ക്രോകസിൻറെ നിയോഗങ്ങൾ – പുസ്തക പരിചയം – വി. പ്രദീപ് കുമാർ

0
683

(വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ബീന റോയിയുടെ ക്രോകസിന്റെ നിയോഗങ്ങൾ എന്ന
കവിതാസമാഹാരത്തെ വി. പ്രദീപ്കുമാർ വിലയിരുത്തുന്നു.)

ബ്രിട്ടനിലെ മലയാളം എഴുത്തുകാരായ സുഹൃത്തുക്കളുടെ കവിതാ പുസ്‌തകങ്ങളിൽ ഞാൻ ആദ്യം പരിചയപ്പെടുന്നത് മീര കമലയുടെ “സ്‌നേഹപൂർവം കടൽ” ആണ്. അതിനുശേഷം അനിയൻ കുന്നത്തിന്റെ “വെയിൽ പൂക്കുന്ന മഴമേഘങ്ങൾ” സിമ്മി കുട്ടിക്കാട്ടിന്റെ “മത്തിച്ചൂര്” പ്രിയവ്രതൻ ഡിജിറ്റൽ കോപ്പിയായി പ്രസിദ്ധീകരിച്ച “സമതലങ്ങളിലെ ശലഭങ്ങൾ” കഴിഞ്ഞ മാസം ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽവച്ച് പ്രകാശനം ചെയ്‌ത, ബീനാ റോയിയുടെ “ക്രോകസിൻറെ നിയോഗങ്ങൾ” എന്നിവയാണ്.

കാവ്യങ്ങൾ കാലാതിവർത്തിയായ സാർവലൗകികതയുടെ ഏകസ്വരമായി മാറുന്നത് അവയുടെ ഭാവതലങ്ങൾക്ക് കാലദേശ പരിമിതികളെ മറികടക്കുവാൻ കഴിയുന്നതുകൊണ്ടാണ്. പക്ഷികളുടെ കൊഞ്ചലും കാറ്റിന്റെ മർമ്മരവും കാട്ടാറിന്റെ കളകളാരവവും കടലിന്റെ ഇരമ്പവും പർവതങ്ങളും സമതലങ്ങളും നിഴലും നിലാവും മഴയും വെയിലുമൊക്കെ ലോകത്തെന്പാടും സമാനതകളോടെ നിലകൊള്ളുന്നു. ഭാവന ഈ സമാനഭാവതലത്തിൽ വിലയം പ്രാപിക്കുന്പോൾ കവിതയ്‌ക്ക് ഏകഭാഷാ രൂപം കൈവരുന്നു. അങ്ങനെ അത് കവികളുടെ ലോകഭാഷയായി മാറുന്നു. മഹാകാവ്യങ്ങൾ കാലദേശങ്ങൾ പിന്നിട്ട് മാനവസംസ്‌കൃതിയുടെ പൊതുഭാഷയായി നിലകൊള്ളുന്നു.

അഭിജ്ഞാനശാകുന്തളം, മേഘസന്ദേശം, മാളവികാഗ്നിമിത്രം, ഋതുസംഹാരം, കുമാരസംഭവം, രഘുവംശം, വിക്രമോർവശീയം എന്നീ മഹത്തായ ഏഴു കൃതികൾ മാത്രം രചിച്ച് വിശ്വപ്രശസ്‌തി നേടിയ കവിയാണ് കാളിദാസൻ.
മഹാകവി കാളിദാസൻ വിക്രമാദിത്യ രാജസദസ്സിലെ ഒൻപതു കവിരത്നങ്ങളിൽ ഒരാളായിരുന്നു എന്നു പറയുന്പോൾത്തന്നെ, ഭോജരാജന്റെ സദസ്സിലെ കവിശ്രേഷ്ഠനായിരുന്നു എന്നു ഭോജചരിത്രത്തിൽ പറയുന്നതായിട്ടാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും മറ്റും രേഖപ്പെടുത്തിക്കാണുന്നത്. കാളിദാസനെക്കുറിച്ചോ, ജീവിച്ചിരുന്ന കാലത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സമകാലീനർ ആരും തന്നെ ഒന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടു ഐതിഹ്യകഥകളിൽക്കൂടിയാണ് കാളിദാസചരിത്രം രചിക്കപ്പെട്ടിരിക്കുന്നത്.

