അച്ഛൻ – കഥ – എബിൻ മാത്യു കൂത്താട്ടുകുളം

0
597

എപ്പോഴായിരുന്നു മോനെ.. ? എന്താ പറ്റിയത്… ?

വടക്കേലെ സുകുമാരൻ ചേട്ടന്റെ ചോദ്യം കേട്ടാണ് തല ഉയർത്തി നോക്കിയത്. ഉള്ളാകെ പുകഞ്ഞു നില്‍ക്കുന്നൊരു അഗ്നിപർവതം പോലെ സുകുവേട്ടൻ..

അറിയില്ല സുകുവേട്ടാ.. നിക്കൊന്നും അറിയില്ല..

കസേരയിൽ എന്റെ ഒപ്പം ചേർന്നു നിന്ന വടക്കേതിൽ സുകുമാരൻ നായർ എന്ന അച്ഛന്റെ പ്രിയ സുഹൃത്തിന്റെ കൈയ്യിൽ പിടിച്ചു മുഖമമർത്തി വിങ്ങി പൊട്ടുമ്പോഴും അറിയില്ലായിരുന്നു.. അച്ഛനെന്താ പറ്റിയതെന്ന്.. നട്ടുച്ച സമയത്ത് പെട്ടെന്ന് സൂര്യൻ അങ്ങില്ലാണ്ടായ പോലെ.. ചുറ്റിനും ഇരുട്ട് മാത്രമായ പോലെ..

സുകുവേട്ടന്റെ പരുപരുത്ത കൈകൾ മുടിയിലൂടെ തലോടുന്നുണ്ട്. കുട്ടിക്കാലം മുതലുള്ള കൂട്ടാണ് രണ്ടാളും.സുകുവേട്ടന് ഒരു പക്ഷെ അറിയാമായിരുന്നിരിക്കാം..അച്ഛൻ പറയണ്ടാന്ന് പറഞ്ഞിട്ടാകും ഇനി ഒറ്റയ്ക്കായി എന്ന പോലൊരു വിറയലുണ്ട് ആ കൈകൾക്കും..

ഒരു റേഷൻകട.. ഇരുപതു സെന്റ് പുരയിടം.. രണ്ട് പശുക്കൾ..ഭാര്യ , മൂന്ന് മക്കൾ.. ഒരാണും രണ്ട് പെണ്ണും.. ഇന്നീ നിമിഷം വരെ ഒരാൾക്കും ഒരു കുറവ് വരുത്തിയിട്ടില്ല അച്ഛൻ.. ചേച്ചിമാരെ രണ്ടു പേരെയും കെട്ടിയേക്കുന്നതു സർക്കാർ ജോലിക്കാർ.. എനിക്ക് ജോലിയാകുന്നത് വരെ രാവിലെ കടയിലേക്ക് ഇറങ്ങും മുൻപ് അമ്പതോ നൂറോ, മേശപുറത്തു വെക്കാതെ ഇറങ്ങിയിട്ടില്ല അച്ഛൻ. അമ്മയുടെ വിരൽത്തുമ്പൊന്നു മുറിഞ്ഞാൽ സിറ്റീന്ന് ഓട്ടോ വിളിച്ചു ആശുപത്രിയിൽ പോയി വന്നിട്ടേ പിന്നെ നിലത്തു നില്ക്കൂ..

അച്ഛൻ എല്ലാവരെയും നന്നായി നോക്കി.. എല്ലാ കാര്യങ്ങളും നന്നായി നോക്കി.. അമ്മയുടെ മരണം വരെ അടുത്തു നിന്നു മാറാതെ കൂട്ടിരുന്നു.. കരഞ്ഞോ വിഷമിച്ചോ ഇതുവരെ അച്ഛനെ കണ്ടിട്ടില്ല.. ഒരാൾക്കും ഒന്നും ചെയ്യാൻ അച്ഛൻ ബാക്കി വെച്ചില്ല.. തെക്കേ തൊടിയിൽ പശുതൊഴുത്തിന് അപ്പുറം അടുത്തടുത്ത്‌ വെച്ച ആ രണ്ടു മാവുകൾ പോലും അച്ഛൻ എന്നേ കരുതിയതാകും..

” കർമ്മങ്ങൾ തുടങ്ങാൻ സമയമായല്ലോ.. സുധി എവിടെ ”

ആരുടെയോ ഉറക്കെയുള്ള സംസാരവും വിളിയും..

