അഘോരിമന്ത്രം ജപിച്ച സന്യാസിനി – കഥ – അശ്വതി അരുൺ

0
620

ഇരുട്ടിനു കനം കുറഞ്ഞുതുടങ്ങിയിരിക്കുന്നു..നടപ്പിനുവേഗതയേറിയപ്പോൾ വിണ്ടുകീറിയ പാദങ്ങളിൽ രക്തം കിനിച്ചു തുടങ്ങി. ശരീരം തളർന്നുവെങ്കിലും ശക്തമായ മനസ്സ് വേഗത്തിൽ’ കുതിച്ചുപാഞ്ഞു.. ആരോ പിന്തുടരുന്നത് പോലുള്ള തോന്നൽ…തിരിഞ്ഞു നോക്കാൻ ഉള്ളിലെ ഭയം അവളെ വിലക്കി ….
മനുഷ്യവിസർജ്ജ്യത്തിന്റെയും ചീത്തളിഞ്ഞ നായ്ക്കളുടെ മൃതശരീരത്തിൽ നിന്നും വമിച്ച ദുർഗന്ധവും കെട്ടുചേ൪ന്ന് കന൦ വെച്ച അന്തരീക്ഷ൦ അവളെ അലോസരപ്പെടുത്തിയില്ല. പഴമയുടെ സ്മാരകം എന്നതുപോലെ നിന്നിരുന്ന പൊട്ടിപൊളിഞ്ഞ ആ കെട്ടിടങ്ങൾ പുറംതള്ളിയ കറുത്ത ദ്രാവകം തെരുവിൽ കട്ടകെട്ടിയിരുന്നു. അതൊന്നും തന്നെ അവളുടെ മനസ്സിനെയും വേഗതയേയും സ്വാധീനിക്കാൻ തക്കവിധം ശക്തമായിരുന്നില്ല.

ഇടുങ്ങിയതും വൃത്തിഹീനമായതുമായ ആ തെരുവിലൂടെ കേതകി ഗായ്കാവാസ് നടന്നു. അടുത്തടുത്ത കൂരകളിൽ നിന്നും വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ ഉയർന്ന ശബ്ദം ഒഴികെ ഒന്നും അവളുടെ ഗതിയെ തടസ്സപ്പെടുത്തിയിരുന്നില്ല.. മുലപ്പാൽ കനം വെപ്പിച്ച മാറിടങ്ങളിൽ നനവ് പടർന്നു. അടിവയറ്റിലെ വേദന അവളെ തളർത്തി. കാതിൽ ഒരായിരം കുഞ്ഞുങ്ങൾ ആർത്തലച്ചു കരയുന്നു.. അതിലൊന്നിനെ ഓടിയെടുത്തു മാറോടു ചേർക്കാൻ, ഒരിറ്റു മുലപ്പാൽ നൽകാൻ കേതകി കൊതിച്ചു.. എങ്കിലും
ഉച്ചത്തിൽ കേട്ട താരാട്ടുപാട്ടുകളുടെയും മദ്യത്തിന്റെയും കഞ്ചാവിന്റെയും പഴമയുടെയും വൃത്തിഹീനതയുടെയും ഗന്ധം കെട്ടിനിന്ന ആ തെരുവ് കേതകി പിന്നിട്ടിരുന്നു….

കേതകിയുടെ മുഖം മറച്ചിരുന്ന ദുപ്പട്ട നൂറ്റാണ്ടുകൾ വഹിച്ച പാരമ്പര്യത്തിന്റെയും പിന്നിട്ട കാതങ്ങൾ നൽകിയ അടയാളത്തിന്റെ പൊടിയും അഴുക്കും, കടുപ്പം കൂടിയ അനുഭവങ്ങൾ സമ്മാനിച്ച കറുപ്പ് കൊണ്ട് കീറിയതും ആയിരുന്നു . കണ്ണുകളിലെ രക്തച്ചുവപ്പിൽ പകയുടെയോ പ്രതികാരത്തിന്റെയോ നിർവൃതി എഴുന്നു നിന്നിരുന്നു. ഒട്ടും ചുരുളിമയില്ലാത്ത മുടിയിഴകൾ അനുസരണയില്ലാതെ,അവളുടെ നെറ്റിത്തടത്തെ വാത്സല്യത്തോടെ ഉമ്മ വെച്ചുകൊണ്ടിരുന്നു.. ഇടക്ക് സാവധാനവും, ഇടക്ക് വേഗത്തിലും ശ്വാസഗതി നാസാദ്ധ്വാരങ്ങൾ വഴി ശ്വാസകോശത്തെയും അവളെയും ഒരു കടമയെന്നതുപോൽ ഉണർത്തികൊണ്ടിരിന്നു. കുഴിഞ്ഞതെങ്കിലു൦ തിളക്കം വറ്റാത്തതും വിടർന്നതുമായ കണ്ണുകൾ പാതിയടഞ്ഞിരുന്നു ….

