ഉച്ചപ്പട്ടിണി – കഥ – അർച്ചന ഉണ്ണി

0
190

അന്നൊക്കെ ഏട്ടൻ കോളേജിൽ പോയി മടങ്ങിയെത്തുമ്പോൾ അമ്മ ചോദിക്കുമായിരുന്നു ;

”ന്റെ മോനു വിശപ്പ്‌ കാണും, വിശന്നാപിന്നെ പഠിപ്പിക്കുന്നതൊന്നും മനസിലാവുകേമില്ലല്ലോ ”

അപ്പോഴൊക്കെ ഏട്ടൻ പറയും ;

”ഞാൻ കൂട്ടുകാർക്കൊപ്പം കഴിച്ചമ്മേ ”

ഏട്ടന്റെ മറുപടി കേൾക്കുമ്പോൾ അമ്മയ്ക്കൊരല്പം ആശ്വാസമാകും.

മിക്കവാറും ദിവസങ്ങളിൽ നേരം പുലരുമ്പോൾ അമ്മ നെട്ടോട്ടമായിരിക്കും ഏട്ടന് വണ്ടിക്കൂലി കൊടുക്കുവാൻ “ഒരു” രൂപയ്ക്കു വേണ്ടി.

സ്റ്റുഡന്റ്സ് കൻസെഷൻ ഉള്ളത് കൊണ്ട് ഞങ്ങളുടെ വീട്ടിൽ നിന്നും നഗരത്തിലുള്ള കോളേജിൽ പോയിവരാൻ അന്ന് ‘ഒരു’ രൂപ മതിയായിരുന്നു. ഒപ്പം ഒരു പൊതിച്ചോറു കൂടി മുടങ്ങാതെ കൊടുത്തു വിടാൻ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല.ഞങ്ങൾ ഇളയ കുട്ടികൾ പഠിച്ചിരുന്നത് ഗ്രാമത്തിലെ സർക്കാർ സ്കൂളിലായിരുന്നതുകൊണ്ട് വണ്ടിക്കൂലി വേണ്ട.. ഉച്ചക്കഞ്ഞിയും കിട്ടും. പാവം അമ്മയ്ക്ക് അത്രയും ആശ്വാസം.

കോളേജിൽ പോയി വന്നാൽ പിന്നെ അന്നേ ദിവസം അവിടെ നടന്ന മുഴുവൻ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഏട്ടൻ ഞങ്ങളോട് പങ്കു വെയ്ക്കുമായിരുന്നു.

“കോളേജിലെ ക്യാന്റീനും, ലൈബ്രറിയും, സെക്യൂരിറ്റിയും, അധ്യാപരും, കൂട്ടുകാരും.. എന്തിനു വാകമരത്തണലിലെ പ്രണയജോഡികളും, കെമിസ്ട്രി ലാബും വരെ അമ്മയ്ക്കുൾപ്പെടെ ഞങ്ങൾക്കെല്ലാം സുപരിചിതമായിരുന്നു”.

അന്നുവരെ കോളേജ് എന്തെന്നറിഞ്ഞിട്ടില്ലാത്ത ഞങ്ങളും ഏട്ടന്റെ വിശേഷ വിവരണങ്ങളിലൂടെ അറിയാതെ അറിയുകയായിരുന്നു “ക്യാമ്പസ്”.

കാലം മുന്നോട്ട് നീങ്ങിയപ്പോൾ ഞങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി. അങ്ങനെയൊരു ദിവസം ഞാനേട്ടനോട് ചോദിച്ചു ;

ഏട്ടാ, പണ്ടൊക്കെ ”ഞാൻ കൂട്ടുകാർക്കൊപ്പം കഴിച്ചമ്മേ ”

എന്ന് അമ്മയോട് പറയുമായിരുന്നത് സത്യമായിരുന്നോ..?

ഒരു കള്ളച്ചിരിയോടെ ഏട്ടൻ മറുപടി പറഞ്ഞു ;

”കഴിക്കുമായിരുന്നു ലൈബ്രറിയിലെ പുസ്തകങ്ങൾ ”..!

അന്ന് ഞാനറിഞ്ഞു ഏട്ടന്റെ കോളേജ് വിശേഷ വിവരണങ്ങളിൽ പറയപ്പെടാതെ കിടന്ന ഒരേയൊരു കാര്യം ‘”ഉച്ചപ്പട്ടിണി ” മാത്രമായിരുന്നെന്ന്.

ഉച്ചഭക്ഷണത്തിന്റെ ഇടവേളകളിൽ എന്റെ ഏട്ടൻ കോളേജ് ലൈബ്രറിയിൽ പോയിരുന്നു സമയം കളഞ്ഞത് പുസ്തകങ്ങളോടുള്ള ആരാധന കൊണ്ടായിരുന്നില്ല. വിശപ്പിന്റെ വിളി മറ്റാരുമറിയാതിരിക്കാനായിരുന്നു.

ഇന്നിപ്പോൾ ഏട്ടനിലൂടെ ഞങ്ങളിലും നല്ല ജീവിതത്തിന്റെ പ്രകാശം പടർന്നു.ദാരിദ്ര്യം ഓർമ്മകളിലേക്ക് മാറി.

എങ്കിലും ആ പോയകാല സ്മരണകൾ അയവിറക്കുമ്പോൾ ഒരു സുഖമറിയുന്നുണ്ട്.ഇന്നലെകൾ സുന്ദരമാകുന്നത് ഇന്നതോർമ്മകളാകുമ്പോഴാണല്ലോ.

അന്നത്തെ കഷ്ടപ്പാടുകളുടെ ഏടുകളിൽ നിന്ന് ഇനിയുമിനിയും എനിക്ക് പറയാൻ ഒരുപാട് ബാക്കിയുണ്ട്.

എങ്കിലും ഏട്ടന്റെ “ഉച്ചപ്പട്ടിണി” ഓർമ്മകളുടെ കവാടം തുറന്നു കടന്നു വരുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകളിൽ ചാറ്റൽ മഴ പെയ്യാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here