വിഷുമാഹാത്മ്യം 1 – ലേഖനം – കൃഷ്ണരാജശർമ്മ

0
219

രാവിലെ വീണുകിട്ടിയ മാമ്പഴംകൊണ്ട് നല്ലൊരു പുളിശ്ശേരി ഉണ്ടാക്കാനൊരുങ്ങുമ്പോഴാണ് സഹധര്‍മ്മിണിയുടെ ഓടിയുള്ള വരവ്.
“ദേ, കീരിയും പാമ്പും പരുന്തുംകൂടി വരുന്നുണ്ട്”
അങ്ങനെയൊരു വിളിപ്പേരില്‍ ആരുമില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സുഹൃത്തുക്കളുടെ വരവ്. മുരളിയും രാഘവനും അത്ര മമതയിലല്ലാത്ത രണ്ട് സമുദായസംഘടനകളുടെ നേതാക്കന്മാരാണ്. അനില്‍ ഇത്തരം സംഘടനകളോടോ രാഷ്ട്രീയപാര്‍ട്ടികളോടോ തീരെ മമതയില്ലാത്ത ചെറുപ്പക്കാരന്‍. പക്ഷേ നാടിന്‍റെ എന്തുപ്രശ്നത്തിലും മുന്നിലുണ്ടാകും.
“എന്താ മാഷേ ഇങ്ങനെ അന്തംവിട്ടുനില്ക്കുന്നത്? ഞങ്ങളെ ഒരുമിച്ച് കണ്ടതുകൊണ്ടാണോ?”
“സത്യം പറഞ്ഞാല്‍ അതേ”
“ഞങ്ങള്‍ ഇത്തവണ വിഷു സം‍യുക്തമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. അനിലിന്‍റെകൂടെ ചുറുചുറുക്കുള്ള കുറേ ചെറുപ്പക്കാരുണ്ട്. നമ്മള്‍ കാരണവന്മാരും ചേര്‍ന്ന് പഴയ ചിട്ടയില്‍ വിഷു ആഘോഷിക്കാനാണ് തീരുമാനം.”
അത് നല്ല തീരുമാനമാണ്. വരൂ , അകത്തിരുന്ന് സംസാരിക്കാം.”
“അനില്‍ പറയുന്നത് പഴയചിട്ടയെക്കുറിച്ച് അറിഞ്ഞാല്‍ വേണ്ട ഏര്‍പ്പാടുകളൊക്കെ ചെയ്യാമെന്നാണ്. അവന്‍റെയടുത്ത് കുറച്ചുവിദേശികള്‍ വന്നിട്ടുണ്ട്. അവര്‍ക്ക് ഇവിടുത്തെ ആചാരങ്ങള്‍ നേരില്‍ കാണണം, വീഡിയോയില്‍ പകര്‍ത്തണം. അപ്പോള്‍ പുതിയതലമുറയ്ക്കും അതൊരു നല്ല അനുഭവമാകുമല്ലോ.”
“അതുശരിയാണ്. തൊണ്ണൂറ്റിരണ്ടാംവയസ്സിലും വയലില്‍ പണിയെടുക്കുന്ന നമ്മുടെ നാണുവാശാനാണ് ഇതുപറഞ്ഞുതരാന്‍ പറ്റിയ ആള്‍.”
“എന്നാല്‍ അങ്ങോട്ടുപോകാം”
“പക്ഷേ ആശാന്‍ സ്ഥലത്തില്ല, നാളെയേ വരികയുള്ളു. നാളെ നമുക്കെല്ലാവര്‍ക്കും കൂടി ആശാനെ കാണാന്‍ പോകാം.”
” ഏതായാലും ഞങ്ങള്‍ വന്നസ്ഥിതിക്ക് കുറച്ചുകാര്യങ്ങള്‍ അറിഞ്ഞിട്ടുപോകാം. അനിലിന് മാഷോടെന്തൊക്കെയോ ചോദിച്ചറിയാനുണ്ടെന്നുപറഞ്ഞു.”
“അതെ മാഷേ. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. ഇത് വര്‍ഷത്തില്‍ രണ്ടെണ്ണം വരേണ്ടതല്ലേ?”
“ഇത് തുലാമാസത്തിലും മേടമാസത്തിലുമുണ്ടല്ലോ. പക്ഷേ വിഷു എന്നതുകൊണ്ട് നമ്മള്‍ അര്‍ത്ഥമാക്കുന്നത് മേടവിഷുവാണ്.”
“കേരളത്തില്‍ ഇത് കാര്‍ഷികോത്സവമല്ലേ?”