രാത്രി മുഴുവനും ഓടിതളർന്ന അവൾ -കേതകി ഗായകവാസ് -ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ അൽപനേരം ഇരുന്നു.. പാദങ്ങൾ പൊട്ടിയൊലിച്ചു പുറത്തിറങ്ങിയ രക്തം മോക്ഷം കിട്ടിയ സർപ്പത്തെ പോലെ എവിടേക്കോ ഒഴുകിപരന്ന്, അവസാനം മണ്ണിൽ ലയിച്ചുചേർന്ന് ഭൂമിയുടെ ഉള്ളറകളിലെവിടെയോ അഭയം തേടി.. ദുപ്പട്ടയിലും പാവാടയിലും ഉണങ്ങിപിടിച്ച രക്തക്കറക്കൊപ്പം പറ്റിപിടിച്ചിരുന്ന മനുഷ്യമാംസം അവൾ വിരലുകൊണ്ട് അടർത്തിയെടുത്തു പതുക്കെ മണത്തുനോക്കി … നിർഭാഗ്യവശാൽ, അവളുടെ സിരകളിലെ രക്തത്തിന്റെ മണവും ആ മാംസകഷ്ണത്തിന്റെ മണവും ഒന്നായിരുന്നു..
ഒരു വലിയ ദുസ്വപ്നത്തിൽ നിന്നുണർന്നു എന്നതുപോൽ കേതകി ഒരു നിമിഷം പുളഞ്ഞു… ശരീരം മുഴുവനും അരിച്ചു നടക്കുന്ന സർപ്പം കണക്കെ എന്തൊക്കെയോ ഓർമ്മകൾ അവളുടെ ചിന്തകളിൽ ഇഴഞ്ഞു നടന്നു…
എന്തോ നിശ്ചയിച്ചതുപോലെ എഴുന്നേറ്റ്, മുറിവേറ്റ കാലുകൾ വേഗത്തിലാക്കി നടന്നു..പതിയെ പതിയെ കേതകി ഗായകവാസ് കാഴ്ച്ചയിൽ നിന്നും മറഞ്ഞു…

******************************

കത്തിതീർന്നു ചാമ്പലായതു൦ , ആളികത്തുന്നതു൦,ഊഴ൦ കാത്തുകിടക്കുന്നവയു൦, മുളങ്കമ്പുകളിൽ പൂക്കൾ കൊണ്ടലങ്കരിച്ച ശവമഞ്ചങ്ങളും കാശിയെ മരണത്തിന്റെ വർണ്ണകാഴ്ചകളാക്കി മാറ്റി… പാട്ടും നൃത്തവും കൊണ്ട് അകമ്പടി സേവിച്ചും അടക്കിപ്പിടിച്ച തേങ്ങലുകളാൽ ശവയാത്രയെ അനുഗമിച്ചും ധാരാളം മനുഷ്യർ കാശിയിൽ വന്നും പോയുമിരുന്നു…. ജീവിതത്തിനും മരണത്തിനും മറുപടിയില്ലാതെ കാശിനാഥന്റെ മുമ്പിൽ, ഗംഗാമായുടെ ചുരുളിൽ പുണ്യപാപ ചുമടിറക്കി മോക്ഷം വാങ്ങാനെത്തിയവർ ഒരു വശത്തു കൂടി പോയി… ഉറക്കെ മന്ത്രം ജപിച്ചുകൊണ്ടു വിശ്വനാഥന്റെ തിരുജടയിൽ പരേതാന്മാവിനെ കുടിയിരുത്തുന്ന തന്ത്രികൾ, ജീവനും മൃത്യുവിനും ഇടക്കുള്ള നൂൽപാലമെന്നോണം ധർമ്മം വഹിച്ചു കൊണ്ടിരുന്നു …

തിളങ്ങുന്ന മഞ്ഞവസ്ത്രത്തിനകത്തു, കുളിപ്പിച്ച്, നെയ്പൂശിയ മൃതശരീരം, “രാം സത്യ ഹേയ് !!!!” എന്ന മന്ത്രധ്വനിയോടെ തീരത്തെ ചിതയെ പുണർന്നു… മരണത്തിൽ ലയിക്കാതെ അതിന്റെ ഉത്തരം നൽകുന്നയിടം ഒരുപക്ഷെ കാശി മാത്രമാകും… ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ മരണം എന്ന സമസ്യയെ പൂർണ്ണതയിൽ ബോധ്യമാകുന്നത് ഇവിടമല്ലാതെ വേറെവിടമാണ്… മരണത്തിന്റെ ഭയാനകമായ മൗനം ഉപേക്ഷിച്ചുകൊണ്ട് ശബ്ദവീചികളിൽ മരണത്തെ കാണാൻ കഴിയുന്നതും കാശിയിൽ മാത്രം…
ചണ്ഡാലർ ചുടലയിലെ അഗ്നിയെ അണയാതെ കാത്തു.. അല്ലെങ്കിലും കാശിയിൽ ചുടലയുടെ ചാരം അഗ്നിയില്ലാതെ കാണുക അസാധ്യം.. ഗംഗാമായുടെ സ്നാനഘട്ടങ്ങൾ നൂറ്റാണ്ടുകളായി, ഒരുപക്ഷെ, ഭൂമിയുണ്ടാകുന്നതിനും മുമ്പേ മരണഗന്ധം വഹിച്ചിരുന്നിരിക്കണം….

ജടാതവീ ഗലജല പ്രവാഹ പാവിത സ്ഥലേ..
ഗലേവലബ്യ ല൦ബിതാ൦ ഭുജ൦ഗ തു൦ഗ മാലികാ൦..
ഡമ ഡമ ഡമ ഡമനിന്നാദ മഡമ൪വയ൦..
ചകാര ചന്ദ താണ്ഡവ൦ തനോതുന: ശിവശിവ൦…

ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, ധൂപചുരുളുകൾ വകഞ്ഞുമാറ്റി, ചുണ്ടിൽ നിന്നും മന്ത്രം കണക്കെ പൊഴിഞ്ഞുവീണ ശിവതാണ്ഡവസ്തോത്രത്തോടെ, ഒരു രൂപം വ്യക്തമായി…ഉച്ചത്തിൽ കൊട്ടിയ ഉടുക്കിന്റെ ശബ്ദം ആ നടപ്പിന് ആക്കം കൂട്ടി. ജഡകെട്ടിയ മുടിയിഴകൾ നഗ്നമായ ആസനം മറച്ചിരുന്നു. കഴുത്തിലെ രുദ്രാക്ഷമത്രയും ഭക്തിയുടെ ലഹരിയോടെ വിരിഞ്ഞ വക്ഷസ്സിനെ പുൽകികിടന്നു..പൂർണ്ണമായും നഗ്നമായ ശരീരം, ചുടല ഭസ്മത്താൽ മൂടപ്പെട്ടിരുന്നു… ഒറ്റകാലിലെ ചിലമ്പ്, വേഗതയേറിയ കാലടികൾക്കനുസൃതമായി, മുറുകുകയും അഴയുകയും ചെയ്തു. ഒരു കയ്യിലെ ശൂലവും മറുകയ്യിലെ മഴുവും അദ്ദേഹം അഘോരിയെന്ന് വെളിപ്പെടുത്തി.ശാന്തമായ വദനത്തിലെ തിളക്കമാ൪ന്ന കണ്ണുകളു൦ എഴുന്നു നിന്ന ചെവികളു൦ മഹേശന്റെ ചണ്ടാളരൂപംപോലെ തോന്നിച്ചു…

പ്രഭാതകിരണങ്ങൾ ഗംഗാമായെ ശാന്തയും സുന്ദരിയുമാക്കി. അർച്ചനാപുഷ്പങ്ങളു൦, ബലിചോറും ,പാതിവെന്ത മൃതശരീരങ്ങളു൦, പാപഭാരങ്ങളും പരിഭവങ്ങളേതുമില്ലാതെ സ്വീകരിച്ച് ഗംഗാമാ, ശിവജഡയെ പുൽകാൻ തിടുക്കത്തിൽ ഒഴുകി…
ആ ഒഴുക്കിലേക്ക് അദ്ദേഹം പതുക്കെയിറങ്ങി.
തന്ത്രസാരത്തിലെ വിധി പ്രകാരം,
ഷഡാഗധ്യാനം ചെയ്ത്, ഇടതുകരത്തിൽ ജലമെടുത്തു, വലത്തുകരത്താൽ അടച്ചുപിടിച്ചും, ഹം.. രം.. ലം.. വം.. എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിച്ചു. ശേഷം,കുറച്ച് ജലം മന്ത്രോച്ചാരണത്തിനിടക്ക് ഏഴുപ്രാവശ്യം തലയിൽ തളിച്ചു. പിന്നെയും അവശേഷിച്ച ജലത്താൽ ആദിത്യനെ ധ്യാനിച്ചു..

കരയിൽ കയറിയ അദ്ദേഹം ഒരു പീഠത്തിൽ ഉപവിഷ്ടനായി. കഞ്ചാവിന്റെ ഇലയും പൂമൊട്ടും നല്ലതുപോലെ അരച്ചതിലേക്ക് പാലും നെയ്യും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുണ്ടാക്കുന്ന ഭാംഗ് വലിക്കാൻ തുടങ്ങി. ഒരുപാട് രഹസ്യങ്ങളുടെ നിലവറകൾ തുറക്കപ്പെടാതെ കിടക്കുന്ന അഘോരിജീവിതത്തിൽ, ഭംഗിന്റെ യഥാർത്ഥ കൂട്ടും അജ്ഞാതമാകും.. അദ്ദേഹത്തിന്റെ അടുത്ത് തന്നെ ചിതകൂട്ടിയിരുന്ന ഘനശ്യാം ദേശ്പാണ്ഡെ ആ അഘോരിശ്രെഷ്ഠനെ വണങ്ങി. ആ വൃദ്ധന് അനുഗ്രഹം ചൊരിഞ്ഞിട്ട് ധ്യാനത്തിൽ മുഴുകി…
വികാരങ്ങളുടെ വേലിയേറ്റത്തിൽ ചഞ്ചലമായ മനസ്സിനെ ഏകാഗ്രമാക്കി കുണ്ഡലിനിയെ ഉണർത്തി, അപാരമായ സിദ്ധികളിലേക്കു പോകാൻ അഘോരികൾക്കു കഴിയുന്നു…

ധ്യാനത്തിനിടയിൽ നിന്നും പതിവില്ലാതെ ഉണർന്ന അദ്ദേഹം,ഘനശ്യാം ദേശ്പാണ്ഡെയെ നോക്കി. അപ്പോഴും അദ്ധേഹത്തിനു സമീപ൦ ശാന്തതയോടെ ചിതയൊരുക്കുകയായിരുന്നു ആ വൃദ്ധൻ.. അഘോരി ശ്രേഷ്ഠൻ ഘനശ്യാമിനോട് എന്തോ മന്ത്രിച്ചതിനു ശേഷം എഴുന്നേറ്റ്, ശിവതാണ്ടവം ജപിച്ചു കടന്നുപോയി…
ഘനശ്യാം ദേശ്പാണ്ഡെ ആരെയോ പ്രതീക്ഷയോടെ കാത്തിരുന്നു..

*********************************

ശൂന്യമാക്കപ്പെട്ട മനസ്സോടെ,നിഷ്പ്രഭമാക്കപ്പെട്ട ജീവിതത്തോടെ, പ്രതീക്ഷകളു൦ സ്വപ്നങ്ങളു൦ വറ്റിയ ഹൃദയത്തോടെ, ഗംഗാമായുടെ സ്നാനഘട്ടിലൊന്നിൽ തളർന്നിരുന്ന സ്ത്രീരൂപം ഘനശ്യാ൦ ദേശ്പാണ്ഡെയുടെ സമീപത്തു തന്നെയായിരുന്നു. ചിന്താസരണിയുടെ അവസാന കണികയും ഇല്ലാതാക്കപ്പെട്ടതുപോലെ കേതകി ഒരു യോഗിനിയെന്ന പോലെ തോന്നിച്ചു. , ദണ്ഡുപയോഗിച്ചു ചിതയിൽ കനലുകൾ തട്ടിവെക്കുന്നതിൽ മുഴുകിയിരുന്ന ഘനശ്യാമിന്റെ ദൃഷ്ടി അടുത്തിരുന്ന സ്ത്രീയിൽ അബദ്ധത്തിൽ പതിഞ്ഞു. അല്പം മുമ്പ്, സ്വാമി പറഞ്ഞ യോഗിനി കേതകിയാകുമോ എന്ന സന്ദേഹം ഘനശ്യാമിനുണ്ടായി ..

