങ്കിലും ജോലികിട്ടുമോ അവിടെ, അല്ലെങ്കില്‍ത്തന്നെ കാറല്‍ മാര്‍ക്സ് നമ്മുടെ നാട്ടുകാരനൊന്നുമല്ലല്ലോ എന്ന ലളിതമായ യുക്തികൊണ്ട് സഖാവിനെ ക്ഷുഭിതനാക്കിയ കമലാസനന്‍ അഞ്ചു പൈസ തരത്തില്ല, മാര്‍ക്സ് ഹെലന്‍ ഡിമത്ത് എന്ന വീട്ടുവേലക്കാരിയില്‍ കൊച്ചിനെ ഉണ്ടാക്കിയവനാണെന്നു കൂടി കൂട്ടിച്ചേര്‍ത്ത് അയാളെ അസ്തപ്രജ്ഞനാക്കുന്നു. മാര്‍ക്സിനെപ്പറ്റി പറയാന്‍ താന്‍ വളര്‍ന്നിട്ടില്ല, ഒരക്ഷരം മിണ്ടിപ്പോവരുത് എന്ന പി. കെ. ആറിന്റെ ഭീഷണിയ്ക്കുള്ള മറുപടിയായിരുന്നു ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് തന്റെ പേര് കാറല്‍ മാര്‍ക്സ് എന്നാക്കിയത്. പറഞ്ഞതുപോലെ കാറല്‍ മാര്‍ക്സിനെതിരെ കമലാസനന്‍ ചുവരെഴുത്തും നടത്തി സഖാവിന്റെ ധാര്‍ഷ്ട്യത്തിന്റെ മുനയൊടിച്ചു. പ്രതിഷ്ഠകളെ തകര്‍ക്കാന്‍, അയഥാര്‍ത്ഥമായ ആദര്‍ശാത്മകതയെ, അവസരസമത്വമില്ലായ്മയെ നിരസിക്കാന്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ എല്ലാ പരിമിതികളെയും അതിലംഘിക്കാന്‍ പെറ്റി ബൂര്‍ഷ്വാ എന്ന് അപഹസിക്കപ്പെട്ട കമലാസനന് കഴിയുന്നതിലെ ഐറണി ശ്രദ്ധേയമാണ്. മുതലാളിത്തത്തിന്റെ, കമ്പോളവല്‍ക്കരണത്തിന്റെ, വ്യക്തിവിദ്വേഷത്തിന്റെ സങ്കുചിതമായ ഇടങ്ങളിലേക്ക് ചുരുങ്ങി ജനാധിപത്യസാദ്ധ്യതകളില്ലാതെ മുരടിക്കുന്ന സഖാവ് പി. കെ. ആറിനെപ്പോലുള്ളവര്‍ പ്രതിനിധീകരിക്കുന്ന സാമ്പ്രദായിക മാര്‍ക്സിസത്തിന്റെ ജീര്‍ണ്ണതകളെ സര്‍ഗ്ഗാത്മകമായി തുറന്നുകാട്ടാനും പ്രതിരോധിക്കാനും കമലാസനനു കഴിയുന്നു. താത്വികവും കാലം ആവശ്യപ്പെടുന്നതുമായ സമീപനമാണത്. മുതലാളിത്തത്തിന്റെ വ്യാപനത്തെ വൈകാരികമായല്ലാതെ, പ്രത്യക്ഷത്തില്‍ത്തന്നെ നിഷേധാത്മകമായി നോക്കിക്കാണുക, അദ്ധ്വാനത്തിനനുസരിച്ച് കൂലി നിശ്ചയിക്കുന്ന മൂല്യനിയമം, മുതലാളിത്ത മൂല്യവ്യവസ്ഥകള്‍ക്കു ബദലായി ഫലിതത്തിലൂന്നിയ ലളിതമായ സാമൂഹ്യവിചാരണകള്‍. വ്യക്തികേന്ദ്രിതമായ, അധികാരധാര്‍ഷ്ട്യം