മഴയിലെ നിഴലുകൾ – കഥ – അനു ബാബു.

0
886

സർക്കാരാശുപത്രിയിലെ ഏഴാം വാർഡിന്റെ മുഷിഞ്ഞ തറ, നേർപ്പിച്ച ഫിനോയിലിൽ മുക്കി പിഴിഞ്ഞ തുണിയാൽ തുടച്ചു വരികയായിരുന്നു അവൾ.

അയാളാവട്ടെ അതേ വാർഡിന്റെ വലത്തെ കോണിലെ അവസാനത്തെ കട്ടിലിൽ കിടന്ന് – നെഞ്ചിൽ നിന്നും ഇളകിപ്പറിഞ്ഞ രക്തം പൊതിഞ്ഞ ഒരു കഫക്കട്ടയെ, ചങ്കുപറിയുന്ന ഒരു ചുമയിലൂടെ ഇളക്കിയെറിയാനുള്ള ശ്രമത്തിലും.

അവൾ അയാളുടെ കനത്ത ചുമയുടെ ഇടറിയ ശബ്ദമുണർത്തിയ അസ്വസ്ഥതയിൽ മുഖമുയർത്തി നോക്കി.
ആ നേരം തന്നെ, അയാളും അവളെ നോക്കി.

ഒരു രോഗി – ഒരു തൂപ്പുകാരി !

അവരുടെ നാലു കണ്ണുകൾ!

അവ ഇടഞ്ഞപ്പോൾ പക്ഷെ…

അവൾക്ക് പൊടുന്നനെ മനസ്സിൽ എവിടെയോ ഒരു വിളക്ക് തട്ടിമറിയുന്നതായി തോന്നി.

“ഈശ്വരാ ” എന്നൊരു വിളി അവളുടെ വരണ്ട മുഖത്ത് ശബ്ദമില്ലാതെ നിന്നു.

ഒരു നിമിഷം കഴിഞ്ഞാണ് അയാൾക്ക് അവളെ മനസ്സിലായത്.
തിരിച്ചറിവിന്റെ വിളക്കിൽ നിന്ന് എണ്ണയും തീയും അയാളുടെ നെഞ്ചിലേക്കും പടർന്നു.

ആകെ കത്തിയുരുകിയ രണ്ടു പേർ – ഒരു സ്ത്രീയും, ഒരു പുരുഷനും.

കഴിഞ്ഞ ജന്മത്തിലാണ് അവർ കണ്ടതെന്ന് ഇപ്പോൾ തോന്നും!

അന്നൊക്കെ ഒരുപാട് സ്നേഹിച്ചവർ.

വർഷങ്ങൾ ഒരുമിച്ച് ജീവിച്ചവർ.

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്തവർ.

അയാൾ ഒരു തേന്മാവായി നിറഞ്ഞ പ്രേമത്തോടെ അനേക വട്ടം അവളെ ചുംബിച്ചവൻ. അവൾ മുല്ലവള്ളിയായി ചുറ്റിപ്പടർന്ന് അനേക വട്ടം നിറഞ്ഞ മനസ്സോടെ ആ ചുംബനങ്ങൾ ഏറ്റു വാങ്ങിയവൾ!

എന്നോ പിരിയുമ്പോൾ അവൾക്ക് കണ്ണുകൾ നിറയുകയും ഹൃദയം കഴുത്തറ്റ പക്ഷിയെപ്പോൽ പിടഞ്ഞടിച്ച് രക്തം തെറിക്കുകയും ചെയ്തു.

അന്ന് അയാൾ പുതിയ മേച്ചിൽ പുറങ്ങളിലെ പച്ചപ്പിനെക്കുറിച്ചുള്ള ഓർമ്മയിൽ, ആ വേദനയെ കുടഞ്ഞെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

അനേക വർഷങ്ങൾ അയാളെക്കുറിച്ചുള്ള ഓർമ്മ – മാംസത്തിനുള്ളിൽ വച്ച് തുന്നിക്കെട്ടിയ ഒരു ഇരുമ്പു കഷണം പോൽ അവളുടെ ഉള്ളിൽ പഴുത്തുരുകി, പുറം ചാടാനൊരുങ്ങിയിരുന്നു.

കാലക്രമേണ തുരുമ്പിച്ചആ ഇരുമ്പു കഷണത്തേയും ദശ വന്നു മൂടി. നീറുമ്പോൾ സുഖമുള്ള ഒരു മുറിവു പോൽ അയാളെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ ഉള്ളിൽ തന്നെ ഉറഞ്ഞു പോയി.