ഘനശ്യാം, കേതകിയോട് പറഞ്ഞു :

” നിങ്ങൾ അല്പം വിശ്രമിക്കു.. സ്വാമി പറഞ്ഞിരുന്നു, ഒരു സ്ത്രീയെത്തുമെന്ന്…”

കേതകി ഒരുനിമിഷം അമ്പരുന്നു…. തന്റെ വരവ് ഏത് സ്വാമിയാകും ഇദ്ദേഹത്തെ അറിയിച്ചത്.. ഒരു ഞെട്ടലോടെ കേതകി തിരിഞ്ഞു നോക്കി…. ഘനശ്യാം പിന്നീടൊന്നും സംസാരിക്കാതെ, അയാളുടെ ജോലി തുടർന്നു… എന്തുകൊണ്ടോ ആ വൃദ്ധന്റെ സാമീപ്യം കേതകിക്ക് സുരക്ഷിതത്വം അനുഭവപ്പെടുത്തി…

ആ ചിതയിൽ ഒരു ജഡം ഉരുകി തീരുന്നതിലായിരുന്നു ഘനശ്യാമിന്റെ ശ്രദ്ധയത്രയും, കേതകിയും ആ ചിതയുടെ സമീപമിരുന്നു. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട്, ഘനശ്യാം എന്തൊക്കെയോ സംസാരിച്ചു… ഇടയ്ക്കു ശ്ലോകങ്ങളും മരണഗന്ധമുള്ള മന്ത്രധ്വനികളും അയാൾ ജപിച്ചിരുന്നു….
കേതകി അവളുടെ ജീവിതം ചികഞ്ഞുനോക്കി…. എവിടെയൊക്കെയോ വേർപെട്ടും കൂട്ടിയിണക്കിയും മുള്ളുകൾ പതിപ്പിച്ച ചങ്ങലയെന്നപോൽ, ഓർമ്മകൾ തന്റെ കാലിൽ ചുറ്റികിടക്കുന്നു…. ആ ചങ്ങലകണ്ണിയുടെ അവസാനബിന്ദുവിലൂടെ അടുത്ത ബിന്ദുവിലേക്കു൦ അവിടുന്ന് അടുത്തതിലേക്കു൦ പിടിച്ചുകൊണ്ട്, തിരികെനടക്കാൻ തുടങ്ങി… ഭാരമായി മാറിയ നടുക്കുന്ന ഓർമ്മകൾ, ഗംഗാമായിൽ ഒഴുക്കി ശുദ്ധിതേടാൻ അവളാശിച്ചു…

“ഗംഗാമായുടെ തീരത്ത്, വിശ്വനാഥന്റെ സമീപം അഭയം തേടിയെത്തുന്നവരോട് നാമം തിരക്കുകയെന്നത് പാപമാണ്…എങ്കിലും ബേട്ടി നിന്റെ കണ്ണിലെ വ്യസനത്തിനു ഹേതുവെന്ത്‌ ??

ഘനശ്യാമിന്റെ ചോദ്യം കേതകിയെ ചിന്തകളിൽ നിന്നുമുണർത്തി..

“ബാബ എന്റെ പേര്, കേതകി ഗായകവാസ് ”

പിന്നീട് കുറേയേറെ സമയം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല..

“ബാബ…. ”

ഘനശ്യാം അല്പം അമ്പരപ്പോടെ തലയുയർത്തി നോക്കി.. അയാളുടെ പീളകെട്ടിയ കണ്ണുകളിൽ വാത്സല്യത്തിന്റെ നനവ്പടർന്നു.. ഒരുപക്ഷെ, ചികഞ്ഞു ചെന്നാൽ വേദനിപ്പിക്കുന്ന ഭൂതകാലം ഈ വൃദ്ധനും കാണും…

“ചോദിച്ചോളൂ ബേട്ടി ”

“ഗംഗാമാ നമ്മുടെ പാപങ്ങളെല്ലാം ഏറ്റെടുക്കുമോ?ഇത്രയേറെ പാപങ്ങൾ ഗംഗാമായുടെ വിശുദ്ധി നഷ്ടപ്പെടുത്തില്ലേ?”

“ഹരേ ബേട്ടി … ഗംഗാമാ പാപങ്ങൾ ഏറ്റെടുക്കുകയല്ല.. പാപങ്ങളിൽ നിന്നും മോചനം നൽകുകയാണ്.പാപങ്ങൾ മുഴുവനും മഹേശന്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുക വഴി മനുഷ്യരാശിക്ക് പാപമോചനവും മോക്ഷവും കൈവരുന്നു … തിരുജടയിൽ ഉതിരുന്ന ചുരുളുകളാണ് ഗംഗാമായുടെ ഓളങ്ങൾ. മാ അഭയവും ആശ്രയവുമാണ്. ”