കെട്ടുപിണഞ്ഞുകിടക്കുന്ന രാഷ്ട്രീയ – സമ്പദ് ശാസ്ത്രാദി സങ്കീര്‍ണതകളെ അനായാസം തകര്‍ത്തുതരിപ്പണമാക്കാനും സോഷ്യലിസ്റ്റ് വ്യവസ്ഥാനുകൂലമായി അതിനെ പരിവര്‍ത്തനം ചെയ്യാനും കമലാസനന്റെ ലളിതയുദ്ധങ്ങള്‍ക്ക് കഴിയുന്നു. ആ അര്‍ത്ഥത്തില്‍ കൃത്യമായ രാഷ്ട്രീയാടിത്തറയുള്ള രചനയാണ് ‘ കാറല്‍ മാര്‍ക്സ്, കൈലാസം വീട് ‘. അതുകൊണ്ടാണ് കമലാസനന് തന്റെ സ്വകാര്യസ്വത്തായിരുന്ന മഞ്ചാടി മൈതാനം പഞ്ചായത്തിനു വിട്ടുകൊടുക്കാന്‍ മനസ്താപമില്ലാത്തത്. പക്ഷേ അവിടെ ഷോപ്പിങ് കോംപ്ലക്സ് അല്ല , കളിസ്ഥലമാണ് ആവശ്യമെന്നയാള്‍ക്കറിയാം. നായപിടുത്തപരിശീലനകേന്ദ്രം, മഞ്ചാടി മൈതാനത്തെ രാഷ്ട്രീയപ്രസംഗങ്ങള്‍ കേട്ടു മരവിച്ച പ്ലാവിനും പേരാലിനും പൊന്നാടയണിയിക്കല്‍, പഞ്ചായത്ത് ടിക്കറ്റ് വെച്ചു നടത്തുന്ന കലോത്സവത്തിന് ബദലായി അതേ സമയത്ത് തുറന്നസ്റ്റേജില്‍ വെച്ച് നടത്തിയ യാചകഗാനമേള, ചെമ്മാനം പഞ്ചായത്തിനെ യാചകനിരോധനമേഖലയായി പ്രഖ്യാപിച്ചപ്പോള്‍, യാചകരെയല്ല, അവരെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയാണ് മാറ്റേണ്ടത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ യാചകജാഥ, കുടിയിറക്കപ്പെട്ട ഗ്രാമവേശ്യകളുടെ പഞ്ചായത്ത് ഉപരോധം തുടങ്ങി കമലാസനന്‍ നേരിട്ടും അല്ലാതെയും നടത്തിയ സമരങ്ങള്‍ക്കെല്ലാം സംവാദപരവും ക്രിയാത്മകവുമായ രാഷ്ട്രീയമുണ്ട്. അത് സവിശേഷമായ ആശയസമരമാണ്. യാഥാസ്ഥിതികത്വത്തെ നിഷേധിക്കലാണ്. പ്രത്യക്ഷജ്ഞാനരീതികളില്‍ നിന്നകന്ന്, എല്ലാ താദാത്മ്യപ്പെടലുകളില്‍ നിന്നും ബോധപൂര്‍വ്വം വേര്‍പെട്ടു നില്പ്. യാചകര്‍ക്ക് സ്വന്തം ചാവടിയില്‍ അഭയംകൊടുത്തും വേശ്യകള്‍ക്ക് വീടുവെയ്ക്കാന്‍ സ്ഥലം വിട്ടുകൊടുത്തും തന്റെ സമരങ്ങള്‍ അനീതിയും അസമത്വവും നിറഞ്ഞ അധികാരശ്രേണികളോടുള്ള പ്രായോഗികയുദ്ധങ്ങളാണെന്ന് കമലാസനന്‍ തെളിയിക്കുന്നുണ്ട്.

