ഈ യുവതി‌ക്ക് മനോബലം നൽകേണ്ട ധർമ്മിക ഉത്തരവാദിത്വം കേരളജനതയ്‌ക്കില്ലേ ? – വി. പ്രദീപ് കുമാർ

0
177

അശ്വതി ജ്വാലയുടെ ജാതിയോ, മതമോ, രാഷ്‌ട്രീയമോ, സാന്പത്തികമോ ഒന്നും എനിക്കറിയില്ല. ഇവരെ ഒരു സാമൂഹ്യപ്രവർത്തകയായി സോഷ്യൽ മീഡിയയിൽ കൂടിയാണ് ഞാൻ അറിയുന്നത്. ഇവരുടെ ചെറുതും വലുതുമായ സേവനം ലഭിച്ച അനേകംപേർ നമ്മുടെ കൊച്ചുകേരളത്തിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മുടെ നാടുകാണാനെത്തി, ചതിയിലകപ്പെട്ടു മരിക്കുകയോ കൊലചെയ്‌യപ്പെടുകയോ ചെയ്‌ത ഒരു വിദേശിയായ വനിതയെ കണ്ടെത്തുവാൻ അവരുടെ ഭർത്താവിനും സഹോദരിക്കുമൊപ്പം ഇറങ്ങിപ്പുറപ്പെട്ടതാണോ ഇവർ ചെയ്‌ത കൊടും ക്രൂരത ?
അച്ഛനോ അമ്മയോ, മകനോ മകളോ, സഹോദരനോ സഹോദരിയോ, ഭാര്യയോ ഭർത്താവോ, സ്‌നേഹിതനോ സ്‌നേഹിതയോ ഒക്കെ
നഷ്‌ടമാകുന്പോഴുള്ള മനുഷ്യന്റെ മാനസികാവസ്ഥ നമുക്കു ഊഹിക്കുവാൻ കഴിയും. ഇങ്ങനെ ആരെങ്കിലുമൊക്കെ നഷ്ടപ്പെട്ടവരായിരിക്കും നാമെല്ലാം.

ഇവിടെ സംഭവിച്ചത് മറ്റൊരു രാജ്യത്തുവെച്ചു സ്വന്തം ഭാര്യയെ കാണാതായ ഒരു യുവാവിന്റെ, സ്വന്തം സഹോദരിയെ കാണാതായ ഒരു യുവതിയുടെ ഒരു മാസത്തിൽക്കൂടുതൽ നീണ്ട അന്വേഷണമായിരുന്നു. മലയാളം വശമില്ലാത്ത ഇവർ നമ്മുടെ നാടിന്റെ നാനാഭാഗങ്ങളിലും കാണാതായ യുവതിയെ തേടിയലഞ്ഞു. ഒടുവിൽ ലിഗയുടെ മൃതശരീരം, ഉടലിൽനിന്നും തലയും പാദവും വേർപെട്ടു ജീർണിച്ച നിലയിൽ, തിരുവനന്തപുരത്ത് പനന്തുറയിൽ ഒരു വള്ളിക്കുടിലിനുള്ളിൽനിന്നും കണ്ടുകിട്ടി.

ലിഗയെത്തേടിയുള്ള അന്വേഷണത്തിൽ പങ്കുകൊണ്ടു സഹായിക്കുവാൻ അവരുടെ ഭർത്താവിനും സഹോദരിക്കുമൊപ്പമുണ്ടായിന്ന സാമൂഹ്യപ്രവർത്തകയായിരുന്നു അശ്വതി ജ്വാല. ഈ അന്വേഷണത്തിൽ ലിഗയുടെ ഭർത്താവിനും സഹോദരിക്കുമൊപ്പം പരാതി കൊടുക്കുവാനും മുഖ്യമന്ത്രിയെക്കാണുവാനും പോയ അശ്വതി ജ്വാല അവർക്കുണ്ടായ അനുഭവം പങ്കുവെച്ചതിൽ എന്താണ് തെറ്റ് !

പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കുവാനോ ഏതെങ്കിലും കേസിന്റെ അന്വേഷണവുമായിബന്ധപ്പെട്ടോ പോയപ്പോഴോ, രാഷ്ട്രീയഭേദമന്യേ രാഷ്‌ട്രീയനേതാക്കളെയോ മന്ത്രിമാരെയോ ഒക്കെ കാണുവാൻ പോയപ്പോഴോ ഒക്കെയുണ്ടായ നല്ലതും മോശമായിട്ടുള്ളതുമായ അനുഭങ്ങൾ നമ്മളിൽ ചിലർക്കെങ്കിലുമൊക്കെ പങ്കുവെയ്‌ക്കാനുണ്ടാവും !

അശ്വതി പറഞ്ഞതൊക്കെത്തന്നെയല്ലേ ലിഗയുടെ ഭർത്താവും സഹോദരിയും പറഞ്ഞത് ! എന്തേ അവർക്കെതിരെ ആരും പൊങ്കാല ഇടുന്നില്ല ?

ഒരുപക്ഷേ, മുഖ്യമന്ത്രിക്ക് നിർഭാഗ്യവശാൽ അവരെ കാണാൻ കഴിഞ്ഞെന്നിരിക്കില്ല. പൊലീസിന്റെ ഭാഗത്തുനിന്നും ശരിയായ തരത്തിലുള്ള അന്വേഷണം തന്നെയാവും നടന്നിട്ടുമുണ്ടാവുക. അഥവാ പൊലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുള്ളതായി ആരെങ്കിലും പരാതിപ്പെട്ടാൽ ഒരു ജനാധിപത്യ സന്പ്രദായത്തിൽ അതും അന്വേഷിക്കപ്പെടേണ്ടതുതന്നെയല്ലേ ?

ഈ സംഭവത്തിൽ ഉത്തരവാദപ്പെട്ട ഒരു മന്ത്രിയെന്ന നിലയ്‌ക്ക് ശ്രീ കടകംപള്ളി സുരേന്ദ്രനിൽ നിന്നും ഒരു സാമൂഹ്യപ്രവർത്തകയ്‌ക്ക് നേരെയുണ്ടായ മോശമായ പരാമർശം ഖേദകരമാണ്. അശ്വതി ജ്വാലയുടെ പരാമർശത്തിൽ പാളിച്ച സംഭവിച്ചുവെങ്കിൽ അതവരെ മാന്യമായി ബോധ്യപ്പെടുത്തിക്കൊടുക്കാമായിരുന്നില്ലേ. മന്ത്രിയുടെ അടച്ചാക്ഷേപിക്കൽ ഒരുപക്ഷേ, ചെറിയൊരു വിഭാഗത്തെ സുഖിപ്പിച്ചിരിക്കും. അതിനപ്പുറം അദ്ദേഹത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നുള്ളത് അദ്ദേഹം ഓർക്കേണ്ടതായിരുന്നു.

അശ്വതി ജ്വാല, ലിഗയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയെങ്കിൽ ആ തുക എന്തുചെയ്‌തു എന്നന്വേഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല. അതല്ല ഇപ്പോഴത്തെ ഈ ആക്ഷേപിക്കലും അന്വേഷണവും അവർ നടത്തിയ പരാമർശത്തിന്റെ പേരിൽ ജാതിയും മതവും വർണവും രാഷ്‌ട്രീയവും നോക്കി ക്രൂശിക്കുവാനും ഉൻമൂലനം ചെയ്‌യുവാനുമാണെങ്കിൽ അത് ലജ്‌ജാകരമാണ് !

ഇവർ ഒരു മനുഷ്യ ദൈവമല്ലാത്തതുകൊണ്ടാണോ ഈ അന്വേഷണം !