“എങ്കിൽ സ്വന്തം ബാബയെ കൊന്ന പാപമാണെങ്കിലോ?”വിശുദ്ധിയുടെ പൂർത്തീകരണം ചോദ്യങ്ങൾ ആകുന്നു… ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ഒരുനിമിഷം ഘനശ്യാം ദേശ്പാണ്ഡെ അമ്പരന്നു..എങ്കിലും, ഇത്രയേറെ വർഷത്തിനിടക്ക് കേട്ട പാപകഥകൾ വളരെപെട്ടന്ന് തന്നെ സമചിത്തത വീണ്ടെടുക്കാൻ ഘനശ്യാമിനെ പ്രേരിപ്പിച്ചു.
പക്ഷെ കേതകിക്ക് ഒന്ന് മനസ്സ് തുറക്കണം.. മൂടികെട്ടി വെച്ചതെല്ലാം, ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ കഴിഞ്ഞാൽ…. കുറ്റബോധമോ, ഓർമ്മകളുടെ ബന്ധനമോ, കേതകിയെ നിസ്സഹായയാക്കുന്നത്.. ചോദ്യങ്ങൾ തീർത്ത കെട്ടുപാട്ടുകൾ അവളുടെ ആന്മാവിനെ കെട്ടിയിട്ടിരുന്നു. അതിൽ നിന്നും മോചനമവൾ ആഗ്രഹിച്ചു. ഒരുപക്ഷെ കേതകി ഗായകവാസ് എന്ന അടയാളത്തിൽ നിന്നുപോലും പുറത്തുകടക്കാൻ അവളാഗ്രഹിച്ചു.

“തീർച്ചയായും ബേട്ടി… ഗംഗാമാ സർവ്വവും ക്ഷമിക്കുന്ന അത്ഭുതമാണ്.. സ്നേഹമാണ്.. മാതാവിനല്ലാതെ ആർക്കാണ് കുട്ടികളെ മനസ്സിലാകുന്നത്” .

ഒരു നിമിഷം ഘനശ്യാം നിർത്തി.

“എന്തിനാണ് നീ സ്വന്തം ബാബയെ കൊന്നത് ?”

“ബാബ ഞങ്ങളുടെ മായെ കൊല്ലുന്നത് ഞാൻ നേരിട്ട് കണ്ടതാണ്.. എന്നെ നശിപ്പിച്ചു.. പലർക്കും കാഴ്ചവെച്ചുകൊണ്ട് വീണ്ടും വീണ്ടും എന്നെ….. ഒരുകുപ്പി മദ്യത്തിനും ഒരുപൊതി കഞ്ചാവിനും വേണ്ടി മറ്റൊരാൾക്ക്‌ വഴങ്ങാതിരുന്ന എന്റെ അനുജത്തിയെ ബാബ വെട്ടി നുറുക്കി.. പിന്നെ അയാൾ തന്നെ ജന്മം നൽകിയ, ഞാൻ പ്രസവിച്ച എന്റെ കുഞ്ഞിനേയും… ഒരു പിതാവിന്റെ വാത്സല്യമോ സ്നേഹമോ ഞങ്ങൾക്ക് ഒരിക്കലും ബാബയിൽ നിന്നും കിട്ടീട്ടില്ല..വർഷങ്ങൾ നീണ്ട, എന്റെ പകയും നിരാശയും പ്രതികാരവുമാണ് ബാബയെ കൊല്ലാൻ കാരണമായത്.. എന്റെ ഈ കൈകൾകൊണ്ട് ഒരുപാട് തവണ ഞാൻ വെട്ടി.. ബാബയുടെ മാംസവും രക്തവും തെറിച്ചു വീണ ദുപ്പട്ടയും പാവാടയുമാണ് ഇത് …. ”

തന്റെ പാവാട കാണിച്ചുകൊടുത്തുകൊണ്ട് കേതകി പറഞ്ഞത് കേട്ട്,തന്റെ സ്വാമി പറഞ്ഞ രഹസ്യം താലോലിച്ചു കൊണ്ട്, ഘനശ്യാം പുഞ്ചിരിച്ചു..