ശരീരം, രാഷ്ട്രീയം, സൗന്ദര്യം, അധികാരം, കമ്പോളം, മതം, വിശ്വാസം, മരണം തുടങ്ങി മനുഷ്യന്‍ ഇടപെടുന്ന വ്യത്യസ്തവും നിരവധിയുമായ ജീവിതസന്ദര്‍ഭങ്ങളിലൂടെ കാറല്‍ മാര്‍ക്സ് ,കൈലാസം വീട് കടന്നുപോവുന്നു. അമ്മയില്ലാത്ത കുട്ടിക്ക് പുസ്തകങ്ങളാണ് അമ്മയെന്നു വിശ്വസിച്ച രാജശേഖരന്‍ കര്‍ത്തായുടെ വീട്ടിലെവിടെയും പുസ്തകങ്ങളായിരുന്നു. ഏഴാം ക്ലാസ്സില്‍ കൂട്ടുകാരോടൊപ്പം പരാജയപ്പെട്ട് നാടുവിടല്‍ ശ്രമത്തിനുശേഷം തിരിച്ചുവന്ന കുട്ടിയോട് അച്ഛന്‍ പറഞ്ഞത് നാടുവിടാനാണ്. ഇപ്പോഴല്ല, മുതിര്‍ന്നിട്ട്. കാഴ്ചകളാണ് ലോകം. ചിന്തകളാണ് ജീവിതം .ചിന്തകളാണ് കൂടുതല്‍ കാഴ്ചകള്‍ക്ക് പ്രേരിപ്പിക്കുന്നത്. കാഴ്ചകളാവട്ടെ കൂടുതല്‍ ചിന്തിക്കാന്‍ വഴിതുറക്കുകയും ചെയ്യും.(പുറം: 62) അച്ഛന്റെ വിചിത്രമായ ആത്മഹത്യയ്ക്കും ശേഷം കമലാസനന്‍ നാടുവിട്ടു, ദീര്‍ഘകാലത്തിനു ശേഷംപുതിയ അനുഭവങ്ങളും ചിന്തകളുമായി നാട്ടില്‍ തിരിച്ചെത്തുന്നു. ഒരു ചങ്ങലയുമില്ലാതെ പറന്നുനടക്കാന്‍, എന്നും നേര്‍വരയില്‍ക്കൂടി ഓടിയാല്‍ മതിയോ, ഇത്തിരി കുസൃതീം കുന്നായ്മേം ഇല്ലാതെന്തു ജീവിതം എന്ന കൊതിപ്പിക്കുന്ന ജീവിതദര്‍ശനവുമായി സുഹൃത്തുക്കളെയും പ്രലോഭിപ്പിക്കുന്നു. ലോക വ്യവഹാരങ്ങളെ, ചിഹ്നങ്ങളെ അസാധുവാക്കുന്ന യുക്തിപരമായ ചോദ്യങ്ങളാണയാള്‍ സദാ ഉന്നയിച്ചുകൊണ്ടിരുന്നത്. അയാളുടെ ആശയധാരകള്‍ സംസ്കാരസിദ്ധാന്തങ്ങളെ, സാമൂഹ്യക്രമങ്ങളെ അതിലംഘിച്ചുകൊണ്ടിരുന്നു. ഭ്രാന്ത് സുഖമുള്ള പരിപാടിയാണെന്നും ഭ്രാന്തന്‍ എപ്പോഴും സന്തോഷവാനായിരിക്കുമെന്നും തൃപ്പാട്ടൂര്‍ മാഷെ ചൂണ്ടിക്കാട്ടി അയാള്‍ സുഹൃത്തുക്കളെ അതിശയിപ്പിക്കുന്നു. ഭ്രാന്ത് ഒരു രോഗമല്ല, അവസ്ഥയാണ്, അതു ചികിത്സിച്ചു മാറ്റാനുള്ളതല്ല, അനുഭവിച്ച് തീരാനുള്ളതാണെന്നു ദീര്‍ഘദര്‍ശനം ചെയ്യുന്നു.

