വൈകുന്നേരത്തെ മഴ – കഥ – ദിപു ശശി

0
768

അത്രയൊന്നും ദീർഘമല്ലാത്ത ആ യാത്രയ്ക്കിടയിൽ എനിക്ക് ,ഊർമിളയെ ഓർമ വന്നു.
തൊ ട്ട ടുത്ത നിമിഷം അമ്പരപ്പുതോന്നി.
ജീവിതയാത്രയുടെ ഏതോ വഴിയോരങ്ങളിൽ മന:പൂർവ്വം ഉപേക്ഷിച്ചുപോന്ന എന്തൊക്കെയോ ചിലത് ഉള്ളിൽ വീർപ്പുമുട്ടി.
ഈ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ ചില നേരങ്ങളിൽ പ്രേരണയുണ്ടായതാണ്‌.
പക്ഷേ , ‘എന്തിന്‌?’, ‘ആർക്കുവേണ്ടി?’, തുടങ്ങിയ ചോദ്യങ്ങളുടെ ഘനത എന്നെ നോക്കി പല്ലിളിച്ചു.
സ്വയം സൃഷ്ടിച്ച ഒറ്റപ്പെടലിന്റെ തുരുത്തിൽ, ആരുടെതെന്നറിയാത്ത ശാപവചനങ്ങൾക്കുകീഴെ നിർവികാരതയോടെ എരിച്ചുതീർക്കുന്ന തന്റെയീ ജീവിതത്തിലിനിയെന്തുബാക്കി?
റെയിൽവെസ്റ്റേഷനിലെ, തുരുമ്പെടുത്തുതുടങ്ങിയ കസേരയിലിരുന്ന് ഞാൻ ചുറ്റും നോക്കി. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ആൾക്കൂട്ടങ്ങൾ.വർത്തമാനങ്ങളുടെ പെരുക്കത്തിലും, ഞെരുക്കത്തിലും പുറത്തെ ഉഷ്ണത്തെ മറികടക്കാൻ പരിശ്രമിക്കുകയാണ്‌ പലരും.
ചൂടിന്റെ ആധിക്യത്തോട്, പൊരുതിത്തോറ്റിട്ടാവണം സ്റ്റേഷനിലെ ഫാനുകളെല്ലാം പ്രവർത്തനം നിലച്ചമട്ടാണ്‌.
ഞാൻ വാച്ചിൽ നോക്കി.ട്രെയിൻ അരമണിക്കൂർ വൈകുമെന്നാണ്‌ അറിയിപ്പ്.പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച ടീവിയിൽ കണ്ണുടക്കി.
ബ്രേക്കിംഗ് ന്യൂസുകളിൽ ചാനലുകളും വിയർത്തൊഴുകുന്നു…!
മടുപ്പോടെ മുഖം തിരിച്ചു.
മനസ്സിന്റെ കോണിലെവിടെയോ, ഒരു കാണാമുറിവിന്റെ നനവു പടരുന്നു…
ഭൂതകാലത്തിന്റെ നേർത്ത അടരുകൾക്കുള്ളിൽനിന്നും ചാലുവെച്ചൊഴുകുന്ന നൊമ്പരത്തിൽ, ഉരുകിയൊലിച്ചേക്കുമെന്ന തിരിച്ചറിവിൽ, ഞാൻ പതിയെ എഴുന്നേറ്റു.
ബാഗ് തുറന്ന്,മിനറൽ വാട്ടറിന്റെ കുപ്പിയെടുത്ത്, വായിലേക്കു കമിഴ്ത്തി…
അപ്പോഴാണ്‌ സാമാന്യം വലിയ ലഗേജു് വലിച്ചുകൊണ്ടു്,ഒരു യുവാവ് അരികിലേക്ക് വന്നത്.കൂടെ ഒരു യുവതിയുണ്ടു്. , ദമ്പതികളാവാനാണ് സാധ്യത,.
ചെവിയിൽനിന്നു്, മുളച്ചു പുറത്തുചാടിയ വേരുകളിലൂടെ,സംസാരത്തിന്റെ നേർത്ത വീചികളെ,ഏതോ കാണാമറയത്തേക്ക് പറത്തിവിട്ടുകൊണ്ട് അവനും, മൊബൈൽ ഫോണിന്റെ സ്ക്രീൻ ചതുരത്തിൽ വിരൽച്ചിത്രങ്ങൾ വരച്ച് ആർക്കോ, കൈമാറി അവളും രണ്ടു ധ്രുവങ്ങളിലെന്നപോലെ എന്റെ ഇരുവശങ്ങളിലുമായി ഉപവിഷ്ടരായി.