അന്നത്തെ രാത്രി, കേതകി ഒരിക്കൽ കൂടിയോർത്തു. ബാബ വല്ലാതെ മദ്യപിച്ചിരുന്നു. ബാബയുടെ ലഹരിയിൽ നിന്നും ഒരു കവചമെന്നോണ൦ അനുജത്തി, മല്ലികയെ താ൯ സ൦രക്ഷിച്ചു പൊന്നു. പലപ്പോഴും ബാബയ്ക്ക് കീഴടിങ്ങിയതും, ബാബ കാണിച്ചവർക്കൊപ്പം പോയതും മല്ലികയുടെ പവിത്രത നശിക്കാതിരിക്കാൻ വേണ്ടിയാണ്.. അങ്ങിനെയൊരിക്കൽ രക്ഷിച്ചതിന്റെ ഫലം തന്റെയുള്ളിൽ, ഒരു തുടിപ്പായും ആ തുടിപ്പോരു മനുഷ്യജീവനായും വളർന്നു.. പിന്നീട് ഗർഭവസ്ഥയുടെ പൂർണ്ണതയിൽ നിന്നും പേറ്റുനോവായി തീർന്ന രാത്രിയിൽ,കാമത്തിന്റെയും ലഹരിയുടെയു൦ കണ്ണുകൊണ്ട് മല്ലികയെ ബാബ മല്ലികയെ കടാക്ഷിക്കുന്നതാണ് കണ്ടത് . .. ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ ഞാൻ ബാബയുടെ കയ്യിൽ കടിച്ചു. ബാബയെ തടയുകയെന്നതായിരുന്നു ലക്ഷ്യം. വേദനകൊണ്ട് പുളഞ്ഞ ബാബ, നാഭിക്കിട്ട് ചവുട്ടി.എന്റെ ഗർഭപാത്രം തുറന്ന് പുറത്തുചാടിയ രക്തവും വേദനയും കാരണം മല്ലികയെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല… മണ്ണുചുട്ട് കുഴച്ചെടുത്ത വീടിന്റെ തറയിൽ പ്രസവവേദനകൊണ്ട് ഞാൻ പുളഞ്ഞപ്പോൾ, തൊട്ടപ്പുറത്തെ അടുക്കളയിൽ മല്ലികയുടെ പരിശുദ്ധി ബാബ കവർന്നു ….. ജനിപ്പിച്ച പിതാവിൽ നിന്നും മക്കൾ അനുഭവിച്ച പാപക്കറ…
പ്രസവിച്ച കുഞ്ഞ് അൽപനേരം കൊണ്ട് എന്നെവിട്ടു പോയി… പിറ്റേദിവസം ബാബ കൊണ്ടുവന്ന ആൾക്ക് മുമ്പിൽ വഴങ്ങാതെയിരുന്നത്തിന് മല്ലികയെ ബാബ മൂർച്ചയുള്ള പിച്ചാത്തികൊണ്ട് വെട്ടിനുറുക്കി….. അന്ന് വൈകീട്ട് ബാബയെത്തിയപ്പോൾ, അത്രയും നാളത്തെ വെറുപ്പും വേദനയും അമർഷവും പ്രതികാരവും എന്നെകൊണ്ട് അത് ചെയ്യിച്ചു ….. മല്ലികയെ കൊന്ന അതേ കത്തി കൊണ്ടുതന്നെ ബാബയെയും കൊലപ്പെടുത്തി …ബാബ മരിച്ചെന്ന് ഉറപ്പാക്കിയിട്ടും മതിവരുവോളം ആ ശരീരം വെട്ടിനുറുക്കി കൊണ്ടിരുന്നു .. ബാബയുടെ ശരീരത്തിൽ നിന്നും മാംസക്കഷ്ണങ്ങൾ തെറിച്ചുവീണ് എന്റെ ദുപ്പട്ടയും പാവാടയും ചുവന്നു തുടുത്തു.. ബാബയെയും മല്ലികയെയും വീടിനകത്തു തന്നെ കുഴി കുത്തി മൂടിയിട്ട് ഇറങ്ങി നടന്നു… ഞാൻ പോലുമറിയാതെ, ആരോ എന്നെ ഇവിടെയെത്തിച്ചു. വഴിയോ ലക്ഷ്യമോയില്ലായിരുന്നു. ഒരഭയമോ, ആശ്രയമോ പ്രതീക്ഷിച്ചില്ല. മനസ്സ് പറഞ്ഞ പാതയിലൂടെ നടന്നു…. ഗംഗാമായുടെ മടിത്തട്ടിൽ, വിശ്വനാഥന്റെ മണ്ണിൽ ഞാൻ സുരക്ഷിതയെന്നു പറയുന്നതുപോലെ…

മനസ്സിലെ ഭാരങ്ങൾ കൂടുവിട്ട ആശ്വാസത്തിൽ കേതകി ചിതനോക്കിയിരുന്നു.. പിന്നീട് അവരൊന്നും സംസാരിച്ചില്ല…എല്ലാ ചിന്തകളുമൊഴിഞ്ഞ, ശുദ്ധമായ മനസ്സോടെ കേതകി ആ വൃദ്ധൻ കൂട്ടിയ ചിതക്ക് സമീപമുറങ്ങി…

*******************************

“ഇന്ന് റതുകാമി മാസത്തിലെ പൗർണമിയാണ് … ”

ഉറക്കമുണർന്ന കേതകിയോടു ഘനശ്യാം പറഞ്ഞു . അതിന്റെ പ്രത്യേകതയറിയാത്ത കേതകിയോട് വിശദീകരണമെന്നപോൽ ഘനശ്യാം വിവരിച്ചു.

“അഘോരികൾ മോക്ഷത്തിനായി ഇണയെതേടുന്ന ദിവസമാണ് ഇന്ന്. അഘോരിയെന്നാൽ സർവ്വവും ഉപേക്ഷിച്ചു പരമശിവന്റെ അംശമെന്നു കരുതി ജീവിക്കുന്നവരാണ്. ഒന്നും വർജ്ജ്യമല്ലാത്ത അവർ കല്ലിനെയും പുഴുവിനെയും പൂവിനേയും ഒരുപോലെ കാണുന്നു. ഒന്നിനോടും മമതയില്ലെന്നറിയിക്കാൻ വസ്ത്രബന്ധം പോലുമുപേക്ഷിച്ചവരാണ് അഘോരികൾ… പൂർവ്വാശ്രമമോ, പേരോ, ഒന്നുമവർക്ക് ബാധകമല്ല… പൂർവ്വജന്മത്തെ കുറിച്ചും വരും ജന്മത്തെ കുറിച്ചും അറിവുള്ളവരാണവർ. ഹിമാലയസാനുക്കളിലും, വനപ്രദേശങ്ങളിലും കഠിനതപസ്സിലൂടെ നേടിയെടുക്കുന്നതാണ് അവരുടെ സിദ്ധി. ചുടലവനത്തിനു മദ്ധ്യത്തിൽ ധ്യാനിക്കുന്നതിനും ശവശരീരം ഭക്ഷിക്കുന്നതിനും അവർക്ക് മടിയില്ല.. ചുടലഭസ്മം പൂശിയ ദേഹത്തിന് പഞ്ചഭൂതങ്ങളെയും പഞ്ചശക്തിയെയും അടക്കിനിർത്താനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് മനുഷ്യർ അഘോരികളുടെ ലിംഗം തൊട്ടുവണങ്ങുമ്പോഴും ഉദ്ധാരണമില്ലാതെ പൂർവസ്ഥിതിയിൽ കാണാനാകുന്നത്.
ഇന്ന് രാത്രി അവർ ഇണചേരും. ആർക്കും സ്ഥിരമായി ഒരിണയുണ്ടാകില്ല. പ്രേത്യേകതരം വാദ്യോപകരങ്ങളിൽ മേളം മുറുകുന്നതിനനുസരിച്ച അവർ രതിയിലേർപ്പെടുന്നു… ”

ഇത്രയും വളരെ ഊർജ്ജത്തോടെ പറഞ്ഞു നിർത്തിയ ഘനശ്യാം അല്പം കിതപ്പോടെ കേതകിയെ സമീപിച്ചു. എന്നിട്ട് രഹസ്യം പറയുന്നതുപോലെ,

“ബേട്ടി നിന്റെ വരവിനെ കുറിച്ചും നിന്റെ ഭൂതകാലത്തെ കുറിച്ചും എന്നോട് പറഞ്ഞത് ഒരു അഘോരിയാണ്..”