വിക്രമാദിത്യന്റേയും ഭോജരാന്റെയുമൊക്കെ സഭയിലെ കവികൾ പണ്ഡിതന്മാർ മാത്രമായിരുന്നില്ല, അവർ നിമിഷകവികൾ കൂടി ആയിരുന്നു. കഥയിൽ ചോദ്യത്തിനു പ്രസക്തിയില്ല എന്നതുകൊണ്ടു നമുക്കും ഭോജരാജനോടും കാളിദാസനോടുമൊപ്പം ഒരു മനോരഥയാത്ര നടത്താം.

പതിവുപോലെ അന്നും ഭോജരാജൻ കൊട്ടാരം കവിയായ കാളിദാസനോടും പരിവാരങ്ങളോടുംകൂടി സായാഹ്‌നസവാരിക്കിറങ്ങി. അവർ ഒരു നദിക്കരയിലൂടെ നടന്നുനീങ്ങവെ ഭോജരാജൻ പെട്ടെന്ന് നടത്തം നിർത്തി നദിയിലേക്ക് ചെവി വട്ടംപിടിച്ചു കാളിദാസനോടായി നാം കേട്ട ശബ്‌ദം എന്താണെന്ന് , സമസ്യാപൂരണത്തിനായി “ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു” എന്നുരുവിട്ടു.

അന്നും ഇന്നും കുഴയ്‌ക്കുന്ന പ്രശ്‍നങ്ങളുണ്ടാക്കി പ്രജകളെ ഉത്തരം മുട്ടിക്കുന്ന ചോദ്യശരങ്ങളുടെ മുൾമുനയിൽനിർത്തി വിഷമക്കഷായം കുടിപ്പിക്കലാണല്ലോ ഭരണാധികാരികളുടെ നേരന്പോക്ക്. ഭോജന് ഒരുനിമിഷംപോലും കാത്തുനിൽക്കേണ്ടി വന്നില്ല;

“ജംബു ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കന്പിത ശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ” കാളിദാസൻ ശ്ലോകം മുഴുമിപ്പിച്ചു.

ഞാവൽപ്പഴം തിന്നുവാൻ എത്തിയ കുരങ്ങൻ നിറയെ പഴുത്തു പാകമായ ഞാവൽപ്പഴങ്ങളുമായി, നദീതീരത്ത് നദിയിലേക്കു ചായ്ഞ്ഞുനിൽക്കുന്ന ഞാവൽമരത്തിന്റെ ശാഖകളിൽനിന്നും ശാഖകളിലേക്ക് ചാടിക്കളിക്കുന്പോൾ ശാന്തമായൊഴുകുന്ന നദിയിലെ വിമലമായ ജലത്തിലേക്ക് ഞാവൽപ്പഴങ്ങൾ നിപതിക്കുന്ന ശബ്‌ദമാണ് രാജാവ് കേട്ടതെന്ന് ഈ ശ്ലോകത്തിൽ കൂടി കാളിദാസൻ എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലുള്ള ഒരു സാഹചര്യത്തിൽ, ഇന്നത്തെ നമ്മുടെ ഭരണാധിപന്മാർ ആശ്രിതവത്സലരായ കവിശ്രേഷ്ഠന്മാർക്കാണ് ഇതുപോലൊരു സമസ്യ പൂരിപ്പിക്കുവാൻ കൊടുത്തതെങ്കിൽ ഉടനേ കിട്ടുന്ന മറുപടി ഒരുപക്ഷേ, ഇങ്ങനെയായിരുന്നേനേ;

ഹോ…,
ഇതെന്തൊരാക്രാന്തം.
ഒന്നടങ്ങെന്റെ തിരുമനസ്സേ…
വള്ളിക്കുടിലിന്നുള്ളിൽ ഒളിഞ്ഞിരുന്ന്
എല്ലാം മനോഹരമായി ആരെങ്കിലും
മൊബൈലിൽ പകർത്തുന്നുണ്ടാവും
അത് ഇന്നോ നാളെയോ ആരെങ്കിലും
എനിക്ക് അയച്ചുതരാതിരിക്കില്ല.
ഞാനൊന്നു ‘വാട്ടസ്ആപ് ‘തുറന്നോട്ടേ…
വാട്ടസ്ആപ്പിലില്ലേൽ
എന്തായാലും ഫേസ്ബുക്കിലെങ്കിലും
പോസ്റ്റാതിരിക്കില്ല, കണിശം !