യൗവ്വനത്തിന്റെ ഇലകൾ കൊഴിയുകയും തടിയിൽ ചിതൽ കയറുകയും ചെയ്തപ്പോൾ അയാൾക്ക്, ഉപേക്ഷിച്ചു കളഞ്ഞ പലതിനുമൊപ്പം തളിരിലക്കയ്യാൽ തന്നിൽ പടർന്നു നിന്നിരുന്ന ആ പഴയ മുല്ല വള്ളിയെയും ഓർമ്മ വന്നു.

പക്ഷെ യാത്രയിൽ തിരിച്ചു നടക്കാനാവാത്തത്ര ദൂരം കടന്നു പോയിരുന്നു. ഇതിനിടയിൽ എപ്പോഴൊ അനുവാദമില്ലാതെ തൊണ്ടയിൽ മുളച്ച് ആന്തരാവയങ്ങളിലേയ്ക്ക് കുഞ്ഞില കൈകൾ നീട്ടി, പിഴുതെറിയാനാവാത്ത വിധം അർബുദവേരുകളാഴ്ത്തിയ ഒരു കുഞ്ഞിച്ചെടി അയാളെ വീഴ്ത്തിക്കളഞ്ഞു.

അന്ന്, അവളാഗ്രഹിച്ചപ്പോഴൊന്നും അയാൾ തിരികെവന്നില്ല. പിന്നീട് അയാൾ ആഗ്രഹിച്ചപ്പോഴൊന്നും അവളും.

ഇന്നിവിടെ ജീവിതം അതിന്റെ അവസാന രംഗം ഒരുക്കി വച്ചപ്പോൾ വീണ്ടുമൊരു കൂടിക്കാഴ്ച.

ഇനി വേണ്ട!.

ആദ്യം മുഖം തിരിച്ചതവളായിരുന്നു. നനഞ്ഞ തുണി ബക്കറ്റിലേക്കിട്ട് അവൾ എഴുന്നേറ്റു.

കാലിടറിയോ?

നടപ്പിന് വേഗം പോരാന്നു തോന്നി.

നടന്നും, ഓടിയും പിൻവശത്തെ ബാത്റൂമിനുളളിൽ വരെ എങ്ങനെയോ എത്തി. ഒരു ടൗവ്വൽ വലിച്ചെടുത്ത് കടിച്ചൊതുക്കാൻ കഷ്ടിച്ച് സമയം കിട്ടി. അതിനിട കൊണ്ട് ഉള്ളിലെ ചിറ പൊട്ടിക്കഴിഞ്ഞിരുന്നു.

അനേക വർഷത്തെ അവഗണന, പ്രതീക്ഷ, നിരാശ, നിസ്സംഗത. എല്ലാം കുതിച്ചൊഴുകി.

എല്ലാമിപ്പോഴും ഇത്ര ശക്തമായി നീറിക്കിടന്നിരുന്നെന്നോ !
കണ്ണീരിനിടയിലും അവൾ അതിശയിച്ചു.

കുറേ കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സു തണുത്തു.
മുഖം കഴുകുമ്പോൾ കണ്ടു.കണ്ണാടിയിൽ മറ്റാരുടെയോ മുഖം!

മറ്റേതോ ഒരു സ്ത്രീ.

നര വീണ മുടി.

കൺതടങ്ങളിൽ കട്ടിക്കറുപ്പ്.

അന്നത്തെ ആ ഇരുപതുകാരിയുടെ പ്രേതം!

നഷ്ടപ്പെടുത്തിയതെല്ലാം അയാൾക്ക് വേണ്ടി .

ജീവിതത്തിന്റെ നല്ല പകുതി, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, കുടുംബം, പിറക്കാതെ പോയ കുഞ്ഞുങ്ങൾ.

ഒരുപാട് മോഹിപ്പിച്ചിട്ട് ,സ്വപ്നം കാണാൻ കൂട്ടുനിന്നിട്ട് – ഒടുവിൽ…..

ഒന്നും പറയാതെ..

എല്ലാമോർത്താൽ ചിലപ്പോൾ കൊന്നു പോകും. വേണ്ട !
അവൾ തല കുടഞ്ഞു.

തിരിച്ചിറങ്ങി, വേഗം വേഷം മാറി പോകാനൊരുങ്ങി. സൂപ്രണ്ടിനെക്കണ്ട് സുഖമില്ലെന്നു കാരണം പറഞ്ഞ് മടങ്ങുമ്പോൾ എതിരെ ട്രേയുമായി സലോമി സിസ്റ്റർ വന്നു.