കേതകി അത്ഭുതത്തോടെ ഘനശ്യാമിനെ നോക്കി… രാവും പകലും ഭേദമില്ലാതെ കാശിയിൽ ശവങ്ങൾ വരികയും പോകുകയും ചിതയിൽ എരിയുകയും ചെയ്തുകൊണ്ടിരുന്നു… മരണഗന്ധം പേറിയ ചണ്ഡാലരും പൂജാരികളും അഘോരികളും അവിടെ നിറഞ്ഞ കാഴ്ചകളായി. . വിശ്വനാഥന്റെ തിരുജടയെന്നതു പോലെ ഗംഗാമാ ചുരുളുകളായി പരന്ന ഓളങ്ങളുമായി ആർത്തലച്ചും ശാന്തയായും ഒഴുകികൊണ്ടിരുന്നു…..

രാത്രി എട്ടുമണിയായി.. അഘോരികളുടെ ആനന്ദോത്സവമാണ്. എല്ലാവരും കൂട്ടം കൂടിയിരുന്ന് ഭാംഗ് വലിക്കുന്നു. കേതകി അത്ഭുതത്തോടെ, ഘനശ്യാമിന്റെ സമീപം ചിതകൂട്ടുന്നതിൽ സഹായിക്കുകയും, അഘോരികളുടെ ആഘോഷങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. അഘോരികളുടെ ഇടക്ക്, മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങിയിരുന്നു. അതാണ്‌ തന്റെ സ്വാമിയെന്നു ഘനശ്യാം, കേതകിയോടു മന്ത്രിച്ചു. പൂജാരിയുടെ മന്ത്രോച്ചാരണം ബാക്കിയുള്ള അഘോരികൾ ഏറ്റുചൊല്ലി. അഘോരികളുടെ മന്ത്രധ്വനികളുടെ ശബ്ദം അവിടെമുഴുകി… മന്ത്രോച്ചാരണത്തിന്റെ ശക്തിയാൽ ചുറ്റുമുള്ള വായുവിലെ കണികകൾ സാദ്രത വർദ്ധിച്ചു. ആ വായൂകണങ്ങൾ കേതകിയുടെ സൂഷ്മശരീരത്തെ ഉത്തേജിപ്പിക്കാൻ തുടങ്ങീ… ആ സമയം ആരംഭിച്ച നാഗാരിവാദ്യം കിന്നരിവീണയിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു തരം വീണയുടെ ‘കറ കറ ‘ ശബ്ദത്തിനൊപ്പം അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു.. ശബ്ദഘോഷങ്ങളിൽ പുതിയൊരൂർജ്ജം കൈവരുന്നതായി കേതകിക്ക് അനുഭവപ്പെട്ടു. ഓർമ്മകൾ ഓരോന്നായി അവളെ വിട്ടൊഴിയുന്നതും, ഹൃദയമിടിപ്പ് അസാധാരണമായി ഉയരുന്നതും കേതകിയറിഞ്ഞു…. പുതിയൊരു വെളിച്ചം അവളുടെ ചുറ്റും വലയം ചെയ്തുകൊണ്ടിരുന്നു….ഈ സമയം അഘോരികൾ ഒരിണയെ സ്വീകരിക്കുകയും പരസ്പരം സ്പർശിക്കാതെ രതിനുകരാൻ തുടങ്ങുകയും ആയിരുന്നു. ഓരോ ഘട്ടം കഴിയുംന്തോറും പുതിയൊരു മാറ്റത്തിന് കേതകി വിധേയപ്പെട്ടുകൊണ്ടിരുന്നു.. . തന്റെയുള്ളിലെ മാറ്റം എന്താണെന്നുപോലും കേതകിയിൽ അറിവുണ്ടാക്കിയില്ല…

സംഗീതം ശബ്ദഘോഷങ്ങളായി മാറുമ്പോൾ, അഘോരികൾ ഇണയോട് അടുക്കുംതോറും കേതകി എഴുന്നേറ്റ് പതുക്കെ ഗംഗാമയുടെ സമീപത്തേക്കു എത്തുകയായിരുന്നു… കേതകിയുടെ ചലനം ശ്രദ്ധിച്ച മുഖ്യപൂജാരി മഹേശനെ ധ്യാനിച്ചു… ഘനശ്യാം തൊഴുകൈകളോടെ കാശിനാഥനെ പ്രണമിച്ചു… കേതകി സ്നാനഘട്ടത്തിലൂടെ ഗംഗാമായുടെ ഓളപ്പരപ്പിലേക്കിറങ്ങി… പതുകെ മുങ്ങിനിവർന്നു… ഓരോതവണ മുങ്ങിനിവരുമ്പൊഴും ഓർമകളും പാപങ്ങളും കെട്ടുപാടുകളിൽ നിന്നും അവൾ സ്വതന്ത്രമായി… അവസാനം ഗാംഗമായേ പുണർന്നപ്പോൾ, കേതകി ഗായകവാസ് എന്ന പേരും ഗംഗാമായുടെ മുടിയിഴകളിൽ ഉപേക്ഷിക്കപ്പെട്ടു….
തിരികെകയറിയ സ്ത്രീരൂപം ഘനശ്യാമിനു സമീപം ശിലയിൽ ഉപവിഷ്ടയായി. അവസരം കാത്തു കിടന്ന മൃതശരീരത്തിൽ നിന്നും ഒരു തുളസിയിലയെടുത്ത്, ഹൃദയത്തോട് ചേർത്ത്, പ്രണവമന്ത്രം ജപിച്ചു. കത്തികൊണ്ടിരുന്ന ചിതയിൽ നിന്നും പാതിവെന്ത ജഡം ഭക്ഷിക്കാൻ തുടങ്ങി.. ശേഷം ചുടലഭസ്മം വാരി ദേഹത്തെ പൊതിഞ്ഞു…. ശാന്തയായി കണ്ണുകളടച്ചു ധ്യാനത്തിലമർന്നു.