“ഭാരതത്തിലെ ഒട്ടുമിക്കസംസ്ഥാനങ്ങളിലും പലപേരുകളില്‍ വിഷു ആഘോഷിക്കപ്പെടുന്നു. കാര്‍ഷികോത്സവമായും ആണ്ടുപിറപ്പായുമാണ് വിഷു ആഘോഷിക്കപ്പെടുന്നത്. നമുക്കിത് അദ്ധ്വാനത്തിന്‍റെ ദിനമാണ്.”
“അത്യുഷ്ണത്തിലും പൊന്നണിഞ്ഞുനില്ക്കുന്ന കര്‍ണ്ണികാരവും പൊന്നിന്‍നിറമാര്‍ന്ന വെള്ളരിക്കയും സ്വര്‍ണ്ണാഭരണവും നാളികേരമുറികളില്‍ തെളിഞ്ഞുനില്ക്കുന്ന അഗ്നിനാളങ്ങളും കാര്‍ഷികവിളകളും എല്ലാം ചേര്‍ന്ന് കണ്ണും മനവും നിറയുന്ന കാഴ്ചതന്നെയാണ് ആണ്ടുപിറപ്പിന് കണിയായൊരുങ്ങുന്നത്. വിഷുവിനെക്കുറിച്ച് ഐതിഹ്യം ഒന്നുമില്ലേ മാഷേ?”
“വിഷുവിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ ഒന്ന് നരകാസുരനുമായി ബന്ധപ്പെട്ടതാണ്. ഇത് ദീപാവലിയുടെ ഐതിഹ്യംതന്നെയായതിനാല്‍ അത് സ്വീകാര്യമാണെന്നുതോന്നുന്നില്ല. മറ്റേത് രാവണനുമായി ബന്ധപ്പെട്ടതാണ്. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രേ. കുപിതനായ അദ്ദേഹം സൂര്യനെ നേരെ ഉദിക്കാൻ സമ്മതിച്ചില്ല. രാമൻ രാവണനെ വധിച്ചശേഷമേ സൂര്യന് നേരെ ഉദിക്കാന്‍ കഴിഞ്ഞുള്ളൂ. ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നൊരു വിശ്വാസം ഉണ്ട് ” .
“ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുന്ന മീനമാസത്തിലെ കൊടും‍ചൂടില്‍ മറ്റൊരുമരവും പൂക്കാത്തപ്പോള്‍ കണിക്കൊന്ന ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. വിഷു ആഘോഷത്തില്‍ കണിക്കൊന്നയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അതിനെക്കുറിച്ച് ഐതിഹ്യങ്ങളൊന്നുമില്ലേ ?”

“പല കഥകളും പ്രചാരത്തിലുണ്ട്. അവയില്‍ ഏറ്റവുമധികം പ്രചാരം സിദ്ധിച്ച രണ്ടെണ്ണം പറയാം. പൂജാരിക്കൊപ്പം ക്ഷേത്രത്തിലേക്കുവന്ന ബാലനായ മകന്‍ ക്ഷേത്രത്തില്‍ കളിച്ചുകൊണ്ടിരുന്നു. കളിച്ചുക്ഷീണിച്ച് ആ ബാലന്‍ ഉറങ്ങിപ്പോയി. അമ്പലത്തില്‍ കിടന്നുറങ്ങിപ്പോയ ഉണ്ണിയെക്കാണാതായപ്പോള്‍ അവന്‍ ഇല്ലത്തെത്തിയിട്ടുണ്ടാകുമെന്ന് കരുതി പൂജാരി അമ്പലം പൂട്ടിപ്പോയി. കുട്ടി ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. ഒറ്റക്കിരുന്നു കളിക്കുമ്പോള്‍ കൂട്ടിനായി ഉണ്ണികണ്ണനുമെത്തിയത്രേ. കളിക്കുന്നതിനിടയില്‍ ഉണ്ണിക്കണ്ണന്‍ തന്റെ അരമണി കുട്ടിയ്ക്ക്‌ കളിക്കാനായി നല്കി. ഉണ്ണിയെ അന്വേഷിച്ചുള്ള യാത്ര പ്രഭാതത്തില്‍ ക്ഷേത്രത്തിലാണവസാനിച്ചത്. നടതുറന്നപ്പോഴാണ് ഭഗവാന്‍റെ ബിംബത്തില്‍ ചാര്‍ത്തിയിരുന്ന അരമണി കാണാനില്ലെന്ന് മനസ്സിലായത്. അന്വേഷണമായി. ഉണ്ണിയുടെ കൈവശം അത് കണ്ടപ്പോള്‍ അവന്‍ അത് ശ്രീകോവിലില്‍ കയറി മോഷ്ടിച്ചുവെന്ന ആരോപണമായി. കുടുംബത്തിന്‍റെ മാനംകളഞ്ഞതിന് പൂജാരി മകനെ പൊതിരെ തല്ലി. അപ്പോള്‍ ഉണ്ണിയെ തല്ലണ്ട എന്നൊരു അശരീരിവാക്യം കേട്ടു. അതിനുമുമ്പുതന്നെ കുട്ടി ഈ അരമണി എനിക്ക്‌ വേണ്ട എന്നു പറഞ്ഞ്‌ വലിച്ചെറിഞ്ഞു. അത്‌ തൊട്ടടുത്ത മരച്ചില്ലയില്‍ ചെന്ന്‌ പതിച്ച്‌ കൊന്നപ്പൂവായി മാറിയെന്നാണ്‌ കഥ.”