നമ്മുടെ വിശ്വാസങ്ങളെ, ദര്‍ശനങ്ങളെ രൂപപ്പെടുത്തുന്ന ചിരന്തനമായ നിയമങ്ങളെ, ക്രമങ്ങളെ വെല്ലുവിളിക്കുന്നതിലുള്ള സൂക്ഷ്മമായ ചാതുര്യവും വന്യമായ ചാരുതയുമാണ് കാറല്‍ മാര്‍ക്സിന്റെ വ്യതിരിക്തത. ചിന്തകളെയും കാഴ്ചകളെയും അന്ധമാക്കുന്ന യാഥാസ്ഥിതികമായ വിശ്വാസങ്ങള്‍ക്ക് നേരെയാണ് കമലാസനന്റെ ആക്രമണം. നിലവിലുള്ള എന്തിനെയും എതിര്‍ക്കാനുള്ള വാസന ജന്മസിദ്ധമാണ്. പക്ഷേ സാമൂഹ്യനിയമങ്ങള്‍ ഭൂരിപക്ഷം പേരിലും വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ആ വാസനയെ ഉന്മൂലനം ചെയ്യുന്നു. കമലാസനനെപ്പോലെ അപൂര്‍വ്വം ചിലര്‍ ഒരിക്കലും മെരുക്കപ്പെടാതെ അവശേഷിച്ചേക്കാം. അവര്‍ ചിന്തയിലെ പുതുമകൊണ്ടും വ്യത്യസ്തതകൊണ്ടും എല്ലാവരെയും വിസ്മയിപ്പിക്കുന്നു, ചിലപ്പോള്‍ നാണം കെടുത്തുന്നു. ചരിത്രത്തെ, ലോകത്തെ നോക്കിക്കാണേണ്ടത് വേറൊരു രീതിയിലാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മാഞ്ഞുപോവുന്നു. ജീവിതം ചില തോന്നലുകള്‍ മാത്രമാണെന്ന് ദാര്‍ശനികനാവുന്നു.

കീഴ്വഴക്കങ്ങളെ അതിലംഘിക്കുന്ന, കുസൃതി നിറഞ്ഞ തലതിരിച്ചിടലുകളാണ് കമലാസനന്റെ ചെമ്മാനത്തെ പ്രവൃത്തികളെല്ലാം. ജനമനസ്സില്‍ അടിച്ചേല്പിക്കപ്പെട്ട വ്യവസ്ഥകളെ സവിശേഷമായ രീതിയില്‍ അപോദ്ധാരണം ( De-coding ) ചെയ്യാനുള്ള ഉദ്യമങ്ങള്‍. സാധാരണ കണ്ണുകള്‍ക്ക് സങ്കീര്‍ണവും സംശയാസ്പദവുമായ നീക്കങ്ങളായി തോന്നുമ്പോള്‍ത്തന്നെ യുക്തിസഹമായ ആഴങ്ങള്‍ അവയ്ക്കുണ്ട്. അലോസരപ്പെടുത്തുന്ന ചോദ്യങ്ങളിലൂടെ മനപ്പൂര്‍വ്വം കമലാസനന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. സ്കൂള്‍ പഠനകാലത്ത് തോന്നുന്ന പോലെ ജീവിക്കാന്‍ കഴിയുന്നതാണ് ഭാഗ്യമെന്നു യുക്തിഭദ്രമായി സ്ഥാപിച്ച കമലാസനന്‍ അവന്റെ ചിന്തയിലെ വ്യത്യസ്തതകൊണ്ട് ഭാവിയില്‍ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് വര്‍ഗീസ് സാര്‍ പ്രവചിക്കുന്നുണ്ട്. അവന്റ തലതിരിഞ്ഞ ചിന്തകളെ മഹത്വത്തിന്റെ അടയാളമായി വായിച്ചെടുക്കാമോ എന്ന് പിന്നീട് പരമേശ്വരന്‍ സന്ദേഹിക്കുന്നു; സോക്രട്ടീസും നാറാണത്തു ഭ്രാന്തനുമൊക്കെ ഇങ്ങനെ വേറിട്ടു ചിന്തിച്ചവരാണ് എന്ന് ആശ്വസിക്കുകയും ചെയ്യുന്നു.