ഇടയ്ക്ക്‌, എന്നെ നോക്കി, “ഇന്റർ സിറ്റി പോയോ” എന്നൊരു ചോദ്യമെറിയാൻ അവൻ മറന്നില്ല. ഞാൻ, ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.
അവരെ നോക്കിയിരിക്കുമ്പോൾ, അമ്പരപ്പിന്റെ ആകാശവിതാനം സമ്മാനിച്ച്കൊണ്ട് ആ പഴയ മുഖം വീണ്ടും മനസ്സിൽ..
ഓർമ്മത്താളുകളിൽ നനവു പടർത്തുന്ന മുഖം..
മറവിയുടെ, മോക്ഷപാതാളങ്ങളിലേക്ക് എത്രയൊക്കെ ചവിട്ടിത്താഴ്ത്തിയിട്ടും,പിന്നെയും ഉയർന്നുവന്ന്, ഹൃദയത്തിന്റെ നേർത്ത ഭിത്തികളിൽ ഒട്ടിപ്പിടിക്കുന്ന നാണമില്ലാത്ത നോവായ്, ആ മുഖം..
ആരംഭദശയിൽത്തന്നെ, അവസാനിപ്പിക്കേണ്ടിവന്ന ഒരു യാത്രയായിരുന്നുവല്ലോ,തന്റെയും ഊർമിളയുടേയും ജീവിതം.
എതിർപ്പുകളെ അവഗണിച്ച്,ഊർമിളയുമൊത്തൊരു ജീവിതം തുടങ്ങുമ്പോൾ,യുവത്വത്തിന്റെ തീക്ഷ്ണത ,ഓരോരോ രോമകൂപങ്ങളിലും , ഒരു അഹങ്കാരമായി ത്രസിച്ചുനിന്നിരുന്നു, അന്ന്‌.
സ്നേഹത്തിന്റെ പറുദീസകൾ പരസ്പരം സമ്മാനിക്കുവാൻ മത്സരിച്ചുകൊണ്ടിരുന്ന തങ്ങൾക്കിടയിൽ പിന്നീട് സംഭവിച്ചത് എന്താണ്‌?
തങ്ങളുടെ, യാത്രാവീഥികളിൽ തണൽ പരത്താൻ സ്നേഹത്തിന്റെ പച്ചത്തലപ്പുകൾ നീട്ടി ‘മക്കൾ മര’ങ്ങൾ ഉണ്ടാവുകയില്ലെന്ന തിരിച്ചറിവുകളിലായിരുന്നോ?
അസ്തമിക്കാത്ത പ്രതീക്ഷകളുമായി ഇനിയുമെത്രയോ സാന്ധ്യനേരങ്ങളിൽ, യാത്ര തുടരുമെന്ന് പരസ്പരം വിശ്വസിപ്പിക്കുമ്പോഴും,എപ്പോഴൊക്കെയോ രൂപം കൊണ്ട ചെറിയ സുഷിരങ്ങളിലൂടെ,തങ്ങൾ, സ്വയം വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെടുകയായിരുന്നുവല്ലോ…
ഒടുവിൽ…
ആഴ്ചകളും മാസങ്ങളുമായി ഉറഞ്ഞുകൂടിയ മൗനത്തിന്റെ കനത്ത മഞ്ഞുമലകൾക്കിരുവശവുംനിന്നൊരു കണക്കെടുപ്പ്..
കൂട്ടലുകൾക്കും, കിഴിയ്ക്കലുകൾക്കും, പെരുക്കലുകൾക്കുമൊന്നും തങ്ങളുടെ മുന്നിൽ നീണ്ടുകിടക്കുന്ന വരണ്ടുണങ്ങിയ പാതകളിൽ ഉർവ്വരതയുടെ നനുത്ത ചിറകടിയൊച്ചകൾ സൃഷ്ടിക്കാൻ കഴിയില്ലെന്നു സ്വയം ബോദ്ധ്യപ്പെട്ട നിമിഷങ്ങളിൽ, ‘ഇനിയൊരിക്കലും കാണാതിരിക്കട്ടെ’യെന്നൊരു ആശംസയോടെ ഉപാധികളേതുമില്ലത്തൊരു വേർപിരിയൽ…
നിശ്ചയമില്ലാത്തൊരു ദിശയിൽ,സ്വയം വെട്ടിത്തുറന്ന വഴിയിലൂടെ പിന്നീടിങ്ങോട്ടൊരു യാത്ര..