” രസകരമായ കഥ.”
“മറ്റൊരു കഥ രാധാകൃഷ്ണന്മാരുടെ പ്രേമസല്ലാപവുമായി ബന്ധപ്പെട്ടതാണ്. പണ്ട് കാളിന്ദീതീരത്ത് പൂക്കാത്ത ഒരു വൃക്ഷമുണ്ടായിരുന്നു. മുജ്ജന്മപാപംകൊണ്ടാണ് വന്ധ്യത ഉണ്ടാകുന്നതെന്നൊരു വിശ്വാസമുണ്ടായിരുന്ന കാലം. പൂവോ കായോ ഉണ്ടാകാത്ത വൃക്ഷത്തെ കന്നം (പാപം) ചെയ്ത വൃക്ഷം എന്ന അര്‍ത്ഥത്തില്‍ കന്നവൃക്ഷം എന്നുവിളിച്ചുവന്നു. മഹാപാപിയെന്നുവിളിക്കപ്പെട്ടാലും രാധാകൃഷ്ണന്മാരുടെ പ്രേമസല്ലാപത്തിന് വേദിയൊരുക്കാനുള്ള ഭാഗ്യമുണ്ടായത് ഈ വൃക്ഷത്തിനാണ്. ഇതിന്‍റെ ചുവട്ടില്‍ ശീതളച്ഛായയിലിരുന്നാണ് രാധയും കൃഷനും പ്രേമസല്ലാപത്തിലേര്‍പ്പെട്ടിരുന്നത്. അവരുടെ പ്രണയപരിഭവങ്ങള്‍ക്കെല്ലാം സാക്ഷിയായിരുന്ന വൃക്ഷത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നു രാധാകൃഷ്ണന്മാര്‍. അങ്ങനെയിരിക്കേ കൃഷ്ണന് മഥുരയ്ക്ക് പോകേണ്ട നാള്‍ അടുത്തുതുടങ്ങി. അവരുടെ മനസ്സിലെന്നപോലെ വൃന്ദാവനത്തില്‍ മുഴുവന്‍ മൂകത തളംകെട്ടിനിന്നു. വിടപറയേണ്ട സമയമായപ്പോഴേക്കും ദുഃഖം സഹിക്കാന്‍ കഴിയാതെ കന്നമരത്തിന്‍റെ ഇലകള്‍ മുഴുവന്‍ കൊഴിഞ്ഞു . വൃക്ഷത്തിന് തന്നോടുള്ള സ്നേഹം കണ്ട് കണ്ണന്‍റെ മനസ്സ് ആര്‍ദ്രമായി. ‘നീ എനിക്കെന്നും പ്രിയപ്പെട്ടവളാകും . ആ സ്നേഹം കല്പാന്തകാലത്തോളം നില്ക്കും’ എന്നുപറഞ്ഞ് വൃക്ഷത്തെ ആശ്വസിപ്പിച്ച കണ്ണന്‍ നിന്‍റെ ദുഃഖം ഇത് തീര്‍ക്കട്ടെയെന്നുപറഞ്ഞ് തന്‍റെ അരഞ്ഞാണം മരത്തിലേക്കെറിഞ്ഞു. പെട്ടെന്ന് അരമണികെട്ടിത്തൂക്കിയപോലെ മരത്തില്‍ നിറയെ സ്വര്‍ണ്ണവര്‍ണ്ണപ്പൂക്കള്‍. കര്‍ണ്ണികയുടെ (കമ്മല്‍) ആകൃതിയിലുള്ള പൂക്കളായിരുന്നതിനാല്‍ ഇതിന് കര്‍ണ്ണികാരമെന്ന് പേരുവന്നു.”