ശക്തിയുടെ ഉറവിടം ബോധമാണ്.. ബോധത്തിന്റെ സ്പന്ദനം നിലച്ചാൽ ശക്തി നശിക്കുന്നു. വികാരങ്ങൾക്ക് അടിമപ്പെടുന്ന മനസ്സ് ഏകാഗ്രമാക്കുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനി ഉണർത്തപ്പെടുന്നു..ആറു ചക്രങ്ങളും കടന്ന് ആയിരമിതളുകളുള്ള സഹസ്രാരത്തിൽ അംബുജമെന്നതുപോലെ അവളിൽ ഞ്ജാനത്തിന്റെ പൗർണമി വിരിഞ്ഞു. അപാരമായ സിദ്ധികളിലേക്കുള്ള വാതിൽ…. അതിലുപരി പരാമന്മാവിൽ ലയിക്കുന്ന നിർവൃതിയുടെ ഉച്ചത…. മനസ്സിൽ നിന്നും ആന്മാവിലേക്കുള്ള സഞ്ചാരം…

മൗനത്തോടെ, നിറകണ്ണുകളോടെ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഘനശ്യാം ഗൂഢമായി പുഞ്ചിരിച്ചുകൊണ്ടിരുന്ന സ്വാമിയെ നോക്കി…കേതകിയുടെ വരവിനു മുമ്പ് സ്വാമി പറഞ്ഞ വാക്കുകൾ ഘനശ്യാമിന്റെ കാതിൽ മന്ത്രമെന്നതുപോൽ വീണ്ടും മുഴങ്ങികൊണ്ടിരുന്നു….

“ഇന്നിവിടെ ഒരു സ്ത്രീയെത്തും.. നിന്റെ സമീപത്തുവെച്ച്, ഈ പൗർണ്ണമി രാവിൽ ഭഗവാന്റെ അനുഗ്രഹം അവൾക്ക് ലഭിക്കും…. ഒരു അഘോരി സന്യാസിനിയെ സൃഷ്ടിക്കപ്പെടും.. നീ അതിനൊരു നിമിത്തമാകും… നിന്റെ ഈ ജന്മകർമ്മങ്ങൾ ഇന്ന് പൂർണ്ണമാകുന്നു.മൃത്യുവിന്റെ കരങ്ങളിൽ വിലയം പ്രാപിച്ചു കൊണ്ട് മോക്ഷത്തിലെത്താൻ നീ ഒരുങ്ങുക.. ”

ധ്യാനത്തിലൂടെ പരമാന്മാവിനെ പുണർന്ന കേതകി, കണ്ണുകൾ തുറന്ന്, അഘോരിരഹസ്യം തേടിയിറങ്ങി…അവിടെയപ്പോൾ , പുണ്യപാപ ചുമടുമായി, മറ്റൊരാൾ കൂട്ടിയ ചിതയിൽ ഘനശ്യാം ദേശ്പാണ്ഡെയെന്ന വൃദ്ധന്റെ ശരീരം കെട്ടടങ്ങിയിരുന്നു… അന്തരീക്ഷത്തിൽ മുഴങ്ങികേട്ട ശിവതാണ്ഡവസ്ത്രോത്രവുമായി, ഉറച്ച കാൽവെപ്പുകളോടെ, അഘോരി മുഖ്യൻ ഗംഗാമായുടെ ഉടലിൽ തന്ത്രസാരവിധി പ്രകാരം ഷഡാഗധ്യാനം ചെയ്തു പ്രഭാതം വരവേറ്റുകൊണ്ട് ആയിരകണക്കിന് അഘോരികൾ കാശിയിൽ ചുടലഭസ്മത്തിലും ഭാ൦ഗിലു൦ സോമരസത്തിലു൦ ഭക്തിയോടെ ശിവരഹസ്യ൦ നുക൪ന്നുകൊണ്ടിരുന്നു. ഹിമാലയത്തിലെ തണുത്തുറഞ്ഞ ഗുഹകളിലെവിടെയോ പ്രണവമന്ത്രമുച്ചരിച്ചു കൊണ്ട്, പൂർണ്ണത തേടി ശിവശിലയിൽ ലയിച്ചുചേർന്ന സന്യാസിനിമാതയായി കേതകി പരിവർത്തനം ചെയ്യപ്പെട്ടു .

വർഷങ്ങൾക്കു ശേഷം ഒരു പൗർണ്ണമിയിൽ തന്റെ ഇണയെ തേടി ഒരു അഘോരിസന്യാസിനി കാശിയുടെ മരണധൂളികളിലൂടെ നടന്നടുത്തു ……

LEAVE A REPLY

Please enter your comment!
Please enter your name here