മനുഷ്യന്റെ അജ്ഞതയെ മുതലെടുത്തു ശതകോടികളുടെ ഭക്തിക്കച്ചവടം നടത്തുന്ന, സ്വന്തമായി വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന, ആതുരസേവനത്തിന്റെ പേരിൽ ജനത്തിന്റെ മടിശ്ശീല കീറുന്ന, ലക്ഷങ്ങളുടെ നികുതിവെട്ടിപ്പുനടത്തുന്ന, സ്വന്തമായി ടി വി ചാനലുകൾ പോലും നടത്തി അതിൽക്കൂടിപ്പോലും കപടഭക്തി വിൽക്കുന്ന നാനാമതസ്ഥരായ അമ്മദൈവങ്ങളും അച്ഛൻദൈവങ്ങളുമൊക്കെ മനുഷ്യകാരുണ്യപ്രവർത്തണമെന്ന വ്യാജേന നാനാതരം പിരിവുകൾ നടത്തി സുഖലോലുപതയിൽ അർമാദിക്കുന്നു. ഇവരുടെയൊക്കെ കോട്ടകൊത്തളങ്ങളിൽ സംശയാസ്‌പദമായ സാഹചര്യങ്ങളിൽ മരണപ്പെട്ട അനേകംപേർ സമൂഹത്തോട്, ‘ഞങ്ങൾ മരിച്ചതല്ല ഞങ്ങളെ മനുഷ്യദൈവങ്ങൾ കൊന്നതാണ് ‘ എന്നുറക്കെ വിളിച്ചുപറഞ്ഞ് നിങ്ങൾക്കുനേരെ വിരൽചൂണ്ടി മരവിച്ചു നിൽക്കുന്നു. ഈ മനുഷ്യദൈവങ്ങളെയല്ലേ നിങ്ങൾ അന്വേഷണം നടത്തി ആദ്യം തുറുങ്കിലടയ്‌ക്കേണ്ടത് ?

ഈ സർക്കാരിന്റേയും, ഇടതുപക്ഷ പാർട്ടികളുടേയും ഈടുറ്റ ഭരണവും നിലനിൽപ്പും മറ്റെന്നെത്തേക്കാളും നമ്മുടെ നാടിന് ഇന്നാവശ്യമാണ്. നിങ്ങളിൽ വിശ്വാസമർപ്പിച്ച ജനലക്ഷങ്ങളെ ഒന്നുപോലും കൊഴിയാതെ ചേർത്തുനിർത്തുകയാണ് ഇന്ന് നിങ്ങൾ ചെയ്‌യേണ്ടത്. അതല്ല ജാതിയും മതവും വർണ്ണവുമൊക്കെനോക്കി മനുഷ്യനെ വേർതിരിക്കുവാൻ നാം തുടങ്ങിയാൽ പലതും, പച്ചയും നീലയും കാവിയുമൊക്കെയായി നാളെ നമുക്ക് കാണേണ്ടതായി വരും.

കേരളത്തിൽ വച്ചു സഹോദരിയേയും ഭാര്യയേയും നഷ്ടപ്പെട്ട, മലയാളമറിയാത്ത, ഇവിടെ ഉറ്റവരോ ഉടയവരോ ഇല്ലാത്ത യുവതിയേയും യുവാവിനേയും ( ഇവർ രണ്ടുപേരും നമ്മുടെ നാട്ടിൽ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെയോ മതസംഘടനയുടെയോ വക്താക്കളല്ലല്ലോ ) സഹായിക്കുവാൻ സന്മനസ്സുകാട്ടിയ ഈ യുവതിയെ മാനസികമായും അന്വേഷണത്തിന്റെ കൂച്ചുവിലങ്ങിട്ടും പീഡിപ്പിക്കുന്നതിനുപകരം, ഒരു ജനകീയസർക്കാർ എന്നനിലയ്‌ക്ക് അവർ ചെയ്‌ത നല്ല പ്രവർത്തിയെ പ്രശംസിക്കുകയായിരുന്നു നമ്മുടെ സർക്കാർ ചെയ്‌യേണ്ടിയിരുന്നത്.

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും നീരുറവ ഒരിക്കലും വറ്റാതെ ഇനിയും നാം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here