അരവിന്ദന്റെ മനസ്സ് – കഥ – വിജീഷ് വയനാട്

0
533

വിജാഗിരികൾ തുരുമ്പിച്ചു അടർന്നു വീഴാറായ വാതിൽ ഒരു കൈ കൊണ്ട് മെല്ലെ തള്ളി നോക്കി അരവിന്ദൻ …കറ കറ ശബ്ദത്തോടെ ആ വാതിൽ ഒരൽപം തുറന്നു …അകത്തെ പൊള്ളിയടർന്ന ചുണ്ണാമ്പു ഭിത്തികളിൽ നിറയെ പായൽ പടർന്നിരിക്കുന്നു …മുകളിലേക്ക് നോക്കിയാൽ ആകാശം കാണാം …ഇടക്കിടക്ക് പൊട്ടി തൂങ്ങി നിൽക്കുന്ന ഓടിന്റെ അവശിഷ്ടങ്ങൾ ….ചുമലിലെ തോൾ സഞ്ചി പുറത്തു വെച്ച് അരവിന്ദൻ അകത്തേക്ക് കാൽഎടുത്തു വെച്ചു ….പെട്ടെന്ന് അകത്തുനിന്നൊരു കടവാവൽ ഹുങ്കാര ശബ്ദത്തോടെ പുറത്തേക്കു പറന്നു …. പതറിപ്പോയി അയാൾ ..ഒന്ന് ശ്വാസം വലിച്ചു വിട്ടു അയാൾ അകത്തേക്കുനോക്കി …ഇടിഞ്ഞു വീഴാറായ ഒരു അസ്‌തിപഞ്ജരം പോലെ തന്റെ ആ ഒറ്റമുറി വീട് …കരി പടർന്ന അടുക്കളഭിത്തിയിലൂടെ കാട്ടു വള്ളികൾ പടർന്നു കയറി തുടങ്ങിയിരിക്കുന്നു …മോനെ കണ്ണാ ..ചോറ് കാലായിട്ടോ …തന്റെ അമ്മയുടെ ശബ്ദം ..അവൻ ആ അടുക്കളയിലൂടെ കണ്ണോടിച്ചു …പുക നിറഞ്ഞ അടുക്കളയിൽ അടുപ്പിനു മുന്നിൽ ഇരുന്നു നിറഞ്ഞ കണ്ണ് തുടക്കുന്ന ‘അമ്മ …എന്താ ‘അമ്മ കരയുവാണോ..സാരിത്തലപ്പിനു പിന്നിൽ മുഖം ഒളിപ്പിച്ചു താൻ അന്ന് ചോദിച്ചത് ഇന്നും കാതിൽ മുഴങ്ങുന്നു ….മുന്നിലെ ചുക്കിലിവല വകഞ്ഞു മാറ്റി അയാൾ അകത്തേക്ക് കയറി …..

ഹാളിന്റെ മൂലയ്ക്ക് കാലൊടിഞ്ഞ ഒരു ചാരുകസേര ….തന്റെ അച്ഛൻ …കുട്ടിക്കാലത്തു അച്ഛനെ ചോദിച്ചാൽ ‘അമ്മ ആ ചാര് കസേര ചൂണ്ടികാണിച്ചുതരും …ആ കസേരയിലാ മോന്റെ അച്ഛൻ എപ്പോളും ഇരിക്കാറു..അച്ഛൻ മരിച്ചതും ആ കസേരയിൽ ചാരികിടന്നു തന്നെയാ …അത് കേട്ടത് മുതൽ അരവിന്ദൻ അതിനെ ബഹുമാനത്തോടെയേ നോക്കിയിട്ടുള്ളു … ഇരിക്കാറില്ലെങ്കിലും എന്നും ആ കസേര അവൻ തുടച്ചു വൃത്തിയാക്കി വെക്കും ..ഒരച്ഛന്റെ സാന്നിധ്യമായിരുന്നു ആ കസേര ….ഒടിഞ്ഞ കാൽ നേരെ ആക്കി അതൊന്നു നിവർത്തിവെക്കാൻ ഒരു വിഫല ശ്രമം നടത്തി നോക്കി
അയാൾ .കൈ എടുത്തതോടെ അത് വീണ്ടും ആ മണ്ണിലേക്ക് ചരിഞ്ഞു..

