മാധവിക്കുട്ടിയുടെ ജന്മവാര്‍ഷികദിനം

0
140

1932 മാര്‍ച്ച് 31ന് പാലക്കാട് ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി. മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്‍ക്കാലത്ത് ഇസ്ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 10-ാം വയസില്‍ മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പില്‍ വന്ന കുഷ്ഠരോഗിയാണ് ആദ്യ കഥ. 1955ല്‍ ആദ്യ കഥാസമാഹാരമായ മതിലുകള്‍ പുറത്തിറക്കി. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ദ ഡിസ്റ്റന്‍സ്, ഓള്‍ഡ് പ്ലേഹൗസ്, ബെസ്റ്റ് ഓഫ് കമലാദാസ് തുടങ്ങിയവയാണ് പ്രധാന ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍. ഇവയില്‍ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം,കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഏഷ്യന്‍ വേള്‍ഡ് പ്രൈസ,് ഏഷ്യന്‍ പൊയട്രി പ്രൈസ,് കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി കഥയ്ക്കും കവിതയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1984ല്‍ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.1984 സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മാധവിക്കുട്ടിയുടെ പേരി നിര്‍ദേശിക്കപ്പെട്ടു. പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍, ബഹുതന്ത്രികയുടെ ഫൗണ്ടര്‍ എന്നിങ്ങനെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നിട്ടുണ്ട്. പൊതുതെരഞ്ഞടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചു. 2009 മെയ് 31ന് മാധവിക്കുട്ടി എന്ന അനുഗ്രഹീത കലാകാരി ഈ ലോകത്തോട് വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here