വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ ഇല്ല; തീരുമാനം ജനകീയ കൂട്ടായ്മയില്‍

0
120

വാഴക്കുളം: വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ ഇല്ല. പ്രദേശത്തെ ഹര്‍ത്താലുകളില്‍ നിന്നൊഴിവാക്കാന്‍ തീരുമാനമായി. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. തീരുമാനത്തെ ജനങ്ങളും പിന്തുണച്ചു.

ഓരോ ഹര്‍ത്താലും പൈനാപ്പിള്‍ മേഖലയില്‍ കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തി വയ്ക്കുന്നത്. കാര്‍ഷിക മേഖലയായ വാഴക്കുളം അടിക്കടിയുള്ള ഹര്‍ത്താല്‍ മൂലം തകര്‍ച്ചയുടെ വക്കിലാണെന്നും പൊതു അഭിപ്രായമുയര്‍ന്നു. വേഗത്തില്‍ കേടാവുന്ന പഴമാണ് പൈനാപ്പിള്‍. അതുകൊണ്ട് പൈനാപ്പിളിനെ ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുന്‍കൂട്ടി അറിയിച്ച് നടത്തുന്ന ഹര്‍ത്താലുകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് രാവിലെ 9 മണി മുതല്‍ 11 മണി വരെ രണ്ടു മണിക്കൂര്‍ കടകള്‍ അടച്ചിടും. അല്ലാത്ത ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്നും തീരുമാനമായി.

ഇതുമായി ബന്ധപ്പെട്ട് വാഴക്കുളം ടൗണില്‍ ബോധവത്കരണ ക്യാംപെയ്‌നും ഒപ്പുശേഖരണവും നടത്തി. ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ നടത്തിയ ഹര്‍ത്താലില്‍ കടയടപ്പിക്കാനിറങ്ങിയവരെ വാഴക്കുളത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here