അയാൾ എണീറ്റ് ആ ഭിത്തിയിലൂടെ വിരലുകളോടിച്ചു …എത്ര കാലമായി ഇവിടെ ഒന്ന് വരാൻ ആഗ്രഹിക്കുന്നു …പക്ഷെ ആരും സമ്മതിച്ചില്ല …ഒക്കെ മറന്നുകള അരവിന്ദ …കേട്ടവർ ഒക്കെ അങ്ങനെ ആണ് പറഞ്ഞത് …എന്നിട്ടും താൻ ഇന്നിവിടെ എത്തി …കരുതി വെച്ച ധൈര്യം എല്ലാം ചോർന്നു പോകുന്നതുപോലെ ….എത്ര നോക്കേണ്ടെന്നു വിചാരിച്ചിട്ടും അടച്ചിട്ട ആ മുറിയിലേക്ക് അറിയാതെ നോക്കിപോയി അയാൾ …മനസൊന്നു പിടഞ്ഞു …ഇനി പിടിച്ചു നില്ക്കാൻ കഴിയില്ല …ആ ഭിത്തിയിലേക്കു ചാരി നിന്ന് അയാൾ കിതച്ചു …..

അരവിന്ദന്റെ ഓർമകളിൽ ഒരു മഴ നിർത്താതെ പെയ്തു ….അന്ന് താൻ ആറിൽ പഠിക്കുന്ന സമയം ..’അമ്മ അടുത്തവീട്ടിൽ അടുക്കള പണിക്കു പോകും ..ആ പകലും മഴ തന്നെ ആയിരുന്നു … താൻ സ്കൂൾ വിട്ടു വന്നപ്പോൾ ‘അമ്മ വീട്ടിൽ ഉണ്ട് ..’ ഇന്ന് അമ്മ പണിക്കുപോയില്ലേ ..എന്റെ ചോദ്യത്തിന് ‘അമ്മ മറുപടി ഒന്നും പറഞ്ഞില്ല ..മിണ്ടാതെ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കും നോക്കി ഇരുന്നു ..അന്ന് ‘അമ്മ ചേർത്തുപിടിച്ചിരുന്ന നിറം മങ്ങിയ സാരി കണ്ടപ്പോളാണ് അമ്മയുടെ വിവാഹദിവസം ആയിരുന്നു അന്നെന്നു ഞാൻ മനസിലാക്കിയത് …..ഇടക്കെപ്പോളോ എന്നെ ചേർത്തുപിടിച്ചു ‘അമ്മ കണ്ണുതുടക്കുന്നതു കണ്ടപ്പോൾ ആ മടിയിൽ കിടന്നു ഞാനും കരഞ്ഞു …എന്റെ പാവം അമ്മയെ ഓർത്തു …..

അന്ന് രാത്രിയും മഴ തന്നെ ആയിരുന്നു …വിളക്കിന്റെ തിരി താഴ്ത്തി വെച്ച് കിടക്കാൻ നേരം ‘അമ്മ എന്നെ പുതപ്പിച്ചത് ഇന്നും ഓർക്കുന്നു …ആ തണുപ്പിൽ അമ്മയുടെ ചൂടുപറ്റി കിടന്നു ഒന്ന് മയങ്ങിക്കാണും …പെട്ടെന്ന് ‘അമ്മ ഒന്ന് ഞെട്ടി എണീറ്റതുപോലെ തോന്നി ..പാതിമയക്കത്തിൽ അമ്മയുടെ പതിഞ്ഞ ശബ്ദം കേട്ടതോർക്കുന്നു …മോനെ കണ്ണാ ..മുറ്റത്തു എന്തോ വന്നു വീണതുപോലെ ഒരു ശബ്ദം ..അത് കേട്ടതും എനിക്ക് പേടിയായി …ഞാൻ അമ്മയുടെ പിന്നിൽ ഒളിച്ചു …അപ്പോളും പുറത്തു എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു …..