“കര്‍ണ്ണികാരത്തിന്‍റെ മഹത്ത്വംകാണിക്കുന്ന ഒരു കഥ ശാകുന്തളത്തിലുണ്ട്. കര്‍ണ്ണികാരം പൂത്തുനില്ക്കുന്നതുകണ്ട് അതില്‍ ആകൃഷ്ടനായിട്ടാണത്രേ ദുഷ്യന്തന്‍ കണ്വാശ്രമപരിസരത്തെത്തിയത്. അങ്ങനെയാണ് ശകുന്തളയില്‍ അനുരക്തനായത്.”
“ഒരു സംശയമുണ്ട്, മാഷേ. കന്നമരം എങ്ങനെയാണ് കൊന്നയായത്?”
“വളരെ പ്രായംചെന്ന, ഉയരംകൂടി കായ്ഫലമില്ലാത്ത മരങ്ങള്‍ക്കാണ് കൊന്ന എന്നുപറയുന്നത്. കൊന്നത്തെങ്ങ് എന്നൊക്കെ കേട്ടിട്ടില്ലേ . അങ്ങനെയാകാം ഇതിന് മലയാളത്തില്‍ കൊന്നമരം എന്ന പേരുവന്നത്.”
“അങ്ങനെയാണ് കര്‍ണ്ണികാരം കൃഷ്ണന് പ്രിയപ്പെട്ടതായത്, അല്ലേ ?”
“അതേ,പക്ഷേ കൊന്നപ്പൂക്കള്‍ ചൂടാന്‍ ഏറ്റവും ഇഷ്ടമുള്ളത് ശിവനാണ്. അതുകൊണ്ടാണല്ലോ ശിവന് കര്‍ണ്ണികാരപ്രിയന്‍ എന്നുപേരുവന്നത്.”
” ഇത് കൃഷ്ണനും ശിവനും പൂജയ്ക്കെടുക്കാറില്ലല്ലോ? അതിന്‍റെ പിന്നിലൊരു കഥയില്ലേ?”
“ഉവ്വ്. കഠിന തപസ്സിലൂടെ ഗര്‍ഗമുനി നേടിയ സിദ്ധികള്‍ ഇല്ലാതാക്കാന്‍ ഇന്ദ്രന്‍ ഒരു ദേവലോകനര്‍ത്തകിയെ അദ്ദേഹത്തിന്‍റെ അടുത്തേക്ക് അയച്ചു. ആ ദേവാംഗനയുടെ സൗന്ദര്യത്തേക്കാളും അവള്‍ചൂടിയ കൊന്ന പൂക്കളുടെ അഴകാണ് തന്നെ ഭ്രമിപ്പിക്കുന്നത്‌ എന്ന് ഗര്‍ഗമുനി മനസ്സിലാക്കി. അതോടെ ‘ആരും തലയില്‍ ചൂടാത്ത, പൂജക്കെടുക്കാത്ത പൂവായിപ്പോകട്ടെ’ എന്ന് മുനി ശപിച്ചു. അതാണത്രേ ഇത്രമനോഹരിയായിട്ടും കര്‍ണ്ണികാരത്തെ ചൂടാനും പൂജചെയ്യുവാനും ഉപയോഗിക്കാത്തത്.”
” നമുക്കിത് അദ്ധ്വാനത്തിന്‍റെ ദിനമാണ് എന്ന് മാഷ് പറഞ്ഞുവല്ലോ . അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?”.
” മറ്റെല്ലാ ആഘോഷങ്ങളും നാം പണിയെടുക്കാതെ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചും കളിച്ചും ആഘോഷിക്കുന്നു. എന്നാല്‍ വിഷുദിവസം അല്പാഹാരം കഴിച്ച് രാവിലെ മുതല്‍ വൈകുന്നതുവരെ പാടത്തും പറമ്പിലും പണിയെടുക്കുന്നു”
“വിഷുദിവസം ജോലി ചെയ്യാറുണ്ടോ”.
” ഉണ്ട്. ആ കാര്യങ്ങള്‍ വിശദമായി നാണുവാശാനോട് നാളെ ചോദിച്ചറിയാം”
” ശരി, മാഷേ. ഞങ്ങള്‍ നാളെ ഇങ്ങോട്ടുവരാം. നമുക്കൊരുമിച്ച് ആശാന്‍റെ വീട്ടിലേക്കുപോകാം.”

LEAVE A REPLY

Please enter your comment!
Please enter your name here