രാജീവ് ശിവശങ്കര്‍

“ചെമ്മാനം കവലയില്‍ ഒരു മുറി വാടകയ്ക്കെടുത്ത് കമലാസനന്‍ ആരംഭിച്ച വെടിപ്പുര വിചിത്രവും കലാപോന്മുഖവുമായ മറ്റൊരു സമരമായിരുന്നു. കാശു കളയാനുള്ള പരിപാടിയായിട്ടേ ഈ മൂല്യഭാവനകളെ കാഴ്ചക്കാര്‍ക്ക് വിലയിരുത്താനാവുന്നുള്ളു. ” ഏതു വെടിമരുന്നിനെക്കാളും കരുത്തുള്ളതാണ് ആ ചിന്ത. ആര്‍ക്കും എന്തിനെപ്പറ്റിയും പറയാം. തുറന്ന സംവാദങ്ങള്‍. ഓരോ ദിവസവും കസേരയില്‍ ഓരോരുത്തര്‍ ഇരിക്കുക, അവര്‍ ചര്‍ച്ച നിയന്ത്രിക്കുക. ലോകത്തിലെ ഏതു വിപ്ലവത്തിന്റെയും തുടക്കം ഇത്തരം ചര്‍ച്ചകളില്‍ നിന്നായിരുന്നു.”(പു.114) വിശാലമായ ലക്ഷ്യങ്ങളുള്ള, അധികാരത്തിന്റെ സൂക്ഷ്മവിന്യാസങ്ങളെ നിരാകരിക്കുന്ന വെടിപ്പുര കമലാസനനെ അധികാരകേന്ദ്രങ്ങളുടെ സംശയത്തിന്റെ ഇരയാക്കുന്നുമുണ്ട്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടുമ്പോള്‍ അവളെ ഒരു കരാറുകൊണ്ട് ആയുഷ്കാലം മുഴുവന്‍ കെട്ടിയിടില്ലെന്നു തീരുമാനിക്കുന്നതും വ്യവസ്ഥിതിയോടുള്ള വിയോജിപ്പുകൊണ്ടാണ്. നിയമത്തിന്റെ കണ്ണിലൂടെയല്ല സ്നേഹത്തിന്റെ കണ്ണിലൂടെയാണ് സ്ത്രീ-പുരുഷബന്ധത്തെ കാണേണ്ടതെന്നും കരാറുകളുടെ പിന്‍ബലത്തിലല്ല ഒന്നിച്ചു താമസിക്കേണ്ടതെന്നും വിശ്വസിച്ച കമലാസനന്‍ ഭാര്യയ്ക്ക് ശമ്പളം നല്കാനും തീരുമാനിക്കുന്നു.

