അലതല്ലി ഒഴുകുന്ന
പുഴയുടെ മാറിലായ് വീണൊരു ചെമ്പകം
ഒരുവേള പുഴയുടെ കരമൊന്നു ഗ്രഹിക്കുവാൻ
നീട്ടിയോ ആശതൻ കൈതടങ്ങൾ
ഓളത്തിലാടിയിളകുന്ന
വാസനപുത്രിതൻ കരങ്ങളെ ജലബിന്ദു
വർഷമായ് വന്നു ചുഴറ്റിയെടുത്തു
പായും പുഴക്കൊരു ഭാവഭേദമില്ല.
ചെമ്പക മൊട്ടിന്റെ ഉള്ളിന്റെയുള്ളത്തിൽ
മിന്നായം പോലൊരു തോന്നലുണ്ടായപ്പോൾ…
തന്നുടെ രോദനം കേൾക്കാതെ പോകുന്ന
പുഴയുടെ പാച്ചിലിതെത്ര നേരം..
കൈവരിയായി പിരിയുന്ന വേളയിൽ
ധാർഷ്ട്യത്തിൻ പത്തി കൊഴിയുമല്ലോ?
പത്തി കൊഴിഞ്ഞൊരു
പുഴയുടെ നെഞ്ചിലായ്
ഇതളാകും കയ്യുകൾ ഇല്ലാത്ത ചെമ്പകം
തലചേർത്തു വചുകിടന്നു
ഒരിക്കലും ഉണരാത്ത മിഴികളോടെ…