“മോനെ.. നിന്നെ വിളിക്കുന്നുണ്ട്‌ . ”

കണ്ണു തുടച്ചു മെല്ലെ എഴുന്നേൽക്കുമ്പോൾ. സുകുവേട്ടന്റെ കരഞ്ഞു കലങ്ങിയ മിഴികൾ കണ്ടു…

“മോനെ.. സുകുവേട്ടൻ നില്ക്കുന്നില്ല… അവൻ… അവനെ കത്തിക്കുന്നത് കാണാൻ ഉള്ള ധൈര്യമൊന്നും എനിക്കില്ല… പിന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.. ഈ ദിവസം ഈ പരിസരത്ത് പോലും വരരുതെന്നു… ഞാൻ കരയണത് അവനു സഹിക്കൂലാന്ന് ”

സുകുവേട്ടൻ നടക്കാൻ തുടങ്ങിയപ്പോൾ, മെല്ലെ ആ കരങ്ങളിൽ ചേർത്തു പിടിച്ചു..

” എന്നാലും അച്ഛനെന്താ ഇങ്ങനെ സുകുവേട്ടാ.. ഒന്നു പറഞ്ഞിരുന്നെങ്കിൽ നമുക്ക് എവിടെ വേണമെങ്കിലും കൊണ്ടു പോകാമായിരുന്നല്ലോ…ഇതു ഒരു മെഴുകുതിരി പോലെ സ്വയം ഉരുകി.. എല്ലാവർക്കും പ്രകാശം നൽകി.. അവസാനം ”

എന്റെ ശബ്ദം ഇടറി.

മെല്ലെ കൈകൾ വിടുവിച്ചു കൊണ്ടു സുകുവേട്ടൻ മെല്ലെ പറഞ്ഞു..

“അയാളു മാത്രമല്ലെടോ.. എല്ലാ അച്ഛന്മാരും ഇങ്ങനെ ഒക്കെയാ… ”

സുകുവേട്ടൻ മെല്ലെ നടന്നു. ഒരു കൈ കൊണ്ട് നെഞ്ചമർത്തി പിടിച്ചു നടക്കുമ്പോൾ കാലുകൾ വല്ലാതെ കുഴഞ്ഞതു പോലെ അയാൾ ആടുന്നുണ്ടായിരുന്നു.. ഒരുപക്ഷേ വഴിയിൽ എവിടെ എങ്കിലും വീണു പോയേക്കുമെന്നെനിക്കു തോന്നി… കല്ല് പാകിയ കുത്തുകല്ലുകളിറങ്ങി.. നീണ്ട ചെമ്മൺ പാതയിലൂടെ ആ നിഴൽ മായുന്നത് വരെ ഞാൻ നോക്കി നിന്നു..

അകലെ സൂര്യൻ ചുവന്നു മായാൻ തുടങ്ങുകയാണെന്ന് എനിക്ക് തോന്നി ഉടൻ ഭൂമി മുഴുവൻ ഇരുട്ടിലാകുമെന്നും..ഞാൻ തിരിഞ്ഞ് നടന്നു.. അച്ഛൻ എനിക്കായി ബാക്കി വെച്ചത് ഒരുപക്ഷേ ഇതു മാത്രമാകും..

അച്ഛന്മാർ എന്താ ഇങ്ങനെ എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് പുറകേ മനസ്സിനെ അലയാൻ വിട്ടു ഞാൻ അകത്തളത്തിലേക്കു കയറി.. എന്നോ വായിച്ച നെരൂദയുടെ വരികൾ മനസ്സിലേക്ക് മിന്നി മാഞ്ഞു..

വിറപൂണ്ട ചാരം പുഴയിൽ വീണൊഴുകും
കരിഞ്ഞ പൂക്കൾ പോലെ,
ഏതോ സഞ്ചാരി തല്ലിക്കെടുത്തിയ തീ പോലെ-
പുഴയുടെ കറുപ്പിന്മേൽ തീ പൂട്ടി
അയാൾ ഭക്ഷിച്ചുവെന്നാകാം
മറഞ്ഞുപോയൊരു പ്രാണനെ,
ഒരന്തിമതർപ്പണത്തെ…

LEAVE A REPLY

Please enter your comment!
Please enter your name here