ഇതുപോലുള്ള ബുദ്ധിജീവികൾ നിറഞ്ഞ ഒരു ലോകത്താണ് യാന്ത്രികമായ ജീവിതപ്പൊല്ലാപ്പുകൾക്കിടയിൽ മീരയും, അനിയനും, സിമ്മിയും, പ്രിയനും, ബീനയുമൊക്കെ അവരുടെ ഉള്ളിന്റെയുള്ളിൽ ഉറഞ്ഞുകൂടിയ, ജീവന്റെ ജീവിതതാളത്തിന്റെ നാനാതലങ്ങളെ സ്പർശിക്കുന്ന തീവ്രവും തീക്ഷ്ണവുമായ ആശയങ്ങൾ കവിതകളാക്കി കവിതാപുസ്തകങ്ങളിൽകൂടി നമുക്ക്, മലയാളഭാഷയ്‌ക്ക് സമ്മാനിച്ചത്. ഈ പ്രതിഭകൾക്കൊക്കെ ഭാഷാസ്നേഹികളിൽ നിന്നും ശരിക്കും പ്രോൽസാഹനം ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു !

ബീനയുടെ “കോർകസിന്റെ നിയോഗങ്ങൾ” ഋതുക്കളുടെ മഹാസമ്മേളനമാണ്. വർഷക്കാലത്തെ നനുത്ത നൊന്പരവും, മൃദുലവികാരങ്ങളെ തൊട്ടുണർത്തുന്ന വസന്തകാലയാമങ്ങളും, കുളിരുകോരിയിടുന്ന ശിശിരകാല നിനവുകളും, വിഷാദസാന്ദ്രമായ ശരത്ക്കാല ചന്ദ്രികയും വേനലിൽ സ്വാന്ത്വനമായെത്തുന്ന വേനൽമഴയും, ഇളംതെന്നലുമൊക്കെ ബീനയുടെ കവിതകൾക്ക് വിഷയമായി ഭവിക്കുന്പോൾ ഋതുക്കളുടെ വിവിധ ഭാവതലങ്ങളിലേക്ക് വായനക്കാരനും അവയ്‌ക്കൊപ്പം അനുയാത്രചെയ്‌യുന്നു.

ശ്രീ കിളിരൂർ രാധാകൃഷ്‌ണൻ അവതാരികയിൽ “കവിതയിൽ വേണ്ടത് ഒരു വിതയാണ്, വിതച്ചാൽ മാത്രമേ കൊയ്‌യാൻ കഴിയൂ. വിതയ്‌ക്കുന്ന വിത്ത് മുളയ്‌ക്കുന്നു എന്നുറപ്പു വരുത്തുകയും വേണം” എന്നു പറയുന്നുണ്ട്.

വായനക്കാരന്റെ ചിന്താമണ്ഡലത്തിൽ കിളുർത്തുവളർന്നു ശാഖോപശാഖകളായിയി പടർന്നു പന്തലിച്ച്, അടിമുടി പൂത്തുലഞ്ഞു അജ്ഞതയുടെ ഇരുട്ടിനെ അകറ്റി അറിവിന്റെ പ്രകാശം ജ്വലിപ്പിക്കുവാൻ പോന്ന മാധുര്യമേറുന്ന ഫലങ്ങൾ നൽകാൻ പ്രാപ്‌തമായ വിത്തുകൾവേണം വിതയ്‌ക്കാൻ. ഇതു പറയുന്പോൾ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാതെ പോകുന്നത് ഉചിതമല്ല എന്ന് തോന്നുന്നു.