” ചേച്ചി പോകുവാണോ?. ദേ, ആ ഏഴാം വാർഡിലൊന്നു കയറണേ.. പുതിയൊരു പേഷ്യന്റുണ്ട് !
ചേച്ചീനെ പരിചയമുണ്ടെന്നാ പറഞ്ഞെ. പുളളിക്ക് നടക്കാനൊന്നും വയ്യ. ഒന്നു കണ്ടേക്കണേ.”

മറുപടിക്ക് കാക്കാതെ സലോമി നടന്നു കഴിഞ്ഞു.

അവൾക്ക് രക്തത്തിൽ പകയുടെ നീരാവി പൊന്തി.

‘കാണണം പോലും. എന്തിനു വേണ്ടി? ആർക്കു വേണ്ടി?

ഞാനില്ല….

ആദ്യത്തെ വണ്ടിക്കു തന്നെയവൾ വീട്ടിലേക്ക് പോയി.

പകൽ അസ്വസ്ഥമായി കടന്നു പോയി.ആകാശം മൂടിക്കിടന്നു. രാത്രിയിൽ മഴ പെയ്തു.

തണുത്ത കിടക്കയിൽ ഉറക്കമില്ലാതെ മഴയൊച്ച കേട്ടു കിടക്കുമ്പോൾ അനേക വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും മനസ്സു മുഴുവൻ അയാളായിരുന്നു.

എന്തിനാണയാൾ വീണ്ടും കാണണംന്ന് പറഞ്ഞയച്ചത്?.
അതിന് താനയാളുടെ ആരാണ്? ആരുമല്ലല്ലോ..ആരും. ”

ചിന്തകൾ കാടുകയറി.

ഒരു വാക്കു പോലും പറയാതെ..ഒന്നന്വേഷിക്കുക പോലും ചെയ്യാതെ , ചത്തോ ജീവിച്ചോന്നു തിരിഞ്ഞ് നോക്കാതെ പോയിട്ടിപ്പോൾ വന്നിരിക്കുന്നു. കാണാൻ..

അനേകം തവണ അവൾ അയാളോട് ദേഷ്യം പൂണ്ടു.

ശപിച്ചു.

കണ്ണീരൊഴുക്കി ..

അങ്ങനെ കിടന്ന് കിടന്ന് വെളുപ്പാൻ കാലമായി. മനസ്സിന്റെ ഭാരം പതിയെ അയഞ്ഞു വരുന്നു.

വീണ്ടും കിടന്ന് ശാന്തതയോടെ ചിന്തിച്ചപ്പോൾ പെട്ടന്ന് അവൾക്ക് അയാളെ ഒന്നു കൂടി കാണണംന്ന് തോന്നി.

എന്തിനാണ് കാണുന്നത് ?

ഉത്തരമില്ല!

എന്തൊക്കെയായാലുംഒരു കാര്യം സത്യമാണ്.

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഓർത്തു വയ്ക്കാനെന്തെങ്കിലുമുണ്ടെങ്കിൽ അതാ ഒരുമിച്ചു കഴിഞ്ഞ കാലം മാത്രമാണ്.

എന്തൊരു സ്നേഹമായിരുന്നു!

മോളെയെന്നേ വിളിക്കൂ.
എന്നും വരുമ്പോൾ മുല്ലപ്പൂ കോർത്ത് മുടിയിൽ വച്ച് കാത്തു നില്ക്കണം ന്ന് പറയും.

സ്നേഹം നിറച്ചെ സംസാരിക്കൂ.

അവസാനം പോകുമ്പോഴും യാത്ര പറഞ്ഞില്ല.
എന്നിട്ടും കാത്തിരുന്നു.

അതെ കാത്തിരിക്കുക തന്നെയായിരുന്നു!

ചിലപ്പോൾ എവിടെെങ്കിലും ഒരു വീഴ്ച പറ്റിക്കാണും… മനുഷ്യനല്ലേ..

അവൾ സന്ദേഹിച്ചു.

ആലോചിച്ചാൽ തനിക്കും ഇടർച്ചകൾ പറ്റിയിട്ടില്ലേ.?

ഉവ്വ്..!