തനിച്ച്..
ആരേയും കൂടെകൂട്ടാൻ തോന്നിയില്ല.
ഏകാന്തത വല്ലാതെ ഇഷ്ടപ്പെട്ടുതുടങ്ങിരുന്നുവെന്നതായിരുന്നു, സത്യം.
ഊർമിള വേറെ കല്യാണം കഴിച്ചതും കുട്ടികളുണ്ടായതും ആരോ പറഞ്ഞറിഞ്ഞിരുന്നു.അവളാഗ്രഹിച്ചതുപോലൊരു ജീവിതം സാധ്യമായതിൽ തനിക്കായിരുന്നുവല്ലൊ ഏറ്റവും സന്തോഷം…
സ്റ്റേഷനിൽ ഉയർന്ന അനൗൺസ്മെന്റ് ചിന്തകളുടെ വേരറുത്തു.
അടുത്തിരുന്ന യുവദമ്പതികൾ,സ്റ്റേഷനിലേക്കിരച്ചെത്തിയ ട്രെയിനിനു നേർക്കുകുതിച്ചു.
വാച്ചിൽ നോക്കി.തന്റെ ട്രെയിൻ വരാൻ ഇനിയുമുണ്ട് സമയം.
പുറത്ത് വേനൽമഴ പെയ്തുതുടങ്ങിയിരുന്നു..!
“ഹലോ. മാഷേ..”
മോക്ഷപാതാളങ്ങളിൽ നിന്നും ഉയർന്നു വന്ന്‌ ,ഹൃദയത്തിന്റെ വരണ്ട ഭിത്തികളിൽ പ്രകമ്പനം സൃഷ്ടിച്ച ആ ശബ്ദം….
ഞാൻ തിരിഞ്ഞ് നോക്കി..
ഇത്..ഈ മുഖം..
ഊർമിളയല്ലേ ഇത്?
കാലപ്രയാണത്തിന്റെ, അവക്ഷിപ്തങ്ങൾ വടുകെട്ടിയ ആ മുഖം, ഊർമിളയുടേതെന്ന് തിരിച്ചറിയാൻ നിമിഷം പോലും വേണ്ടിവന്നില്ല.
“എന്നെ മനസ്സിലായോ?” ഊർമിള എനിക്കരികിലിരുന്നു.
എന്റെ തൊണ്ടക്കുഴിയിൽ വാക്കുകൾ വറ്റി.
തന്റെ ഏകാന്തയാത്രയുടെ, ഏതോ ചില മുഹൂർത്തങ്ങളിൽ ഒന്നു കണ്ടാൽമാത്രം മതിയെന്നാഗ്രഹിച്ച മുഖം..ഒന്നു കേട്ടാൽ മാത്രം മതിയെന്നാഗ്രഹിച്ച ശബ്ദം..
തികച്ചും അപ്രതീക്ഷിതമായി….ഇത്രയടുത്ത്..
താനിപ്പോൾ മൗനത്തിന്റെ മഹാസമുദ്രത്തിലൂടെ ദിശയറിയാതെ നീന്തുകയാണോ?
“മാഷ് ..,എന്താ ഒന്നും മിണ്ടാത്തെ?”
ഊർമിള ചോദിക്കുകയാണ്‌.
“മാഷ്..ഒറ്റക്ക് എങ്ങോട്ടുപോകുന്നു?”
“കോയമ്പത്തൂർക്ക്..ഫ്രണ്ടിന്റെ മകളുടെ കല്യാണത്തിന്‌…ഊർമിള?”. വാക്കുകൾ തട്ടിത്തടഞ്ഞ് പുറത്തേക്ക് ചാടി.
“ഞാൻ.. മകളുടെ വീട്ടിലേക്ക്..തൃശൂർക്ക്..മകന്റെ വീട്ടിലായിരുന്നു കഴിഞ്ഞ മാസം..ഈ മാസം മകളുടെ..ഷട്ടിൽ സർവ്വീസാണ്‌..മക്കളുടെ വീട്ടിൽ മാറിമാറി നിക്കാൻ നല്ല രസാട്ടോ..ബോറടിക്കില്ല..മക്കൾക്കും..എനിക്കും..”ആത്മനിന്ദയിൽ അവളുടെ പുരികക്കൊടികൾ വളഞ്ഞു..