എന്റെ ഭയം കണ്ടിട്ടാകണം ‘അമ്മ എന്നെ മുറിയിൽ ഇരുത്തി ഒറ്റയ്ക്ക് വാതിൽ തുറന്നു ഹാളിലേക്ക് ഇറങ്ങി ചെന്നത് ..കയ്യിലെ മണ്ണെണ്ണ വിളക്കുയർത്തി പിടിച്ചു ജനാലയുടെ കൊളുത്തു എടുക്കുന്ന അമ്മയെ വാതിലിന്റെ പിന്നിൽ നിന്ന ഞാൻ കണ്ടിരുന്നു ..പെട്ടെന്ന് അമ്മയുടെ കയ്യിലെ വിളക്ക് അണഞ്ഞു ..ജനൽ തുറന്നപ്പോൾ ഉള്ള കാറ്റിൽ ആയിരിക്കും എന്നാണ് ഞാൻ കരുതിയത് …പക്ഷെ അമ്മയുടെ ശ്വാസം മുട്ടിയുള്ള പിടച്ചിലും ,എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും കേട്ടപ്പോൾ ഞാനും ഭയന്ന് ഉച്ചത്തിൽ കരഞ്ഞു …കണ്ണാ ..വേഗം വാതിൽ അടച്ചോ മോനെ എന്ന അമ്മയുടെ മുറിഞ്ഞ ശബ്ദം ..പക്ഷെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല ..കൈകാൽ കുഴഞ്ഞു ഞാൻ ആ വാതിലിന്റെ പുറകിൽ തളർന്നിരുന്നു ….പിന്നെ എനിക്കൊന്നും ഓർമയില്ല …പുലരുമ്പോൾ മുറിക്കകത്തു ചോരയിൽ കുളിച്ചു അമ്മയും ഒന്നും തിരിച്ചറിയാനാകാത്ത അവസ്ഥയിൽ ഞാനും ഉണ്ടായിരുന്നു …നിലത്തു പടർന്ന ചോരയിലൂടെ ഞാൻ വണ്ടി ഓടിച്ചു കളിച്ചു ..ഇടക്ക് അമ്മയെ കെട്ടിപിടിച്ചു കിടന്നു …വാർത്ത കേട്ട് തടിച്ചുകൂടിയ ആൾകാർക്കിടയിലൂടെ ഒരു ലക്ഷ്യ ബോധമില്ലാതെ ഞാൻ നടന്നു …

കുറെ കാലം കഴിഞ്ഞാണ് എന്റെ മാനസികനില ശരിയായത് ..
അപ്പോളാണ് ‘അമ്മ നഷ്ടപ്പെട്ടതും അതിന്റെ പേരിൽ ആരെയോ അറസ്റ്റ് ചെയ്തതും എല്ലാം ഞാൻ അറിയുന്നത് ..എന്തിനു വേണ്ടിയായിരുന്നു അയാൾ അങ്ങനെ ചെയ്തതെന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല ….ഓർമ്മകൾ മനസിനെ വല്ലാതെ വീർപ്പുമുട്ടിച്ചപ്പോൾ
അരവിന്ദൻ പുറത്തേക്കു നടന്നു …ഉള്ളിൽ നിറയുന്ന അമ്മയുടെ മുടിയിലെ കാച്ചിയ എണ്ണയുടെ ഗന്ധം ….തിരിച്ചു പോകാൻ കഴിയാത്തവണ്ണം തന്നെ പിടിച്ചുവലിക്കുന്ന ഏതോ അദൃശ്യ ശക്തി ..
നിലത്തു വച്ചിരുന്ന തോൾസഞ്ചി എടുത്തു തോളിലേക്കിടുമ്പോളാണ് അയാൾ അത് കണ്ടത് …കയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോര …ആ കൈ അയാൾ മൂക്കിനോടടുപ്പിച്ചു …കട്ട ചോരയുടെ മനം മടുപ്പിക്കുന്ന മണം..
വിറയ്ക്കുന്ന ശരീരത്തോടെ അയാൾ തിരിഞ്ഞു നോക്കി …ഭിത്തിയിൽ പടർന്ന പായലിനു പകരം തെറിച്ചുവീണ ചോരത്തുള്ളികൾ ..അടച്ചിട്ട മുറിയിൽ നിന്നും ഒഴുകിവരുന്ന വിതുമ്പലുകൾ …തല പെരുത്ത് കയറിയപ്പോൾ അയാൾ മുറ്റത്തേക്കിറങ്ങി നടന്നു …എങ്ങോട്ടെന്നറിയാതെ …തോൾസഞ്ചി ഊർന്നു നിലത്തുവീണതൊന്നും അപ്പോൾ അയാൾ അറിയുന്നുണ്ടായിരുന്നില്ല .

ഡോക്ടർ നൂറ്റിപ്പത്തിലെ രോഗി വയലൻറ് ആകുന്നു ..സിസ്റ്ററുടെ ശബ്ദം കേട്ടാണ് ഡോക്ടർ സാംസൺ മൊബൈലിൽ നിന്നും കണ്ണുകൾ പിൻവലിച്ചത് …അതാ അരവിന്ദനല്ലേ…സിസ്റ്ററെ നോക്കി അയാൾ ചോദിച്ചു ,,അതെ ഡോക്ടർ …ഉം ..അയാൾ ഒന്ന് മൂളി …ഇന്നും എന്തെങ്കിലും സ്വപ്നം കണ്ടുകാണും ..അതും പറഞ്ഞു അയാൾ വരാന്തയിലേക്ക് നടന്നു …കൂടെ സിസ്റ്ററും ….

LEAVE A REPLY

Please enter your comment!
Please enter your name here