മരിച്ചവരുമായി സംസാരിക്കൽ – കവിത – സച്ചിദാനന്ദൻ

0
334

എല്ലാവരും ഉറങ്ങുമ്പോള്‍
സ്കൈപ് തുറക്കുക.
സ്കൈപ് ഐഡി: മരണം.
മൂന്നുമിനിറ്റ് ഹൃദയമിടിപ്പു
നിര്‍ത്തിവെച്ചു ധ്യാനിക്കുക
മരിച്ചവര്‍ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.

മരിച്ചവരുടെ പിന്നില്‍
എന്താണെന്ന് നോക്കൂ:
അവര്‍ സ്വര്‍ഗത്തിലാണെങ്കില്‍
സ്വര്‍ണ്ണംകൊണ്ടുള്ള അഴികളും
വജ്രംകൊണ്ടുള്ള തോക്കുകളും കാണും.
നരകത്തിലാണെങ്കില്‍
തീപ്പിടിച്ച ഒരു നിഘണ്ടുവും
അറ്റുപോയ ഒരു പാലവും.

മരിച്ചയാള്‍ കവിയെങ്കില്‍
ഒരു വരിയ്ക്കുള്ളില്‍
മാറിയ അര്‍ത്ഥങ്ങളോടെ പ്രത്യക്ഷപ്പെടും.
ശാസ്ത്രജ്ഞനെങ്കില്‍ താന്‍ കണ്ടുപിടിച്ചതെല്ലാം
മാറ്റി എഴുതുന്നതായി കാണും.
താന്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്നു
തിരിച്ചറിഞ്ഞ`വിവേകിയുടെ മുഖം കണ്ടാല്‍
അതൊരു പുരോഹിതനാണെന്നുറപ്പിക്കാം.

ചിത്രകാരന്മാര്‍ പാലറ്റുകളായി മാറിയ
മഴവില്ലുകളുടെ ചുമലിലാണ് സവാരി.
അനന്തതയിലായതിനാല്‍ ഒന്നും
എഴുതാനില്ലാതായതിന്റെ
മങ്ങൂഴത്തിലാണ് ചരിത്രകാരന്മാര്‍.

പ്രണയികള്‍ക്കു മാത്രം മാറ്റമില്ല:
അതേ അതിശയോക്തികള്‍
ചളുങ്ങാത്ത അതേ തങ്കക്കുടം
ഓട്ട വീഴാത്ത അതേ ഓമന.

ഇനി സംസാരിച്ചോളൂ
നിങ്ങളും മരിച്ചിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here