മനസ്സിലേക്ക് തികട്ടിവന്ന എന്തൊക്കെയോ, തള്ളിക്കളായനെന്നവണ്ണം ഊർമിള മുഖം കുടഞ്ഞു..
“അടുത്ത മാസം മുതൽ പുതിയ ഷെൽട്ടറാണ്‌.എന്റെ അറുപതാം പിറന്നാളിന്‌ മക്കൾ റിസർവ് ചെയ്ത ഫൈവ്സ്റ്റാർ വൃദ്ധസദനത്തിലെ സീറ്റ്, ഇന്നലെ റെഡിയായത്രെ…” ഊർമിളയുടെ കയ്പ്പുനിറഞ്ഞ ചിരി…
“അപ്പോൾ ഭർത്താവ്?!‘
”മരിച്ചു.. മൂന്നു കൊല്ലമായി..! മാഷിന്റെ ഫാമിലി? ”
ഊർമിള സാകൂതം നോക്കി..
“ഇല്ല… വേണ്ടെന്നുവെച്ചു..”
ഊർമിളയിൽ ഒരു ഞെട്ടൽ പടർന്നു.
മനസ്സിന്റെ സംഘർഷമത്രയും ഊർമിളയുടെ നിശ്വാസവായുവിന്റെ താപനില ഉയർത്തിയതുപോലെ എനിക്കുതോന്നി.
മൗനം ചിറകുവിടർത്തിയ കുറേ നിമിഷങ്ങൾ.
പരസ്പരം കൈമാറിയ തങ്ങളുടെ ജീവിതസത്യങ്ങളുടെ നടുക്കത്തിൽ വാക്കുകൾ നഷ്ട്ടപെട്ട് ഞങ്ങൾ ആ തിരക്കിൽ സ്വയം മറന്നിരുന്നു.
ഏതോ ഒരു ,‘ഹിരനായ്’ നാടകത്തിലെ,മുഖങ്ങളില്ലാത്ത കഥാപാത്രങ്ങളെപ്പോലെ.
ഓർമ്മപ്പാളികൾക്കപ്പുറം ഇരമ്പിയാർക്കുന്ന പച്ചപ്പിലേക്ക് മുഖം ചേർത്തുവെച്ച നിമിഷങ്ങളിലൊന്നിലായിരുന്നു,സ്റ്റേഷനിലേക്ക് ട്രെയിൻ ഇരച്ചെത്തിയത്.
ഊർമിള ഒന്നും മിണ്ടാതെ എഴുന്നേറ്റു.
ചെറിയ ബാഗ് തോളിലേറ്റി,വിളർത്ത ഒരു നോട്ടത്തിലൂടെ യാത്രമൊഴി നല്‌കി,ട്രെയിനു നേർക്ക് നടന്നു.
മൗനം വാക്കുകളായി കിളിർക്കുമെന്നും, ദൂരങ്ങൾക്കുമേൽ ചിറകുകൾ മുളയ്ക്കുമെന്നും, ഈ നേരമത്രയും തങ്ങൾ പറയാതെ പറഞ്ഞതെല്ലാം എവിടെയോ മറന്നിട്ട വരണ്ടപാതകളിൽ, ഉറവുകളായിത്തീരുമെന്നും എനിക്കുതോന്നി.
ഊർമിളയും അതാഗ്രഹിക്കുന്നുണ്ടാവുമെന്ന, തിരിച്ചറിവിന്റെ ആ നിമിഷത്തിലാണ്‌ ഞാൻ , ചലിച്ചു തുടങ്ങിയ ട്രെയിനു നേർക്ക് ഓടിയത്.
ഒരു മിന്നായംപോലെ ഞാൻ കണ്ടു.
കനത്ത ചൂട് ബഹിർഗമിപ്പിക്കുന്ന രണ്ടു കണ്ണീർത്തുള്ളികൾക്കപ്പുറം, ഊർമിള…..
നീട്ടിയകൈകളിലേക്ക്,ഒരു മഞ്ഞിൻ തണുപ്പായി ഊർമിളയുടെ കരതലം അമരുമ്പോൾ, പുറത്തെ ചാറ്റൽമഴയുടെ ചിരി കാതുകളിൽ നിറയുന്നത് ഞാനറിഞ്ഞു…

***********************************************************************************

LEAVE A REPLY

Please enter your comment!
Please enter your name here