ഇപ്പോൾ നിർമമതയോടെയും നിസ്സംഗതയോടെയും കഴിഞ്ഞ കാല ജീവിതാനുഭവങ്ങളുടെ ഈ സന്ധ്യയിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാവുന്നു. മനുഷ്യനെടുക്കുന്ന പല തീരുമാനങ്ങളും ജീവിതത്തിന്റെ മറ്റേതെങ്കിലുമൊരു സന്ധിയിൽ വച്ച് അനാവശ്യവും അപ്രസക്തവുമാകുന്നു.
പക്ഷെ അപ്പോഴേക്കും അവയെ തിരുത്തുവാനോ തിരികെ വരുവാനോ ആവാത്ത വിധം ജീവിതം കഴിഞ്ഞു പോവും.

എല്ലാം പരസ്പരം ക്ഷമിച്ചു കളയുക!
ഇനിയതേ ചെയ്യാനൊള്ളു.

വരാനുള്ള കാലമെങ്കിലും ഒരുമിച്ച് ജീവിച്ചാൽ അത്രയും ലാഭം.

കഴിഞ്ഞ കാലങ്ങളിലെ ഒറ്റപ്പെടലിന്റെ വൈരസ്യം അവളെ അത്ര മാത്രം മടിപ്പിച്ചിരുന്നു.

ഇനിയെങ്കിലുമൊരു തുണ.

ഒരുമിച്ചൊരു ജീവിതം.

മരിക്കാൻ കിടന്നാൽ ഒരു കുമ്പിൾ വെള്ളം തരാനെങ്കിലും സ്വന്തമായി ഒരാൾ!

അതിനായി എന്തും മറന്നേക്കാം. ക്ഷമിച്ചേക്കാം.

ഒരു ഉത്തരത്തിലെത്തിച്ചേർന്ന പോൽ അവൾ ദീർഘമായി നിശ്വസിച്ചു.പുറത്ത് മഴ എപ്പോഴൊ തോർന്നു കഴിഞ്ഞിരുന്നു.

രാവിലെ.

മിടിക്കുന്ന ഹൃദയത്തോടെയാണവൾ ആശുപത്രിപ്പടിയിൽ ബസിറങ്ങിയത്.

അങ്ങേർക്കിനി എന്തായിരിക്കും പറയാനുള്ളത്. എന്തായാലും വേണ്ടില്ല. ഒപ്പം വരാൻ പറയാം.

“നമുക്കൊരു വീടുണ്ട്. ഈ ആശുപത്രിക്കട്ടിലിൽ അനാഥനെപ്പോൽ കിടന്നു നരകിക്കേണ്ട. വരൂ.”

– വരുമോ?

വരും.. വരട്ടെ.

അതവൾ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ടായിരുന്നു.

ആലോചിക്കുമ്പോൾ തന്നെ മനസിനൊരുന്മേഷം തോന്നി.

എതിരെ ഫുട്പാത്തിൽ ഒരു പെൺകുട്ടി പൂക്കുടയുമായിരിക്കുന്നു. പലതരം പൂക്കൾ. ഏതോ ഒരു വസന്തകാലത്തു നിന്ന് ഇറുന്ന് വീണവ. അവയുടെ വർണ്ണവൈവിദ്ധ്യങ്ങൾ ഹൃദയത്തിൽ വസന്താഗമനത്തിന്റെ പ്രതീക്ഷയുണർത്തി.

അവൾ ഒരു മുഴം മുല്ലപ്പൂ വാങ്ങി.

വാസനിച്ചു നോക്കി…
പിന്നെ ചുരുട്ടി കയ്യിൽ വച്ചു.

വെറുതെ.. !

റോഡ് ക്രോസ് ചെയ്ത് , തലേന്നത്തെ മഴയിൽ നനഞ്ഞു കിടന്ന ആശുപത്രി മുറ്റം കടന്ന് , അവൾ ഏഴാം വാർഡിലേക്കുള്ള പടികൾക്കരികിലെത്തി.

കഴിഞ്ഞ മഴയെ അതിജീവിക്കാൻ കരുത്തില്ലാതെ, വലത്തെ കോണിലെ അവസാനത്തെ കട്ടിലുകാരൻ ഇന്നലെ രാത്രി തന്നെ തന്റെ ജീവിതം
-അതിന്റെ സകലവിധമായ നീതികേടുകളോടും കൂടി വച്ചൊഴിഞ്ഞിരിക്കുന്നു എന്നറിയാതെ , അവൾ ഉത്സാഹത്തോടെ പടികൾ ഓരോന്നായി കയറാൻ തുടങ്ങി.

– ശുഭം –

LEAVE A REPLY

Please enter your comment!
Please enter your name here