ഡോ. മുരളി തുമ്മാരുകുടി ഇന്ന് ഈസ്റ്റ് ഹാമിൽ; ആനുകാലിക, സാഹിത്യ വിഷയങ്ങളെ പറ്റി സംസാരിക്കുന്നു.

0
142

‘കട്ടൻ കാപ്പിയും കവിതയും ‘ എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയിൽ ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു. ഈ വരുന്ന ഏപ്രിൽ 14 ശനിയാഴ്ച്ച , വിഷുവിന് വൈകീട്ട് 5 മുതൽ 8 വരെയാണ്, ‘മലയാളി സോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തിൽ , ലണ്ടനിലെ മനർ പാർക്കിലുള്ള കേരള ഹൌസിൽ വെച്ചാണ് ഈ ഒത്തുകൂടൽ അരങ്ങേറുന്നത് …

അന്താരാഷ്‌ട്ര പ്രശസ്തനായ ഗ്രന്ഥകാരനും , പ്രഭാഷകനും , ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമാണ് ഡോ : മുരളി തുമ്മാരുകുടി . ലോകത്തിലെ ഒട്ടുമിക്ക മഹാദുരന്തങ്ങൾ നടന്ന സ്ഥലങ്ങളിൽ നേരിട്ട് പോയി കണ്ടിട്ട് , ദുരന്ത നിവാരണങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇദ്ദേഹത്തിനാണ് , കഴിഞ്ഞ വർഷം 2018 – ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് എന്നുള്ളതും വളരെ കൗതുകകരമായ ഒരു കാര്യം തന്നെയാണ് . ‘ചില നാട്ടു കാര്യങ്ങൾ’ എന്ന ഹാസ്യ സാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം. അദ്ദേഹത്തിന്റെ വായനക്കാർക്ക് ഈ വാർത്തയിൽ അത്ഭുതമില്ല..

യാത്രകളോട് എന്നും ആർത്തി പുലർത്തുന്ന മുരളി തുമ്മാരുകുടി തന്റെ ആഗോള പര്യടനത്തിന്റെ ഇടവേളകളിൽ ചരിത്രവും , ഭൂമിശാസ്ത്രവും , ചിരിയും , ചിന്തയും കലർത്തി ‘തുമ്മാരുകുടിക്കഥകൾ’ എന്ന പേരിൽ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്ന നല്ലൊരു സാഹിത്യകാരൻ കൂടിയാണ് …

അതുപോലെ മാതൃഭൂമി ഓൺലൈനിൽ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാർ ഉണ്ട്…

കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം പല സോഷ്യൽ മീഡിയ തട്ടകങ്ങളിലും എന്നുമെന്നോണം എഴുതുന്ന ഇദ്ദേഹം , ലോകത്തുള്ള ഏത് ദേശങ്ങളിലും എത്തിപ്പെടുമ്പോൾ , വിടങ്ങളിലുള്ള വായന മിത്രങ്ങളുമായി പല വർത്തമാന സദസ്സുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട് …

അതായത് മലയാളത്തിൽ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ എഴുത്തുകാരിൽ ഒരു വല്ലഭൻ കൂടിയാണ് , ഇന്ന് ‘എം.ടി .രണ്ടാമൻ’ എന്ന് വിളിക്കപ്പെടുന്ന മുരളി തുമ്മാരുകുടി …!

‘ചില നാട്ടു കാര്യങ്ങൾ’ , ‘കാഴ്ച്ചപ്പാടുകൾ’ , ‘തുമ്മാരുകുടി കഥകൾ ‘ , ‘വീണ്ടും ചില നാട്ടു കാര്യങ്ങൾ’ , ‘സുരക്ഷയുടെ പാഠങ്ങൾ’ , ‘ഒരുങ്ങാം വിനോദ യാത്രക്ക് ‘, ‘എന്ത് പഠിക്കണം എങ്ങിനെ തൊഴിൽ നേടാം ‘ എന്നീ മലയാളം പുസ്തകങ്ങൾ അടക്കം ആംഗലേയത്തിലും , മറ്റും അനേകം ലേഖനങ്ങളും മുരളി തുമ്മാരുകുടി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് .

ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേർന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട അനേകം ബോധവൽക്കരണ പ്രവർത്തനങ്ങളിലും ഈ ശാസ്ത്ര ചിന്തകൻ ഏർപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് .

അന്നത്തെ കട്ടൻകാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ ഒത്തു കൂടൽ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഡോ. മുരളി തുമ്മാരുകുടി ആനുകാലിക, സാഹിത്യ വിഷയങ്ങളെ പറ്റി സംസാരിക്കുന്നു …

അതോടൊപ്പം ശതവാർഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും , സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചർച്ച നയിക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here