പന്ത്രണ്ടു മുപ്പത്തഞ്ചായ് സമയം, ഓഫീസെല്ലാം
ഹന്തശൂന്യമാണെല്ലാ കേഡറും ഉണ്ണാൻ പോയി
വിശക്കും മൃഗമല്ലേ മനുഷ്യൻ
സമംതന്നെ വിശന്നാൽ പ്യൂണും
ക്‌ളാർക്കും മന്ത്രിയും മറ്റുള്ളോരും

മോളിലായ് കറങ്ങുന്നു പങ്കകൾ താഴെയെങ്ങും
ആളില്ലാക്കസേരകൾ പ്യൂണില്ലാകവാടങ്ങൾ

ഇതുതാൻ താരമെന്നുകണ്ടു നാൾകളായ്
ക്ലേശമതുലം സഹിക്കുന്ന വർഗ്ഗമാം ഫയലുകൾ
അലമാരയിൽ നിന്നും ഷെൽഫിൽ
എലികൂട്ടിരിക്കുന്ന മൂലയിൽനിന്നും വേഗം
സംഘടിച്ചുഗ്രാവേശ വിപ്ലവധ്വാനം ചിന്തി
സങ്കടം തീർക്കാൻ റോഡിൽ ജാഥയായ് ഇറങ്ങിപ്പോയി

പാറ്റതിന്നുടലെല്ലാം പാതിയായോർ ചുറ്റും
നാറ്റമേ പരത്തുന്നോർ ചുണ്ടെലി കരണ്ടവർ
മുഷ്‌കരമുദ്യോഗസ്ഥ മർദ്ദനം മൂലം ജീവരക്തമേ
വാർന്നോർ നട്ടെല്ലൊടിഞ്ഞോർ ചതഞ്ഞവർ…

ശ്രീ ചെമ്മനം ചാക്കോ, ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തെ ആക്ഷേപഹാസ്യത്തിലൂടെ എത്ര ശക്തമായി തുറന്നുകാട്ടുന്നു ഇവിടെ.

പ്രകൃതി നശീകരണത്തിനെതിരെ “മഴ പെയ്‌യുന്നു മദ്ദളം കൊട്ടുന്നു” എന്ന കവിതയിലൂടെ കടമ്മനിട്ട പ്രതികരിച്ചത് നോക്കൂ;

” കുന്തിപ്പുഴയുടെ ചന്തത്തിൽ ചന്തിക്ക്
കുന്തംകുലുക്കികൾ കുത്തിനോക്കി
മണ്ണാർക്കാട്ടുള്ള മലയാകെ വൃത്തിയായ്
മണ്ണില്ല – ആറില്ല – കാടുമില്ല.

ആറുകിഴിച്ചിട്ടണയിലൊതൂക്കീട്ടു
വേണം വെളിച്ചം – വളിപ്പിറക്കീ
വീട്ടിത്തടിയൊക്കെയാനകളായ് വല്യ –
വീട്ടിലെ ഷോക്കേസിൽ പള്ളിവേട്ട
പണിയനും, കാണിയും പട്ടുപോട്ടെന്നാലും
ഗുണമവർക്കുണ്ടാകും കെണിയുണ്ടല്ലോ

കുഞ്ഞിനെ തേച്ചു കുളിപ്പിക്കണമപ്പോൾ
കുഞ്ഞില്ലാതായാലുമെന്തു ചേതം.”

മനുഷ്യന്റെ ദുഷ്‌പ്രവർത്തികൾക്കെതിരെ ഹാസ്യരൂപേണ കവിതയിൽക്കൂടി ഇതിനപ്പുറം എങ്ങനെയാണ് ഒരു കവിക്ക് പ്രതികരിക്കാനാവുക.

“ലോത്തിന്റെ പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ…
കുന്പസാരക്കൂട്ടിൽ നഗ്നയായ്‌ നിൽക്കവേ
സംഭ്രമപ്പൂവിൽ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി… ”

” ജെസ്സി “എന്ന കവിതയിലെ ഈ വരികളിലൂടെ ശ്രീ കുരീപ്പുഴ ശ്രീകുമാർ ബൈബിളിൽ പരാമർശിക്കപ്പെടുന്ന ലോത്തിനെ സ്വന്തം പെൺമക്കൾ മദ്യംനൽകി മയക്കി പ്രാപിക്കുന്ന സാങ്കൽപിക കഥയിലേയ്ക്ക് അനുവാചകനെ എത്ര അനായാസമാണ് കൂട്ടിക്കൊണ്ടുപോകുന്നത് !

ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് അദ്ദേഹത്തിന്റെ ” ഓർമ്മകളുടെ ഓണം” എന്ന കവിതയിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് ബാല്യത്തിന്റെ കയ്‌പ്പേറിയ സ്മരണകളിലേക്കാണ്.

“ജന്മനാട്ടിൽ ചെന്നു വണ്ടിയിറങ്ങവെ
പുണ്ണുതോറും കൊള്ളിവെച്ചപോൾ ഓർമ്മകൾ
വായ മുലയിൽനിന്നെന്നേക്കുമായ്
ചെന്നിനായകം തേച്ചു വിടർത്തിയോരമ്മയെ
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ…

മുട്ടൻ വടികൊണ്ടടിച്ചു പുറംപൊളിച്ച്
അട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ…
പിന്നെപ്പിറന്നവനാകായൽ എന്നിൽ
നിന്നമ്മയെ തട്ടിപ്പറിച്ചൊരനുജനെ…
തിന്നുവാൻ ഗോട്ടി കൊടുക്കാഞ്ഞ നാൾമുതൽ
എന്നെ വെറുക്കാൻ പഠിച്ച നേർപെങ്ങളെ….
………..
എന്നും മറക്കാതിരിക്കാനല്ലീ ഞാൻ
വന്നുപോകുന്നതിങ്ങോണ ദിനങ്ങളിൽ”

( ഇവിടെ കൊടുത്തിട്ടുള്ള കവിതകൾ ഒന്നുംതന്നെ അതിന്റെ പൂർണരൂപത്തിലല്ല )

ബീനയുടെ ആദ്യ കവിതാ സമാഹാരമാണ് “ക്രോകസിൻറെ നിയോഗങ്ങൾ”. വസന്തകാല വരവിന്റെ ഓർമ്മപ്പെടുത്തലുമായി പ്രത്യക്ഷപ്പെടുന്ന ക്രോകസ് പുഷ്‌പത്തെ കവിതയ്‌ക്കു വിഷയയമാക്കുന്നതിലൂടെ ക്രോകസ് രാജകുമാരന്റേയും സ്മൈലാക്‌സിന്റേയും അനശ്വരപ്രണയത്തിന്റെ കഥ അനാവരണം ചെയ്‌യുകയാണ് സമാഹാരത്തിലെ “ക്രോകസിന്റെ നിയോഗങ്ങൾ ” എന്ന ആദ്യ കവിതയിലൂടെ. പ്രകൃതിയും പ്രണയവും ജനനവും മരണവുമൊക്കെ വിഷയമാകുന്ന ബീനയുടെ കവിതകൾ വിഷാദത്തിന്റെയും പ്രത്യാശയുടെയും സമ്മിശ്രണമാണ്.

“ക്രോകസിന്റെ നിയോഗങ്ങൾ” എന്ന കവിതയിൽ തുടങ്ങി “കൂടിക്കാഴ്ച” എന്ന കവിതയിൽ അവസാനിക്കുന്ന എഴുപത് കവിതകളുടെ സമാഹാരത്തിന്റെ പ്രസാധകർ യു കെ യിലുള്ള വെളിച്ചം പബ്ലിക്കേഷൻ ആണ്. 120 രൂപയാണ് പുസ്‌തകത്തിന്റെ വില.

‘ക്രോകസിന്റെ നിയോഗങ്ങൾ’ എന്ന ഈ കവിതാ സമാഹാരത്തിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിൽ എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തെ സഹായിക്കുന്നതിനായി വിനിയോഗിക്കുമെന്ന് ശ്രീമതി ബീന അറിയിച്ചിട്ടുണ്ട്.

ഇനിയും കൂടുതൽ കൂടുതൽ ഈടുറ്റ കവിതകൾ കൈരളിക്ക് സമ്മാനിച്ച് ഔന്ന്യത്യത്തിലേക്ക് എത്താൻ ശ്രീമതി ബീനയ്‌ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു !

LEAVE A REPLY

Please enter your comment!
Please enter your name here