മേൽവിലാസമില്ലാത്ത നിലവിളികൾ – കഥ – ദിപു ശശി തത്തപ്പിള്ളി

7
753

ഏഴെട്ടുദിവസം മാത്രം കൂടെക്കഴിഞ്ഞ ഭർത്താവിനെത്തേടി,ഇനിയും ഈ പോലീസ് സ്റ്റേഷൻ വരാന്തയിൽ ഇരിക്കുന്നതിൽ ഒരർത്ഥവുമില്ലെന്നുള്ള തിരിച്ചറിവിൽ പുറത്തെ മഴച്ചാറ്റലിലേക്ക് സരിത ഇറങ്ങിനടന്നു.മുറ്റത്ത് വീണുകിടന്നിരുന്ന ചുവന്ന വാകപൂക്കൾ,കടന്ന് അവൾ റോഡിലേക്കിറങ്ങി.
സാരിത്തലപ്പുകൊണ്ട് മുഖത്തുവീണ മഴത്തുള്ളികൾ തുടക്കുമ്പോൾ,മൂന്നാഴ്ച്ച മുമ്പ് സമൂഹവിവാഹവേദിയിൽ വെച്ച് സമ്മാനം കിട്ടിയ പുതുവസ്ത്രത്തിന്റെ ഗന്ധം എന്തുകൊണ്ടൊ ,അന്നേരം അവളെ അലോസരപ്പെടുത്തി.
ആരുമില്ലായ്മയുടെ നരച്ച ആകാശത്തിനുകീഴിലെ,ഒന്നുമില്ലായ്മയുടെ ഇരുൾതുരുത്തിൽ നിന്നും;ആരുടെയോ കാരുണ്യംകൊണ്ടുമാത്രം സമ്മാനമായി കിട്ടിയ ഒരു സ്വർണത്താലിക്കൊപ്പം ,മുമ്പ് കണ്ടിട്ടുകൂടിയില്ലാത്ത,ഒരാളൊടൊപ്പം തന്നെ സമൂഹക്കല്യാണവേദിയിൽ നിന്നും ഈ മലനാട്ടിലേക്ക് യാത്രയാക്കുമ്പോൾ,നന്ദിവാക്കുകൾ തൊണ്ടക്കുഴിയിൽ എന്നത്തെയും പോലെ തന്റെ ഒച്ചയില്ലാത്ത കരച്ചിലിൽ മുങ്ങിപ്പോയി.
പകൽസമയത്തും ഇരുട്ടിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന,വനാതിർത്തിയിലെ ആ ഒറ്റമുറിവീട്ടിൽ,തീരെച്ചെറിയ മോഹങ്ങൾക്കൊപ്പം ജീവിതം തുടങ്ങുമ്പോൾ,ഒരു പേരിനപ്പുറത്തേക്ക് തന്റെ ഭർത്താവിനു വേറൊരു ലോകമില്ലെന്നറിയുകയാരുന്നു.ആരുമില്ലായ്മയുടെ രണ്ടുചെറിയ തുരുത്തുകൾ ഒന്നായി തീർന്നുകൊണ്ടിരിക്കേ ഒരു നാൾ; കേടുപാടുകൾ തീർക്കാൻ കൊടുത്ത ,ആകെയുള്ള ജീവനമാർഗമായ ലോറി വാങ്ങിക്കൊണ്ടുവരാമെന്നു പറഞ്ഞ്,കല്യാണവേദിയിൽ സമ്മാനം കിട്ടിയ രണ്ട്പവൻ സ്വർണവും വാങ്ങിപ്പോയ ഭർത്താവിനെ തിരസ്ക്കരിക്കാൻ ഇനിയും തനിക്ക് കഴിയുന്നില്ലല്ലോയെന്ന് സരിത അതിശയിച്ചു.
ഒരു പേരിനപ്പുറത്തേക്ക് അദൃശ്യനായിപ്പോയ,ഭർത്താവിനെ കണ്ടുപിടിച്ചുതരാൻ, കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി,അപഹാസ്യയായതും വെറുതെ.
സരിത വിവശതയോടെ റോഡരികിലെ കരിങ്കൽകെട്ടിലേക്കിരുന്നു.‘ഇനിയെന്ത്‌; എന്നൊരു ചോദ്യത്തിന്റെ തീക്ഷ്ണതയിൽ ആ പൊടിമഴച്ചാറ്റലിലും അവൾ വെന്തുരുകി.
ദൂരെനിന്നും, കയറ്റം കയറി,ആടിയുലഞ്ഞുവരുന്ന ബസ്‌ കണ്ടതും അവളിൽ ഒരു നെടുവീർപ്പുയർന്നു.
യാന്ത്രികമായി നീട്ടിയ കൈയ്ക്കപ്പുറം വേഗം കുറഞ്ഞ ബസിലേക്ക്‌,കയറുമ്പോൾ അനിശ്ചിതത്വത്തിന്റേതായ ഒരു മുരൾച്ച ആ ബസിൽ അലയടിക്കുന്നതുപോലെ തോന്നി.അവൾ ചുറ്റും നോക്കി. ബസിലെ എല്ലാ യാത്രക്കാർക്കും ഒരേ മുഖം.സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു,അവരെല്ലാവരും കരയുകയാണ്‌.
മുഖങ്ങൾ കളഞ്ഞുപോയ, കണ്ണീർച്ചാലുകൾക്കപ്പുറം സ്വയം നഷ്ടപ്പെട്ടുപോയ, തന്നെപ്പോലുള്ളവരാണ്‌ അവരെന്നവൾക്ക് മനസ്സിലായി.അടുത്തുകണ്ട സീറ്റിലേക്ക് ആശ്വാസത്തോടെ അവളിരുന്നു.
മേൽവിലാസമില്ലാത്ത അസംഖ്യം നിലവിളികളുടെ ആരോഹണാവരോഹണങ്ങളിൽ, ആടിയുലഞ്ഞ്;വളഞ്ഞുപുളഞ്ഞ് കിടക്കുന്ന റോഡിലൂടെ ആ ബസ് ചലിച്ചുകൊണ്ടിരുന്നു – ഭൂമിക്ക് വെളിയിലേക്കുമാത്രം തുറക്കുന്ന കവാടങ്ങൾ തേടി….

ദിപു ശശി തത്തപ്പിള്ളി;

7 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here