സാംസ്കാരികബോധത്തെ, സാമൂഹ്യനിയമങ്ങളെ തകര്‍ത്ത് ആനന്ദത്തിന്റെ, വിമോചനത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനുള്ള കമലാസനന്റെ ശ്രമങ്ങള്‍ ചിലപ്പോഴൊക്കെ ഹിംസാത്മകമാവുന്നതും സ്വാഭാവികമാണ്. വൈരൂപ്യറാണി മത്സരം പ്രഖ്യാപിച്ചതും ആരും പങ്കെടുക്കാന്‍ എത്താതായപ്പോള്‍ സ്വന്തം വീട്ടുജോലിക്കാരിയായ ദേവകിയെ സ്റ്റേജിലേക്കാനയിച്ചു വൈരൂപ്യറാണിയായി പ്രഖ്യാപിക്കാന്‍ ശ്രമിച്ചതും അവള്‍ക്കൊരിക്കലും പൊറുക്കാനായില്ല. ആഴത്തിലുള്ള ആ മുറിവില്‍ നിന്ന് എന്നും ചോര കിനിഞ്ഞുകൊണ്ടിരുന്നു. കമലാസനന്റെ മരണവാര്‍ത്ത, ജീവിതത്തിലെ ഏറ്റവും ഉന്മാദകരമായ സുരതത്തിലൂടെയാണവള്‍ ആഘോഷിച്ചത്. അതും അയാളുടെ ആത്മമിത്രമായിരുന്ന ശിവരാജനൊപ്പം. മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായിരുന്ന പുതിയകാവ് അമ്പലത്തിലെ എഴുന്നള്ളത്തിനെക്കുറിച്ചും കമലാസനന് കൃത്യമായ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണവും രാഷ്ട്രീയത്തിന്റെ മതവല്‍ക്കരണവും സാധാരണമായ കാലത്ത് മതസൗഹാര്‍ദ്ദമെന്നത് കെട്ടുകഥ മാത്രമാണെന്നയാള്‍ തിരിച്ചറിയുന്നു. മതനിരപേക്ഷത ഏതു നിമിഷവും മതവിദ്വേഷമായി പരിണമിക്കാവുന്ന വെടിമരുന്നാണ്. വര്‍ഗ്ഗീയവിദ്വേഷമൊക്കെ ഒറ്റനിമിഷംകൊണ്ട് പൊട്ടിപ്പുറപ്പെടുന്നതാണെന്നും എല്ലാവരുടെയും മനസ്സില്‍ വര്‍ഗ്ഗീയതയുടെ വിഷമുണ്ടെന്നും ദൈവത്തിന്റെ പേരില്‍ നാട്ടുകാര്‍ പരസ്പരം തമ്മില്‍ത്തല്ലുമെന്നും അയാള്‍ പ്രവചിക്കുന്നത് അധികം വൈകാതെ യാഥാര്‍ത്ഥ്യമാവുന്നുമുണ്ട്. മഞ്ചാടി മൈതാനത്തിലെ ഷോപ്പിങ്ങ് കോംപ്ലക്സ് പദ്ധതി ഒഴിവാക്കാനായി കമലാസനന്‍ ചെയ്ത കുസൃതി ഹിംസാത്മകമായ വര്‍ഗ്ഗീയകലാപമായി നിയന്ത്രണങ്ങള്‍ക്കതീതമായി ആളിപ്പടരുന്നു. വയനാടന്‍ കാടുകളില്‍നിന്ന് സംഘടിപ്പിച്ച വിഗ്രഹത്തോട് സാമ്യമുള്ള കരിങ്കല്ല് മൈതാനത്തു കുഴിച്ചിട്ടത് കമലാസനനാണ്. പക്ഷേ പിന്നീടുണ്ടായതൊന്നും അയാളുടെ വന്യമായ സങ്കല്പത്തില്‍പ്പോലും ഇല്ലാത്തതായിരുന്നു. നാട്ടുകാരെ ചൂരല്‍മുനയില്‍ നിര്‍ത്തി ചോദ്യങ്ങളുന്നയിച്ച തൃപ്പാട്ടൂര്‍ മാഷടക്കം പലരും വര്‍ഗ്ഗീയലഹളയുടെ ഇരയായി. കമലാസനന് വീണ്ടും നാടുവിടേണ്ടിവരുന്നു. മുത്തച്ഛനിലും അച്ഛനിലുമുണ്ടായിരുന്ന ഒളിപ്പിച്ചുവെച്ച ഭ്രാന്തിന്റെ ജീനുകള്‍ തന്നിലേക്കും പകര്‍ന്നിട്ടുണ്ടാവുമെന്ന ആശങ്ക പരമേശ്വരനോടു പങ്കുവെച്ചിട്ടാണയാള്‍ നാടുവിടുന്നത്.

23 വര്‍ഷങ്ങള്‍ക്കു ശേഷം കമലാസനന്‍ നാട്ടില്‍ തിരിച്ചെത്തുന്നത് മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മുഴുഭ്രാന്തനായിട്ടാണ്‌. തന്നെ വിട്ടുപോയ ഡെയ്സിയോടുള്ള പ്രണയവും സ്നേഹവും അയാള്‍ക്കുള്ളില്‍ കലമ്പല്‍ കൂട്ടിയിരുന്നു. ചിത്രശലഭങ്ങള്‍ അയാളെ അസ്വസ്ഥനാക്കി. അവളുടെ കാമുകന്റെ പേരായതുകൊണ്ടു മാത്രമാണ് പ്രവാസകാലത്ത് അഷ്റഫ് എന്ന സുഹൃത്തിനെ അയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. തിരിച്ചുവന്ന അയാള്‍ ഭാര്യയാലും മകനാലും വീണ്ടും ഉപേക്ഷിക്കപ്പെടുന്നു. ചാവടിയിലെ ദൈന്യമായ ജീവിതം പക്ഷേ കമലാസനനെ നിരാശപ്പെടുത്തുന്നില്ല. തൃപ്പാട്ടൂര്‍ മാഷെപ്പോലെ ചോദ്യങ്ങള്‍ ചോദിച്ചും ഭ്രാന്തനു മാത്രം സാദ്ധ്യമായ സ്വാതന്ത്ര്യങ്ങളുപയോഗിച്ചും അയാള്‍ നാട്ടുകാരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ഭ്രമദര്‍ശനങ്ങളും യുക്തിവൈരുദ്ധ്യങ്ങളുംകൊണ്ട് പ്രാകൃതവും പരിഹാസ്യവുമായ ആ അവസാനകാലവും അയാള്‍ക്ക് ചെറുത്തുനില്പുകളുടേതും കുതറലുകളുടേതുമാണ്.. കമലാസനന്‍ ഭ്രാന്തഭിനയിക്കുകയാണെന്ന തിരിച്ചറിവുണ്ടാവുന്നത് പരമേശ്വരന് മാത്രമാണ്. ഭ്രാന്തന്‍ എപ്പോഴും അയാളുടെ ലോകത്ത് സന്തുഷ്ടനാണ്. സന്തോഷമല്ലേ ഏറ്റവും പ്രധാനമെന്ന കമലാസനന്റെ പഴയ ചോദ്യം പരമേശ്വരന്‍ ആവര്‍ത്തിച്ചു പോകുന്നു.

നിയമങ്ങളെയും ചിട്ടകളെയും യാന്ത്രികമായനുസരിക്കുന്ന മനുഷ്യജീവിതത്തിലെ കൃത്രിമത്വങ്ങളെ തകര്‍ക്കാനും അതിനെ കൂടുതല്‍ ജൈവികവും സര്‍ഗ്ഗാത്മകവുമാക്കാനും ശ്രമിച്ചു മാരകമായി മുറിവുകളേറ്റിട്ടും പൂര്‍ണ്ണമായും പരാജയപ്പെടാന്‍ തയ്യാറാവാത്ത മനുഷ്യന്റെ ജീവിതാഖ്യാനമാണ് ‘ കാറല്‍ മാര്‍ക്സ് കൈലാസം വീട് ‘ എന്ന നോവല്‍. ഏതന്‍സിനെ പുതുക്കിയെഴുതാന്‍ ശ്രമിച്ച സോക്രട്ടീസിനെപ്പോലെ, ലോകവ്യവസ്ഥയെ മാറ്റിപ്പണിയാന്‍ യത്നിച്ച കാറല്‍ മാര്‍ക്സിനെപ്പോലെ അപൂര്‍വ്വമായി ചില സാധാരണമനുഷ്യരും. വേറിട്ടചിന്തകള്‍ കൊണ്ട്, വ്യത്യസ്തമായ കാഴ്ചകള്‍കൊണ്ട് സ്വയം അടയാളപ്പെടുത്തുന്നവര്‍.

കാറല്‍ മാര്‍ക്സ്, കൈലാസം വീട് (നോവല്‍).
രാജീവ് ശിവശങ്കര്‍
പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here